അഖിലേന്ത്യ മെഡിക്കല്‍ പ്രവേശനം: സംവരണ മാനദണ്ഡങ്ങളില്‍ മാറ്റമില്ല, വാര്‍ഷിക വരുമാന പരിധി എട്ട് ലക്ഷം

ന്യൂഡല്‍ഹി | അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിലെ സംവരണ മാനദണ്ഡങ്ങളില്‍ മാറ്റമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. വാര്‍ഷിക വരുമാന പരിധി എട്ട് ലക്ഷം രൂപയായി തുടരും. മാനദണ്ഡങ്ങളില്‍ മാറ്റം വേണ്ടെന്ന മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടും കേന്ദ്രം കോടതിയില്‍ കൈമാറി.

അഞ്ചേക്കറോ അതില്‍ കൂടുതല്‍ ഭൂമിയുള്ള കുടുംബങ്ങളിലെ അംഗങ്ങളെ സാമ്പത്തിക സംവരണത്തില്‍ നിന്ന് ഒഴിവാക്കാമെന്ന് സമിതി ശിപാര്‍ശ ചെയ്തിരുന്നു. ഈ ഭേഗതി അടുത്ത അധ്യയന വര്‍ഷം നടപ്പാക്കാനാണ് സമിതിയുടെ ശിപാര്‍ശയെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചിട്ടുണ്ട്. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സാമ്പത്തിക സംവരണവും 27 ശതമാനം ഒബിസി സംവരണവും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഇതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഈ മാസം 6ന് പരിഗണിക്കാനിരിക്കെയാണ് സംവരണ മാനദണ്ഡങ്ങളില്‍ മാറ്റമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.

ഒബിസി സംവരണത്തിന് പുറമേ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണമാണ് ഏര്‍പ്പെടുത്തിയത്. എംബിബിഎസ്, എംഡി, എംഎസ്, ബിഡിഎസ്, എംഡിഎസ് ഡിപ്ലോമ എന്നീ കോഴ്‌സുകളിലേക്കാണ് സംവരണം നല്‍കുന്നത്. വിദ്യാഭ്യാസപരമായ പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന ഡിഗ്രി, പിജി വിദ്യാര്‍ത്ഥികള്‍ക്കാണ് സംവരണത്തിന്റെ ആനുകൂല്യമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

 

അതേസമയം സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ വിദ്യാഭ്യാസ സംവരണം അനുസരിച്ച് ഈഴവ-തീയ്യ-ബില്ലവ വിഭാഗത്തിന് 3 ശതമാനം, മുസ്ലിം വിഭാഗത്തിന് 2 ശതമാനം, മറ്റ് പിന്നാക്ക ഹിന്ദു വിഭാഗത്തിന് 1 ശതമാനം, ലത്തീന്‍ കത്തോലിക്ക, എസ്‌ഐയുസി- 1 ശതമാനം, മറ്റ് പിന്നാക്ക ക്രിസ്ത്യാനികള്‍ക്ക് 1, കുടുംബി വിഭാഗത്തിന് 1 എന്നിങ്ങനെ ആകെ 9 ശതമാനമാണ് മെഡിക്കല്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള സംവരണം.

 



source https://www.sirajlive.com/all-india-medical-admission-no-change-in-reservation-norms-annual-income-limit-is-eight-lakhs.html

Post a Comment

أحدث أقدم