ജസ്റ്റിസ് ഗോഗോയിയും അത്താഴ വിരുന്നും

ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ അനുവദിച്ചു കൊണ്ടുള്ള വിധിപ്രസ്താവത്തിലൂടെ രാജ്യത്തെ മതേതര വിശ്വാസികളെ, വിശിഷ്യാ മുസ്‌ലിംകളെ ആഴത്തില്‍ വേദനിപ്പിച്ച സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അവരെ വീണ്ടും കുത്തിനോവിക്കുകയാണ് തന്റെ ആത്മകഥയിലൂടെ. ബാബരി കേസില്‍ വിധി പ്രഖ്യാപിച്ച 2019 നവംബര്‍ ഒമ്പതിന്, താന്‍ അടക്കം അന്നത്തെ കോടതി ബഞ്ചിലുണ്ടായിരുന്ന അഞ്ച് ജഡ്ജിമാരും ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കയറി നന്നായി ആഘോഷിച്ചുവെന്നാണ് രഞ്ജന്‍ ഗോഗോയി “ജസ്റ്റിസ് ഫോര്‍ ദ ജഡ്ജ്’ എന്ന ആത്മകഥയില്‍ പറയുന്നത്. “വിധിപ്രസ്താവത്തിനു ശേഷം കോര്‍ട്ട് നമ്പര്‍ ഒന്നിനു മുന്നിലുള്ള അശോക ചക്രത്തിന് താഴെ നിന്ന് ഞങ്ങള്‍ ഫോട്ടോ സെഷന്‍ സംഘടിപ്പിച്ചു. വൈകുന്നേരം ഞാന്‍ കൂടെയുണ്ടായിരുന്ന ജഡ്ജിമാരെ അത്താഴത്തിന് താജ് മാന്‍സിംഗ് ഹോട്ടലിലേക്ക് കൊണ്ടുപോയി. ഞങ്ങള്‍ ചൈനീസ് ഭക്ഷണം കഴിച്ചു. അവിടെ ലഭ്യമായതില്‍ വെച്ച് ഏറ്റവും മുന്തിയ ഒരു കുപ്പി വൈനും പങ്കിട്ടു. കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്നയാളെന്ന നിലയില്‍ ഭക്ഷണത്തിന്റെ പണവും ഞാന്‍ തന്നെ നല്‍കി’- പുസ്തകത്തില്‍ അദ്ദേഹം വെളിപ്പെടുത്തുന്നു.

ബാബരി ഭൂമി തര്‍ക്കം വിവാദമായ സാഹചര്യത്തില്‍ വിധി ആഘോഷിച്ചത് ഉചിതമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അതാഘോഷമായിരുന്നില്ല കൂട്ടുകാര്‍ക്കൊപ്പമുള്ള ഒരു അത്താഴ വിരുന്നായിരുന്നുവെന്ന് പറഞ്ഞ് വിഷയത്തെ ലഘൂകരിക്കാന്‍ ശ്രമിക്കുന്നുണ്ട് അദ്ദേഹം. അന്ന് ബഞ്ചിലുണ്ടായിരുന്ന ജഡ്ജിമാരില്‍ ഓരോരുത്തരും അയോധ്യ വിധി പ്രസ്താവിക്കാന്‍ നാല് മാസം നന്നായി പണിയെടുത്തിരുന്നു. അതുകൊണ്ടാണ് വിധി വന്നതിനു പിന്നാലെ ഒന്നിച്ച് അത്താഴം കഴിക്കാനിറങ്ങിയതെന്നും അദ്ദേഹം പറയുന്നു. ഗോഗോയിക്ക് പുറമെ ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരായിരുന്നു ബാബരി ഭൂമി കേസ് വിധി പറഞ്ഞ ബഞ്ചിലുണ്ടായിരുന്നത്.

സുപ്രീം കോടതി ജഡ്ജിയെന്ന നിലയില്‍ ഗോഗോയി ഒരു കേസിനു വേണ്ടി നന്നായി ജോലി ചെയ്യുന്നത് ബാബരി കേസില്‍ മാത്രമല്ല, മറ്റു പല കേസുകളിലും അദ്ദേഹം നന്നായി അധ്വാനിച്ചിട്ടുണ്ട്. അന്നൊന്നും വിധിക്കു പിന്നാലെ സഹ ജഡ്ജിമാരെ കൂട്ടി ആഘോഷിക്കണമെന്ന് അദ്ദേഹത്തിനു തോന്നിയില്ല. ഈ കേസില്‍ മാത്രമെന്തേ അങ്ങനെ തോന്നാന്‍? മാത്രമല്ല, ആഘോഷിച്ച കാര്യം അദ്ദേഹം ആത്മകഥയില്‍ തുറന്നെഴുതുകയും ചെയ്യുന്നു. ബാബരി കേസില്‍ പ്രത്യേക തരത്തില്‍ വിധിപ്രസ്താവിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നും അത് സാധ്യമായതിലുള്ള ആഹ്ലാദമാണ് അന്ന് സായാഹ്നം നന്നായി ആഘോഷിച്ചതിലൂടെ പ്രകടമായതെന്നും സാമാന്യ ജനം മനസ്സിലാക്കിയാല്‍ അവരെ കുറ്റപ്പെടുത്താനാകുമോ? ഈ കേസിന്റെ വിധിപ്രസ്താവത്തില്‍ അദ്ദേഹത്തിനു പ്രത്യേക താത്പര്യങ്ങളുണ്ടായിരുന്നെങ്കില്‍ അത് പരസ്യപ്പെടുത്താതിരിക്കുക വഴി പ്രസ്തുത കേസില്‍ നീതി നിഷേധിക്കപ്പെട്ടവരെ ഇനിയും വേദനിപ്പിക്കാതിരിക്കാനുള്ള മര്യാദയെങ്കിലും കാണിക്കേണ്ടതായിരുന്നില്ലേ?

