വർണ മനോഹരം ഈ മാളിക

ദൃശ്യ വിസ്മയങ്ങളുടെ ഗേഹമാണ് നമ്മുടെ ഭാരതം. പൗരാണിക പ്രൗഢിയുടെ നിദർശനമായ താജ്മഹൽ, ചെങ്കോട്ട, ഇന്ത്യാ ഗേറ്റ് തുടങ്ങിയവയുടെ ശിൽപ്പ ചാരുത നമ്മെ അത്യധികം അതിശയിപ്പിക്കും. ഇവിടെ പോകാനും ഇതെല്ലാം കാണാനും കൂട്ടുകാർക്ക് ആഗ്രഹമില്ലേ….? എങ്കിൽ നമുക്കൊന്ന് സഞ്ചരിക്കാം…

ഇന്ത്യാ ഗേറ്റ്

ഡൽഹി നഗരത്തിന്റെ ഹൃദയമാണ് ഇന്ത്യാ ഗേറ്റ്. ഒന്നാം ലോക മഹായുദ്ധത്തിൽ മരിച്ച ഭടന്മാരുടെ സ്മരണക്കായി ഗേറ്റിന്റെ കവാടത്തിന് താഴെ ഒരു കെടാദീപം ജ്വലിച്ചുനിൽക്കുന്നുണ്ട്. അതാണ് അമർ ജവാൻ ജ്യോതി. ദേശീയ ഉത്സവ ദിനങ്ങളുടെ ചടങ്ങുകൾക്ക് സമാരംഭം കുറിക്കുന്നത് ഇവിടെ വെച്ചാണ്.

താജ്മഹൽ

വിശ്വമനോഹാരിതയുടെ വെണ്ണക്കൽ സൗധമായ താജ്മഹലിനെക്കുറിച്ച് കേൾക്കാത്തവരായി നമ്മളിൽ ആരുമില്ല. കൊട്ടാരങ്ങളുടെ കൊട്ടാരമായി വിശേഷിപ്പിക്കുന്ന താജ്മഹൽ പണികഴിപ്പിച്ചത് ഷാജഹാൻ ചക്രവർത്തിയാണ്. അതും തന്റെ പ്രിയതമയായ മുംതാസിന്റെ സ്മരണക്കായി. 20,000 തൊഴിലാളികൾ 20 വർഷം വിയർപ്പൊഴുക്കിയാണ് ഈ മഹാത്ഭുതം യാഥാർഥ്യമാക്കിയതെന്ന് പറയപ്പെടുന്നു. യമുനാ തീരത്ത് സ്ഥിതി ചെയുന്ന താജ്മഹൽ പടുകൂറ്റൻ മാർബിൾ തറയിലാണ് പടുത്തുയർത്തിയിട്ടുള്ളത്. ഭാരതത്തിലെ ഏറ്റവും ഉയരമുള്ള ചരിത്ര സ്മാരകമായാണ് താജ്മഹൽ അറിയപ്പെടുന്നത്.


ആഗ്രാ കോട്ട

അക്ബർ ചക്രവർത്തിയെക്കുറിച്ച് കേട്ടിട്ടില്ലേ… അദ്ദേഹം പണി കഴിപ്പിച്ചതാണ് ഈ കോട്ട. അർധ വൃത്താകൃതിയിലുള്ള ഇത് യമുനാ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ശിൽപ്പ ചാരുതയുടെ പ്രതീകങ്ങളായ മോത്തി മസ്ജിദും ജഹാംഗീർ മഹലും അങ്കരിബാഗും ഇവിടെയുണ്ട്. ഷാജഹാൻ ചക്രവർത്തി പുത്രന്റെ വീട്ടുതടങ്കലിൽ കിടന്ന് അന്ത്യശ്വാസം വലിച്ചത് ആഗ്ര കോട്ടയിൽ വെച്ചാണ്.

ഗേറ്റ് വേ ഓഫ് ഇന്ത്യ

ഡൽഹി മാത്രമല്ല മുംബൈയും ചരിത്രസ്മാരകങ്ങളുടെ സ്ഥലമാണ്. അതിൽപ്പെട്ടതാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ. ജോർജ് അഞ്ചാമന്റെ ബഹുമാനാർഥമാണ് ഇത് പണികഴിപ്പിച്ചത്. ഗുജറാത്തി ശിൽപ്പ ചാരുതയുടെ പ്രതീകമായ വെട്ടുപാറകൾ കൊണ്ടാണ് നിർമാണം. അറുനൂറോളം പേർക്ക് ഇരിക്കാവുന്ന മനോഹരമായ ഹാളുകൾ ഇതിന്റെ പ്രത്യേകതയാണ്.

