ആരൊക്കെയാണ് ക്രൈസ്തവതയെ അപകടപ്പെടുത്തുന്നത് ?

കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയില്‍ നിന്നൊരു വാര്‍ത്തയുണ്ട്; നടപ്പുശീലമായി മാറിക്കഴിഞ്ഞതിനാല്‍ വായിക്കുന്നവരിലാര്‍ക്കും ഞെട്ടലുണ്ടാക്കാത്ത ഒരു വാര്‍ത്ത. പക്ഷേ വാര്‍ത്തക്കപ്പുറത്ത് വായിക്കപ്പെടേണ്ട രാഷ്ട്രീയം അതില്‍ ഉള്ളടങ്ങിയിട്ടുണ്ട്. ആ ഉള്ളടക്കത്തില്‍ അപരദ്വേഷവും ഹിംസയുമുണ്ട്. അധികാരത്തിന്റെ അതിമാരകമായ ടൂളുകള്‍ അതില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. അതേകുറിച്ച് അരക്കഴഞ്ച് ആക്ഷേപമില്ലാത്ത ഇടയന്‍മാരും കണ്ടിട്ടും കൊണ്ടിട്ടും പഠിക്കാത്ത കുഞ്ഞാടുകളുമുണ്ട്. ആകയാല്‍ നടുക്കങ്ങള്‍ ഇല്ലാതെയാണെങ്കില്‍ പോലും ആ വാര്‍ത്ത വായിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാണ്.

ക്രിസ്ത്യന്‍ മാനേജ്മെന്റിനു കീഴില്‍ നടക്കുന്ന, ഇല്‍കല്‍ ടൗണിലെ സെന്റ് പോള്‍സ് സ്‌കൂള്‍ അടച്ചിടാന്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ നോട്ടീസ് നല്‍കിയതാണ് വാര്‍ത്ത. ഡിസംബര്‍ 25നു ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ മാംസം വിളമ്പി എന്നതാണ് ചുമത്തിയ കുറ്റം. സംഘ്പരിവാര്‍ അനുകൂല സംഘടനകള്‍ നല്‍കിയ പരാതിയിലാണ് “സത്വര’ നടപടി. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും മതം മാറ്റാന്‍ ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണവും ഉന്നയിക്കുന്നുണ്ട് വലതുപക്ഷ സംഘടനകള്‍. പരാതി കിട്ടി, അന്വേഷണവും പൂര്‍ത്തീകരിച്ച് അഞ്ച് ദിവസത്തിനകം സ്്കൂള്‍ പൂട്ടിച്ച അധികൃതരുടെ തിടുക്കം വിദ്യാഭ്യാസപരമല്ല, രാഷ്ട്രീയമാണ്. ആ രാഷ്ട്രീയം ഹിന്ദുത്വയുടേതാണ്. അനിശ്ചിതകാലത്തേക്കാണ് സ്‌കൂള്‍ അടച്ചിട്ടിരിക്കുന്നത്. ഇനി എന്നു തുറക്കണമെന്ന് പരാതിക്കാര്‍ തന്നെ തീരുമാനിക്കുമായിരിക്കും! സ്‌കൂളിന്റെ നടത്തിപ്പ് ക്രൈസ്തവ മിഷണറിമാരല്ലെന്നും അവിടെ മതപരിവര്‍ത്തന ശ്രമങ്ങള്‍ നടക്കുന്നില്ലെന്നും മാനേജ്മെന്റ് വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ടൊന്നും ഹിന്ദുത്വസംഘടനകളുടെ അനുകമ്പ പിടിച്ചുപറ്റാന്‍ സ്‌കൂള്‍ അധികൃതര്‍ക്കോ കര്‍ണാടകയിലെ ക്രൈസ്തവ സഭകള്‍ക്കോ കഴിയില്ല എന്നുറപ്പാണ്.

