കുട്ടികള്‍ക്ക് നേരേയുള്ള ലൈംഗികാതിക്രമങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്നതിന്റെ സ്ഥിതിവിവര കണക്കുകള്‍ ഈയടുത്തും പുറത്തുവന്നിരുന്നു. ഗാര്‍ഹികാന്തരീക്ഷത്തിലും അടുത്ത കുടുംബ ബന്ധുക്കളില്‍ നിന്നും ലൈംഗിക പീഡനമേല്‍ക്കേണ്ടി വന്ന കുട്ടികളുടെ കണക്കുകളാണ് ഒരു ഭാഗത്ത് പെരുത്ത് കാണുന്നതെങ്കില്‍ ഉത്തര്‍ പ്രദേശിലും മറ്റും കേവല ലൈംഗികാതിക്രമത്തിനപ്പുറത്ത് വേട്ടക്കാരെ സൃഷ്ടിക്കുന്ന മതജാതി ഘടകങ്ങള്‍ കൂടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നത് വിസ്മരിക്കാവതല്ല. ദളിത് ശരീരങ്ങള്‍ തങ്ങള്‍ക്ക് ഉപയോഗിക്കാനും അനന്തരം ജീവനോടെ കത്തിക്കാനോ കുഴിവെട്ടി മൂടാനോ ഉള്ളതാണെന്ന സവര്‍ണ പ്രാകൃത മനസ്സാണ് പലപ്പോഴും അവിടെ പ്രവര്‍ത്തിക്കുന്നത്. വരേണ്യ ആഢ്യത്വത്തിന്റെ ഏറ്റവും ഹീനമായ രാഷ്ട്രീയ പ്രയോഗം തന്നെയാണ് ഈ അധീശ ലൈംഗിക രാഷ്ട്രീയം. ആധുനിക ജനാധിപത്യ സങ്കല്‍പ്പങ്ങളുടെ പുലര്‍ച്ചക്കാലത്തും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാണാനാകുന്ന നെറികേട് ഇത് മാത്രമല്ല. അത്തരം വേട്ടമൃഗങ്ങള്‍ക്ക് പലപ്പോഴും ഭരണകൂടം കുടപിടിക്കുന്നു എന്നത് കൂടെയാണ്. ദളിത് ശരീരത്തിന് മേലുള്ള അധീശ മനോഭാവത്തിന്റെ ഫലമായിട്ടായാലും അല്ലെങ്കിലും നമ്മുടെ കുട്ടികള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നത് ഗൗരവതരമായ സംഗതിയാണ്.
ഭരണഘടനയിലെ മൗലികാവകാശത്തിന്റെ ഭാഗമായ 15ാം അനുഛേദം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉറപ്പുനല്‍കുന്ന പരിരക്ഷയുടെയും 39ാം ആര്‍ട്ടിക്കിളിന്റെ താത്പര്യത്തിന്റെയും പുറത്താണ് 2012ല്‍ പോക്‌സോ ആക്ട് പ്രാബല്യത്തില്‍ വരുന്നത്. ഐക്യരാഷ്ട്ര സഭയുടെ കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള 1992ലെ ഉടമ്പടി അംഗീകരിച്ച രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയുടെ തെളിവായും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളെ കൈകാര്യം ചെയ്യാന്‍ കൊണ്ടുവന്ന പ്രധാന നിയമ നിര്‍മാണമായ പോക്‌സോ നിയമത്തെ വായിക്കാവുന്നതാണ്. ഒരു പതിറ്റാണ്ടിനോടടുക്കുന്ന പോക്‌സോ നിയമത്തിന്റെ സമീപകാല നീതി അനുഭവങ്ങളെ മുന്‍നിര്‍ത്തി ചില ആലോചനകള്‍ നടത്തുകയാണ്.
പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ അതിന്റെ രൂപത്തിലും ഭാവത്തിലും പ്രയോഗവത്കരിക്കുന്നതില്‍ രാജ്യത്തെ കോടതികള്‍ പലപ്പോഴും പരാജയപ്പെടുന്നത് ഉത്കണ്ഠാജനകമാണ്. മാസങ്ങള്‍ക്ക് മുമ്പ് ഒരു പോക്‌സോ ഹരജിയില്‍ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച വിവാദ വിധി വലിയ ചര്‍ച്ചകള്‍ക്ക് കളമൊരുക്കിയിരുന്നു. വസ്ത്രം നീക്കാതെ ഒരു കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരമുള്ള ലൈംഗിക കൈയേറ്റമാകില്ല എന്നായിരുന്നു ബോംബെ ഹൈക്കോടതി ജഡ്ജി പുഷ്പ ഗനേഡിവാലയുടെ വിധി. പ്രസ്തുത വിധി വിവാദമായതിനൊടുവില്‍ സുപ്രീം കോടതി അത് റദ്ദാക്കവെ നിയമ വ്യാഖ്യാനങ്ങളില്‍ കോടതികള്‍ പുലര്‍ത്തേണ്ട ജാഗ്രതയെ കുറിച്ച് ഓര്‍മിപ്പിച്ചിരുന്നു. ലെജിസ്ലേച്ചറിന്റെ നിയമനിര്‍മാണ ലക്ഷ്യങ്ങളെ സാധൂകരിക്കുന്ന വിധമാണ് കോടതികള്‍ നിയമ വ്യാഖ്യാനം നടത്തേണ്ടത്. അതിനെ ദുര്‍ബലപ്പെടുത്തുന്ന നിരീക്ഷണങ്ങള്‍ ഉണ്ടാകരുതെന്നായിരുന്നു വിധിയില്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. പോക്‌സോയുടെ പരിധിയില്‍ വരുന്ന നിയമ വ്യവഹാരത്തിന്റെ വസ്തുതകള്‍ നിയമത്തിന്റെ സമഗ്രതയില്‍ വായിക്കേണ്ടതിന് പകരം യാന്ത്രികമായി സമീപിച്ചതിന്റെ ഫലമായിരുന്നു ബോംബെ ഹൈക്കോടതി ജഡ്ജിയുടെ വിവാദ വിധി.
പോക്‌സോ കേസില്‍ വിചാരണാ കോടതിയുടെ വിധിക്കെതിരെ കുറ്റക്കാരന്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് നവംബര്‍ 18ന് ഹൈക്കോടതി പുറപ്പെടുവിച്ച വിധി ഏറെ വിമര്‍ശങ്ങള്‍ക്ക് വിധേയമായി കഴിഞ്ഞ ദിവസങ്ങളില്‍. ഹരജിയിലെ വിചാരണക്കിടെ പോക്‌സോ നിയമത്തിലെ അഞ്ചാം വകുപ്പിന് കീഴില്‍ വരുന്ന ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യത്തെ നിസ്സാരമായി നിരീക്ഷിച്ചു കൊണ്ടുള്ള വിലയിരുത്തല്‍ ഹൈക്കോടതി നടത്തുകയും ചെയ്തിരുന്നു.
പത്ത് വയസ്സുകാരനെ പ്രലോഭിപ്പിച്ച് പീഡനത്തിനിരയാക്കിയ സോനു കുശ് വാഹയെ കുറ്റക്കാരനെന്ന് കണ്ടെത്തി ഝാന്‍സിയിലെ വിചാരണാ കോടതി 2018 ആഗസ്റ്റ് 24ന് 10 വര്‍ഷത്തെ കഠിന തടവിനും 5,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഐ പി സിക്ക് പുറമെ പോക്‌സോ നിയമത്തിലെ 3,4 വകുപ്പുകള്‍ ചുമത്തിയായിരുന്നു പോലീസ് കേസെടുത്തിരുന്നത്. പിന്നീട് വിചാരണക്കിടെ ഝാന്‍സിയിലെ അഡീഷനല്‍ സെഷന്‍സ് ജഡ്ജാണ് 5,6 വകുപ്പുകള്‍ കുറ്റാരോപിതനെതിരെ ചുമത്തിയത്. ഗുരുതര സ്വഭാവമുള്ള ലൈംഗിക കുറ്റകൃത്യത്തെ വിശദീകരിക്കുന്ന പോക്‌സോ നിയമത്തിലെ അഞ്ചാം വകുപ്പിന് കുറഞ്ഞത് 20 വര്‍ഷം തടവും പിഴയുമാണ് ശിക്ഷ. ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കാന്‍ മതിയായതാണത്. അഞ്ചാം വകുപ്പിലെ എം ഉപവകുപ്പ് പ്രകാരം 12 വയസ്സില്‍ താഴെയുള്ള കുട്ടിക്ക് നേരേ മൂന്നാം വകുപ്പില്‍ പരാമര്‍ശിക്കുന്ന തരത്തിലുള്ള ലൈംഗിക പീഡനം നടത്തിയാല്‍ അത് ഗുരുതര ലൈംഗിക കുറ്റകൃത്യമായി പരിഗണിക്കപ്പെടുമെന്ന് വിശദീകരിക്കുന്നുണ്ട്. 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പരിഗണിച്ചു കൊണ്ടുള്ള സമീപനമാണിത്. ഇത്തരം ലൈംഗികാതിക്രമങ്ങള്‍ കുട്ടികളില്‍ വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത് എന്ന തിരിച്ചറിവാണ് അതിന് ഉപോത്ബലകം.