ചെങ്കോട്ട

ഇന്ത്യൻ പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്നു. സ്വാതന്ത്ര്യ ദിനപ്പിറ്റേന്ന് പത്രങ്ങളിൽ കാണുന്ന ഫോട്ടോയാണിത്. അതെ, ഇതാണ് മുഗൾ ചക്രവർത്തി ഷാജഹാൻ പണികഴിപ്പിച്ച ചെങ്കോട്ട. മുഗൾ സാമ്രാജ്യത്വത്തിന്റെ ഭരണസിരാകേന്ദ്രമായ കോട്ടയിൽ നിരവധി കെട്ടിടങ്ങളുണ്ട്. ഇവിടെയാണ് ഷാജഹാൻ ചക്രവർത്തിയുടെ പ്രസിദ്ധമായ മയൂര സിംഹാസനം സ്ഥിതി ചെയ്യുന്നത്. മുഗൾ വാസ്തു വിദ്യയുടെ മാതൃകയായ കോട്ടയിൽ നിരവധി മാർബിൾ സൗധങ്ങളും കാണാം.

ഖുതുബ് മിനാർ

ഡൽഹിയിലെ ഏറ്റവും പഴക്കമുള്ള ചരിത്ര സ്മാരകമായ ഖുതുബ്മിനാർ ഖുതുബുദ്ദീൻ ഐബക് ആണ് പണികഴിപ്പിച്ചത്. ഉയരങ്ങളുടെ രാജാവായ ഇതിന്റെ മിനാരത്തിന്റെ മുകളിൽ എത്താൻ 380 പടികൾ താണ്ടണം. വിശുദ്ധ ഖുർആനിലെ വചനങ്ങൾ ഇതിന്റെ ഉൾഭിത്തിയിൽ ആലേഖനം ചെയ്തിരിക്കുന്നു. ധാരാളം പേരെ ആകർഷിക്കുന്ന ഖുതുബ്മിനാർ ഡൽഹിയുടെ പ്രശസ്തിയുടെ ഭാഗമാണ്.

മൈസൂർ കൊട്ടാരം

മൈസൂരിൽ പോയാൽ പാലസ് കാണാതെ കൂട്ടുകാർ തിരിച്ചുവരാറില്ല. അത്രയും പ്രശസ്തമാണ് ഈ കൊട്ടാരം. മനോഹരമായി അലങ്കരിച്ചിട്ടുള്ള സ്വർണ സിംഹാസനമാണ് ഏറെ ആകർഷണീയം. ചുവർ ചിത്രങ്ങളും ദന്തശിൽപ്പങ്ങളും മുഗൾ കാലഘട്ടത്തെ ഓർമിപ്പിക്കുന്ന രീതിയാണ്.

ജന്തർ മന്ദർ

പ്രഥമ പ്രധാനമന്ത്രിജവഹർലാൽ നെഹ്റുവിന്റെ സ്മാരക സൗധമായി അറിയപ്പെടുന്ന ജന്തർ മന്ദർ തച്ചുശാസ്ത്ര ഉപകരണങ്ങളുടെ പറുദീസയാണ്. വാന നിരീക്ഷണ കേന്ദ്രം കൂടി ആയ ജന്തർ മന്ദറിൽ ഗ്രഹങ്ങളുടെയും ആകാശ ഗോളങ്ങളുടെയും ദിശയും ചലനവും അളക്കുന്നതിനുള്ള ഉപകരണങ്ങളുണ്ട്.

വിവേകാനന്ദ പാറ

സ്വാമി വിവേകാനന്ദനെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടുണ്ടോ?. അദ്ദേഹം ധ്യാനനിരതനായിരുന്ന സ്ഥലമാണ് വിവേകാനന്ദ പാറ. കന്യാകുമാരിയിലാണ് ഈ പാറ സ്ഥിതി ചെയ്യുന്നത്. കടലിലാണ് ഈ പാറ തലയുയർത്തി നിൽക്കുന്നത്. കടലിൽ പ്രധാന പാറക്കരികിലുള്ള മറ്റൊരു പാറയിൽ തിരുവള്ളുവരുടെ ദീർഘകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.

തയ്യാറാക്കിയത്:
ഷാക്കിർ തോട്ടിക്കൽ



source https://www.sirajlive.com/this-house-is-beautiful-in-color.html

Post a Comment

أحدث أقدم