കോഴിക്കോട് | ഇ കെ സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി ഇന്ന് നടത്തുന്ന കൂടിക്കാഴ്ച ലീഗ് കാണുന്നത് നെഞ്ചിടിപ്പോടെ. ഇന്നത്തെ കൂടിക്കാഴ്ച വിജയം കണ്ടാൽ അത് ലീഗിന് മറ്റൊരു തിരിച്ചടി കൂടിയാകുമെന്നാണ് വിലയിരുത്തൽ. നേരത്തേ ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവന ലീഗിന് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇത് മറികടക്കാൻ കഴിയാതിരിക്കുമ്പോഴാണ് മറ്റൊരു പ്രതിസന്ധി കൂടി ലീഗിനെ കാത്തിരിക്കുന്നത്.
പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തിൽ ഏഴ് പേരാണ് ഇന്ന് മുഖ്യമന്ത്രിയെ കാണുന്നത്. വഖ്ഫ് ബോർഡ് പി എസ് സിക്ക് വിട്ടതിലുള്ള ആശങ്ക അറിയിക്കുന്നതോടൊപ്പം സലഫികൾ കൈയടക്കി വെച്ച വഖ്ഫ് സ്വത്തുക്കൾ സംബന്ധിച്ച് ഇവർ മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നറിയുന്നു. സലഫികൾ പല വഖ്ഫ് സ്വത്തുക്കളും കൈയടക്കിയത് ലീഗിന്റെ ഒത്താശയോടെയാണെന്ന ആരോപണം ശക്തിപ്പെടുന്നതിനിടയിലാണ് ഈ ആവശ്യവും ഇ കെ സമസ്ത നേതാക്കൾ മുന്നോട്ട് വെക്കുന്നത്. ഇത് അംഗീകരിക്കപ്പെട്ടാൽ ലീഗ് കൂടുതൽ പ്രതിസന്ധിയിലാകും.
നിയമം പിൻവലിച്ചുകൊണ്ടുള്ള ഒരു തീരുമാനവും സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകാനിടയില്ല. എന്നാൽ, സലഫികൾ കൈയടക്കി വെച്ച വഖ്ഫ് സ്വത്ത് തിരിച്ചു പിടിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ആവശ്യം അംഗീകരിക്കപ്പെടാനിടയുണ്ട്. എന്നാൽ, തൃപ്തികരമായ തീരുമാനമുണ്ടായാൽ സർക്കാറിനെതിരെയുള്ള പ്രതിഷേധ പരിപാടികളിൽ നിന്ന് ഇ കെ സമസ്ത പൂർണമായും പിൻമാറും.
source https://www.sirajlive.com/ek-samastha-to-meet-cm-today.html
Post a Comment