കോവളത്ത് പുതുവത്സരപ്പിറവിയുടെ തലേന്ന്, രേഖകളില്ലാതെ മദ്യവുമായി യാത്ര ചെയ്ത വിദേശിയെ പോലീസ് പിടികൂടിയ സംഭവം വലിയ വിവാദമായിരിക്കുകയാണ്. ബിവറേജില്‍ നിന്ന് മദ്യം വാങ്ങി ഇരുചക്ര വാഹനത്തില്‍ ബീച്ചിലേക്കു പോകുകയായിരുന്ന സ്വീഡിഷ് പൗരനെ വഴിയില്‍ പട്രോളിംഗിനു വിന്യസിച്ച പോലീസ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ബാഗ് പരിശോധനക്കിടെ അയാളുടെ വശം മൂന്ന് കുപ്പി മദ്യം കണ്ട പോലീസ് ഇതെവിടെ നിന്നാണെന്നു ചോദിച്ചു. ബിവറേജില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ ബില്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. അയാളുടെ വശം ബില്‍ ഇല്ലായിരുന്നു. പോലീസ് ബിവറേജില്‍ പോയി ബില്ല് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്വീഡിഷ് പൗരന്‍ ക്ഷുഭിതനായി മദ്യം ഒഴിച്ചു കളയുകയായിരുന്നു.
പോലീസുദ്യോഗസ്ഥര്‍ ഇവിടെ അവരുടെ ഉത്തരവാദിത്വമാണ് നിര്‍വഹിച്ചത്. സംസ്ഥാനത്ത് മദ്യോപയോഗം അനുവദനീയമാണെങ്കിലും രേഖകളില്ലാതെ അനധികൃതമായി കൊണ്ടുപോകാന്‍ നിയമം അനുവദിക്കുന്നില്ല. അങ്ങനെയാരെങ്കിലും ചെയ്താല്‍ അത് ചോദ്യം ചെയ്യുകയും തടയുകയും ചെയ്യേണ്ടത് ഉദ്യോഗസ്ഥരുടെ ബാധ്യതയാണ്. മാത്രവുമല്ല, പുതുവത്സരാഘോഷത്തിന് ബീച്ചിലേക്ക് ഒരാളും മദ്യവുമായി പോകരുതെന്ന് പോലീസ് മേധാവിയുടെ നിര്‍ദേശവുമുണ്ടായിരുന്നു. എന്നിട്ടും ഒരു മഹാപാതകമാണ് വിദേശ സഞ്ചാരിയോട് പോലീസുകാര്‍ ചെയ്തതെന്ന മട്ടിലായിരുന്നു ടൂറിസം മന്ത്രിയുടെ ഇവ്വിഷയകമായ പ്രതികരണം.
‘സ്വീഡിഷ് പൗരനെ പരിശോധിച്ചത് ടൂറിസം രംഗത്തെ തകര്‍ക്കുന്ന നടപടിയാണെന്നും സര്‍ക്കാറിനൊപ്പം നിന്ന് അള്ള് വെക്കാന്‍ പോലീസിനെ അനുവദിക്കില്ലെ’ന്നുമായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവം. ഇതേക്കുറിച്ച് ആഭ്യന്തര വകുപ്പ് അന്വേഷിച്ച് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിന്നാലെ വിദേശിയെ പരിശോധിച്ച ഗ്രേഡ് എസ് ഐക്കെതിരെ സസ്പെന്‍ഷന്‍ നടപടി വന്നു. മറ്റു മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടന്നു വരികയാണ്.
ഇതുകൊണ്ടും മതിയാക്കാതെ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി, സ്വീഡിഷ് പൗരനെ വിളിച്ചു വരുത്തി സമാശ്വസിപ്പിക്കുകയും പോലീസുകാരനെതിരെ നടപടി സ്വീകരിച്ച കാര്യം അറിയിക്കുകയും ചെയ്തു. ടൂറിസ്റ്റുകളെ യഥേഷ്ടം മദ്യം ഉപയോഗിക്കാനും കടത്താനും അഴിഞ്ഞാടാനും അനുവദിച്ചില്ലെങ്കില്‍ ടൂറിസ്റ്റ് വ്യവസായം തകരുമെന്ന മിഥ്യാധാരണയാണിതിനൊക്കെ പിന്നില്‍. ടൂറിസത്തിന് അനിവാര്യമാണോ യഥാര്‍ഥത്തില്‍ മദ്യസത്കാരം? അല്ലെന്നാണ് സഊദി അറേബ്യയുടെ അനുഭവം. മദ്യോപയോഗം ഒരു തരത്തിലും അനുവദിക്കുന്നില്ല അവിടെ. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവര്‍ക്ക് സ്വദേശി, വിദേശി വ്യത്യാസമില്ലാതെ കടുത്ത ശിക്ഷയും ലഭിക്കും. മാത്രമല്ല, വിദേശിയാണെങ്കില്‍ ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തുകയും ചെയ്യും. എന്നിട്ടും അവിടേക്ക് വിദേശ സഞ്ചാരികള്‍ യഥേഷ്ടം എത്തുന്നു. യു കെ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ് കൂടുതലായി ഇവിടെ എത്തുന്നത്. കൊവിഡിനു തൊട്ടു മുമ്പേ സഊദി ഭരണകൂടം വിദേശ സഞ്ചാരികളുടെ ഇഷ്ടാനിഷ്ടങ്ങളറിയാന്‍ ഒരു സര്‍വേ നടത്തിയിരുന്നു. ഈ സര്‍വേയില്‍ മദ്യപാനം അനുവദിക്കാത്തതില്‍ ആരും പരാതിപ്പെട്ടില്ലെന്ന് സഊദി ടൂറിസം ആന്‍ഡ് നാഷനല്‍ ഹെറിറ്റേജ് കമ്മീഷന്‍ ചെയര്‍മാന്‍ അഹ്‌മദ് അല്‍ ഖത്തീബ് വ്യക്തമാക്കുകയുണ്ടായി. വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ച ലക്ഷ്യംവെച്ച് സഊദിയില്‍ തിരഞ്ഞെടുത്ത ചില ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വിദേശികളെ മദ്യം ഉപയോഗിക്കാന്‍ അനുവദിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശരിയല്ല. മദ്യനിരോധനത്തിന്റെ കാര്യത്തില്‍ വിദേശികള്‍ക്കും യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ മദ്യസത്കാരത്തിന്റെ ആവശ്യമില്ലെന്നുമായിരുന്നു അഹ്‌മദ് അല്‍ ഖത്തീബിന്റെ ഇതേക്കുറിച്ചുള്ള പ്രതികരണം.
ദുബൈയിലുമുണ്ട് മദ്യപാനത്തിന് നിയന്ത്രണങ്ങള്‍. പൊതുസ്ഥലങ്ങളിലോ തെരുവിലോ ബീച്ചിലോ മദ്യോപയോഗം പാടില്ല. താമസ സ്ഥലങ്ങളിലും ഹോട്ടലുകളിലും നൈറ്റ് ക്ലബ്ബുകളിലും മാത്രമേ അനുവാദമുള്ളൂ. ഷാര്‍ജയില്‍ മദ്യപാനം പൂര്‍ണമായി നിരോധിച്ചിട്ടുമുണ്ട്. ഈ രാജ്യങ്ങളിലും വിദേശ സഞ്ചാരികള്‍ ധാരാളമായെത്തുന്നു. ലക്ഷദ്വീപ് മദ്യരഹിത പ്രദേശമായിരുന്നു പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ വരുന്നത് വരെ. അവിടെയും വിദേശ സഞ്ചാരികളുടെ വരവിനെ അത് ബാധിച്ചില്ല. ഇസ്ലാമിക നിയമങ്ങള്‍ പാലിക്കുന്ന മുസ്ലിം കുടുംബങ്ങളെ ലക്ഷ്യമാക്കി, മദ്യവും പന്നിമാംസവും വിളമ്പാത്ത ടൂറിസം സ്‌കീം നടത്തുന്നുണ്ട് മലേഷ്യ, തുര്‍ക്കി തുടങ്ങി പല രാജ്യങ്ങളും. ഇത് മുസ്ലിംകളെ മാത്രമല്ല, അല്ലാത്ത ധാരാളം സഞ്ചാരികളെയും ആകര്‍ഷിക്കുന്നുണ്ട്. ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് പുറത്തിറക്കിയ യൂറോ മോണിറ്റര്‍ റിപ്പോര്‍ട്ടില്‍ ഹലാല്‍ ടൂറിസത്തിന് വന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തുകയും ചെയ്യുന്നു. ഇന്ത്യയില്‍ തന്നെ ഗുജറാത്ത്, ബിഹാര്‍, നാഗാലാന്‍ഡ്, മണിപ്പൂര്‍ തുടങ്ങിയ ഇടങ്ങളില്‍ ടൂറിസ്റ്റുകള്‍ക്ക് മദ്യം നിരോധിച്ചിട്ടുണ്ട്. മദ്യനിരോധനവും മദ്യത്തിന്റെ ലഭ്യതക്കുറവും വിനോദസഞ്ചാര മേഖലയെ ബാധിക്കുമെന്ന ആശങ്ക അസ്ഥാനത്താണ്. മദ്യത്തിലൂടെ വരുമാനം ആഗ്രഹിക്കുന്ന ഭരണകൂടങ്ങളുടെയും ടൂറിസം ഏജന്‍സികളുടെയും നിക്ഷിപ്ത താത്പര്യത്തോടെയുള്ള പ്രചാരണം മാത്രമാണത്. വിദേശികളുടെ ജീര്‍ണിത സംസ്‌കാരത്തിലേക്കു തരം താഴുകയല്ല, നമ്മുടെ സംസ്‌കാരം അവരുടെ മുമ്പില്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് ജനനന്മയും സാംസ്‌കാരിക ഔന്നത്യവും കാംക്ഷിക്കുന്ന ഭരണകൂടങ്ങള്‍ ചെയ്യേണ്ടത്.
source https://www.sirajlive.com/is-alcohol-necessary-for-tourism.html
إرسال تعليق