ഇക്കഴിഞ്ഞ ക്രിസ്മസ് നാളില്‍ രാജ്യവ്യാപകമായി ക്രൈസ്തവസമൂഹത്തിനു നേരെ ഹിന്ദുത്വര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. കര്‍ണാടകയിലെ തന്നെ മാണ്ഡ്യയില്‍ ഒരു ക്രിസ്ത്യന്‍ സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്തിയ അനുഭവമുണ്ടായി. നിങ്ങളെന്തുകൊണ്ട് സ്‌കൂളില്‍ ഹിന്ദുക്കളുടെ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നില്ല എന്നായിരുന്നുവത്രേ അക്രമികളുടെ ആക്രോശം. വര്‍ഷങ്ങളായി ഇവിടെ ക്രിസ്മസ് ആഘോഷം നടക്കാറുണ്ട്, ഇങ്ങനെയൊരു അനുഭവം ആദ്യമാണെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. കര്‍ണാടക നിയമസഭ ഈയിടെ പാസ്സാക്കിയ മതപരിവര്‍ത്തന നിരോധന നിയമം ഏറ്റവും കൂടുതല്‍ ഭീഷണിയാകുന്നത് ക്രൈസ്തവ സമൂഹത്തിനായിരിക്കും എന്ന ആശങ്ക സ്ഥിരീകരിക്കുന്നതാണ് ഇതുപോലുള്ള സംഭവങ്ങള്‍.
ഇന്ത്യയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് നിസ്തുല സംഭാവനകള്‍ നല്‍കിയ മതസമൂഹമാണ് ക്രൈസ്തവര്‍. സ്വാതന്ത്ര്യപ്രക്ഷോഭ കാലത്ത് ബ്രിട്ടീഷുകാരോട് അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിച്ചതിന്റെ ഫലശ്രുതി ആണെങ്കില്‍പോലും വിദ്യാഭ്യാസത്തിലും രോഗചികിത്സയിലും അവര്‍ക്ക് മികച്ച കുതിപ്പ് നടത്താന്‍ സാധിച്ചിട്ടുണ്ട്. എത്രയോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ സഭാ മാനേജ്മെന്റിനു കീഴില്‍ കേരളത്തിലുൾപ്പെടെ പ്രവര്‍ത്തിക്കുന്നു. മതപ്രവര്‍ത്തനമായിത്തന്നെയാണ് അവരിതിനെ കാണുന്നത്. സ്‌കൂളുകളോടും ആശുപത്രികളോടും ചേര്‍ന്ന് പള്ളികളും ചാപ്പലുകളും നിര്‍മിക്കുന്നത് അതിനാലാണ്. യൂറോപ്യന്‍ നാടുകളില്‍ നിന്ന് വലിയ സഹായം സ്‌കൂള്‍- ആശുപത്രി നിര്‍മാണത്തിന് ഒഴുകുന്നതും ഇതൊരു മതപ്രവര്‍ത്തനമായി അവര്‍ കരുതുന്നു എന്നതുകൊണ്ടാണ്. മതത്തിലേക്ക് ആളെച്ചേര്‍ക്കല്‍ ക്രൈസ്തവ സഭകളുടെ എന്നത്തേയും ലക്ഷ്യമാണ്. ആഗോളാടിസ്ഥാനത്തില്‍ സംഘടിതമായി തന്നെ അതിനുള്ള ശ്രമങ്ങള്‍ ആദികാലം മുതല്‍ നടക്കുന്നുണ്ട്. അതിനുവേണ്ടി മാത്രം ഓരോ വര്‍ഷവും ശതകോടികള്‍ മറിയുന്നുണ്ട്. അന്നം വേണ്ടവര്‍ക്ക് അന്നം, വസ്ത്രം വേണ്ടവര്‍ക്ക് വസ്ത്രം, വീട് വേണ്ടവര്‍ക്ക് വീട്, പണം വേണ്ടവര്‍ക്ക് പണം- മറ്റു മതസ്ഥരെ സ്വന്തം മതത്തില്‍ ചേര്‍ക്കാന്‍ സഭയും മിഷണറിമാരും ഓരോ നാടിന്റെയും “മിടിപ്പ്’ അറിഞ്ഞുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കാറുള്ളത്.

