മനുഷ്യത്വ രഹിതം തമിഴ്‌നാട് നടപടി

കടുത്ത ആശങ്കയിലും ഭയപ്പാടിലുമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിനു താഴെ പെരിയാര്‍ തീരത്തെ താമസക്കാര്‍. യാതൊരു മുന്നറിയിപ്പുമില്ലാതെ തമിഴ്‌നാട് ഏത് സമയവും അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നു വിടാമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അര്‍ധ രാത്രിയും പുലര്‍ച്ചെയുമായാണ് മിക്കപ്പോഴും ഷട്ടറുകള്‍ തുറക്കുന്നത്. ഒരാഴ്ചയായി രാത്രി കാലങ്ങളില്‍ പല തവണ വെള്ളം തുറന്നു വിടുന്നു. തിങ്കളാഴ്ച രാത്രി മൂന്ന് മണിക്ക് ഒമ്പത് സ്പില്‍വേ ഷട്ടറുകളാണ് ഉയര്‍ത്തിയത്. 120 സെന്റീമീറ്ററുകള്‍ വീതം ഉയര്‍ത്തിയ ഷട്ടറുകള്‍ വഴി 12,654 ഘനയടി വെള്ളം പെരിയാറിലേക്കൊഴുകുകയും വള്ളക്കടവ്, വികാസ്‌നഗര്‍, മഞ്ചുമല, കറുപ്പു പാലം, ഇഞ്ചിക്കാട് തുടങ്ങിയ തീരപ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. ഉറങ്ങിക്കിടക്കുകയായിരുന്ന പെരിയാര്‍ തീരവാസികള്‍ അപ്രതീക്ഷിതമായി ഇരച്ചെത്തിയ വെള്ളത്തിന്റെ ശബ്ദം കേട്ട് ഞെട്ടിയുണരുകയായിരുന്നു.

മൂന്ന് മണിക്ക് വെള്ളം തുറന്നു വിടുന്നതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്ന അനൗണ്‍സ്‌മെന്റ് വാഹനം പ്രദേശത്തെത്തിയത് പുലര്‍ച്ചെ അഞ്ചരക്കാണ്. അപ്പോഴേക്കും വെള്ളം കുത്തിയൊലിച്ചെത്തി പല വീടുകളിലും കയറിയിരുന്നു. ക്ഷുഭിതരായ നാട്ടുകാര്‍ മൈക്ക് അനൗണ്‍സ്‌മെന്റ് ഇനി ആവശ്യമില്ലെന്ന് പറഞ്ഞ് വാഹനം തടയുകയും തിരിച്ചയക്കുകയും ചെയ്തു. രാത്രികളില്‍ മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്നത് പതിവായതിനാല്‍ കിടന്നുറങ്ങാന്‍ പോലും ഭയമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 2018ലെ പ്രളയത്തിനു ശേഷം ഇതാദ്യമായാണ് ഇത്രയധികം വെള്ളം പെരിയാറിലേക്ക് ഒഴുക്കുന്നത്. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് കൂടുതല്‍ ഷട്ടറുകള്‍ തുറക്കേണ്ടി വന്നത്. മുല്ലപ്പെരിയാറില്‍ നിന്ന് കൊണ്ടുപോകുന്ന വെള്ളം തമിഴ്‌നാട് സംഭരിക്കുന്നത് വൈഗ അണക്കെട്ടിലാണ്. ഈ അണക്കെട്ടിലെ വെള്ളം തുറന്നു വിട്ടാല്‍ തമിഴ്‌നാടിന് മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകാനും രാത്രി സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നത് ഒഴിവാക്കാനുമാകും. എന്നാല്‍ വൈഗ അണക്കെട്ടിലെ വെള്ളം തുറന്നു വിട്ടാല്‍ തമിഴ്‌നാട്ടുകാര്‍ക്ക് പ്രയാസമാകുമെന്നതു കൊണ്ടാണ് സ്റ്റാലിന്‍ സര്‍ക്കര്‍ അതിനു മുതിരാത്തത്. കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാതെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നപ്പോള്‍ തമിഴ്‌നാട് ടണല്‍ വഴി കൊണ്ടുപോയത് 1,867 ഘനയടി വെള്ളം മാത്രമാണ്. പരമാവധി 2,600 ഘനയടി വെള്ളം കൊണ്ടുപോകാവുന്ന സ്ഥാനത്താണ് 800 ഘനയടിയോളം കുറച്ചത്. സ്വന്തം ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാന്‍ പെരിയാര്‍ തീരദേശ വാസികളെ ബലിയാടാക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. ടണല്‍ വഴി കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറച്ചതിനു പിന്നില്‍, ജലനിരപ്പ് 142 അടിയായി ദിവസങ്ങളോളം നിലനിര്‍ത്തി അണക്കെട്ട് ബലവത്താണെന്ന് സ്ഥാപിക്കുകയെന്ന ഗൂഢലക്ഷ്യവുമുണ്ട് തമിഴ്‌നാടിനെന്നും സംശയിക്കപ്പെടുന്നു. ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടിയാക്കാന്‍ കഴിയുമെന്ന് സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുകയാണത്രെ തമിഴ്‌നാടിന്റെ ലക്ഷ്യം. എന്നാല്‍ സുര്‍ക്കി മിശ്രിതം ചേര്‍ത്തു നിര്‍മിച്ച 126 വര്‍ഷം പിന്നിട്ട മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഇത്രയും ഉയര്‍ന്ന അളവില്‍ വെള്ളം താങ്ങി നിര്‍ത്താനുള്ള കരുത്തില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിരന്തരം ചുണ്ണാമ്പ് ചോരുന്നതിനാല്‍ അണക്കെട്ടിന്റെ ബലം അടിക്കടി കുറഞ്ഞു വരികയാണ്. വര്‍ഷം 30.48 ടണ്‍ വീതം ചുണ്ണാമ്പ് നഷ്ടപ്പെടുന്നുവെന്നാണ് നേരത്തേ കണക്കാക്കിയിരുന്നത്. ഇപ്പോള്‍ അതിന്റെ അളവ് വര്‍ധിച്ചിട്ടുണ്ട്. മാത്രമല്ല, ഭൂകമ്പ സാധ്യതാ പ്രദേശത്താണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ചെറു ഭൂകമ്പങ്ങള്‍ ഇവിടെ പതിവാണ്. ഒരു പുതിയ അണക്കെട്ട് മാത്രമാണ് ശാശ്വത പ്രശ്‌ന പരിഹാരം. ഡാമില്‍ ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും പ്രദേശത്തിനും ജനങ്ങള്‍ക്കും വലിയ ഭീഷണിയാണ് ഇത് ഉയര്‍ത്തുന്നതെന്നും യു എന്‍ സര്‍വകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്ത് മുന്നറിയിപ്പ് നല്‍കിയതാണ്. അണക്കെട്ട് നിര്‍മിച്ച കാലത്തെ നിര്‍മാണ വസ്തുക്കള്‍ ഇന്ന് തീര്‍ത്തും ഉപയോഗശൂന്യമാണെന്നും വലിയ കോണ്‍ക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി കാലാവധി 50 വര്‍ഷമാണെന്നും 2021 ജനുവരിയില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. തുടര്‍ച്ചയായ പേമാരികളെയും മഹാ പ്രളയങ്ങളെയും ചെറിയ തോതിലുള്ള ഭൂകമ്പങ്ങളെയും അതിജീവിച്ച് ഈ അണക്കെട്ട് ഇത്രയും കാലം നിലനിന്നത് അത്ഭുതമാണ്.

