ആദ്യ ഏകദിനം കൈവിട്ട് ഇന്ത്യ; തോല്‍വി 31 റണ്‍സിന്

പാള്‍ (ദക്ഷിണാഫ്രിക്ക) | ടെസ്റ്റ് പരമ്പര തോറ്റതിന്റെ ക്ഷീണ മാറും മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം. 31 റണ്‍സിനാണ് ഇന്ത്യയുടെ പരാജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 296 റണ്‍സെടുത്തു. എന്നാല്‍, എട്ടു വിക്കറ്റ് നഷ്ടപ്പെടുത്തി 265 റണ്‍സ് നേടാനേ ഇന്ത്യക്ക് കഴിഞ്ഞുള്ളൂ.

84 പന്തുകളില്‍ നിന്ന് 79 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍, വിരാട് കോലി (60 പന്തില്‍ 50), ശാര്‍ദുല്‍ ഠാക്കൂര്‍ (43ല്‍ 50) എന്നിവരാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്കന്‍ ടോട്ടലിന് അടുത്തെങ്കിലുമെത്താന്‍ സഹായിച്ചത്. മധ്യനിര ബാറ്റ്‌സ്മാന്മാര്‍ക്കാര്‍ക്കും കാര്യമായൊന്നും ചെയ്യാനായില്ല. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ലുങ്കി എന്‍ഗിഡി, തബ്റൈസ് ഷംസി, ആന്‍ഡിലെ ഫെലുക്വായോ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ കേശവ് മഹാരാജും എയ്ഡന്‍ മാര്‍ക്രവും ഓരോ വിക്കറ്റെടുത്തു.

സെഞ്ച്വറി നേടിയ റാസി വാന്‍ ഡ്യൂസന്റെയും നായകന്‍ തെംബ ബാവുമയുടെയും ബാറ്റിങ് മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.ഡ്യൂസന്‍ 129 റണ്‍സെടുത്ത് പുറത്താവാതെ നിന്നപ്പോള്‍ ബാവുമ 110 റണ്‍സെടുത്ത് പുറത്തായി.മൂന്ന് വിക്കറ്റിന് 68 എന്ന നിലയില്‍ പതറിയ ദക്ഷിണാഫ്രിക്കയെ ബാവുമയും ഡ്യൂസനും ചേര്‍ന്നാണ് കരകയറ്റിയത്. ഇരുവരും നാലാം വിക്കറ്റില്‍ 204 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇന്ത്യക്കു വേണ്ടി ജസ്പ്രിത് ബുംറ രണ്ട് വിക്കറ്റെടുത്തു. 10 ഓവറില്‍ 48 റണ്‍സ് വഴങ്ങിയാണ് ബുംറ ദക്ഷിണാഫ്രിക്കയുടെ രണ്ടു വിക്കറ്റുകള്‍ കടപുഴക്കിയത്. അശ്വിന്‍ ഒരു വിക്കറ്റ് നേടി.

 



source https://www.sirajlive.com/india-give-up-first-odi-defeat-by-31-runs.html

Post a Comment

أحدث أقدم