വിവിധ രാജ്യങ്ങളില്‍ അധിനിവേശം നടത്തിയ സാമ്രാജ്യത്വ ശക്തികള്‍ക്കൊപ്പം ക്രൈസ്തവ പാതിരിമാരും മിഷണറിമാരും ഉണ്ടായിരുന്നുവെന്നത് ചരിത്ര യാഥാര്‍ഥ്യമാണ്. സദ്ദാം ഭരണത്തെ നിഷ്‌കാസനം ചെയ്യാനെത്തിയ സൈന്യത്തിനൊപ്പം ക്രൈസ്തവ മതപ്രചാരകര്‍ ഉണ്ടായിരുന്നല്ലോ. ഇപ്പോള്‍ സിറിയയിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും അവര്‍ കറങ്ങുന്നതിന്റെ ലക്ഷ്യവും മറ്റൊന്നല്ല. അധിനിവേശമടക്കം എല്ലാ രാഷ്ട്രീയപ്രയോഗങ്ങളിലും ക്രൈസ്തവ മതം ഇടപെടുന്നുണ്ട് എന്ന് ചുരുക്കം. കേരളത്തില്‍ ക്രൈസ്തവ സമൂഹത്തിലേക്ക് ആളെച്ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ പോര്‍ച്ചുഗീസ്- ബ്രിട്ടീഷ് അധിനിവേശ കാലങ്ങളില്‍ അധിനിവേശകരുടെ മുന്‍കൈയില്‍ നടക്കുന്നുണ്ട്. അതു വിജയിക്കാതെ പോയത് ഇവിടെ അധിനിവേശത്തിനെതിരെ തീഷ്ണമായ സമരം നടന്നതിനാലാണ്. ആ പ്രതിപ്രവര്‍ത്തനം ഇല്ലായിരുന്നുവെങ്കില്‍ കേരളം മറ്റൊരു ഗോവയായി മാറിയേനെ എന്നൊരു നിരീക്ഷണം സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന ഇ മൊയ്തു മൗലവി നടത്തുന്നുണ്ട്.

ഇന്ത്യയില്‍ മതം മാറ്റം ക്രിമിനല്‍ പ്രവര്‍ത്തനമല്ല. ഇഷ്ടാനുസാരം ഏതു മതവും സ്വീകരിക്കാനും ആ മതം പ്രചരിപ്പിക്കാനും മതരഹിതനായി ജീവിക്കാനും അവകാശം നല്‍കുന്ന ഭരണഘടനയാണ് നമ്മുടേത്. മതപരിവര്‍ത്തന നിരോധന നിയമം നിര്‍മിക്കുന്ന ബി ജെ പി സര്‍ക്കാറുകള്‍ ഫലത്തില്‍ ഭരണഘടനാപരമായ അവകാശം റദ്ദ് ചെയ്യുകയാണ്. മതപരിവര്‍ത്തനത്തെ പ്രശ്‌നവത്കരിച്ച് ക്രൈസ്തവ ജീവിതത്തെയും സഭകളെയും പ്രതിസന്ധിയിലാക്കുകയാണ് സംഘ്പരിവാര്‍. അതിന്റെ ഭാഗമായാണ് മതപരിവര്‍ത്തനം നിരോധിക്കുന്ന നിയമം കൊണ്ടുവരുന്നതും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് നേരെ മതഭ്രാന്തന്‍മാര്‍ തുടലുപൊട്ടിക്കുന്നതും. ആര്‍ എസ് എസിന്റെ ആചാര്യന്‍ എം എസ് ഗോള്‍വാള്‍ക്കറുടെ വിചാരധാരയില്‍ ഇങ്ങനെയുണ്ട്. “ബ്രിട്ടീഷുകാര്‍ പോയശേഷം കോണ്‍ഗ്രസ്സ് ഭരണത്തില്‍ത്തന്നെ (വാസ്തവത്തില്‍ ക്രൈസ്തവഭരണം!) കേരളത്തില്‍ വിഖ്യാതമായ ശബരിമല ക്ഷേത്രമടക്കം നൂറുകണക്കിന് പ്രാചീന ഹൈന്ദവ ക്ഷേത്രങ്ങള്‍ ക്രൈസ്തവത്തെമ്മാടികളാല്‍ നശിപ്പിക്കപ്പെട്ട് അവിടത്തെ വിഗ്രഹങ്ങള്‍ തച്ചുടയ്ക്കപ്പെടുകയുണ്ടായി. അതേ ക്രൈസ്തവ മതഭ്രാന്തന്‍മാരാണ് കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകഫലകവും തകര്‍ത്തുകളഞ്ഞത്. മനുഷ്യവര്‍ഗത്തിനുമേല്‍ ക്രിസ്തുമതം ശാന്തിയും അനുഗ്രഹവും ജീവകാരുണ്യത്തിന്റെ അമൃതവും വര്‍ഷിക്കുമെന്ന് പ്രചരിപ്പിക്കാന്‍ നമ്മുടെയടുക്കല്‍ വരുന്ന ആളുകള്‍ ഈ മട്ടിലുള്ളവരാണ്’ (പേജ് 291, 2017 ഡിസംബര്‍ എഡിഷന്‍, കുരുക്ഷേത്ര പ്രകാശന്‍). കുടിച്ച വെള്ളത്തില്‍ ക്രിസ്ത്യാനികളെ വിശ്വസിക്കരുത് എന്നാണ് ഈ പറഞ്ഞതിന്റെ നേരര്‍ഥം. ഇന്ത്യയുടെ ആന്തരിക ഭീഷണിയായി മുസ്്ലിംകള്‍ക്കൊപ്പം ക്രൈസ്തവരെയും എണ്ണിയിട്ടുണ്ട് ഗോള്‍വാള്‍ക്കര്‍.

