വനപുനഃസ്ഥാപന നയരേഖയും പരിസ്ഥിതി ആലോചനകളും

പ്രകൃതിദുരന്ത സാധ്യതാ പ്രദേശങ്ങളും വന്യജീവി വഴിത്താരകളും ഏറ്റെടുത്ത് സ്വാഭാവിക വനങ്ങളാക്കാനുള്ള വനപുനഃസ്ഥാപന നയരേഖക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരിക്കുന്നു. ഇതിനായി ആരെയും നിര്‍ബന്ധിപ്പിച്ച് ഒഴിപ്പിക്കില്ലെന്നും ഒഴിയുന്ന കുടുംബത്തിന് 15 ലക്ഷം നഷ്ടപരിഹാരമായി നല്‍കുമെന്നുമാണ് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞിട്ടുള്ളത്. ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. പ്രകൃതി സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറെ ആശ്വാസകരമായ നടപടിയാണ് മന്ത്രിസഭയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത്.

ലോകത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ പ്രകൃതിദുരന്തങ്ങള്‍ ബാധിക്കാത്ത ഒരു രാജ്യവും ഇല്ലെന്നു കാണാനാകും. ചിലയിടത്ത് വെള്ളപ്പൊക്കം മൂലമുള്ള ദുരന്തമാണെങ്കില്‍ മറ്റൊരിടത്ത് വെള്ളം കിട്ടാത്തതു കൊണ്ടുണ്ടായ ദുരന്തമായിരിക്കും. അസാധാരണവും അപ്രതീക്ഷിതവുമായി ഭവിക്കുന്ന കാറ്റും മഴയും വെയിലും സാധാരണയില്‍ കവിഞ്ഞ മൂടല്‍മഞ്ഞുമെല്ലാം സാധാരണ നിലയില്‍ പ്രകൃതിദുരന്തമായാണ് കണക്കാക്കുന്നത്. പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളെയും മാറ്റത്തിന്റെ ഭാഗമായ ദുരന്തങ്ങളെയും സംബന്ധിച്ച് പഠനവും പരിശോധനയും നടത്താത്ത ഒരു രാജ്യവുമുണ്ടാകില്ല എന്നു തന്നെ പറയാം.

പ്രകൃതിയിലുണ്ടായിക്കൊണ്ടിരിക്കുന്നതും ഉണ്ടാകാനിടയുള്ളതുമായ മാറ്റങ്ങള്‍ മനുഷ്യനെ ഏതെല്ലാം തരത്തിലാണ് പ്രതികൂലമായി ബാധിക്കുക എന്നതിലാണ് പഠനങ്ങള്‍ കൂടുതലായും നടന്നിട്ടുള്ളത്. ഇക്കാര്യത്തില്‍ മനുഷ്യേതര ജീവിവര്‍ഗങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കാത്ത രാജ്യങ്ങള്‍ ഏറെയാണ്. തുടര്‍ച്ചയായി പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുന്ന അപൂര്‍വം രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. വരള്‍ച്ചയും വെള്ളപ്പൊക്കവും മൂലം മരണമടഞ്ഞവരും കിടപ്പാടവും കൃഷിയിടവും നഷ്ടപ്പെട്ട് വഴിയാധാരമായവരും രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കാണാനാകും. പത്ത് വര്‍ഷം മുമ്പു വരെ കേരളീയര്‍ക്ക് പ്രകൃതിക്ഷോഭവും പ്രകൃതിദുരന്തവും അയല്‍ സംസ്ഥാന അനുഭവമോ അവിശ്വസനീയ കാഴ്ചകളോ ആയിരുന്നു. ഭാണ്ഡക്കെട്ടുകളുമായി ഭിക്ഷ തേടിയെത്തുന്നവരെ ആട്ടിയോടിക്കുന്നതിലും അവിശ്വസിക്കുന്നതിലും അസ്വാഭാവികതയില്ലാത്തതുമായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി കേരളവും അത്തരം സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നു.

