വോട്ടര്‍ ഐ ഡി ആധാറുമായി ബന്ധിപ്പിക്കുന്നതുള്‍പ്പെടെ തിരഞ്ഞെടുപ്പ് പരിഷ്‌കരണ ഭേദഗതിക്ക് അംഗീകാരം നല്‍കിയിരിക്കുകയാണ് കേന്ദ്ര മന്ത്രിസഭ. നടപ്പ് സമ്മേളനത്തില്‍ തന്നെ ഇതുസംബന്ധിച്ച ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കും. പുതിയ വോട്ടര്‍മാര്‍ പേര് ചേര്‍ക്കുമ്പോള്‍ ആധാര്‍ വിവരങ്ങള്‍ കൂടി ആരായാന്‍ തിര. കമ്മീഷനെ അധികാരപ്പെടുത്തുന്നതാണ് ഭേദഗതി. നിലവിലുള്ള വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്താനുള്ള വ്യവസ്ഥകളുമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ ഇതിനായി നടപടി സ്വീകരിച്ചിരുന്നെങ്കിലും നിയമത്തിന്റെ പിന്‍ബലം വേണമെന്നു സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതനുസരിച്ചാണ് 1951ലെ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പൈലറ്റ് പ്രൊജക്ട് നടത്തിയിരുന്നു. പ്രൊജക്ട് വിജയമാണെന്ന് കണ്ടതിനെത്തുടര്‍ന്നാണ് ഭേദഗതി നിര്‍ദേശം സര്‍ക്കാറിന് സമര്‍പ്പിച്ചത്. എന്നാല്‍ ആധാര്‍ ഇല്ലാത്തവര്‍ക്ക് വോട്ടര്‍ ഐഡിയോ വോട്ടോ നിഷേധിക്കില്ല.
വോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കുന്നതോടെ ഒരാള്‍ക്ക് ഒരു സ്ഥലത്ത് മാത്രമേ വോട്ട് ചെയ്യാനാകൂ. ഇതോടെ കള്ളവോട്ട് ഒഴിവാക്കാനാകും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതും വോട്ടര്‍ ഐഡിയിലെ വിലാസം മാറ്റുന്നതും അടക്കമുള്ള സേവനങ്ങള്‍ വേഗത്തിലാക്കാനും ഇത് സഹായകമാകും. എച്ച് എസ് ബ്രഹ്മ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കെ 2015ലാണ് വോട്ടര്‍ ഐഡിയുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് 30 കോടി വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുകയും ചെയ്തു. ആ വര്‍ഷം ആഗസ്റ്റില്‍ റേഷന്‍ വിതരണത്തിനും പാചകവാതക വിതരണത്തിനും ആധാര്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് സുപ്രീം കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ തിര. കമ്മീഷന്‍ നടപടി താത്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരു വര്‍ഷം കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്നതാണ് ജനപ്രാതിനിധ്യ നിയമ ഭേദഗതി കരട് ബില്ലിലെ മറ്റൊരു വ്യവസ്ഥ. ഇതനുസരിച്ച് ഒരു വര്‍ഷത്തില്‍ നാല് തവണ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കും. ജനുവരി ഒന്ന്, ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന് എന്നിങ്ങനെ തീയതികളില്‍ തുടങ്ങുന്ന കാലയളവിലായിരിക്കും ഇതിനുള്ള അവസരം. ഇപ്പോള്‍ വര്‍ഷത്തില്‍ ഒരു തവണ അഥവാ ജനുവരി ഒന്നിനു മാത്രമാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത്. രാജ്യത്തെ തിരഞ്ഞെടുപ്പ് നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള ശിപാര്‍ശകള്‍ 2019 ആഗസ്റ്റിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാറിന് കൈമാറിയത്.
കള്ളവോട്ടുകളും ബൂത്ത് പിടിത്തവും രാജ്യത്ത് പതിവു സംഭവമാണ്. തിരഞ്ഞെടുപ്പിന്റെ സത്യസന്ധതയെ ഇത് ഗുരുതരമായി ബാധിക്കുകയും ജനാധിപത്യ സംവിധാനത്തിന് തന്നെ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നു. ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബൂത്ത് പിടിത്തവും കള്ളവോട്ടും വ്യാപകമാണ്. സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബൂത്തുകളില്‍ കൂടുതല്‍ സുരക്ഷാ സംവിധാനം ഒരുക്കിയെങ്കിലും ബൂത്തുകളില്‍ സംഘര്‍ഷവും ഭീകരാന്തരീക്ഷവും സൃഷ്ടിച്ച് കള്ളവോട്ടുകള്‍ രേഖപ്പെടുത്തുന്ന പ്രവണത ഇനിയും അവസാനിപ്പിക്കാനായിട്ടില്ല. കേരളത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചില പ്രദേശങ്ങളില്‍ കള്ളവോട്ട് നടന്നതായി തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുകയുണ്ടായി. കൂത്തുപറമ്പ് കണ്ണംപൊയില്‍ 84ാം ബൂത്ത്, തിരുവനന്തപുരം കള്ളിക്കാട് 22ാം ബൂത്ത് തുടങ്ങി നിരവധി ബൂത്തുകളില്‍ കള്ളവോട്ടിനുള്ള ശ്രമങ്ങള്‍ നടക്കുകയും ഇതേചൊല്ലി വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സൃഷ്ടിച്ചാണ് ഒരു വോട്ടര്‍ക്കു തന്നെ ഒന്നിലധികം വോട്ടുകള്‍ തരപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പിന്റെ അന്ന് വൈകുന്നേരത്തോടെ ഈ കാര്‍ഡുകള്‍ തിരിച്ചുവാങ്ങി കത്തിച്ചു കളയുമത്രെ. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കാസര്‍കോട്ടെ ഒരു വോട്ടറില്‍ നിന്ന് അഞ്ച് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്തിരുന്നു.