മധ്യപ്രദേശിലെ ബി ജെ പിയുടെ നിയമസഭാംഗമായ രാമേശ്വര്‍ ശര്‍മയുടെ ഒക്ടോബറിലെ കുപ്രസിദ്ധമായ ആ പ്രയോഗം ഓര്‍ക്കുക: Chadar Mukt, Father Mukt Bharat എന്നാണ് ആള്‍ക്കൂട്ടത്തോട് ശര്‍മ ആഹ്വാനം ചെയ്തത്. ശിരോവസ്ത്രം ധരിക്കുന്ന മുസ്‌ലിംകളും ക്രിസ്തീയ പുരോഹിതരും ഇല്ലാത്ത ഭാരതം- മുസ്‌ലിംകളും ക്രൈസ്തവരുമില്ലാത്ത രാജ്യം എന്നുതന്നെ വിവക്ഷ. ഇത് ഒരു രാമേശ്വര്‍ ശര്‍മയുടെ മാത്രം വിഭാവന അല്ല, ആര്‍ എസ് എസിന്റെ ഹിന്ദുരാഷ്ട്ര സ്വപ്‌നത്തിന്റെ ഘടനയാണത്. സംഘ്പരിവാറിന്റെ ശത്രുപ്പട്ടികയില്‍ നിന്ന് തങ്ങളുടെ പേര് നീക്കം ചെയ്തുവെന്ന് സമാശ്വസിക്കുന്ന ക്രൈസ്തവര്‍ വല്ലപ്പോഴും യൂട്യൂബിലൊന്നു കയറിയാല്‍ ഇതേപോലുള്ള അനേകം ശര്‍മമാരുടെ പ്രസംഗം കേള്‍ക്കാം, അവരുടെ ക്രൈസ്തവ സ്‌നേഹം കേട്ട് പുളകിതരാകാം.
ഖേദകരമെന്ന് പറയട്ടെ, സംഘ്പരിവാര്‍ ഫാസിസത്തിന്റെ അപകടം തിരിച്ചറിയുന്നതില്‍ ഇന്ത്യയിലെ ക്രൈസ്തവ സഭകള്‍, വിശിഷ്യാ കത്തോലിക്കാസഭ അമ്പേ പരാജയപ്പെട്ടു. നിര്‍ണായക ഘട്ടങ്ങളിലെല്ലാം അവര്‍ കേന്ദ്രത്തിന്റെയും ആര്‍ എസ് എസിന്റെയും താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ധൃതിപ്പെട്ടത്. അത് മാത്രമോ, സംഘ്പരിവാര്‍ ദുഷ്ടലാക്കോടെ അഴിച്ചുവിട്ട മുസ്‌ലിംവിരുദ്ധ വിദ്വേഷ പ്രചാരണങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും പുറത്തും മടിയേതുമില്ലാതെ ഏറ്റെടുക്കാനും അവര്‍ ധൃഷ്ടരായി. കേരളത്തിലാണ് അത് കൂടുതല്‍ ദൃശ്യപ്പെട്ടത്. ലവ് ജിഹാദ്, ഹലാല്‍ വിവാദങ്ങള്‍ ഓര്‍ക്കുക. സംഘപരിവാറിന് ഹൃദയം പറിച്ചുകൊടുത്ത് അവരുടെ സ്‌നേഹം പിടിച്ചുപറ്റാമെന്ന ക്രൈസ്തവ സമൂഹത്തിലൊരു വിഭാഗത്തിന്റെ മിഥ്യാധാരണ കൂടിയാണ് ഇപ്പോള്‍ പൊളിഞ്ഞുവീഴുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തുടനീളം ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ അതിന്റെ സാക്ഷ്യമാണ്.

