അത്ര ഗുരുതരമല്ലാത്ത ചെറിയ രോഗങ്ങള്‍ക്ക് സ്വയം ചികിത്സ അഥവാ ആശുപത്രികളില്‍ പോകാതെയും ഡോക്ടറെ കാണിക്കാതെയും സ്വയം മരുന്ന് വാങ്ങിക്കഴിക്കുന്ന പതിവ് ആളുകള്‍ക്കിടയില്‍ മുമ്പേയുണ്ട്. ചെറിയ പനിയല്ലേ ഉള്ളൂ, ഒരു പാരസെറ്റാമോള്‍ ഗുളിക വാങ്ങിക്കഴിക്കാമെന്ന് സ്വന്തമായി തീരുമാനമെടുക്കുന്നവര്‍ ധാരാളം. സമയവും ഡോക്ടര്‍ക്കു നല്‍കുന്ന ഫീസും ലാഭിക്കാനാണ് ചിലര്‍ സ്വയം ചികിത്സ നടത്തുന്നത്. സ്വകാര്യ ചികിത്സക്ക് ഉയര്‍ന്ന ഫീസാണ് ഇന്ന് ഡോക്ടര്‍മാര്‍ ഈടാക്കുന്നത്. ഒരു സാധാരണ ഡോക്ടര്‍ക്ക് ചുരുങ്ങിയത് 200 രൂപ നല്‍കണം. സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ക്ക് 500 രൂപക്ക് മുകളിലാണ് ഫീസ്. സര്‍ക്കാര്‍ ആശുപത്രികള്‍ സൗജന്യ ചികിത്സകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇവയില്‍ സാധാരണക്കാരുടെ തിരക്ക് വളരെ കൂടുതലാണ്. ഒരു ചെറിയ കണ്‍സല്‍ട്ടേഷനു വേണ്ടി പോലും രോഗികള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടതായും വരുന്നു. ഇതെല്ലാം ഒഴിവാക്കാനാണ് കൂടുതലാളുകളും സ്വയം ചികിത്സാരീതി പിന്തുടരുന്നത്. കൊവിഡിനെ പേടിച്ച് ഡോക്ടര്‍മാര്‍ വിശദമായി പരിശോധിക്കാത്തതും രോഗികള്‍ ആശുപത്രികളെ കൈയൊഴിയാന്‍ കാരണമായി. രോഗം ബാധിച്ച് ആശുപത്രിയില്‍ ചെന്നാല്‍ ഡോക്ടര്‍മാര്‍ രോഗികളെ രണ്ട് മീറ്റര്‍ അകറ്റി നിര്‍ത്തി രോഗലക്ഷണങ്ങള്‍ ചോദിച്ചറിഞ്ഞാണ് ഇപ്പോള്‍ മരുന്നെഴുതുന്നത്. സ്റ്റെതസ്‌കോപ്പ് പരിശോധന പോലുമില്ല.
