ആവര്‍ത്തിക്കുന്ന സൈനിക ‘പിഴവുകള്‍’

സുരക്ഷാ സേനയുടെ “പിഴവുകള്‍’ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് നാഗാലാന്‍ഡിലും മണിപ്പൂരിലും കശ്മീരിലുമെല്ലാം. നൂറുകണക്കിന് സാധാരണക്കാരും നിരപരാധികളുമാണ് ഈ “പിഴവു’കളില്‍ വധിക്കപ്പെടുന്നത്. ശനിയാഴ്ച നാഗാലാന്‍ഡിലെ മോണ്‍ ജില്ലയിലെ ഒട്ടിംഗ് ഗ്രാമത്തില്‍ സൈനിക വെടിവെപ്പില്‍ പതിനാല് ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. വൈകിട്ട് കല്‍ക്കരി ഖനിയിലെ ജോലി കഴിഞ്ഞ് പിക്കപ്പ് വാനില്‍ വീടുകളിലേക്കു മടങ്ങുകയായിരുന്ന തൊഴിലാളികള്‍ക്കു നേരേയാണ് സൈന്യം വെടിയുതിര്‍ത്തത്. ഈ പ്രദേശത്ത് തീവ്രവാദ സാന്നിധ്യം ശക്തമാണെന്നും വിഘടനവാദ പ്രസ്ഥാനമായ “നാഗാലാന്‍ഡ് നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍’ (എന്‍എ സ് സി എന്‍) പ്രവര്‍ത്തകരാണെന്ന ധാരണയിലാണ് വെടിവെച്ചതെന്നുമാണ് സൈനിക ഭാഷ്യം. ഇന്നലെ പാര്‍ലിമെന്റില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഇതേറ്റുപാടുകയും ചെയ്തു.

ആദ്യം എട്ട് പേരാണ് കൊല്ലപ്പെട്ടത്. ആറ് പേര്‍ സംഭവസ്ഥലത്തും രണ്ട് പേര്‍ ആശുപത്രിയിലും. ഇതില്‍ പ്രതിഷേധിച്ച് ഗ്രാമീണര്‍ സൈന്യത്തെ വളയുകയും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തപ്പോഴാണ് വീണ്ടും ജനക്കൂട്ടത്തിനു നേരേ വെടിവെപ്പ് നടത്തിയതും വീണ്ടും ആറ് പേര്‍ കൂടി കൊല്ലപ്പെട്ടതും. പ്രകോപിതരായ ജനക്കൂട്ടം നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ അസം റൈഫിള്‍സ് ക്യാമ്പും കൊന്യാക് യൂനിയന്റെ ഓഫീസും അടിച്ചു തകര്‍ക്കുകയുണ്ടായി. കല്ലേറില്‍ ഒരു കമാന്‍ഡോ കൊല്ലപ്പെട്ടിട്ടുണ്ട്. വെടിവെപ്പ് നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമീണര്‍ പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുകയാണ് പ്രദേശത്ത്. നാഗാലാന്‍ഡിന്റെ കിഴക്കന്‍ മേഖലകള്‍ ഉള്‍പ്പെടുത്തി പ്രത്യേക സംസ്ഥാനം രൂപവത്കരിക്കണമെന്നാവശ്യപ്പെടുന്ന “ഫ്രോണ്ടിയര്‍ നാഗാലാന്‍ഡ്’ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്ന കല്‍ക്കരി ഖനിയിലെ ദിവസക്കൂലിക്കാരായ കോന്യാക് സമുദായക്കാരാണ് കൊല്ലപ്പെട്ട ഗ്രാമീണര്‍.

സ്വതന്ത്ര ഇന്ത്യയേക്കാളും പഴക്കമുണ്ട് നാഗാ സായുധ കലാപത്തിന്റെ വേരുകള്‍ക്ക്. 1918ല്‍ കൊഹിമയില്‍ ഒരുകൂട്ടം വിദ്യാസമ്പന്നരായ നാഗാ വംശജര്‍ ചേര്‍ന്ന് രൂപവത്കരിച്ച നാഗാ ക്ലബ് ആയിരുന്നു നാഗാ പോരാട്ടത്തിന്റെ തുടക്കം കുറിക്കുന്നത്. പിന്നീട് ഇത് സായുധ സംഘടനയായി രൂപാന്തരപ്പെട്ടു. 1946ല്‍ നാഗാ പോരാളികള്‍ ബ്രിട്ടീഷ് ഭരണകൂടത്തോട് ആവശ്യപ്പെട്ടത് ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കുമ്പോള്‍ തങ്ങളുടെ പ്രദേശങ്ങള്‍ ഇന്ത്യക്ക് കൈമാറരുതെന്നായിരുന്നു. അന്ന് മുതലേ ഇന്ത്യയില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള സായുധ പ്രതിരോധം നടത്തി വരുന്നുണ്ടവര്‍. ഇന്ത്യ സ്വതന്ത്രമാകുന്നതിന്റെ തലേദിവസം സ്വതന്ത്ര രാജ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു നാഗാ വിഘടന വാദികള്‍. സ്വാതന്ത്ര്യാനന്തരം മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, അസം എന്നീ വടക്കു കിഴക്കന്‍ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന നാഗാ ഗോത്രവര്‍ഗക്കാരെയെല്ലാം ഒരുമിച്ചുകൂട്ടി നാഗലിം എന്ന പരമാധികാര രാഷ്ട്രം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് സായുധ കലാപം നടത്തി വരികയാണ് ഇവര്‍. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തിയ തുടരെ തുടരെയുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രത്യേക രാഷ്ട്രത്തിനു വേണ്ടിയുള്ള അവകാശവാദം ഉപേക്ഷിക്കാന്‍ അവര്‍ സന്നദ്ധമാകുകയും 2015 ആഗസ്റ്റ് മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എന്‍ എസ് സി എന്‍ നേതാവും സമാധാന കരാറില്‍ ഒപ്പിടുകയും ചെയ്തിരുന്നു. സൈന്യവും വിഘടന വാദികളും പരസ്പരം ആക്രമിക്കില്ല എന്നതായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥ. ഇതിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോള്‍ സൈന്യം നടത്തിയിരിക്കുന്നത്. നാഗാ വിഘടനവാദികളുമായി സമാധാനക്കരാര്‍ ഒപ്പിട്ട ശേഷം നടക്കുന്ന ഏറ്റവും വലിയ സിവിലിയന്‍ കൂട്ടക്കൊലയാണ് ഇപ്പോള്‍ നടന്നത്.

