കൊവിഡ് മഹാമാരിക്കാലത്ത് ആളുകളുടെ ശരീര ഘടനയില്‍ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചുള്ള ഒരു ലേഖനം ഇപ്പോള്‍ ശ്രദ്ധനേടുകയാണ്. അന്തര്‍ദേശീയ മാധ്യമമായ ദി ഗാര്‍ഡിയനില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയായ എമി ഫ്‌ലെമിംഗ് എഴുതിയ ലേഖനമാണ് ഒരുപോലെ ആശങ്കയും ആളുകളില്‍ കൗതുകവും ഉണര്‍ത്തുന്നത്. ലേഖനത്തിന് ആധാരമായ പഠനങ്ങള്‍ എല്ലാം യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഉണ്ടായതിനാല്‍ നാം മലയാളികള്‍ക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാല്‍, സമാന സാഹചര്യം നമ്മുടെ രാജ്യത്തും ഉണ്ടാവാം എന്നതിനാലും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പഠനങ്ങള്‍ ഒന്നും രാജ്യത്ത് ഇതുവരെ നടന്നിട്ടില്ല എന്നതിനാലും ഈ വിവരങ്ങളെ അത്ര നിസാരമായി തള്ളിക്കളയാന്‍ സാധിക്കില്ല.
അകാരണമായ കാല് വേദനയാണ് എഴുത്തുകാരിയെ രസകരവും എന്നാല്‍ ആശങ്കപ്പെടുത്തുന്നതുമായി കണ്ടത്തലുകളിലേക്ക് നയിക്കുന്ന പഠനങ്ങള്‍ക്ക് പിന്നാലെ പോകാന്‍ പ്രേരിപ്പിച്ചത്. വ്യക്തിപരമായ വേദനക്ക് പിന്നാലെപ്പോയ ലേഖിക കണ്ടെത്തിയത് അത്ഭുതപ്പെടുത്തുന്ന ചില യാഥാര്‍ഥ്യങ്ങളാണ്. കൊവിഡ് കാലത്ത് മുടുകൊഴിച്ചില്‍ ഒരു പ്രധാന ‘പ്രതിഭാസ’മായിരുന്നെന്ന് നേരത്തേ പഠനം ഇറങ്ങിയിട്ടുണ്ട്.
കൊവിഡ് ബേധമായതിന് പിന്നാലെ മുടികൊഴിച്ചിലിന് വ്യാപകമായി ആളുകള്‍ ചികിത്സ തേടിയതായി ഇംഗ്ലണ്ടിലെ 79% മുടികൊഴിച്ചില്‍ ചികിത്സ നടത്തുന്ന വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. ഇതിന് വ്യക്തമായ കാരണവും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൊവിഡ് ബാധയുടെ സമയത്തെ ഉയര്‍ന്ന ശരീര ഊഷ്മാവും വിശപ്പ് കുറവുമാണ് മുടികൊഴിച്ചിലിന്റെ പ്രധാനകാരണം. മാനസിക സമ്മര്‍ദ്ദവും, ലോക്ഡൗണ്‍ കാലത്തെ ജീവിതക്രമത്തിലെ വ്യതിയാനവും മുടികൊഴിയാന്‍ കാരണമായെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, ഇങ്ങനെ നഷ്ടമാവുന്ന മുടയിഴകള്‍ തിരിച്ച് ലഭിക്കാവുന്നതേ ഉള്ളൂ എന്ന ആശ്വാസവാക്കുകളും ഈ പഠനം തന്നെ ബാക്കി വെക്കുന്നുണ്ട്.
കൊവിഡ് കാലത്ത് സ്‌ക്രീന്‍ ടൈം കൂടിയതിനാല്‍ കണ്ണ് വരളുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. ഹ്രസ്വ ദൂര കാഴ്ചാ പ്രശ്‌നങ്ങള്‍ ഇക്കാലത്ത് കൂടുതലായി ഉണ്ടായി. കാഴ്ച മങ്ങുന്നതും വിണ്ടുപോകുന്നതും കൂടുതലായി ഈ സമയത്ത് ശ്രദ്ധയില്‍പ്പെട്ടു. കൃത്യമായ ഇടവേളകളില്‍ കാഴ്ച മാറ്റുന്നതും ഇടക്കിടെ കണ്ണ് ചിമ്മിത്തുറക്കുന്നതും ഇതിന് ഒരു പരിധിവരെ പരിഹാരമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
മഹാമാരിക്കാലത്ത് ഗുരുതര ഹൃദ്രോഗങ്ങള്‍ വര്‍ധിച്ചതായി ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷനിലെ ഡയറക്ടറായ സോന്യ ബാബു നാരായണ്‍ വ്യക്തമാക്കി. സ്ഥിരമായി ചികിത്സ നടത്തിക്കൊണ്ടിരുന്നവര്‍ക്ക് ലോക്ഡൗണ്‍ കാലത്ത് തങ്ങളെ ചികിത്സിക്കുന്നവരെ നേരിട്ടെത്തി കാണാന്‍ സാധിക്കാതിരുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയെന്നും ഇവര്‍ പറഞ്ഞു.
ദഹനപ്രക്രിയയും മാനസികാരോഗ്യവും ബന്ധപ്പെട്ട് കിടക്കുന്നു എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കൊവിഡ് കാലത്ത് മാനസികാരോഗ്യം കുറഞ്ഞത് ദഹനത്തെ കൂടുതലായി ബാധിച്ചെന്നും അത് ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് ഇടയാക്കയെന്നും പഠനങ്ങള്‍ കാണിക്കുന്നു. സമാനമായി ചൊറിച്ചില്‍ പോലുള്ള ചര്‍മ്മ രോഗങ്ങളും ഇക്കാലത്ത് വര്‍ധിച്ചതായി പഠനങ്ങള്‍ കാണിക്കുന്നു. ചില ചര്‍മ്മ രോഗങ്ങള്‍ക്ക് മാനസികാരോഗ്യവുമായി ബന്ധമുണ്ട് എന്നതിനാലാണ് ഇത്. തുടര്‍ച്ചയായി ഹാന്‍ഡ് വാഷ് ഉപയോഗിക്കുന്ന ചര്‍മ്മം വരളാന്‍ കാരണമാകുന്നുവെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. കൊവിഡ് കാലത്തെ പ്രധാന രോഗപ്രതിരോധ മാര്‍ഗമായിരുന്നല്ലോ കൈകഴുകല്‍.
source https://www.sirajlive.com/changes-in-the-anatomy-of-the-plague-caution-is-sufficient-in-these-studies.html
Post a Comment