സത്യത്തിൽ ഒമിക്രോൺ എന്നൊരു വകഭേദമുണ്ടോ? ഇത് മരുന്നു കമ്പനികളുടെ കളിയല്ലേ? ബൂസ്റ്റർ ഡോസ് വാക്‌സീൻ അനിവാര്യമാണെന്ന് തറപ്പിച്ച് പറയുന്നത് ആരാണ്? വാക്‌സീൻ നിർമാണ കമ്പനികളുടെ സി ഇ ഒമാരല്ലേ? ഒമിക്രോണിനെ പേടിക്കണമെന്ന വാർത്ത വായിച്ച ഒരു വായനക്കാരൻ ഉന്നയിച്ച ചോദ്യങ്ങളാണിവ. ഈ ചോദ്യങ്ങളിൽ കഴമ്പുണ്ടെന്ന് പറയാനുള്ള ആധികാരിക തെളിവൊന്നും ആരുടേയും പക്കലില്ല. മഹാമാരിക്കെതിരായ ജാഗ്രതയുടെ മുനയൊടിച്ചേക്കാവുന്ന ഇത്തരം ചോദ്യങ്ങൾ അനുവദിക്കാവുന്നതുമല്ല. എന്നുവെച്ച് ഈ ചോദ്യങ്ങൾ ഇല്ലാതാകുന്നുമില്ല. ഗംഭീരമായ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്ന വിദ്യാർഥിയോട്, തല്ലാൻ ഓങ്ങുന്നുവെന്ന് സ്‌നേഹപൂർവം ഭാവിച്ച് വടിയുയർത്തി പ്രതിഭാധനനായ അധ്യാപകൻ പറഞ്ഞ മറുപടിയുണ്ട്: എനിക്ക് അറിയാത്തത് ചോദിക്കരുത്. ഇതു തന്നെയാണ് കൊവിഡ് മഹാമാരിയെ കുറിച്ച് ശാസ്ത്രലോകം നൽകുന്ന മറുപടി.
ഒമിക്രോൺ ആദ്യമായി കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിലാണെന്ന വിവരമാണ് ആദ്യം വന്നത്. എന്നാൽ ബ്രിട്ടനിൽ നേരത്തേ ഈ വകഭേദം പടർന്നിരുന്നുവെന്ന് മറ്റൊരു റിപ്പോർട്ടും വന്നു. ഈ റിപ്പോർട്ട് വരും മുമ്പേ തന്നെ ആഫ്രിക്കൻ വൻകരയെ ഒറ്റപ്പെടുത്തി ക്കഴിഞ്ഞിരുന്നു. “ഞങ്ങളെ ഇങ്ങനെ ശിക്ഷിക്കരുതേ’ എന്ന് അവിടുത്തെ ഭരണാധികാരികൾ കേണപേക്ഷിച്ചിട്ടൊന്നും ഒരു കാര്യവുമുണ്ടായില്ല. അവിടേക്ക് ഭക്ഷണവും ഇന്ധനവും ചെന്നില്ല. അവരുടെ ഉത്പന്നങ്ങൾ ആരും വാങ്ങിയില്ല. അവിടേക്ക് വിമാനങ്ങൾ പറന്നു ചെന്നില്ല. രോഗവ്യാപന തരംഗമായി ഒമിക്രോൺ മാറാൻ സാധ്യതതയില്ലെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ സി എം ആർ) ആദ്യം വിലയിരുത്തിയത്. ഇപ്പോൾ കൊവിഡ് കർമ സമിതിയുടെ തലവൻ ഡോ. വി കെ പോൾ പറയുന്നത് നേരെ തിരിച്ചാണ്. യു കെയിലെ വ്യാപനത്തിന്റെ തോത് ഒരു മാതൃകയായി എടുക്കുകയാണെങ്കിൽ ജനനിബിഡമായ ഇന്ത്യയിൽ ഭീകരമായ പകർച്ചയുണ്ടാകുമെന്നാണ് അദ്ദേഹം പേടിപ്പിക്കുന്നത്. ഇന്ത്യയിലെ ജനസംഖ്യ കണക്കിലെടുക്കുമ്പോൾ പ്രതിദിനം 14 ലക്ഷം വരെ കേസുകൾ ഉണ്ടാകുന്ന ഗതി വരാം. ഫ്രാൻസിൽ 65,000 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ തോത് വെച്ച് നോക്കുമ്പോൾ ഇന്ത്യയിൽ പ്രതിദിനം 13 ലക്ഷം കേസുകൾ വരെ ഉണ്ടാകാം. യു കെയിൽ റെക്കോർഡ് കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. 24 മണിക്കൂറിനിടെ 88,042 കേസുകൾ. 80 ശതമാനം ഭാഗിക പ്രതിരോധ കുത്തിവെപ്പുകൾ നടത്തിയിട്ടും യൂറോപ്പ് ഗുരുതരമായ ഘട്ടത്തിലൂടെയാണ് കടന്നു പേകുന്നതെന്നും ഇതിൽ നമുക്ക് വലിയ പാഠമുണ്ടെന്നും പോൾ പറയുന്നു.