കൊവിഡിന്റെ വരവോടെ സ്വയം ചികിത്സാ പ്രവണത കൂടുതലായി. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുമ്പോള്‍ ആശുപത്രികളെ സമീപിച്ചാല്‍ ടെസ്റ്റ് നടത്തുകയും ടെസ്റ്റില്‍ കൊവിഡ് പോസിറ്റീവാകുകയും ചെയ്യുമോ എന്നു ഭയന്ന് പനിക്കും ചുമക്കുമുള്ള മരുന്നുകള്‍ സ്വയം വാങ്ങിക്കുടിക്കുന്നവര്‍ ധാരാളമാണ്. കൊവിഡ് മൂന്നാം ഘട്ടത്തിനൊപ്പം ഇപ്പോള്‍ ജലദോഷപ്പനി കൂടി വ്യാപകമായതോടെ, ലക്ഷണം പറഞ്ഞ് മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് സ്വന്തമായി മരുന്നുവാങ്ങി കഴിക്കുന്നവരുടെ എണ്ണം പിന്നെയും കൂടിയതായി ‘അക്യൂട്ട് ഡ്രഗ്‌സി’ന്റെ (അസുഖങ്ങള്‍ക്ക് ഹ്രസ്വ കാലത്തേക്ക് നല്‍കുന്ന മരുന്നുകള്‍) വില്‍പ്പനയില്‍ അടുത്തിടെയുണ്ടായ വന്‍ വര്‍ധന വ്യക്തമാക്കുന്നു. വൈറല്‍ പനി പടര്‍ന്നു പിടിച്ചതോടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ചികിത്സാ കേന്ദ്രങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ 10 മുതല്‍ 30 വരെ ശതമാനമാണ് വര്‍ധനവെങ്കില്‍, 80 ശതമാനം വരെയാണത്രെ പനി, ചുമ, തൊണ്ടവേദന തുടങ്ങി ‘അക്യൂട്ട് ഡ്രഗ്‌സി’ന്റെ വില്‍പ്പനയിലുണ്ടായ വര്‍ധന. പലവിധ മരുന്നുകളുടെ എളുപ്പത്തിലുള്ള ലഭ്യതയും ഡോക്ടര്‍മാരുടെ കുറിപ്പടികള്‍ ഇല്ലാതെ പല ഫാര്‍മസികളും മരുന്നുകള്‍ വില്‍ക്കുന്നതും സ്വയം ചികിത്സാ പ്രവണതക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. പനിക്കുള്ള അലോപ്പതി മരുന്നുകള്‍ പെട്ടിക്കടകളില്‍ പോലും ലഭ്യമാണിന്ന്. ഇത്തരത്തില്‍ വാങ്ങുന്ന മരുന്നുകള്‍ കഴിച്ച് അസുഖം ഭേദപ്പെടുകയാണെങ്കില്‍, ബാക്കിവരുന്ന മരുന്നുകള്‍ വീണ്ടുമൊരു അവസരത്തില്‍ ഉപയോഗിക്കാനായി സൂക്ഷിച്ചു വെക്കുകയും ആവശ്യാനുസരണം വീണ്ടുമത് ഉപയോഗിക്കുകയും ചെയ്യുന്നു. ബന്ധുക്കളില്‍ നിന്നോ അയല്‍വാസികളില്‍ നിന്നോ ഇന്റര്‍നെറ്റില്‍ നിന്നോ കേട്ടതും അറിഞ്ഞതുമായ മരുന്നുകള്‍ വീണ്ടും വാങ്ങി ഉപയോഗിക്കുന്നു പലരും.
രാസപദാര്‍ഥങ്ങള്‍ അടങ്ങിയതാണ് അലോപ്പതി മരുന്നുകള്‍ ഏറെയും. കൊള്ളലാഭത്തിനായി മാനദണ്ഡങ്ങള്‍ പാലിക്കാതെ ശരീരത്തില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന രാസ സംയുക്തങ്ങള്‍ ചേര്‍ക്കുന്ന മരുന്നുകള്‍ വിപണിയില്‍ ധാരാളമുണ്ട്. ഡോക്ടര്‍മാരെയും മരുന്നു കടക്കാരെയും സ്വാധീനിച്ച് ഇവ വന്‍തോതില്‍ വിറ്റഴിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഗുണനിലാരമില്ലാത്തതെന്നു