2015ല്‍ ഒപ്പുവെച്ചത് സമ്പൂര്‍ണ കരാറായിരുന്നില്ല. സമാധാന പുനഃസ്ഥാപനത്തിലേക്കുള്ള ആദ്യപടി മാത്രമായിരുന്നു. നാഗാ സമൂഹത്തിന് മേഖലയില്‍ പരമാധികാരം നല്‍കാന്‍ അന്നത്തെ ചര്‍ച്ചയില്‍ കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെന്നാണ് വിവരം. ഒരു സമ്പൂര്‍ണ സമാധാന കരാര്‍ രൂപപ്പെടുത്തുന്നതിന്, നാഗാ നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കായി കേന്ദ്രം അധികാരപ്പെടുത്തിയ നാഗാലാന്‍ഡ് മുന്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി വിഘടന വാദി സംഘടനാ നേതാക്കളുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചര്‍ച്ചകളില്‍ നാഗാലാന്‍ഡിന് പ്രത്യേക പതാകയും ഭരണഘടനയും അനുവദിക്കണമെന്ന് നാഗാ സായുധ വിമത ഗ്രൂപ്പായ എന്‍ എസ് സി എന്‍-ഐ എം ആവശ്യമുന്നയിക്കുന്നുണ്ട്. സമാധാന ശ്രമങ്ങള്‍ നടക്കവെ തന്നെ 2020 ആഗസറ്റ് 14ന് മേഘാലയ ഒരു പ്രത്യേക രാഷ്ട്രമെന്ന ഭാവേന പ്രത്യേക സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കിയിരുന്നു എന്‍ എസ് സി എന്‍ ഐ എം നേതാവ് മൂയ്യിവാ. തങ്ങള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം അംഗീകരിക്കുന്നില്ലെന്ന സന്ദേശമാണ് ഇതുവഴി അദ്ദേഹം നല്‍കിയത്. പുതിയ സംഭവവികാസങ്ങളുടെ സാഹചര്യത്തില്‍ സമാധാന ചര്‍ച്ചകളില്‍ നാഗാ സംഘടനകള്‍ നിലപാട് കടുപ്പിക്കാന്‍ സാധ്യതയുണ്ട്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും കശ്മീരിലും തീവ്രവാദ പ്രസ്ഥാനങ്ങളെ വളര്‍ത്തുന്നത് യഥാര്‍ഥത്തില്‍ അഫ്‌സ്പ പോലുള്ള ഭരണകൂട ഭീകരതയാണ്. യാതൊരു മുന്നറിയിപ്പുമില്ലാതെ എപ്പോഴും എവിടെയും തിരച്ചില്‍ നടത്താനും അറസ്റ്റ് ചെയ്യാനും വെടിയുതിര്‍ക്കാനും സായുധ സേനക്ക് അധികാരം നല്‍കുന്നതാണ് അഫ്‌സ്പ. ഇത് പലപ്പോഴും സൈന്യം ദുരുപയോഗം ചെയ്യുകയാണ്. ശനിയാഴ്ച നാഗാലാന്‍ഡിലുണ്ടായ വെടിവെപ്പും തീര്‍ത്തും അക്രമമായിരുന്നുവല്ലോ. സ്വാഭാവികമായും ഈ സംഭവം തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത വര്‍ധിപ്പിക്കാനേ സഹായിക്കുകയുള്ളൂ. അഫ്‌സ്പ പിന്‍വലിക്കുകയാണ് ഇനിയും ഇത്തരം സൈനിക “പിഴവുകള്‍’ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ചെയ്യേണ്ടത്. സൈന്യത്തിന്റെ അമിതാധികാരം തുടരുന്ന കാലത്തോളം നാഗാലാന്‍ഡിലേത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കും. ശനിയാഴ്ചത്തെ സൈനിക വെടിവെപ്പിനെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടക്കേണ്ടതുണ്ട്.



source https://www.sirajlive.com/recurring-military-39-mistakes-39.html

Post a Comment

Previous Post Next Post