ഒമിക്രോണിനെ പേടിക്കാനില്ലെന്നായിരുന്നു ഈ വകഭേദത്തിന്റെ സാന്നിധ്യം ഡിറ്റക്ട് ചെയ്ത ദ. ആഫ്രിക്കൻ ശാസ്ത്രജ്ഞർ സമാധാനപ്പെടുത്തിയത്. പിന്നെ അവരും സ്വരം മാറ്റി. ഈ വകഭേദം എത്രമാത്രം മാരകമാണെന്ന് ഈ ഘട്ടത്തിൽ തീർത്തു പറയാനാകില്ലെന്നും ഇപ്പോൾ രോഗബാധിതരിൽ കാണുന്ന ആരോഗ്യ പ്രശ്‌നങ്ങൾ വെച്ച് തീവ്രത അളക്കാനാകില്ലെന്നും പാർലിമെന്റ് അംഗങ്ങൾക്ക് മുമ്പാകെയുള്ള വിശദീകരണത്തിൽ അവർ പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ രോഗികളായവരിൽ നല്ലൊരു ശതമാനവും യുവാക്കളാണ്. അവർക്ക് ഉയർന്ന രോഗപ്രതിരോധ നിലവാരം ഉള്ളതിനാലും മറ്റ് അസുഖങ്ങൾ കുറഞ്ഞതിനാലും ഒമിക്രോൺ വകഭേദത്തിന്റെ ആക്രമണ തീവ്രത കുറവായിരിക്കാം. മറ്റ് പ്രായ വിഭാഗത്തിൽ പെട്ടവരിൽ ഈ വകഭേദമുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ കൂടി പഠന വിധേയമാക്കിയാലേ ശരിയായ നിഗമനത്തിലെത്താൻ സാധിക്കൂ. അതുകൊണ്ട് കൂടുതൽ ഗൗരവത്തോടെ ഈ ഒമിക്രോണിനെ കാണണമെന്നും ദ. ആഫ്രിക്കൻ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ ഒമിക്രോൺ വകഭേദം കണ്ടെത്തിയവരിൽ നല്ല പങ്ക് നേരത്തേ കൊവിഡ് ബാധിച്ചവരാണ്. അതുകൊണ്ട് ഒമിക്രോണിന്റെ പ്രഭാവം പൂർണ തോതിൽ അവരിൽ പ്രകടമായിരിക്കില്ല. ഇക്കാരണം കൊണ്ടും വൈറസിന്റെ ശരിയായ ശക്തി എത്രയെന്ന് പറയാനാകില്ലെന്ന് ദക്ഷിണാഫ്രിക്കയിലെ പകർച്ചവ്യാധി പ്രതിരോധ വിദഗ്ധൻ റിച്ചാർഡ് ലെസ്സൽസ് പറയുന്നു.