അണക്കെട്ടിലെ ജലം രാത്രികളില്‍ തുറന്നു വിടുന്നതിനു പകരം, വേണ്ടത്ര മുന്നറിയിപ്പോടെ പകല്‍ സമയങ്ങളില്‍ തുറക്കുകയാണെങ്കില്‍ നാശനഷ്ടങ്ങളും ജനങ്ങളുടെ ഭീതിയും കുറക്കാനാകും. ഇക്കാര്യം ഇടുക്കി ജില്ലാ ഭരണകൂടം ബന്ധപ്പെട്ടവരെ അറിയിച്ചതാണ്. രാത്രിയില്‍ വെള്ളം തുറന്നു വിടരുതെന്ന് കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയക്കുകയും ചെയ്തിരുന്നു. രാത്രി ആളുകള്‍ ഉറങ്ങുന്ന നേരത്ത് വെള്ളം കുത്തിയൊഴുകി എത്തുമ്പോഴുണ്ടാകുന്ന അപകടങ്ങളും നാശനഷ്ടങ്ങളും കണക്കിലെടുത്താണ് കേരളം ഇങ്ങനെ ഒരാവശ്യം ഉന്നയിച്ചത്. പക്ഷേ കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുകയാണ് തമിഴ്നാട്.

പെരിയാര്‍ തീരപ്രദേശ വാസികളുടെ ജീവന് ഒട്ടും വിലകല്‍പ്പിക്കാത്ത തമിഴ്‌നാടിന്റെ മനുഷ്യത്വരഹിതമായ നടപടികള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനും ഒപ്പം തമിഴ്‌നാട് ഭരണകൂടവുമായി നേരിട്ട് ചര്‍ച്ച നടത്താനുമാണ് കേരള സര്‍ക്കാറിന്റെ തീരുമാനം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് സര്‍ക്കാറുമായി സംസാരിക്കുമെന്നാണ് ഇന്നലെ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചത്. വര്‍ഷക്കാലത്ത് മഴ കനക്കുമ്പോള്‍ തര്‍ക്കം രൂക്ഷമാകുകയും മഴ പിന്‍വാങ്ങുന്നതോടെ തര്‍ക്കം കെട്ടടങ്ങി എല്ലാം ശാന്തമാകുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷമാണ് കഴിഞ്ഞ കാലങ്ങളില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ അനുഭവപ്പെട്ടിരുന്നത്. സംസ്ഥാന സര്‍ക്കാറിന്റെയും ഉദ്യോഗസ്ഥ മേധാവികളുടെയും ജാഗ്രതക്കുറവ് പല ഘട്ടത്തിലും ഈ വിഷയത്തിലുണ്ടായിട്ടുണ്ട്. കേസുകളില്‍ കേരളം തുടര്‍ച്ചയായി പരാജയപ്പെട്ടത് ഇതുകൊണ്ടു കൂടിയാണ്. ഇനിയും ഇതാവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.



source https://www.sirajlive.com/tamil-nadu-action-inhumane.html

Post a Comment

أحدث أقدم