ഇരട്ട വോട്ടുള്ളവര്‍ ധാരാളം പേരുണ്ട് രാജ്യത്ത്. കേരളത്തില്‍ 2019ല്‍ 60 ലക്ഷം ഇരട്ട വോട്ടുകള്‍ കണ്ടെത്തിയതായും രണ്ട് വര്‍ഷത്തെ നിരന്തര ശ്രമത്തിന്റെ ഫലമായി ഗണ്യമായി കുറക്കാനായെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ വെളിപ്പെടുത്തിയിരുന്നു. 4,34,000 ഇരട്ട വോട്ടുകളെക്കുറിച്ച് കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ്സ് നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയുണ്ടായി. തിരഞ്ഞെടുപ്പില്‍ വളഞ്ഞ വഴിയിലൂടെ വിജയം ഉറപ്പിക്കാനായി എല്ലാ പാര്‍ട്ടികളും തരപ്പെടുത്തിക്കൊടുക്കാറുണ്ട് വോട്ടര്‍മാര്‍ക്ക് ഇരട്ട വോട്ടുകള്‍. സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ നിരവധി പേര്‍ക്കുണ്ട് അതിര്‍ത്തിക്കപ്പുറത്തും ഇപ്പുറത്തും വോട്ടുകള്‍. തമിഴ്‌നാടിനു സമീപമുള്ള അരൂര്‍, ദേവികുളം, പീരുമേട്, ഉടുമ്പന്‍ചോല മണ്ഡലങ്ങളില്‍ പലരും ഇരട്ട വോട്ടുകളുള്ളവരാണെന്നും ഇവര്‍ തമിഴ്നാട്ടില്‍ വോട്ട് ചെയ്ത ശേഷം അതിര്‍ത്തി കടന്നെത്തി കേരളത്തിലും വോട്ട് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വാഹന പരിശോധന കര്‍ശനമാക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ മേല്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതടിസ്ഥാനത്തില്‍ ചെക്ക് പോസ്റ്റുകളില്‍ പോലീസും കേന്ദ്ര സേനയും ചേര്‍ന്നു വാഹന പരിശോധന കര്‍ശനമാക്കുകയുണ്ടായി. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ കുറ്റമറ്റതാകേണ്ടതിന്റെയും ഐഡി കാര്‍ഡുകളും ആധാറും തമ്മില്‍ ബന്ധിപ്പിക്കേണ്ടതിന്റെയും അനിവാര്യതയിലേക്കാണിതെല്ലാം വിരല്‍ ചൂണ്ടുന്നത്. ഡ്രൈവിംഗ് ലൈസന്‍സും പാന്‍ കാര്‍ഡും അടക്കം എല്ലാ പ്രധാന രേഖകളും മൊബൈല്‍ നമ്പറും വസ്തു വിവരങ്ങളുമെല്ലാം ഇതിനകം ആധാറുമായി ബന്ധിപ്പിച്ചു കഴിഞ്ഞതാണ്. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരിച്ചറിയല്‍ കാര്‍ഡ് മാത്രമേ ഇനി ആധാറുമായി ബന്ധിപ്പിക്കാത്തതായുള്ളൂ. ഇത് നടപ്പാക്കുന്നതോടൊപ്പം മുഴുവന്‍ പേര്‍ക്കും ആധാര്‍ ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിക്കേണ്ടതുണ്ട്. രാജ്യത്തെ 133 കോടി വരുന്ന ജനസംഖ്യയില്‍ 123 കോടി പേര്‍ക്കാണ് ആധാര്‍ കാര്‍ഡ് വിതരണം ചെയ്തത്. പത്ത് കോടിയോളം പേര്‍ ഇപ്പോഴും ആധാര്‍ കാര്‍ഡ് ഇല്ലാത്തവരായുണ്ട്.
source https://www.sirajlive.com/electoral-reform-amendment-bill.html
إرسال تعليق