പക്ഷിപ്പനി: ആലപ്പുഴയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു; ഇന്നും താറാവുകളെ കൊന്നൊടുക്കും

ആലപ്പുഴ | പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി താറാവുകളെ കൊന്നൊടുക്കുന്നത് ഇന്നും തുടരും. തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളിലായി  ആയിരക്കണക്കിന് താറാവുകളാണ് രോഗം ബാധിച്ച് ചത്തത്. ജില്ലയിലെ 11 പഞ്ചായത്തുകളില്‍ താറാവുകളെയും വളര്‍ത്തുപക്ഷികളേയും കൈമാറുന്നതിനും കൊണ്ടുപോകുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആഴ്ചകള്‍ക്ക് മുന്‍പാണ് ആലപ്പുഴയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്ത് തുടങ്ങിയത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് രോഗകാരണം എച്ച് 5 എന്‍ 1 വൈറസ് ആണെന്ന് സ്ഥിരീകരിച്ചത്. ഭോപ്പാലിലില്‍ നിന്നും പരിശോധനാഫലം ലഭിക്കാന്‍ വൈകിയതോടെ രോഗം വ്യാപിച്ചിട്ടുണ്ട്. നെടുമുടി പഞ്ചായത്തില്‍മാത്രം മൂന്നുകര്‍ഷകരുടെ എണ്ണായിരത്തിലധികം താറാവുകളാണ് ഇതിനകം ചത്തത്. വായുവിലൂടെയാണ് രോഗം പടരുക. മനുഷ്യരിലേക്കുള്ള സാധ്യത വളരെ കുറവാണ്. കലക്ടറേറ്റില്‍ അടിയന്തരയോഗം ചേര്‍ന്നാണ് താറാവുകളെ കൊന്നൊടുക്കാന്‍ പത്തംഗ ടീമിനെ നിയോഗിച്ചത്.2014, 2016 വര്‍ഷങ്ങളില്‍ പക്ഷിപ്പനി പിടിപെട്ട് ആയിരക്കണക്കിന് താറാവുകള്‍ ആലപ്പുഴയില്‍ ചത്തിരുന്നു. ഈവര്‍ഷം ജനുവരിയില്‍ പക്ഷിപ്പനി മൂലവും മെയ് മാസത്തില്‍ ബാക്ടീരിയ ബാധമൂലവും താറാവുകള്‍ ചത്തിരുന്നു.



source https://www.sirajlive.com/bird-flu-prevention-activities-continue-in-alappuzha-ducks-are-still-killed-today.html

Post a Comment

Previous Post Next Post