വന ശോഷണവും വായു മലിനീകരണവും പ്രകൃതിദുരന്തങ്ങള്‍ക്ക് പ്രധാന കാരണമാണെന്നാണ് ഇക്കാര്യത്തില്‍ നടന്ന പഠനങ്ങളിലത്രയും അടിവരയിട്ടു പറഞ്ഞത്. അക്കാരണത്താല്‍ തന്നെ ലോകരാജ്യങ്ങളേറെയും വനവത്കരണത്തിലും വനഭൂമിയുടെ വിസ്തൃതി വര്‍ധിപ്പിക്കുന്നതിലും വായുമലിനീകരണം തടയുന്നതിലും ശ്രദ്ധ പതിപ്പിക്കുകയും പ്രാധാന്യം കല്‍പ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. അതേസമയം പ്രകൃതിദുരന്തങ്ങള്‍ തുടര്‍ച്ചയായി നേരിട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നില്ലെന്നു മാത്രമല്ല, നിലവിലെ പ്രകൃതിദത്ത പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു കൊണ്ടിരിക്കുകയും ചെയ്യുന്നു. വ്യാവസായിക പുരോഗതിക്കെന്ന പേരില്‍ നിത്യഹരിത വനങ്ങള്‍ പോലും വെട്ടിമാറ്റിക്കൊണ്ടിരിക്കുന്നു. നൂറ്റാണ്ടുകളായി ചൂടേല്‍ക്കാതെ കിടന്ന വനഭൂമികള്‍ ഉരുക്കു ശാലകള്‍ക്കു വഴിമാറിക്കൊണ്ടിരിക്കുന്നു. രാജ്യ തലസ്ഥാനത്ത് ജീവവായുവിന്റെ തോത് അനുദിനം കുറഞ്ഞു കൊണ്ടിരിക്കുന്നു. പരമോന്നത കോടതികള്‍ പതിവായി പഴിച്ചിട്ടും നാമമാത്ര ക്രിയകളില്‍ പരിഹാര നടപടികള്‍ ഒതുങ്ങുന്നു. അഥവാ ഒതുക്കുന്നു.

ജലസംരക്ഷണത്തിനായി നീക്കിവെച്ച പണം ചെലവഴിക്കപ്പെടാതെയും ഫലപ്രാപ്തിയിലെത്തിക്കാതെയും മുടങ്ങിക്കിടക്കുന്നു. അതേസമയം വര്‍ഷാവര്‍ഷം പരിസ്ഥിതി സംരക്ഷണത്തിനെന്ന പേരില്‍ വാര്‍ഷിക കണക്കു പുസ്തകത്തില്‍ കോടികള്‍ ഇടം നേടുകയും ചെയ്യുന്നു. കേന്ദ്ര സര്‍ക്കാറിനെ പോലെ തന്നെ വന പരിപാലനം, പുനരുദ്ധാരണം തുടങ്ങിയ പേരില്‍ വാര്‍ഷിക ബജറ്റില്‍ ദശലക്ഷങ്ങള്‍ നീക്കിവെക്കുന്ന സംസ്ഥാനമാണ് കേരളം. വനഭൂമിയുടെ കണക്കെടുപ്പ് നടത്തുന്നതിലും കേരളം പിറകിലല്ല. അതോടൊപ്പം വനഭൂമിയുടെ അളവില്‍ അത്ഭുതകരമായ കുറവ് ഉണ്ടായിക്കൊണ്ടിരിക്കുന്നതിലും കുറവില്ല. സംസ്ഥാനത്തെ വനഭൂമികള്‍ പരിശോധിച്ചാല്‍ അതത്രയും ബ്രിട്ടീഷുകാരുടെ സംഭാവനയാണെന്നു കാണാന്‍ കഴിയും. തരിശു ഭൂമികളായിരുന്നില്ല മറിച്ച് വന്‍ മരങ്ങളാല്‍ സമ്പുഷ്ടമായ അര്‍ഥസമ്പൂര്‍ണമായ കാടുകള്‍ തന്നെയാണവര്‍ സര്‍ക്കാറിന് കൈമാറിയിരുന്നത്. അതിരും അളവും കൃത്യമായി തന്നെ അവര്‍ രേഖപ്പെടുത്തിയതുമാണ്.

എന്നാല്‍ സംസ്ഥാന രൂപവത്കരണം തൊട്ട് ഇന്നേ വരെയുള്ള കാലയളവിനുള്ളില്‍ ഭരണം കൈയാളിയിട്ടുള്ള ഒരു സര്‍ക്കാറും വനവും വനഭൂമിയും സംരക്ഷിക്കാന്‍ തയ്യാറായില്ല എന്നതാണ് യാഥാര്‍ഥ്യം. നഷ്ടപ്പെട്ട വനഭൂമികള്‍ തിരിച്ചു പിടിക്കുമെന്ന് തിരഞ്ഞെടുപ്പ് കാലത്ത് വിളിച്ചു പറയുകയും സത്യപ്രതിജ്ഞക്കു ശേഷം അധികാരസ്ഥാനത്തിരുന്ന് കൈയേറ്റക്കാര്‍ക്ക് സഹായകരമായ നിലപാടുകള്‍ സ്വീകരിക്കുകയുമാണ് നാളിതുവരെയുള്ള ഭരണാധികാരികള്‍ ചെയ്തിരിക്കുന്നതെന്നു കാണാന്‍ കഴിയും. കൈയേറ്റം ചെയ്യപ്പെട്ട വനഭൂമി തിരിച്ചുപിടിക്കാനെന്ന പേരില്‍ അന്വേഷണ കമ്മിഷനുകള്‍ക്കും വക്കീലുമാര്‍ക്കുമായി സംസ്ഥാന ഖജനാവില്‍ നിന്ന് ശതകോടികളാണ് ചെലവഴിച്ചിട്ടുള്ളത്. അതേസമയം കേസുകളത്രയും സര്‍ക്കാറിനെതിരായാണ് തീര്‍പ്പായിട്ടുള്ളത്. വനഭൂമിയോടൊപ്പം പൊതു ഖജനാവിലെ കോടികള്‍ കൂടിയാണ് തന്മൂലം സര്‍ക്കാറിന് നഷ്ടമാകുന്നത്. ഈയൊരു സാഹചര്യത്തില്‍ നഷ്ടപ്പെട്ട ഭൂമികള്‍ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ അവസാനിപ്പിച്ച് പുതിയ ഭൂമികള്‍ ഏറ്റെടുത്ത് സ്വാഭാവിക വനമാക്കി മാറ്റുമെന്ന മന്ത്രിസഭാ തീരുമാനം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകര്‍ക്കും സര്‍വോപരി പൊതുഖജനാവിനും ആശ്വാസം പകരുന്നതാണ്.

