അതീവ അസ്വസ്ഥനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാല വൈസ് ചാൻസലർ നിയമനങ്ങളിലെ രാഷ്ട്രീയ ഇടപെടലുകളിൽ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായിക്കയച്ച കത്തിൽ സർക്കാറിനെതിരെ രൂക്ഷമായ വിമർശമാണ് ഗവർണർ ഉന്നയിച്ചത്. “സർവകലാശാലകളുടെ ചാൻസലർ എന്ന പരമാധികാര പദവി വേണമെങ്കിൽ ഒഴിഞ്ഞു തരാം. വേണമെങ്കിൽ സർക്കാറിന് തന്നെ നീക്കം ചെയ്യുകയുമാകാം. സർവകലാശാലാ നിയമങ്ങൾ ഭേദഗതി ചെയ്ത് ചാൻസലർ സ്ഥാനം മുഖ്യമന്ത്രിക്ക് ഏറ്റെടുക്കാവുന്നതുമാണ്. ഇതിനായി ഓർഡിനൻസ് കൊണ്ടുവന്നാൽ ഞാൻ ഒപ്പിടാം. ഗവർണറെ ആശ്രയിക്കാതെ സർക്കാറിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ തടസ്സമന്യെ നടപ്പാക്കാൻ അതാണ് നല്ലതെന്നും രാഷ്ട്രീയ അതിപ്രസരമാണ് സർവകലാശാലകളിലെ’ന്നും മുഖ്യമന്ത്രിക്ക് ബുധനാഴ്ച അയച്ച കത്തിൽ ഗവർണർ കുറിക്കുന്നു. കണ്ണൂർ, കാലടി സംസ്‌കൃത സർവകലാശാല വി സി നിയമനങ്ങളിലുണ്ടായ സർക്കാർ ഇടപെടലുകളാണ് ഗവർണറെ രോഷാകുലനാക്കിയത്.
കണ്ണൂർ സർവകലാശാലയിൽ പുതിയ വൈസ്ചാൻസലറെ നിയമിക്കുന്നതിന് പകരം നിലവിലുണ്ടായിരുന്ന വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് കാലാവധി അവസാനിക്കുന്ന അന്ന് പുനർനിയമനം നൽകുകയായിരുന്നു.ഇവിടെ വി സി നിയമനത്തിനായി യു ജി സി റഗുലേഷൻ പ്രകാരം ആസൂത്രണ ബോർഡ് ഉപാധ്യക്ഷന്റെ നേതൃത്വത്തിൽ മൂന്നംഗ നിർണയ സമിതിയെ നിയോഗിച്ചിരുന്നതാണ്. സമിതി നിയമനത്തിനുള്ള അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ആ സമിതി തന്നെ റദ്ദാക്കി നിലവിലെ വി സിക്ക് പ്രായം സംബന്ധിച്ച യു ജി സി വ്യവസ്ഥ ലംഘിച്ചു പുനർനിയമനം നൽകിയത്. വൈസ് ചാൻസലർക്ക് നിയമന സമയത്ത് 60 വയസ്സ് പൂർത്തിയാകാൻ പാടില്ലെന്നാണ് സർവകലാശാലാ നിയമം. ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകുമ്പോൾ 61 വയസ്സുണ്ട്. കേരളത്തിൽ ഇതാദ്യമായാണ് ഒരു വി സിക്ക് അതേ സർവകലാശാലയിൽ പുനർനിയമനം നൽകുന്നത്. സർക്കാർ നിർബന്ധത്തിന് വഴങ്ങിയാണ് താൻ പുനർനിയമനത്തിന് അനുമതി നൽകിയതെന്നാണ് ഗവർണർ പറയുന്നത്.
കണ്ണൂർ സർവകലാശാലാ വി സി നിയമനത്തിൽ തന്റെ നീതിബോധം വിട്ട് പ്രവർത്തിക്കേണ്ടി വന്നുവെന്നും അതിന് ശേഷം താൻ അങ്ങേയറ്റം അസ്വസ്ഥനാണെന്നും മുഖ്യമന്ത്രിക്കെഴുതിയ കത്തിൽ ഗവർണർ പറയുന്നുണ്ട്. പുനർനിയമനമെന്നാൽ നിലവിലുള്ളയാൾക്ക് കാലാവധി നീട്ടിക്കൊടുക്കലല്ലെന്ന് നിയമനം സംബന്ധിച്ചു തന്നോട് സംസാരിക്കാൻ മുഖ്യമന്ത്രി നിയോഗിച്ച നിയമോപദേഷ്ടാവിനെ ബോധ്യപ്പെടുത്താൻ താൻ ആവത് ശ്രമിച്ചതായും മുഹമ്മദ് ആരിഫ്ഖാൻ വ്യക്തമാക്കുന്നു. അഡ്വക്കറ്റ് ജനറലിന്റെ (എ ജി) അഭിപ്രായമനുസരിച്ചാണ് പുനർനിയമനമെന്നായിരുന്നുവത്രെ നിയമോപദേഷ്ടാവിന്റെ പ്രതികരണം. ഈ നിയമനത്തിനെതിരെ സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്തും അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി ജോസും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