പോക്‌സോ നിയമത്തിലെ അഞ്ചാം വകുപ്പിന്റെ പരിധിയില്‍ വരുന്ന ഗുരുതര സ്വഭാവമുള്ള ലൈംഗികാതിക്രമമാണ് കുറ്റാരോപിതന്റേതെന്ന് കണ്ടെത്തിയ വിചാരണാ കോടതി 10 വര്‍ഷം കഠിന തടവിനും പിഴ ശിക്ഷക്കും വിധിച്ചപ്പോള്‍ “ഓറല്‍ സെക്‌സ്’ അത്ര ഗുരുതരമല്ലെന്ന വിവാദ നിരീക്ഷണം നടത്തിയാണ് പോക്‌സോയിലെ മൂന്നാം വകുപ്പിന് ചുവടെ വ്യാഖ്യാനം നടത്തി തടവ് ശിക്ഷ ഏഴ് വര്‍ഷമായി അലഹബാദ് ഹൈക്കോടതി കുറച്ചത്. സംഭവം നടക്കുമ്പോള്‍ ഇരക്ക് 10 വയസ്സായിരുന്നുവെന്ന പരാമര്‍ശം ഹൈക്കോടതി വിധിയില്‍ രണ്ടിടത്ത് ഉണ്ടായെങ്കിലും കുറ്റവാളിക്ക് അനുകൂലമെന്ന വിമര്‍ശം ഉയരാനിടയാക്കിയ വിധിതീര്‍പ്പാണ് കോടതി നടത്തിയത്.
പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് കോടതികള്‍ പലപ്പോഴും പുറപ്പെടുവിക്കുന്ന നിയമ വ്യാഖ്യാനങ്ങളില്‍ വലിയ പൊരുത്തക്കേടുകള്‍ ദൃശ്യമാകുന്നുണ്ട്. അതിന് കാരണം പോക്‌സോ നിയമത്തിലെ അവ്യക്തതകളോ സങ്കീര്‍ണതകളോ ആണെന്ന് കണ്ടെത്താനാകില്ല. അത്രമേല്‍ സ്പഷ്ടവും സംശയങ്ങള്‍ക്ക് ഇടമൊരുക്കാത്തതുമാണ് പോക്‌സോയിലെ വകുപ്പുകള്‍. അങ്ങനെയിരിക്കെ പിഴക്കുന്നത് ന്യായാധിപരുടെ നിയമ വ്യാഖ്യാനങ്ങള്‍ക്കാണ്. കോടതിയിലെത്തുന്ന ഓരോ നിയമ വ്യവഹാരത്തിന്റെയും സ്വഭാവവും കുറ്റകൃത്യത്തിന്റെ തീവ്രതയും മുഖവിലക്കെടുത്ത് വിധിതീര്‍പ്പ് നടത്തുകയാണ് ന്യായാധിപര്‍ ചെയ്യേണ്ടത്.
പോക്‌സോ നിയമത്തിന് കീഴില്‍ വരുന്ന കേസുകള്‍ കൈകാര്യം ചെയ്യുന്ന ന്യായാധിപര്‍ക്ക് തദ്വിഷയികമായ പരിശീലനം നല്‍കണമെന്ന് ഈയിടെ മദ്രാസ് ഹൈക്കോടതി പ്രസ്താവിച്ചത് ഇവിടെ പ്രസക്തമാണ്. ലൈംഗിക അതിക്രമത്തിന് വിധേയനായ ഒരു കുട്ടിയുടെ പ്രായം 12 വയസ്സിന് താഴെ മാത്രം ആകുമ്പോഴുള്ള നിയമപരമായ പ്രത്യാഘാതങ്ങള്‍ തിരിച്ചറിയാന്‍ വിചാരണാ കോടതി ജഡ്ജിമാര്‍ പരാജയപ്പെടുന്നു എന്ന് വിലയിരുത്തിയാണ് മദ്രാസ് ഹൈക്കോടതി അത്തരമൊരു നിരീക്ഷണം നടത്തിയത്. നീതിയെ പ്രകാശിപ്പിക്കാന്‍ തക്കതായ നിയമ വ്യാഖ്യാനം നടത്താന്‍ ന്യായാധിപര്‍ പരാജയപ്പെടുന്നത് നിസ്സാരമായി കാണേണ്ട കാര്യമല്ല. നിയമനിര്‍മാണ സഭയുടെ താത്പര്യം നിയമ പുസ്തകത്തില്‍ നിന്ന് വായിക്കാന്‍ ന്യായാധിപര്‍ക്ക് കഴിയണമെന്ന് ബോംബെ ഹൈക്കോടതിയുടെ വിവാദ വിധി റദ്ദാക്കുമ്പോള്‍ സുപ്രീം കോടതി പ്രസ്താവിച്ചതും അതിനാലാണ്.
source https://www.sirajlive.com/if-the-judges-make-a-mistake-in-pok-mon.html
Post a Comment