ഇന്ത്യയിലെ പ്രബല ന്യൂനപക്ഷമാണ് ക്രൈസ്തവര്‍. ഭരണഘടനക്കകത്തു നിന്നുകൊണ്ട് പ്രവര്‍ത്തിക്കാനും മതം പ്രചരിപ്പിക്കാനും സ്ഥാപനങ്ങള്‍ നടത്താനും ആരാധനകള്‍ നിര്‍വഹിക്കാനും മറ്റെല്ലാ സമുദായങ്ങള്‍ക്കുമെന്ന പോലെ അവര്‍ക്കും അവകാശമുണ്ട്. അത് തടസ്സപ്പെടുത്താന്‍ ഹിന്ദുത്വശക്തികളെ അനുവദിക്കരുത്. ആക്രമിക്കപ്പെടുന്ന ക്രൈസ്തവ സമൂഹത്തിനൊപ്പം നില്‍ക്കാന്‍ ജനാധിപത്യവാദികള്‍ക്ക് ബാധ്യതയുണ്ട്. ചര്‍ച്ചുകള്‍ അക്രമിക്കാനും അവിടെയെത്തുന്ന വിശ്വാസികളെ കൈയേറ്റം ചെയ്യാനും കാത്തിരിക്കുന്ന അക്രാമക ഹിന്ദുത്വത്തെ ന്യൂനപക്ഷ സമൂഹങ്ങള്‍ ഒരുമിച്ചുനിന്ന് ജനാധിപത്യമാര്‍ഗത്തിലൂടെ പ്രതിരോധിക്കണം.

ന്യൂനപക്ഷങ്ങള്‍ ഐക്യപ്പെടുന്നതിനെ തുരങ്കംവെക്കാന്‍ ശ്രമിക്കുന്ന തീവ്ര ക്രൈസ്തവ ഗ്രൂപ്പുകളെ നിലക്കുനിര്‍ത്താന്‍ ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ക്കും സാധിക്കേണ്ടതാണ്. അത്തരം ഗ്രൂപ്പുകളാണ് ചില സഭാനേതാക്കളുടെ പിന്തുണയോടെ സംഘ്പരിവാറിന് വേണ്ടി പണിയെടുത്തുകൊണ്ടിരിക്കുന്നത്. ഗുരുഗ്രാമില്‍ ജുമുഅ നിസ്‌കാരം സംഘ്പരിവാര്‍ തടസ്സപ്പെടുത്തുമ്പോള്‍ സന്തോഷിക്കുന്ന മാനസങ്ങള്‍ക്ക് ബേലൂരില്‍ ക്രിസ്തീയ പ്രാര്‍ഥന ഹിന്ദുത്വര്‍ തടയുമ്പോള്‍ കരയാന്‍ ധാര്‍മികാവകാശം നഷ്ടപ്പെടുന്നുണ്ട്.

ക്രൈസ്തവരുടെ ശത്രുക്കള്‍ മുസ്‌ലിംകളല്ല, ഹിന്ദുത്വക്ക് വേണ്ടി പണിയെടുക്കുന്ന സ്വന്തം സമുദായത്തിലെ തീവ്രചിന്താഗതിക്കാരാണ് എന്ന് തിരിച്ചറിയാന്‍ ക്രിസ്തീയ വിശ്വാസികള്‍ക്കും പിതാക്കന്‍മാര്‍ക്കും സാധിക്കട്ടെ. ക്രൈസ്തവതയെ അപകടപ്പെടുത്തുന്നത് സംഘ്പരിവാര്‍ മാത്രമല്ല, അവരുടെ വിദ്വേഷസംസ്‌കാരം പങ്കിടുന്ന സ്വന്തം സമുദായത്തിലെ അംഗങ്ങള്‍ കൂടിയാണ്. അതാകും ഈ അതിക്രമങ്ങളുടെ കാലത്ത് ഏറ്റവും മികച്ച തിരിച്ചറിവും പ്രതിരോധവും. ആദ്യം വീടിനു മുന്നിലെ കുഴി മണ്ണിട്ടു മൂടൂ. തെരുവിലെ കുഴി നികത്താന്‍ ജനങ്ങളൊന്നാകെ കൂടെക്കാണും.



source https://www.sirajlive.com/who-is-endangering-christianity.html

Post a Comment

أحدث أقدم