പ്രധാന മന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം 29 കുട്ടികള്‍ക്ക്; കേരളത്തിന് അഭിമാനമായി ദേവീപ്രസാദ്

ന്യൂഡല്‍ഹി | ഇത്തവണത്തെ പ്രധാന മന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരത്തിന് 29 കുട്ടികള്‍ അര്‍ഹരായി. നൂതനാശയം (ഏഴ്), സാമൂഹിക സേവനം (നാല്), പഠനം (ഒന്ന്), കായികം (എട്ട്), കലാ-സാംസ്‌കാരികം (ആറ്), ധീരത (മൂന്ന്) എന്നീ വിഭാഗങ്ങളില്‍ മികവുറ്റ പ്രകടനം കാഴ്ചവച്ച കുട്ടികളാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. 21 സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവയില്‍ നിന്നുള്ള പുരസ്‌കാര ജേതാക്കളില്‍ 15 പേര്‍ ആണ്‍കുട്ടികളും 14 പേര്‍ പെണ്‍കുട്ടികളുമാണ്. കേരളത്തില്‍ നിന്നുള്ള ദേവീപ്രസാദ് കലാ-സാംസ്‌കാരിക വിഭാഗത്തില്‍ പുരസ്‌കാരം നേടി.

ദേശീയ ബാല ദിനമായ ഇന്ന്, ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകളില്‍ ഉന്നത നേട്ടം കൈവരിച്ച കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടി കൊവിഡ് സാഹചര്യം പരിഗണിച്ച് വിദൂരദൃശ്യ സാങ്കേതികവിദ്യയിലൂടെ ആണ് നടത്തിയത്. 2021, 2022 വര്‍ഷങ്ങളിലെ പുരസ്‌കാര ജേതാക്കള്‍ തങ്ങളുടെ മാതാപിതാക്കള്‍ക്കും, അവര്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കുമൊപ്പം അതാത് ജില്ലാ കാര്യാലയങ്ങളില്‍ നിന്നാണ് പരിപാടിയില്‍ പങ്കെടുത്തത്.

ചടങ്ങില്‍ 2021ലെ 61 വിജയികള്‍ക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദി ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു. 2022 ജേതാക്കള്‍ക്കുള്ള ഒരുലക്ഷം രൂപ സമ്മാനം പരിപാടിക്കിടെ ജേതാക്കളുടെ ബന്ധപ്പെട്ട ബേങ്ക് അക്കൗണ്ടുകളിലേക്ക് ഓണ്‍ലൈനായി നേരിട്ട് വിതരണം ചെയ്തു. 2022 ജേതാക്കളുമായി പ്രധാനമന്ത്രി വെര്‍ച്വല്‍ സാങ്കേതികവിദ്യയിലൂടെ ആശയവിനിമയം നടത്തി. കേന്ദ്ര വനിതാ ശിശുവികസന വകുപ്പു മന്ത്രി സ്മൃതി സുബിന്‍ ഇറാനി, സഹമന്ത്രി ഡോ. മുന്‍ജ്പാറ മഹേന്ദ്രഭായി തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

ദേവീപ്രസാദിന് പുരസ്‌കാരം മികച്ച മൃദംഗവാദ്യ കലാകാരനെന്ന അംഗീകാരത്തോടെ
കേരളത്തില്‍ നിന്ന് പുരസ്‌കാരാര്‍ഹനായ ദേവീപ്രസാദ് പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശിയാണ്. കലാസാംസ്‌കാരിക വിഭാഗത്തില്‍ മികച്ച മൃദംഗവാദ്യ കലാകാരനെന്ന അംഗീകാരത്തോടെയാണ് പുരസ്‌കാര ലബ്ധി. പ്രശസ്തി പത്രവും ഒരു ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.

കേന്ദ്ര സര്‍ക്കാറിന്റെ പി സി സി ആര്‍ ടി സ്‌കോളര്‍ഷിപ്പോടു കൂടി മൃദംഗവാദ്യ പഠനം തുടരുന്ന ദേവീപ്രസാദ് മൃദംഗവാദ്യ കലാകാരനും തിരുമാന്ധാംകുന്ന് ദേവസ്വം ക്ലാര്‍ക്കുമായ ദീപേഷിന്റെയും പൂപ്പലം അല്‍ഫദക് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപികയായ പ്രസീതയുടെയും മകനാണ്. ദേവീപ്രസാദ് പുത്തനങ്ങാടി സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഈ മിടുക്കന്‍. പ്രശസ്ത മൃദംഗ വിദ്വാന്‍ തിരുവനന്തപുരം വി സുരേന്ദ്രനാണ് ഗുരു. ഏഴാമത്തെ വയസ്സില്‍ കുമാരി ഗായത്രി ശിവപ്രസാദിന്റെ സംഗീത കച്ചേരിക്ക് ശ്രീ തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ മൃദംഗം വായിച്ചായിരുന്നു അരങ്ങേറ്റം. ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം, കോഴിക്കോട് ത്യാഗരാജ സംഗീത സദസ്സ്, തിരുവനന്തപുരം ഉദിയന്നൂര്‍ ആടിച്ചൊവ്വാ സംഗീത സദസ്സ്, അങ്ങാടിപ്പുറം ഞരളത്ത് സംഗീതോത്സവം, കണ്ണൂര്‍ മൃദംഗശൈലേശ്വരി സംഗീത സദസ്സ് തുടങ്ങിയവയില്‍ ദേവീപ്രസാദ് പങ്കെടുത്തിട്ടുണ്ട്. 2018ല്‍ ആലുവ ടാസ്സ് സംഗീത സഭ നടത്തിയ ഓള്‍ കേരള മൃദംഗ വാദന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

 

 

 

 

 



source https://www.sirajlive.com/prime-minister-39-s-political-child-award-for-29-children-devi-prasad-is-proud-of-kerala.html

Post a Comment

أحدث أقدم