ചീഫ് ജസ്റ്റിസായിരിക്കെ ഗോഗോയിയുടെ മറ്റു പല നടപടികളും സംശയാസ്പദമായിരുന്നു. 2018 നവംബര്‍ 26ന് ദേശീയ ഭരണഘടനാ ദിനത്തില്‍ സുപ്രീം കോടതി, ഇന്ത്യ നേതൃത്വം കൊടുക്കുന്ന ബി ഐ എം എസ് ടി ഇ സി രാജ്യങ്ങളിലെ ജഡ്ജിമാര്‍ക്ക് അത്താഴ വിരുന്നൊരുക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംബന്ധിക്കുകയുണ്ടായി പ്രസ്തുത പരിപാടിയില്‍. സുപ്രീം കോടതി സംഘടിപ്പിക്കുന്ന ഇത്തരത്തിലൊരു പരിപാടിയില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുത്തത്. കോടതി റാഫേല്‍ ഇടപാട് കേസിന്റെ വാദം കേള്‍ക്കുന്ന സമയത്തായിരുന്നു ഈ ഒത്തുചേരല്‍. കേസില്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള കോടതി ബഞ്ച് മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കുകയും ചെയ്തു. അതിനും മുമ്പ് രാഷ്ട്രപതി ഭവനില്‍ വെച്ചും ഗോഗോയി-മോദി കൂടിക്കാഴ്ച നടന്നു. ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് പിരിഞ്ഞതിനു തൊട്ടുപിന്നാലെ രാജ്യസഭാംഗമായി സര്‍ക്കാര്‍ അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്യുകയുമുണ്ടായി. റാഫേല്‍, അസം പൗരത്വ രജിസ്റ്റര്‍, ബാബരി, സി ബി ഐ ഡയറക്ടറുടെ കേസ്, കശ്മീര്‍ തുടങ്ങി നിരവധി വിവാദ കേസുകളില്‍ ഗോഗോയിയുടെ വിധിപ്രസ്താവം ബി ജെ പിക്കും സംഘ്പരിവാറിനും അനുകൂലമായിരുന്നു. ഈ പശ്ചാത്തലത്തില്‍ വേണം അദ്ദേഹത്തിന്റെ ബാബരി കേസ് വിധി ആഘോഷവും അത്താഴവിരുന്നും വിലയിരുത്താന്‍.

നീതി നടപ്പാക്കിയാല്‍ മാത്രം പോരാ, കോടതി നടപടികള്‍ കൃത്യതയാര്‍ന്നതാണെന്നും ബാഹ്യസമ്മര്‍ദങ്ങളില്‍ നിന്ന് മുക്തമാണെന്നും സമൂഹത്തിനു ബോധ്യപ്പെടണമെന്നാണ് നീതിന്യായ വ്യവസ്ഥ ഉദ്‌ഘോഷിക്കുന്നത്. ഈ വ്യവസ്ഥയുടെ ലംഘനമല്ലേ ഗോഗോയിയുടെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍. നിയമ വ്യവസ്ഥയോടുള്ള പ്രതിബദ്ധതയോടെയും, നീതിയുക്തമായ തുറന്ന മനസ്സോടെയും, ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വിധേയപ്പെടാതെയും ഭരണ നേതൃത്വത്തെ ഭയക്കാതെയും കൃത്യനിര്‍വഹണം നടത്താന്‍ ജഡ്ജിമാര്‍ മുന്നോട്ടുവന്നാല്‍ മാത്രമേ ജുഡീഷ്യറിയില്‍ ജനത്തിന് വിശ്വാസമുണ്ടാകൂ. ജസ്റ്റിസ് ഗോഗോയി അവകാശ കോടതിയില്‍ (Rights Court) നിന്ന് എക്‌സിക്യൂട്ടീവ് കോടതിയാക്കി സുപ്രീം കോടതിയെ മാറ്റിയെന്നും ഭരണ നേതൃത്വത്തില്‍ നിന്ന് വ്യത്യസ്തമായി കോടതിയെ കാണാന്‍ പറ്റാത്ത സാഹചര്യമാണ് ഇതുമൂലം ഉണ്ടായതെന്നുമാണ് പ്രമുഖ നിയമ ഗവേഷകനും എഴുത്തുകാരനുമായ ഗൗതം ഭാട്ടിയ അഭിപ്രായപ്പെട്ടത്. “ശ്രദ്ധയോടെ കേള്‍ക്കുക, ബുദ്ധിപൂര്‍വം ഉത്തരം പറയുക, വിവേകപൂര്‍വം പരിഗണിക്കുക, നിഷ്പക്ഷമായി തീരുമാനമെടുക്കുക എന്നിവയാണ് ഒരു ന്യായാധിപന്റെ കൈമുതലെന്ന് പല ന്യായാധിപന്മാരും സൗകര്യപൂര്‍വം വിസ്മരിക്കുന്നതായി തോന്നിപ്പോകുന്നു’വെന്ന സുപ്രീം കോടതി മുന്‍ ജഡ്ജിയും നിയമ പണ്ഡിതനുമായിരുന്ന വി ആര്‍ കൃഷ്ണയ്യരുടെ വാക്കുകള്‍ കൂടി ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്.



source https://www.sirajlive.com/justice-gogoi-and-dinner.html

Post a Comment

أحدث أقدم