ചുമട്ടുതൊഴിലും ഹൈക്കോടതി ഇടപെടലുകളും

സംസ്ഥാനത്ത് ചുമട്ടുതൊഴില്‍ തുടരുന്നതിനെതിരെ രൂക്ഷ വിമര്‍ശമാണ് ഹൈക്കോടതിയില്‍ നിന്ന് കഴിഞ്ഞ ദിവസമുണ്ടായത്. മുന്‍കാലങ്ങളില്‍ സെപ്ടിക് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ മനുഷ്യനെ ഉപയോഗിച്ചിരുന്നതിനു സമാനമാണ് ഇപ്പോള്‍ തലച്ചുമടെടുക്കാന്‍ മനുഷ്യനെ ഉപയോഗിക്കുന്നതെന്നും തൊഴിലാളികള്‍ക്ക് ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു. 50-60 വയസ്സ് കഴിയുന്നതോടെ ആരോഗ്യം നശിച്ച് ജീവിതമില്ലാത്ത അവസ്ഥയിലേക്കെത്തുകയാണ് ചുമട്ടുതൊഴിലാളികള്‍. പരിഷ്‌കൃത സമൂഹത്തിന് മനുഷ്യനെ ചുമടെടുപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. വിദേശ രാജ്യങ്ങള്‍ മിക്കതും ഇതിനകം ചുമട്ടുജോലി അവസാനിപ്പിച്ചു കഴിഞ്ഞു. ഭൂതകാലത്തിന്റെ ശേഷിപ്പ് മാത്രമായ ചുമട്ടുതൊഴിലിന്റെ കാലം കഴിഞ്ഞു. സംസ്ഥാനത്ത് അത് നിര്‍ത്തലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ട കോടതി, യന്ത്രങ്ങള്‍ ചെയ്യേണ്ട ജോലി മനുഷ്യന്‍ ചെയ്യേണ്ടതുണ്ടോയെന്നും ചോദിച്ചു.

തൊഴിലാളി യൂനിയനുകള്‍ നോക്കുകൂലിയാവശ്യപ്പെടുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹരജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതി ചുമട്ടുതൊഴില്‍ ഇപ്പോഴും തുടരുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്തത്. അതേസമയം ചുമട്ടുതൊഴില്‍ തുടരുന്നതില്‍ അപാകതയില്ലെന്നും ഈ വിഭാഗം തൊഴിലാളികളെ സംരക്ഷിക്കേണ്ട ബാധ്യത ഭരണകൂടങ്ങള്‍ക്കുണ്ടെന്നുമുള്ള നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. മറ്റു സംസ്ഥാനങ്ങളിലും ചുമട്ടുതൊഴില്‍ ഇപ്പോഴുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. നേരത്തേ ഹൈക്കോടതി തന്നെ മറ്റൊരു കേസില്‍ ചുമട്ടുതൊഴിലിന് പ്രോത്സാഹനം നല്‍കുന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്. ചുമട്ടുജോലി ചെയ്യാന്‍ തൊഴിലാളിക്ക് സന്നദ്ധതയും തൊഴിലുടമയുടെ അനുമതിയും ഉണ്ടെങ്കില്‍ ഈ രംഗത്തേക്ക് ആര്‍ക്കും കടന്നു വരാമെന്നും അതിനെ തടസ്സപ്പെടുത്തരുതെന്നും ഇക്കഴിഞ്ഞ സെപ്തംബര്‍ 30ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് അഭിപ്രായപ്പെട്ടത്. സ്വകാര്യ ബിസിനസ്സ് സ്ഥാപനങ്ങള്‍ക്ക് സ്വന്തം ചുമട്ടുതൊഴിലാളികളെ നിയോഗിക്കാമെന്നും ഹെഡ‌്ലോഡ് വര്‍ക്കേഴ്സ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ അവര്‍ക്ക് കയറ്റിറക്കു ജോലിയില്‍ മുന്‍പരിചയം നിര്‍ബന്ധമില്ലെന്നും അന്നദ്ദേഹം ഉത്തരവിട്ടു. നിലവില്‍ കയറ്റിറക്കു ജോലി ചെയ്യുന്നവര്‍ക്കു മാത്രമേ രജിസ്ട്രേഷന്‍ നല്‍കൂ എന്നു വന്നാല്‍ പുതിയ ആളുകള്‍ക്ക് ഈ രംഗത്തേക്കു വരാന്‍ കഴിയില്ലെന്നും റൂള്‍- 26 എ പ്രകാരം രജിസ്ട്രേഷന്‍ നല്‍കാന്‍ അപേക്ഷകന്‍ മുമ്പ് ചുമട്ടുതൊഴില്‍ ചെയ്തിരുന്നോ എന്ന് നോക്കേണ്ടതില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ചൂണ്ടിക്കാട്ടി. പുതുതായി ചുമട്ടുതൊഴില്‍ രജിസ്ട്രേഷന് ആവശ്യപ്പെട്ട മൂന്ന് തൊഴിലാളികളുടെ അപേക്ഷ, കൊല്ലത്തെ ഒരു കാഷ്യൂ കമ്പനി ഉടമ നിരസിച്ചതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ ഈ ഉത്തരവ്.

