എടപ്പാള്‍ | ജില്ലയില്‍ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായി നിര്‍മിച്ച ആദ്യ മേല്‍പ്പാലമെന്ന ഗരിമയുമായാണ് എടപ്പാള്‍ മേല്‍പ്പാലം ഇന്ന് നാടിന് സമര്‍പ്പിക്കുന്നത്. ജില്ലയില്‍ തന്നെ ഏറ്റവും ഗതാഗതക്കുരുക്കനുഭപ്പെടുന്നതാണ് തൃശൂര്‍കുറ്റിപ്പുറം പാതയിലെ എടപ്പാള്‍ ജംഗ്ഷന്‍.
പാലം തുറന്ന് കൊടുക്കുന്നതോടെ നാല് റോഡുകള്‍ സംഗമിക്കുന്ന ജംഗ്ഷനില്‍ ഗതാഗതക്കുരുക്കിന് പരിഹാരമാകും. പതിറ്റാണ്ടുകളായി എടപ്പാളുകാരുടെയും ഇതുവഴിയുള്ള യാത്രക്കാരുടെയും ആവശ്യമായിരുന്നു മേല്‍പ്പാലമെന്നത്.
എടപ്പാളിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതാണ് മേല്‍പ്പാലം. 2019 ഫെബ്രുവരി ഒന്നിന് തറക്കല്ലിട്ട പദ്ധതി മൂന്ന് വര്‍ഷങ്ങളെടുത്തു പൂര്‍ത്തിയാകാന്‍. നിരവധി അനിശ്ചിതത്വങ്ങളാണ് പാലം നിര്‍മാണത്തിനിടെ വന്നുപെട്ടത്.
പാലം നിര്‍മാണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ പൈലിംഗ് നടത്തുന്നിടത്തെല്ലാം കൂറ്റന്‍ പാറകളില്‍ത്തട്ടി പൈലിംഗ് മുടങ്ങിയതോടെ രണ്ട് മാസത്തോളം പ്രവൃത്തി മുടങ്ങി. പാലാരിവട്ടം മേല്‍പ്പാലം തകര്‍ന്നതോടെ എടപ്പാള്‍ മേല്‍പ്പാലത്തിന് പാലക്കാട് ഐ ഐ ടിയില്‍ നിന്നുള്ള അംഗീകാരം ലഭിക്കണമെന്ന നിര്‍ദേശം വന്നു. അതും വൈകലിന് ഇടയായി.
കൊവിഡ് കാരണം അതിഥി തൊഴിലാളികള്‍ അവരുടെ നാടുപിടിച്ചതോടെ നിര്‍മാണം വീണ്ടും അനിശ്ചിതമായി നീണ്ടു. ഇതെല്ലാം കഴിഞ്ഞ് അവസാന ഘട്ടത്തിലെത്തിയപ്പോള്‍ മഴ വില്ലനായി. ടാറിംഗിന് മഴ തടസ്സമായതോടെ നേരത്തെ നടത്താനിരുന്ന പാലത്തിന്റെ ഉദ്ഘാടനം തന്നെ മാറ്റിവെക്കുകയുണ്ടായി. എല്ലാ തടസ്സങ്ങളും മാറ്റി നിര്‍മാണം പൂര്‍ണമായും പൂര്‍ത്തിയാക്കിയാണ് പാലം നാടിന് സമര്‍പ്പിക്കുന്നത്. പുതുവത്സരത്തിന്റെ സന്തോഷവുമായി ഇനി ‘എടപ്പാള്‍ ഓട്ടം’ ഈ മേല്‍പ്പാലത്തിലൂടെയാകും.
source https://www.sirajlive.com/let-39-s-run-fast-the-edappal-flyover-will-be-handed-over-to-nadu-today.html
Post a Comment