കേരളത്തിന്റെ ടാബ്ലോ തഴയപ്പെട്ടതിനു പിന്നില്‍

റിപ്പബ്ലിക്ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ ടാബ്ലോ ഒഴിവാക്കിയത് രാഷ്ട്രീയ വിരോധത്തിന്റെ പേരിലോ നിലവാരമില്ലായ്മ കൊണ്ടോ? വിവാദം തുടരുകയാണ്. “ടൂറിസം@75′ ആണ് ഇത്തവണ നിശ്ചല ദൃശ്യങ്ങളുടെ പ്രമേയം. പരേഡിന് രണ്ട് ഭാഗങ്ങളായുള്ള നിശ്ചല ദൃശ്യത്തിന്റെ സ്‌കെച്ചാണ് കേരളം നല്‍കിയത്. വിനോദ സഞ്ചാര രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ പ്രമേയമാക്കി ചടയമംഗലത്തെ ജടായുപ്പാറയുടെ മാതൃകയോടൊപ്പം സ്ത്രീശാക്തീകരണ ചിഹ്നങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതായിരുന്നു ഒന്ന്. ഇതില്‍ സ്ത്രീശാക്തീകരണ ചിഹ്നങ്ങള്‍ മാറ്റി ശങ്കരാചാര്യരുടെ ശില്‍പ്പം വെക്കുന്നത് നന്നായിരിക്കുമെന്ന് ജൂറി അഭിപ്രായപ്പെട്ടു. എന്നാല്‍ മതേതര സംസ്ഥാനമെന്ന നിലയില്‍ ശങ്കരാചാര്യര്‍ക്കു പകരം ശ്രീനാരായണ ഗുരുവിന്റെ പ്രതിമ വെക്കാമെന്ന് കേരളം അറിയിച്ചു. മുന്നിലെ ട്രാക്ടറില്‍ ശിവഗിരിക്കുന്നും ശ്രീനാരായണ ഗുരുവും, പിന്നിലെ ട്രോളിയില്‍ ജടായുപ്പാറ. ഇതായിരുന്നു ഒടുവില്‍ കേരളം നല്‍കിയ മാതൃക. ജൂറി അത് സ്വാഗതം ചെയ്യുകയും ഇതുപ്രകാരം സംസ്ഥാനം നല്‍കിയ സ്‌കെച്ച് ജൂറി അംഗീകരിക്കുകയും സംഗീതം ചിട്ടപ്പെടുത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. എങ്കിലും അവസാന പന്ത്രണ്ട് സംസ്ഥാനങ്ങളുടെ പട്ടിക വന്നപ്പോള്‍ കേരളം പുറത്തായി. സാംസ്‌കാരിക മന്ത്രാലയത്തിന്റെ എതിര്‍പ്പാണ് തഴയപ്പെടാന്‍ കാരണമെന്നാണ് വിവരം. “ടൂറിസം@75′ എന്ന വിഷയത്തില്‍ കേരളത്തിന്റെ ഫ്‌ളോട്ടിനു വ്യക്തമായ രൂപരേഖയില്ലാത്തതാണ് തള്ളാന്‍ കാരണമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. പശ്ചിമ ബംഗാള്‍, തമിഴ്‌നാട് തുടങ്ങിയ ബി ജെ പി ഇതര സംസ്ഥാനങ്ങളുടെ ടാബ്ലോകളും ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുന്ന കര്‍ണാടകയുടെ ടാബ്ലോക്ക് മാത്രമാണ് അനുമതി.
കേരളത്തിന്റെ ടാബ്ലോ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കാലിക പ്രസക്തവും വളരെയേറെ സാമൂഹിക പ്രാധാന്യവുമുള്ള പ്രമേയമാണ് കേരളത്തിന്റെ ടാബ്ലോ അവതരിപ്പിക്കുന്നത്. രാജ്യം കണ്ട മഹാനായ സാമൂഹിക പരിഷ്‌കര്‍ത്താവും തത്വചിന്തകനുമാണ് ശ്രീനാരായണ ഗുരു. അദ്ദേഹത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ടാബ്ലോ അനുവദിക്കാതിരുന്നത് ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്ന് അറിയിച്ച മുഖ്യമന്ത്രി, മനുഷ്യര്‍ക്കിടയില്‍ വിഭജനങ്ങള്‍ക്ക് കാരണമായ ജാതിചിന്തകള്‍ക്കും അനാചാരങ്ങള്‍ക്കും വര്‍ഗീയ വാദങ്ങള്‍ക്കുമെതിരെ ഗുരു പകര്‍ന്ന മാനവികതയുടെയും സാഹോദര്യത്തിന്റെയും ആശയങ്ങള്‍ കൂടുതല്‍ ആളുകളില്‍ എത്താനുള്ള അവസരമാണ് ടാബ്ലോക്ക് അനുമതി നിഷേധിച്ചതിലൂടെ നഷ്ടപ്പെട്ടതെന്നും ചൂണ്ടിക്കാട്ടി.