ചുമടെടുപ്പ് തൊഴിലിനു രണ്ട് വശമുണ്ട്. മാനുഷിക വശമാണ് ഒന്ന്. കഠിനമേറിയതും ശരീരത്തിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ളതുമാണ് തലച്ചുമട്. ആ വശം പരിഗണിക്കുമ്പോള്‍ അത് പരമാവധി നിരുത്സാഹപ്പെടുത്തേണ്ടതാണ്. അതേസമയം പതിനായിരക്കണക്കിനാളുകളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. അവരുടെ കുടുംബം പട്ടിണി കൂടാതെ ജീവിക്കുന്നത് ചുമട്ടുതൊഴില്‍ കൊണ്ടാണ്. ഇത് കണക്കിലെടുത്താണ് സര്‍ക്കാറും നേരത്തേ ഹൈക്കോടതിയും തലച്ചുമടിന് അനുകൂല നിലപാടെടുത്തത്. കേരളത്തില്‍ ഇപ്പോള്‍ ഒറ്റയടിക്കു ചുമട്ടുതൊഴില്‍ നിരോധിക്കുന്നത് പ്രായോഗികമല്ല. വിദേശ രാജ്യങ്ങളിലെ പോലെ ചരക്കുകള്‍ നീക്കം ചെയ്യുന്നതിനും വാഹനങ്ങളില്‍ കയറ്റുന്നതിനും ഇറക്കുന്നതിനും ആവശ്യമായ യന്ത്രസാമഗ്രികള്‍ എല്ലാ രംഗത്തും സ്ഥാപിതമായിട്ടില്ല ഇവിടം. ചുമടെടുപ്പ് ആവശ്യമായി വരുന്ന മേഖലകളിലെല്ലാം ഘട്ടംഘട്ടമായെങ്കിലും അതിനാവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ സ്ഥാപിച്ച് മനുഷ്യപ്രയത്‌നം ഒഴിവാക്കാനുള്ള പദ്ധതികളും നടപടികളും ഭരണകൂടങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. ഇതോടെ തൊഴില്‍ നഷ്ടപ്പെടുന്ന കയറ്റിറക്കു തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള മാര്‍ഗങ്ങളും കണ്ടെത്തേണ്ടി വരും.

നിലവില്‍ സര്‍ക്കാറിന് ഈ രംഗത്തു ചെയ്യാന്‍ കഴിയുന്നത് ചുമട്ടുതൊഴിലിന്റെ ഭാരം കുറക്കുകയെന്നതാണ്. ഇതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ഒരു മാസം മുമ്പ് ചുമട്ടുതൊഴിലാളി ചുമക്കേണ്ട ഭാരം 75 കിലോഗ്രാമില്‍നിന്ന് 55 ആയി കുറച്ചുകൊണ്ട് കേരള ചുമട്ടുതൊഴിലാളി നിയമത്തില്‍ ഭേദഗതി വരുത്തിയത്. സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്തവരുമായ തൊഴിലാളികള്‍ ചുമക്കേണ്ട ഭാരം 35 കിലോഗ്രാമായി പരിമിതപ്പെടുത്തുകയും ചെയ്തു. അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ നിര്‍ദേശവും തൊഴിലാളികള്‍ ചുമക്കേണ്ട ഭാരം 55 കിലോയില്‍ കവിയരുതെന്നാണ്. ഇതോടൊപ്പം നോക്കുകൂലിയുള്‍പ്പെടെ കയറ്റിറക്ക് രംഗത്ത് നടന്നു വരുന്ന ചൂഷണങ്ങളും അതിക്രമങ്ങളും അവസാനിപ്പിക്കേണ്ടതുമാണ്. കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടും നോക്കുകൂലി എന്ന തീവെട്ടിക്കൊള്ള കേരളത്തില്‍ ഇപ്പോഴും തുടരുകയാണ്. തൊഴിലാളികള്‍ക്ക് യാതൊരു റോളുമില്ലാത്ത, യന്ത്രങ്ങളുടെ സഹായത്തോടെ മാത്രം ലോഡുകള്‍ ഇറക്കുന്നതിനും നല്‍കണം സംസ്ഥാനത്ത് നോക്കുകൂലി. 2018 മെയ് ഒന്ന് മുതല്‍ ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും ക്രിമിനല്‍ കുറ്റമാക്കുകയും കര്‍ശനമായി നിരോധിക്കുകയും ചെയ്തിട്ടുണ്ട.് എന്നിട്ടും സംസ്ഥാനത്ത് ഈ സമ്പ്രദായം വ്യാപകമായി തുടരുന്നു. അടുത്തിടെ നിരവധി നോക്കുകൂലി പരാതികളാണ് കേരളത്തില്‍ ഉയര്‍ന്നു വന്നത്. വടക്കാഞ്ചേരിക്ക് സമീപം മലാക്കയില്‍ നോക്കുകൂലി കുറഞ്ഞെന്നാരോപിച്ച് തൊഴിലാളികള്‍ വീട്ടുടമയുടെ കൈ തല്ലിയൊടിച്ചത് ഒരു മാസം മുമ്പാണ്. മെയ്യനങ്ങാതെ കൂലി വാങ്ങാവുന്ന ഒരു മേഖലയെന്ന നിലയിലാണ് ചിലര്‍ ചുമട്ടുതൊഴില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നതെന്നും സ്വര്‍ഥ താത്പര്യങ്ങളാണ് അതിനു പിന്നിലെന്നുമാണ് കോടതിയുടെ നിരീക്ഷണം. നോക്കുകൂലി പരാതികളില്‍ കര്‍ശന നടപടിയെടുക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും വ്യവസായ മന്ത്രി പി രാജീവിന്റെയും പ്രഖ്യാപനം പൊയ്‌വാക്കായി മാറുകയാണ്. രാഷ്ട്രീയ ബന്ധങ്ങളും താത്പര്യങ്ങളുമാണ് ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിന് തടസ്സം.



source https://www.sirajlive.com/heavy-work-and-high-court-interventions.html

Post a Comment

أحدث أقدم