ലോകാരോഗ്യ സംഘടന പുറത്തിറക്കിയ മാർഗനിർദേശങ്ങളിലും കാണാം ഈ ആശയക്കുഴപ്പം. എന്നാൽ ഒരു ആശയക്കുഴപ്പവുമില്ലാതെ എല്ലാവരും ആവർത്തിക്കുന്ന ഒരേയൊരു കാര്യമേയുള്ളൂ: വാക്‌സീൻ മാത്രമാണ് പരിഹാരം. എന്തു വില കൊടുത്തും വാക്‌സീനെടുക്കുക. ഫലപ്രാപ്തിയെക്കുറിച്ച് വാക്‌സീൻ നിർമാതാക്കൾ കൃത്യമായ ഉറപ്പൊന്നും നൽകാതിരിക്കുകയും വാക്‌സീനെടുത്താൽ ഉണ്ടാകാനിടയുള്ള പാർശ്വഫലത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് അവർ ഒഴിഞ്ഞു മാറുകയും ചെയ്യുമ്പോഴും വാക്‌സീനെക്കുറിച്ച് ചോദ്യങ്ങളുയർത്താൻ ആർക്കും സാധിക്കാത്തത് അതുകൊണ്ടാണ്. എന്നിട്ടും ചില ചോദ്യങ്ങൾ ഉയരുക തന്നെ ചെയ്തു. വാക്‌സീൻ വികസിപ്പിക്കുന്നതിൽ അനാവശ്യ തിടുക്കം ഉണ്ടായോ എന്നതായിരുന്നു അവയിൽ പ്രധാനം. ഫൈസറും ആസ്ട്രാ സെനകയും സ്പുട്‌നിക്കുമെല്ലാം അക്ഷരാർഥത്തിൽ മത്സരയോട്ടം നടത്തുകയാണ് ചെയ്തത്. ഇവ പരസ്പരം കുറ്റാരോപണങ്ങൾ നിരത്തുകയും ഡീഗ്രേഡ് ചെയ്യാനുള്ള പ്രചാരണത്തിലേർപ്പെടുകയും ചെയ്തു. രാഷ്ട്ര നേതാക്കൾ തന്നെ ഈ മത്സരത്തിൽ ഇറങ്ങിക്കളിച്ചു. ഇത്തരമൊരു മത്സരത്തിന്റെ അടിസ്ഥാനം ബിസിനസ്സ് ആയിരുന്നു. മാനവ രാശിയെ രക്ഷിക്കാനുള്ള വിശാലമനസ്‌കതയൊന്നുമായിരുന്നില്ല. യു എന്നിന്റെ നേതൃത്വത്തിൽ വികസിപ്പിച്ച കൊവാക്‌സിന് വേണ്ടി ആരും ആരവം മുഴക്കിയില്ലെന്നോർക്കണം. പേറ്റന്റ് വ്യവസ്ഥകൾ ലഘൂകരിച്ച് കൂടുതൽ കമ്പനികൾക്ക് വാക്‌സീൻ ഉത്പാദിപ്പിക്കുന്നതിന് സാഹചര്യമൊരുക്കാനും ആരും തയ്യാറായില്ല.
വാക്‌സീനെ സർവ സുഖദായിനിയായ ഒറ്റമൂലിയായി കാണുകയാണെങ്കിൽ ഒരു പ്രശ്‌നം കൂടി ലോകം അഭിമുഖീകരിക്കേണ്ടി വരും. വാക്‌സീൻ വിതരണത്തിലെ ക്രൂരമായ വിവേചനമാണത്. ലോകരാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന വാക്‌സീൻ അസമത്വമാണ് ഇപ്പോൾ ഒമിക്രോൺ വകഭേദത്തിന് ജന്മം നൽകിയതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 43 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്‌സീൻ ലഭിച്ചു കഴിഞ്ഞിട്ടുണ്ടെന്നാണ് കണക്ക്. ഈ കണക്ക് വരുന്നത് വികസിത, വൻകിട രാജ്യങ്ങളിലെ വാക്‌സീനേഷൻ പരിഗണിച്ചാണ്. ഇന്ത്യയെപ്പോലെ വലിയ മരുന്ന് കമ്പനികളുള്ള, പാശ്ചാത്യ രാജ്യങ്ങളുമായി ഗാഢമായ ബന്ധം നിലനിർത്തുന്ന രാജ്യങ്ങളിലെ എണ്ണവും ഈ കണക്കിലുണ്ട്. എന്നാൽ 70 കോടി ജനങ്ങളൂള്ള ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഒരു ഡോസ് ലഭിച്ചവർ 9.9 ശതമാനവും രണ്ട് ഡോസും