കണ്ടെത്തിയതിന്റെ പേരില്‍ മരുന്നുകള്‍ കൂട്ടത്തോടെ നിരോധിച്ച വാര്‍ത്ത ഇടക്കിടെ മാധ്യമങ്ങളില്‍ വരാറുണ്ട്. മാരകമായ പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുന്ന രാസഘടകങ്ങള്‍ അടങ്ങിയതായി കണ്ടെത്തുമ്പോഴാണ് ഇവ നിരോധിക്കുന്നത്. പല അലോപ്പതി മരുന്നുകളും ഡോക്ടര്‍മാരുടെ നര്‍ദേശ പ്രകാരമാണെങ്കില്‍ പോലും കൂടുതല്‍ ഉപയോഗിക്കുന്നത് ഗുണകരമല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ സ്വയം ചികിത്സ വളരെ കരുതലോടെ വേണം നടത്താന്‍. ഒരു തവണ സ്വയം ചികിത്സ ഫലപ്പെട്ടാല്‍ പിന്നീട് സ്ഥിരമായി ഈ വഴി സ്വീകരിക്കുന്നത് അപകടമാണ്. വൈറല്‍ പനി പോലുള്ള സാധാരണ പനിക്കോ തലവേദനക്കോ വല്ലപ്പോഴും ഡോക്ടറെ കാണിക്കാതെ മരുന്നു വാങ്ങിക്കഴിക്കുന്നത് വലിയ കുഴപ്പമുണ്ടാക്കിയില്ലെന്നു വരാം. ഇത് പതിവാക്കുന്നത് പക്ഷേ പുതിയ ഗുരുതരമായ ശാരീരിക പ്രശ്നങ്ങള്‍ ക്ഷണിച്ചു വരുത്തും. ഒരേ ലക്ഷണമുള്ള ഒട്ടേറെ അസുഖങ്ങളുണ്ട്. ഇവിടെ ലക്ഷണങ്ങള്‍ക്കാകരുത്, രോഗത്തിനായിരിക്കണം ചികിത്സിക്കുന്നതും മരുന്നു കഴിക്കുന്നതും. ഓരോ രോഗിക്കും എത്ര അളവില്‍, എത്ര നേരം, എത്ര ദിവസം മരുന്ന് കഴിക്കണമെന്നത് നിശ്ചയിക്കേണ്ടത് അതിനെക്കുറിച്ച് വിവരമുള്ളവരാണ്. സ്വയം തീരുമാനിക്കേണ്ടതല്ല ഇത്.
ചെറിയൊരു പനി വരുമ്പോഴേക്കും ഡോക്ടറെ തേടി ഓടുന്ന പ്രവണതയും സമൂഹം ഒഴിവാക്കേണ്ടതുണ്ട്. പനി ഒരു രോഗമല്ല, മറ്റു രോഗങ്ങളുടെ ലക്ഷണമാണ്. വൈറല്‍ പനി പോലുള്ള പലയിനം പനികളും മൂന്ന് ദിവസത്തിനകം താനേ ഭേദമാകുമെന്നാണ് ആരോഗ്യ ശാസ്ത്രം തന്നെ പറയുന്നത്. ലോകാരോഗ്യ സംഘടനയും ഇത് വ്യക്തമാക്കിയിട്ടുണ്ട്. ധാരാളമായി വെള്ളം കുടിക്കുകയും വിശ്രമവുമുണ്ടെങ്കില്‍ വൈറല്‍ പനിക്ക് ആശുപത്രി ചികിത്സയുടെ ആവശ്യമില്ല. പച്ചവെള്ളം കൊണ്ട് നെറ്റി, കൈകാലുകള്‍, ദേഹം തുടങ്ങിയ ശരീര ഭാഗങ്ങളില്‍ തണുപ്പ് പിടിപ്പിക്കുന്നതും നല്ലതാണെന്ന് ആധുനിക വൈദ്യശാസ്ത്രവും ആയുര്‍വേദം പോലുള്ള പൗരാണിക വൈദ്യ ശാഖകളും നിര്‍ദേശിക്കുന്നു. പനി നീണ്ടുനില്‍ക്കുകയും തീവ്രമാകുകയും ചെയ്യുമ്പോള്‍ മാത്രമേ വൈദ്യസഹായം തേടേണ്ടതുള്ളൂ. നിസ്സാര രോഗങ്ങള്‍ക്ക് പോലും ആശുപത്രികളെ സമീപിക്കുന്ന പ്രവണതക്കും സ്വയം ചികിത്സ പതിവാക്കുന്നതിനുമെതിരെ സമൂഹത്തില്‍ ബോധവത്കരണം ആവശ്യമാണ്.
source https://www.sirajlive.com/self-medication-should-be-controlled.html
Post a Comment