വനപുനഃസ്ഥാപനത്തിന്റെ ഭാഗമായി സ്വകാര്യ ഭൂമിയില്‍ വൃക്ഷത്തൈകള്‍ നടുമെന്നാണ് വനം മന്ത്രി പറഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ – പൊതുമേഖലാ ഭൂമിയിലും ഇക്കഴിഞ്ഞ വര്‍ഷം ഉള്‍പ്പെടെ നട്ടുപിടിപ്പിച്ച വൃക്ഷത്തൈകള്‍ പോലും സര്‍ക്കാറിനോ ബന്ധപ്പെട്ട ഏജന്‍സികള്‍ക്കോ സംരക്ഷിക്കാനായിട്ടില്ല എന്നതാണ് വസ്തുത. നിലമ്പൂര്‍ നോര്‍ത്ത് ഫോറസ്റ്റിനു കീഴിലെ അരിമ്പ്രക്കുത്ത് വനഭൂമിയില്‍ 30 ലക്ഷം രൂപ ചെലവഴിച്ച് എണ്ണായിരം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും മതിയായ പരിപാലനം ലഭിക്കാത്ത കാരണത്താല്‍ ആറ് മാസത്തിനകം 40 ശതമാനം തൈകള്‍ നശിക്കുകയുമാണുണ്ടായത്. വനം വകുപ്പും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കിയ വനവത്കരണ പദ്ധതിയുടെ അവസ്ഥ ഇത്തരത്തിലാണെങ്കില്‍ സ്വകാര്യ ഭൂമിയില്‍ തൈകള്‍ നട്ടുപിടിപ്പിക്കുന്നത് എത്രത്തോളം ഗുണം ചെയ്യുമെന്നത് ഊഹിക്കാവുന്നതാണ്. സംസ്ഥാനത്ത് വനഭൂമി മാറ്റിനിര്‍ത്തിയാല്‍ പാതയോരങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഏറെയും പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സന്നദ്ധ സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും നട്ടുപിടിപ്പിച്ചതും മതിയായ പരിചരണം നല്‍കി പരിപാലിച്ചവയുമാണ്. ഇന്ന് റോഡ് വികസനത്തിന്റെ മറവില്‍ അവയെല്ലാം മുറിച്ചു മാറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. റോഡിന്റെ തകര്‍ച്ചക്ക് കാരണം റോഡ് സൈഡിലെ തണല്‍ മരങ്ങളാണെന്ന വാദം പൊതുമരാമത്ത് വിഭാഗം എന്‍ജിനീയര്‍മാര്‍ക്കിടയില്‍ ശക്തമാണ്. തമിഴ്‌നാട് പോലെയുള്ള അയല്‍ സംസ്ഥാനങ്ങളില്‍ പാതയോരത്ത് തണല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നില്ലേ എന്ന് പരിസ്ഥിതി പ്രവര്‍ത്തകരോ മറ്റോ ചോദിച്ചാല്‍ ഇത് കേരളമല്ലേ എന്ന മറുചോദ്യമാണ് അവര്‍ ഉന്നയിക്കാറുള്ളത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറും വനം വകുപ്പുമാണ്.
വനപുനഃസ്ഥാപനത്തിന്റെ മറവില്‍ സ്വകാര്യ ഭൂമിയില്‍ തൈകള്‍ നട്ടുപിടിപ്പിക്കാനുള്ള തീരുമാനം അപ്രായോഗികവും അതിലുപരി അഴിമതി നടത്താനുള്ള അവസരം സൃഷ്ടിക്കലുമാണ്. അതേസമയം വനഭൂമിയിലും പൊതുഭൂമിയിലും തൈകള്‍ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യാനായാല്‍ അതിന്റെ ഗുണഫലം പരിസ്ഥിതിക്കും പരിസ്ഥിതിയെ ആശ്രയിക്കുന്ന ജീവിവര്‍ഗങ്ങള്‍ക്കുമാണ്. വൈകിയാണെങ്കിലും വനപുനഃസ്ഥാപന നയ രേഖക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത് അഭിനന്ദനാര്‍ഹമാണ്.



source https://www.sirajlive.com/forest-restoration-policy-and-environmental-consultations.html

Post a Comment

أحدث أقدم