കിട്ടിയവർ 6.7 ശതമാനവും മാത്രമാണ്. ദക്ഷിണാഫ്രിക്കയിലാണ് സ്ഥിതി അൽപ്പം മെച്ചം. അവിടെ 24 ശതമാനം പേർക്ക് രണ്ട് ഡോസ് കിട്ടിയിട്ടുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഇത് 0.1 ശതമാനം മാത്രമാണെന്നോർക്കണം. കൊവിഡ് വാക്‌സീൻ ലഭ്യമായി തുടങ്ങിയ ഘട്ടത്തിൽ സമ്പന്ന രാജ്യങ്ങൾ ആവശ്യത്തിലേറെ വാക്‌സീൻ വാങ്ങി സ്റ്റോക്ക് ചെയ്തത് മൂലമാണ് വികസ്വരരാജ്യങ്ങൾക്ക് അവശ്യമായ വാക്‌സീൻ ലഭിക്കാതെ പോയത്. അമേരിക്കയിൽ 11 കോടിയും യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽ 20 കോടിയും വാക്‌സീൻ ഡോസുകൾ അവശ്യത്തിൽ കൂടുതലായി കെട്ടികിടക്കുകയാണ്. ബൂസ്റ്റർ ഡോസിനെടുത്താലും ഇത് അധികമാണ്. വാക്‌സീൻ ഉത്പാദിപ്പിച്ച് കഴിഞ്ഞാൽ മൂന്ന് മാസത്തിനകം ഉപയോഗിക്കേണ്ടതുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളും മറ്റും വാക്‌സീൻ കിട്ടാതെ വലയുമ്പോൾ അമേരിക്കയിൽ കാലഹരണപ്പെട്ട ഒന്നരകോടി വാക്‌സീൻ ഡോസുകളാണ് കഴിഞ്ഞ സെപ്തംബറിൽ നശിപ്പിക്കപ്പെട്ടത്. (ഡോ. ബി ഇക്ബാലിനോട് കടപ്പാട്).
വാക്‌സീൻ വർണ വിവേചനത്തെ കുറിച്ച് ലോകം നിയന്ത്രിക്കുന്ന വൻകിട രാജ്യങ്ങൾക്കും അവയുടെ ആജ്ഞാനുവർത്തികൾക്കും എന്ത് പറയാനുണ്ട്? അതിർത്തി മുറിച്ചുള്ള സഞ്ചാരം അനിവാര്യമായി തീർന്ന ഒരു ലോകസാഹചര്യത്തിൽ ഒരു കൂട്ടർ വാക്‌സീനെടുത്ത് അഹങ്കരിച്ചിരുന്നാൽ രോഗം തടയാനാകുമോ? വാക്‌സീനായി കാത്തിരിപ്പ് തുടരുന്ന ജനതയെ മഹാമാരി കൂടുതൽ വീറോടെ കീഴടക്കില്ലേ? അതല്ലേ ഒമിക്രോണിന്റെ കാര്യത്തിൽ സംഭവിച്ചത്? സമ്പന്ന രാജ്യങ്ങൾ സൊസൈറ്റികൾ തുറന്ന് അപകടസാധ്യത കുറഞ്ഞ ചെറുപ്പക്കാർക്കടക്കം വാക്‌സീൻ നൽകുമ്പോൾ ദരിദ്രരാജ്യങ്ങൾക്ക് ആവശ്യത്തിനുള്ള വാക്‌സീൻ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയത് ലോകാരോഗ്യസംഘടനയാണ്. അപ്പോൾ ഡബ്ലിയു എച്ച് ഒയെ ചൈനീസ് മൂടു താങ്ങിയെന്ന് അധിക്ഷേപിക്കുകയാണ് അമേരിക്ക ചെയ്തത്. ആഫ്രിക്കൻ രാജ്യങ്ങൾക്കു മേൽ യാത്രാ വിലക്കേർപ്പെടുത്തുകയും അവിടുത്തെ ജനതക്ക് വിവരമില്ലെന്ന് ആക്ഷേപിക്കുകയും ചെയ്യുമ്പോൾ തിരിഞ്ഞു കുത്തുന്ന ചോദ്യം, നിങ്ങൾ അവർക്ക് വാക്‌സീൻ നൽകാൻ തയ്യാറായോ എന്നതാണ്. മരുന്ന് കമ്പനികളുമായി പങ്കാളിത്തം പുലർത്തുന്നതിലൂടെ, പാശ്ചാത്യ രാജ്യങ്ങൾ സ്വന്തം നില ഭദ്രമാക്കി. ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങൾ ഇത്തരം കൈകോർക്കൽ വഴിയാണല്ലോ വാക്‌സീൻ നിർമാണത്തിന്റെ ഹബ്ബായി മാറിയത്.
