കൊച്ചി | സപ്ലൈകോ വിൽപ്പനശാലകൾ ഡിജിറ്റൽ പേയ്‌മെന്റിലേക്ക് മാറുന്നു. ഇതിനായി സേവനദാതാക്കളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. അഞ്ഞൂറിലേറെയുള്ള സപ്ലൈകോ ഔട്ട്‌ലെറ്റുകളിലാണ് ആദ്യഘട്ടത്തിൽ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം വരുന്നത്.
പൊതുജനങ്ങളുടെ പ്രതികരണമറിഞ്ഞതിന് ശേഷം രണ്ടാംഘട്ടം മറ്റ് ഔട്ട്‌ലെറ്റുകളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി. സപ്ലൈകോയുടെ നിർദേശങ്ങൾ പാലിക്കുന്ന കമ്പനികൾക്ക് താത്പര്യപത്രം സമർപ്പിക്കാം. ദിവസ വരുമാനം അതത് ദിവസങ്ങളിൽ തന്നെ ബേങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നതടക്കമുള്ള നിർദേശങ്ങൾ ഇതിനായി അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.
ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ഏർപ്പെടുത്താനുള്ള ഉപകരണങ്ങൾ ആവശ്യമെങ്കിൽ സൗജന്യമായി കമ്പനികൾ തന്നെ സ്ഥാപിക്കണമെന്നും ഇടപാടുകളുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങൾ മാനേജർക്ക് ലഭ്യമാക്കണമെന്നും നിർദേശമുണ്ട്. താത്പര്യപത്രം 20നകം സമർപ്പിച്ചിരിക്കണം. ഇതിൽ സാങ്കേതിക വിവരങ്ങളും പണം വിൽപ്പനശാലകളിലെ അക്കൗണ്ടിൽ ലഭ്യമാകുന്ന ഇടവേളയും കൃത്യമായി പരാമർശിച്ചിരിക്കണമെന്നും സപ്ലൈകോ അധികൃതർ അറിയിച്ചു. supplycokerala.com വെബ് സൈറ്റിൽ വിശദാംശങ്ങൾ ലഭിക്കും.
source https://www.sirajlive.com/supplyco-outlets-to-digital-payment.html
إرسال تعليق