കാലടി സർവകലാശാല വി സി നിയമനത്തിലുമുണ്ട് ചട്ട വിരുദ്ധത. ഇവിടെ വൈസ് ചാൻസലർ സ്ഥാനം ഒഴിയാനായപ്പോൾ തത്്സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്താൻ ഗവർണർ നിർണയ സമിതിയെ നിയോഗിച്ചു. എന്നാൽ സമിതിയുടെ കാലാവധി തീരുന്നതു വരെ സർക്കാർ യോഗം വിളിച്ചില്ലത്രെ. നിർണയ സമിതിക്ക് വി സി സ്ഥാനത്തേക്ക് പേര് ശിപാർശ ചെയ്യാനായില്ലെങ്കിൽ സർക്കാർ ഉപദേശപ്രകാരം ചാൻസലർക്ക് വി സിയെ നിയമിക്കാമെന്ന് കാലടി സർവകലാശാല നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇതിനായി നിർണയ സമിതിയെ നിർവീര്യമാക്കി കാലാവധി കഴിയുന്നത് വരെ കാത്തിരിക്കുകയും കാലാവധി തീർന്നതിന്റെ തൊട്ടുപിറ്റേന്ന് സർക്കാർ തന്നെ ഒരു പേര് ഗവർണർക്ക് സമർപ്പിക്കുകയായിരുന്നു. യു ജി സി പ്രതിനിധികൂടി ഉൾപ്പെട്ട സമിതി സംസ്ഥാന സർക്കാറിന് താത്പര്യമില്ലാത്തവരുടെ പേരുകൾ പാനലിൽ ഉൾപ്പെടുത്തുന്നത് ഒഴിവാക്കാനുള്ള കളിയാണ് ഇവിടെ നടന്നതെന്നാണ് പറയപ്പെടുന്നത്. എന്നാൽ സർക്കാർ നിർദേശിച്ച പേര് ഗവർണർ അംഗീകരിച്ചിട്ടില്ല. കണ്ണൂർ സർവകലാശാലയിലെ നിയമനം തന്നെ തന്റെ പദവിക്ക് ചേരാത്തതാണെന്നും ഇവിടെയും അതാവർത്തിക്കാനാകില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് അദ്ദേഹം. സർക്കാറിനെ ഇത് കടുത്ത സമ്മർദത്തിലാക്കിയിട്ടുണ്ട്. ധനമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും അയച്ചു അനുനയ ശ്രമം നടത്തിയെങ്കിലും ഗവർണർ അയഞ്ഞിട്ടില്ല ഇതുവരെയും.
യു ജി സി മുന്നോട്ടുവെച്ച വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ചാൻസലർ കൂടിയായ ഗവർണർ നിയോഗിക്കുന്ന നിർണയ സമിതി നിർദേശിക്കുന്ന പട്ടികയിൽ നിന്നായിരിക്കണം സർവകലാശാലകളിലെ വൈവസ് ചാൻസലർ നിയമനമെന്നാണ് ചട്ടം. സർവകലാശാലയിൽ പ്രൊഫസർ പദവിയിലോ അക്കാദമിക ഗവേഷണസ്ഥാപനത്തിൽ സമാന പദവിയിലോ പത്ത് വർഷത്തെ പ്രവൃത്തി പരിചയമുൾപ്പെടെയുള്ള യോഗ്യതകളാണ് യു ജി സി നിർദേശിക്കുന്നത്. സർവകലാശാല രൂപവത്കരണം യു ജി സിയുടെ സഹായത്തോടെയായതിനാൽ വി സി നിയമനത്തിൽ അവരുടെ വ്യവസ്ഥകൾ പാലിക്കാൻ ബന്ധപ്പെട്ടവർ ബാധ്യസ്ഥരാണ്. എന്നാൽ ഇതിലപ്പുറം സംസ്ഥാനം ഭരിക്കുന്നവരുടെ രാഷ്ട്രീയ താത്പര്യങ്ങൾക്കാണ് വി സി നിയമനത്തിൽ പലപ്പോഴും പ്രാമുഖ്യം. ഇത് ഇപ്പോഴത്തെ മാത്രം പ്രതിഭാസമല്ല. ഐക്യ ജനാധിപത്യ മുന്നണി ഭരിച്ചപ്പോഴും വ്യത്യസ്ഥമായിരുന്നില്ല സ്ഥിതി. സർക്കാറിന് താത്പര്യമുള്ള ആളുകളെ നിയമിക്കുന്നതിനുള്ള ചില പഴുതുകൾ നിയമങ്ങളിലുണ്ടാവുകയും ചെയ്യും. എല്ലാ സർക്കാറുകളും തങ്ങൾക്ക് അനുകൂലമായ രീതിയിൽ അത് പ്രയോഗിക്കുന്നു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനെ അസ്സോസിയേറ്റ് പ്രൊഫസറായി നിയമിച്ചതിനുള്ള പ്രത്യുപകാരമാണ് കണ്ണൂർ സർവകാലാശാല വി സി പദവിയിൽ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനമെന്നാണ് രാഷ്ട്രീയ പ്രതിയോഗികൾ ആരോപിക്കുന്നത്. ഇത് കേവലം ആരോപണമായിരിക്കാം, എങ്കിലും രാഷ്ട്രീയ നേതൃത്വത്തിന് വഴിവിട്ട സഹായങ്ങൾ ചെയ്താൽ വീണ്ടും പുനർനിയമനം ലഭിക്കുമെന്നൊരു കീഴ്്വഴക്കം സൃഷ്ടിക്കപ്പെടാൻ ഇതിടയാക്കും. സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലുകൾ നടത്താതെ, അവയെ ചട്ടങ്ങളനുസരിച്ചും സ്വതന്ത്രമായും പ്രവർത്തിക്കുന്നതിന് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സന്നദ്ധമാകേണ്ടതാണ്.
source https://www.sirajlive.com/vc-appointments-and-governor-39-s-letter.html
Post a Comment