കൊച്ചി | കൊച്ചി അന്തരാഷ്ട്ര വിമാനത്താവളം (സിയാൽ) കഴിഞ്ഞ മൂന്ന് മാസ കാലയളവിൽ തുടർച്ചയായ വളർച്ച രേഖപ്പെടുത്തിയതായി റിപ്പോർട്ട്. നിലവിൽ പ്രതിദിനം 150ലേറെ സർവീസുകളുമായി കൊവിഡ് പൂർവ കാലഘട്ടത്തിലെ വളർച്ചയിലേക്ക് സിയാൽ അടുക്കുകയാണെന്ന് അധികൃതർ അറിയിച്ചു. എയർപോർട്ട് സ്ഥിതി വിവര കണക്കനുസരിച്ച് , ഈ വർഷം സെപ്തംബർ, നവംബർ കാലയളവിൽ സിയാൽ 11,891 വിമാന സർവീസുകളാണ് കൈകാര്യം ചെയ്തത്. ഇത് മുൻ കാലയളവിനേക്കാൾ 62 ശതമാനം കൂടുതലാണ്. യാത്രക്കാരുടെ എണ്ണത്തിൽ 2020നെ അപേക്ഷിച്ച് ഈ വർഷം സെപ്തംബർ- നവംബർ കാലയളവിൽ വിമാനത്താവളം 110 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്്. മൂന്ന് മാസത്തിനിടെ 6,73,238 രാജ്യാന്തര യാത്രക്കാർക്ക് സൗകര്യമൊരുക്കാൻ സിയാലിന് സാധിച്ചു. ആഭ്യന്തര മേഖലയിലും യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. 6,85,817 ആഭ്യന്തര യാത്രക്കാരാണ് കൊച്ചി വഴി കടന്നു പോയത്. മൂന്ന് മാസ കാലയളവിലെ മൊത്തം യാത്രക്കാരുടെ എണ്ണം 13,59,055 ആണ്. 2020 സമാന കാലയളവിൽ ഇത് 6,46,761 ആയിരുന്നു.
വിമാനത്താവളത്തെ സുരക്ഷിത യാത്രാ കേന്ദ്രമാക്കി മാറ്റാനുള്ള കമ്പനിയുടെ ശ്രമമാണ് വ്യോമയാന മേഖലയിലെ സ്ഥിരമായ വളർച്ചയുടെ കാരണമെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു. ഈ മാസം പത്തിന് 23,029 യാത്രക്കാർ സിയാൽ വഴി യാത്ര ചെയ്തു. 154 വിമാനങ്ങളാണ് സർവീസ് നടത്തിയത്. കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഗൾഫിലേക്ക് മാത്രമായി സിയാൽ ഇപ്പോൾ 182 പ്രതിവാര സർവീസുകൾ കൈകാര്യം ചെയ്യുന്നുണ്ട്. പകർച്ചവ്യാധിക്ക് മുമ്പുള്ള കാലയളവിൽ പ്രതിവർഷം ഒരു കോടി യാത്രക്കാരെ കൈകാര്യം ചെയ്തിരുന്ന കൊച്ചി വിമാനത്താവളം വരും മാസങ്ങളിൽ വൻ കുതിപ്പിന് സാക്ഷ്യം വഹിക്കുമെന്ന് അധികൃതർ പറഞ്ഞു.
source https://www.sirajlive.com/kochi-airport-returns-to-normal.html
Post a Comment