പശ്ചിമ ബംഗാളിന്റെ ടാബ്ലോ ഒഴിവാക്കിയതിനെ വിമര്‍ശിച്ച് മമതാ ബാനര്‍ജിയും പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മവാര്‍ഷിക ആഘോഷങ്ങള്‍, അദ്ദേഹത്തിന്റെ ഇന്ത്യന്‍ നാഷനല്‍ ആര്‍മി, ഈശ്വരചന്ദ്ര വിദ്യാസാഗര്‍, രവീന്ദ്രനാഥ് ടാഗോര്‍, സ്വാമി വിവേകാനന്ദന്‍, ചിത്തരഞ്ജന്‍ ദാസ്, ശ്രീ അരബിന്ദോ, മാതംഗിനി ഹസ്ര, നസ്‌റുല്‍ ഇസ്‌ലാം, ബിര്‍സ മുണ്ട എന്നിങ്ങനെ രാജ്യത്തെ പ്രഗത്ഭ വ്യക്തിത്വങ്ങളുടെ ഛായാചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു ബംഗാളിന്റെ ടാബ്ലോ. സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷത്തില്‍ രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങുമ്പോള്‍, ആ മഹത്തായ ചടങ്ങില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ സംഭാവനക്ക് സ്ഥാനമില്ലെന്നത് വിരോധാഭാസമാണ്. എല്ലാവരും സ്വീകരിക്കുന്ന വ്യക്തിത്വങ്ങളാണ് ബംഗാളിന്റെ ടാബ്ലോയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഒരു കാരണവുമില്ലാതെ ഈ ടാബ്ലോ ഒഴിവാക്കിയത് ഞെട്ടിച്ചുവെന്നും സ്വാതന്ത്ര്യ സമര സേനാനികളോടുള്ള അവഹേളനമാണിതെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി കുറ്റപ്പെടുത്തുന്നു.
സ്വാതന്ത്ര്യ സമര സേനാനി വി ഒ ചിദംബരനാര്‍, വാളുമായി കുതിരപ്പുറത്തേറിയ വേലുനാച്ചിയാര്‍, മഹാകവി ഭാരതിയാര്‍ അടക്കമുള്ളവര്‍ ഉള്‍പ്പെടുന്നതാണ് തമിഴ്‌നാടിന്റെ റിപ്പബ്ലിക്ക്ദിന ഫ്‌ളോട്ട്. അതും നിരാകരിക്കപ്പെട്ടു. കേന്ദ്രത്തിന്റെ ഈ നിലപാടില്‍ പ്രതിഷേധിച്ച് ചെന്നൈയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിലും സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങളിലും ടാബ്ലോ പ്രദര്‍ശിപ്പിക്കാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം. ആദ്യ മൂന്ന് പരിശോധനയും തമിഴ്‌നാടിന്റെ ഫ്‌ളോട്ട് വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. അന്തിമ പട്ടികയിലാണ് അത് പുറത്തായത്.

2019ലും 2020ലും കേരളത്തിന്റെ നിശ്ചല ദൃശ്യങ്ങള്‍ കേന്ദ്രം തള്ളിയിരുന്നു. മോദി അധികാരത്തിലെത്തിയ ശേഷമുള്ള ഏഴ് വര്‍ഷത്തിനിടെ 2018ല്‍ മാത്രമാണ് കേരളത്തിനു പരേഡില്‍ പങ്കെടുക്കാനായത്. അതേസമയം റിപ്പബ്ലിക്ദിന പരേഡില്‍ കേരളം നാല് തവണ സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. നരേന്ദ്ര മോദി അധികാരത്തിലേറുന്നതിനു തൊട്ടുമുമ്പ് 2013ല്‍ കേരളത്തിന്റെ പുരവഞ്ചിക്ക് സ്വര്‍ണമെഡല്‍ ലഭിച്ചിരുന്നു. ബി ജെ പി ഭരണത്തിലുള്ളവയാണ് ഇക്കൊല്ലത്തെ പരേഡില്‍ നിശ്ചലദൃശ്യം അവതരിപ്പിക്കാന്‍ അനുമതി ലഭിച്ച പതിനൊന്ന് സംസ്ഥാനങ്ങളില്‍ എട്ടും. അവശേഷിച്ച മൂന്നില്‍ രണ്ടും അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബും ഉത്തരാഖണ്ഡുമാണ്. ഫ്‌ളോട്ടുകളുടെ മികവിലുപരി രാഷ്ട്രീയ താത്പര്യങ്ങളാണ് അവയുടെ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നതെന്ന് നേരത്തേ ആരോപണമുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചതാണ് കഴിഞ്ഞ വര്‍ഷം കേരളം തഴയപ്പെടാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. റിപ്പബ്ലിക്ദിന പരേഡ് പോലുള്ള മഹത്തായ ചടങ്ങുകളില്‍ കക്ഷിവിരോധവും രാഷ്ട്രീയ താത്പര്യങ്ങളും പ്രകടിപ്പിക്കുന്നത് ജനാധിപത്യത്തോടുള്ള അവഹേളനമാണ്.



source https://www.sirajlive.com/behind-the-rejection-of-kerala-39-s-tablo.html

Post a Comment

أحدث أقدم