അഞ്ച് മണിക്കൂർ 28 മിനുട്ട്. 23 എയ്സുകൾ. 35 കാരനായ റാഫേൽ നദാലിന് 25 കാരനായ മെദ്‌വദേവിൽ നിന്ന് നേരിടേണ്ടി വന്ന വെല്ലുവിളി ഈ കണക്കുകളിൽ തന്നെ വ്യക്തം. പക്ഷേ, ചരിത്ര നേട്ടത്തിലേക്ക് കപ്പുയർത്താൻ വെല്ലുവിളികളെല്ലാം മറികടക്കുന്ന ഒടുങ്ങാത്ത പോരാട്ട വീര്യം ഇപ്പോഴും ആ കൈകളിൽ ബാക്കിയായിരുന്നു.
ഫെഡററെയും ജോകോവിച്ചിനെയും മറികടന്ന് റാഫാ 21ാമത്തെ ചരിത്രനേട്ടത്തിലേക്കെത്തിയിരിക്കുന്നു. ഈ നേട്ടത്തിലേക്ക് റാഫാ നടന്നുകയറിയതും നിരവധി വെല്ലുവിളികളെ അതിജീവിച്ചു കൊണ്ടാണ്. കരിയറിന്റെ തുടക്കം മുതൽ റാഫ ഒരോ പോയിന്റും നേടിയെടുത്തത് കടുത്ത പോരാട്ടത്തിലൂടെയാണ്. ഫെഡറർ എന്ന ഇതിഹാസത്തിന്റെ കാലത്ത്, ജോകോവിനെ പോലൊരു ചാന്പ്യൻ കളിക്കാരൻ നിറഞ്ഞുനിൽക്കുന്ന കാലത്ത് 21 കിരീടങ്ങൾ എന്നതിന് ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. നദാലിന്റെ ഒാരോ കിരീടത്തിനും തിളക്കം കൂട്ടുന്നത് ഈ രണ്ട് പേരും മുന്നിൽ നിൽക്കുന്നതിനാലാണ്. ടെന്നിസിന്റ പാരന്പര്യ വഴിയിൽ നിന്ന് മാറി പവർ ടെന്നിസുമായി റാഫ കളം നിറഞ്ഞിട്ട് പതിനഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. വളരെ അപൂർവമായി മാത്രം അനായസ വിജയം നേടിയ കളിക്കാരനാണ് നദാൽ. പരുക്കിനോടും ഫോം ഇല്ലായ്മയോടും ഒരുപോലെ പൊരുതി ഇതുപോലെ തിരിച്ചുവരവുകൾ നടത്തിയ താരം ലോക കായിക ചരിത്രത്തിൽ തന്നെ അപൂർവമായിരിക്കും. രണ്ട് സെറ്റ് നഷ്‌ടപ്പെട്ട ശേഷം തളരാതെ നിൽക്കുന്ന റാഫയുടെ ചിത്രം ആസ്്ത്രേലിയൻ ഒാപണിലല്ല ടെന്നിസ് പ്രേമികൾ ആദ്യമായി കാണുന്നത്. അതുകൊണ്ടു തന്നെ ആരും അപ്പോഴും റാഫയെ എഴുതി ത്തള്ളിയില്ല. 21ൽ നിന്ന് കിരീട നേട്ടം 22ലേക്ക് ഉയർത്താൻ എല്ലാ യുവതാരങ്ങൾക്കും വെല്ലുവിളി ഉയർത്തി റാഫ കോർട്ടിലുണ്ടാകുമെന്നുറപ്പ്. പവർ ടെന്നിസിന്റെ യുഗത്തിൽ കളിമൺ കോർട്ടിലെ അതികായൻ മാത്രമായി ഇനി നദാലിനെ വിശേഷിപ്പിക്കുന്നത് നീതികേടാണ്. കാരണം എല്ലാ ഗ്രാൻസ്ലാം കപ്പുകളും രണ്ട് തവണവീതം നദാലിന്റെ ഷോക്കേസിലെത്തി ക്കഴിഞ്ഞു.
source https://www.sirajlive.com/thriller-man.html
Post a Comment