വൈറസിനെതിരായ പോരാട്ടത്തിൽ വാക്‌സീൻ എന്ന വജ്രായുധത്തെ മാത്രം ആശ്രയിക്കുന്നത് ശരിയാണോ എന്ന ചോദ്യവും ഉച്ചത്തിൽ ഉയരേണ്ടതാണ്. വാക്‌സീനും മറ്റ് ഔഷധങ്ങളും വൈറസിനെ തടയാൻ മതിൽ കെട്ടുകയാണ് ചെയ്യുന്നത്. മുൻവശത്ത് മതിൽ കെട്ടിയാൽ വൈറസ് പിന്നാമ്പുറത്ത് കൂടി വരും. ചുറ്റും മതിൽകെട്ടിയാൽ ആകാശത്ത് കൂടി വരും. ജനിതക മാറ്റം സംഭവിച്ചു കൊണ്ടേയിരിക്കുന്ന വൈറസ് അതല്ലേ ചെയ്യുന്നത്? ഇപ്പോൾ നാമെടുത്ത വാക്‌സീൻ ഡെൽറ്റാ വകഭേദത്തിന് തന്നെ പ്രതിരോധം തീർക്കുമെന്ന് ഉറപ്പിച്ചു പറയാനായിട്ടില്ല. പിന്നയല്ലേ ഒമിക്രോൺ. അതിന് ഇനി പുതിയ വാക്‌സീൻ കണ്ടെത്തേണ്ടി വരും. ഗേറ്റ് കടന്നു വന്നാലും വീട്ടിനകത്ത് വെച്ച് വൈറസ് നിർവീര്യമാകണം. അതിന് മനുഷ്യരുടെ ശരീരത്തെ പാകമാക്കണം. ഹോസ്റ്റിനെ പ്രതിരോധ സജ്ജമാക്കണമെന്ന് സാങ്കേതികമായി പറയാം. ധനികർക്കും ദരിദ്രർക്കും ഒരു പോലെ സമീകൃത ആഹാരവും വിശ്രമവും കിട്ടണം. ചെറുപ്പം മുതലേ എല്ലാവർക്കും പ്രതിരോധത്തിലൂന്നിയ ഭക്ഷണ ക്രമം പരിശീലിപ്പിക്കണം. ഇത്തരം ഭക്ഷണവും ശുചിത്വ സാമഗ്രികളും കാറ്റും വെളിച്ചവുമുള്ള പാർപ്പിടങ്ങളും എല്ലാവർക്കും ഉറപ്പാക്കണം. അതിനൊക്കെ വലിയ ചെലവല്ലേ എന്നാണ് ചോദ്യമെങ്കിൽ ഈ വാക്‌സീൻ ഗവേഷണത്തിനും വിതരണത്തിനും ചെലവാക്കുന്ന അത്ര വരില്ല എന്നാണ് ഉത്തരം. ഇതൊരു ദീർഘകാല പരിഹാരമാണ്. മരുന്ന് ഭീമൻമാർക്ക് ഇഷ്ടമില്ലാത്ത പരിഹാരം.
source https://www.sirajlive.com/questions-that-cannot-be-dug-up.html
إرسال تعليق