സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കാനുള്ള നിർദേശത്തിന് അംഗീകാരം നല്‍കിയിരിക്കയാണ് കേന്ദ്ര മന്ത്രിസഭ. പാര്‍ലിമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ തന്നെ നിയമഭേദഗതി ഉണ്ടായേക്കുമെന്നാണ് സൂചന. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, പോഷകാഹാരം മെച്ചപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ പഠിക്കാനായി നിയോഗിച്ച, സാമൂഹിക പ്രവര്‍ത്തക ജയ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണത്രെ വിവാഹപ്രായം ഉയര്‍ത്തുന്നത്.
എന്നാല്‍, യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്തതാണ് വിവാഹത്തിനു 16,18,21 എന്നിങ്ങനെ എല്ലാവര്‍ക്കും ഒരേ പ്രായം നിശ്ചയിക്കുന്ന രീതി. വിവാഹത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് വംശത്തിന്റെ നിലനിൽപ്പാണ്. ഇതനുസരിച്ച് സത്രീ ഗര്‍ഭധാരണത്തിനുള്ള ശേഷി കൈവരിക്കുന്ന പ്രായമാണ് അഥവാ ഋതുമതിയാകലാണ് വിവാഹത്തിന്റെ സമയമായി കണക്കാക്കേണ്ടത്. ഇതിനൊരു പ്രത്യേക സമയപരിധിയില്ല. പലര്‍ക്കും പല പ്രായത്തിലാണ് ആര്‍ത്തവം ഉണ്ടാകുന്നത്. ഒരു കുടുംബമായി ജീവിക്കുകയെന്നതാണ് വിവാഹത്തിന്റെ മറ്റൊരു ലക്ഷ്യം. ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടാനും അത് പക്വതയോടെ കൈകാര്യം ചെയ്യാനും പഠിക്കുകയെന്നതാണ് ഒരു കുടുംബിനിക്ക് വേണ്ട യോഗ്യത. ഇതിനുമില്ല പ്രായപരിധി. ഓരോ സ്ത്രീയിലും വ്യത്യസ്തപ്പെട്ടിരിക്കും. ചിലര്‍ക്ക് 15 വയസ്സില്‍ തന്നെ പക്വത കൈവരും. 18 വയസ്സില്‍ പക്വത നേടുന്നവരും 30 വയസ്സില്‍ നേടുന്നവരുമുണ്ട്.
വ്യക്തിസ്വാതന്ത്ര്യം ഉറപ്പുനില്‍കുന്ന ഭരണഘടനയാണ് നമ്മുടേത്. 18 വയസ്സ് പൂര്‍ത്തിയായവരെ മുതിര്‍ന്ന വ്യക്തിയായി പരിഗണിച്ചു വോട്ടവകാശവും നല്‍കുന്നു. എന്നിട്ടും അവര്‍ക്കു വിവാഹിതരാകാനുള്ള പക്വത വരണമെങ്കില്‍ 21 വയസ്സെങ്കിലുമാകണമെന്നാണോ “വിദഗ്ധസമിതി’യായ ടാക്‌സ് ഫോഴ്‌സിന്റെ വിലയിരുത്തല്‍? വ്യക്തിസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ 18 വയസ്സില്‍ വിവാഹിതരാകണമെന്ന് ആഗ്രഹിച്ചാല്‍ അത് തെറ്റാണെന്നു പറയാനാകുമോ? മനുഷ്യ ശരീരത്തിന്റെ മാറ്റങ്ങളെക്കുറിച്ചു നടന്ന പഠനങ്ങള്‍ കാണിക്കുന്നത് സ്ത്രീകളുടെ പ്രായപൂര്‍ത്തിയുടെ അഥവാ ഋതുമതിയാകുന്നതിന്റെയും ലൈംഗികാഭിരുചി കൈവരുന്നതിന്റെയും കാലയളവ് പൂര്‍വോപരി കുറഞ്ഞു വരികയാണെന്നാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ലോകത്ത് ഭക്ഷ്യസമൃദ്ധി വര്‍ധിക്കുകയും ഫാസ്റ്റ് ഫുഡ് സംസ്‌കാരം കടന്നുവരികയും ചെയ്തതിന്റെ ഫലമായി പെണ്‍കുട്ടികള്‍ ഋതുമതിയാകുന്ന പ്രായം ശരാശരി ആറ് വയസ്സായി ചുരുങ്ങിയിരിക്കയാണ്. ലോക ശരാശരി ആര്‍ത്തവപ്രായം 16.6 ആയിരുന്നു 1920ല്‍. 1950ല്‍ ഇത് 14.6 ആയും 1980ല്‍ 13.1 ആയും 2010ല്‍ 10.5 ആയും കുറഞ്ഞു. ഒരു നൂറ്റാണ്ടു കൊണ്ട് പ്രായപൂര്‍ത്തി കാലം 6.1 വര്‍ഷം കുറഞ്ഞുവെന്നര്‍ഥം. ഈ ആറ് വര്‍ഷത്തിലെ ആദ്യ മൂന്ന് വര്‍ഷത്തില്‍ പെണ്‍കുട്ടികള്‍ ബാലിക തന്നെയാകാമെങ്കിലും ലൈംഗിക ഗ്രന്ഥികളുടെ പ്രവര്‍ത്തനം ശക്തമാകുന്ന ഒടുവിലത്തെ രണ്ട്, മൂന്ന് വര്‍ഷത്തില്‍ ലൈംഗിക പ്രവൃത്തികളിലേര്‍പ്പെടാനുള്ള വാസന ശക്തമാകുമെന്നു പഠനങ്ങള്‍ പറയുന്നു. ഇതനുസരിച്ച് വിവാഹപ്രായം 18ല്‍ നിന്ന് കുറക്കുകയല്ലേ വേണ്ടത്. ഇല്ലെങ്കില്‍ കൗമാര പ്രായക്കാര്‍ നിയമവിധേയമല്ലാത്ത ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍
ഇടയാകും.
കൗമാരക്കാരികള്‍ പ്രണയത്തിലേക്കും അതുവഴി അവിഹിത ലൈംഗിക ബന്ധത്തിലേക്കും വഴിതെറ്റുന്ന പ്രവണത കഴിഞ്ഞ ദശകങ്ങളില്‍ വര്‍ധിച്ചതായാണ് മാധ്യമ റിപ്പോര്‍ട്ടുകളും പഠനങ്ങളും കാണിക്കുന്നത്. ഇന്റര്‍നെറ്റ് പോലുള്ള മാസ്സ് ടെക്നോളജിയില്‍ ലൈംഗികത വ്യാപിച്ച ഈ കാലത്ത് കൗമാരത്തിലെ സവിശേഷമായ വികാരത്തള്ളിച്ചയും കൗതുകവും, തങ്ങളുമായി സ്ഥിരം സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന ആരുമായും വൈകാരികമായ അടുപ്പത്തിലേക്ക് കുട്ടികളെ എത്തിക്കും.
കൗമാരക്കാരില്‍ വലിയൊരു പങ്ക് 15 വയസ്സിന് മുമ്പേ ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതായും ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയിലെന്നുമാണ് 2010ല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു വേണ്ടി ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സസും ഇന്ത്യന്‍ പോപ്പുലേഷന്‍ കൗണ്‍സിലും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. പാലക്കാട് ആലത്തൂര്‍ ഹൈസ്‌കൂളിലെ 14 വയസ്സ് പ്രായമുള്ള ഇരട്ട സഹോദരിമാര്‍ സഹപാഠികളായ രണ്ട് ആണ്‍കുട്ടികള്‍ക്കൊപ്പം ഒളിച്ചോടിയ സംഭവം അടുത്തിടെയാണ് കേരളം കേട്ടത്. മാതാപിതാക്കളെ ഞെട്ടിക്കുന്ന ഇത്തരം വാര്‍ത്തകള്‍ പ്രതിദിനമെന്നോണം മാധ്യമങ്ങളില്‍ സ്ഥലം പിടിക്കുന്നു. കൗമാര പ്രണയക്കുടുക്കില്‍ പെട്ട് ആത്മഹത്യ ചെയ്യുന്നവരും നിരവധി. ബ്രിട്ടന്‍ സര്‍ക്കാര്‍ കുട്ടികളുടെ വളര്‍ച്ച പഠിക്കാനായി നിയോഗിച്ച കമ്മീഷന്‍ “ടൈം ബോംബെ’ന്നാണ് ലൈംഗികാഭിരുചി കൈവരിച്ച കൗമാരത്തെ വിശേഷിപ്പിച്ചത്. ഈ പ്രായക്കാരെ ലൈംഗിക അരാജകത്വത്തിലേക്കും ആത്മഹത്യയിലേക്കും തളളിവിടുന്നതിനേക്കാള്‍, ലൈംഗിക വികാരത്തിന്റെ പ്രായമെത്തുന്നതോടെ അവര്‍ക്ക് വിവാഹത്തിനു അവസരമൊരുക്കുന്നതല്ലേ ബുദ്ധി?
ഇന്ത്യ ഇനിയും വിവാഹപ്രായം ഉയര്‍ത്താനൊരുമ്പെടുമ്പോള്‍, ലോകത്തെ പല പുരോഗമന രാജ്യങ്ങളിലും വിവാഹപ്രായം 18നേക്കാള്‍ കുറവാണെന്നറിയേണ്ടതുണ്ട്. ആസ്ട്രിയ, ലക്സംബര്‍ഗ്, പോളണ്ട്, ജപ്പാന്‍, കൊറിയ, കൊളംബിയ, ഫിജി, ഇന്തോനേഷ്യ, തുര്‍ക്കി, മ്യാന്‍മര്‍, തെക്കനാഫ്രിക്ക, പെറു, ഉറുഗ്വെ എന്നിവിടങ്ങളിലൊക്കെ കുറഞ്ഞ പ്രായം പതിനാറോ അതില്‍ താഴെയോ ആണ്. ഒട്ടേറെ രാജ്യങ്ങള്‍ നിയമം മൂലം വിവാഹത്തിനു നിശ്ചിത പ്രായം നിഷ്കര്‍ഷിക്കുന്നില്ല. വിവിധ വ്യക്തി നിയമങ്ങളും വ്യക്തിയുടെ നിശ്ചയവുമാണ് പലയിടങ്ങളിലും വിവാഹ പ്രായം നിശ്ചയിക്കുന്നത്.
വിവാഹം എപ്പോള്‍ ചെയ്യണമെന്ന കാര്യം അതാത് വ്യക്തികളുടെയും രക്ഷകര്‍ത്താക്കളുടെയും തീരുമാനത്തിനു വിടുന്നതാണ് ഉചിതം. സാമ്പത്തികമായും ശാരീരികമായും മാനസികമായും അതിനു പാകപ്പെട്ടുവോ എന്നു തീരുമാനിക്കാന്‍ ഭരണകൂടങ്ങളേക്കാളും സമൂഹത്തേക്കാളും അവര്‍ക്കാണല്ലോ സാധ്യമാവുക.18 വയസ്സായവര്‍ക്ക് ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ അനുവാദം നല്‍കുന്ന രാജ്യം, വിവാഹത്തിന് 21 വയസ്സ് വരെ കാത്തിരിക്കണമെന്നു പറയുന്നത് വിരോധാഭാസമല്ലേ? വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കൈയേറ്റവുമാണ്
ഇത്.
source https://www.sirajlive.com/encroachment-on-individual-freedom.html
إرسال تعليق