ആശങ്കയുയര്‍ത്തുന്നതാണ് സില്‍വര്‍ ലൈന്‍ റെയില്‍ പാത പ്രശ്നത്തില്‍ ഭരണ-പ്രതിപക്ഷ വിഭാഗങ്ങളുടെ വിട്ടുവീഴ്ചയില്ലാ നിലപാട്. എന്തു ത്യാഗം സഹിച്ചും പദ്ധതി നടപ്പാക്കുമെന്നതാണ് സര്‍ക്കാര്‍ പറയുന്നത്. രണ്ട് വര്‍ഷം കൊണ്ട് ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച് അടുത്ത മൂന്ന് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. പദ്ധതിയുടെ നേട്ടങ്ങളും ഗുണങ്ങളും വിശദീകരിക്കാനും ബോധ്യപ്പെടുത്താനും പൗരപ്രമുഖരെയും ജനപ്രതിനിധികളെയും വിദഗ്ധരെയും അണിനിരത്തി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലകള്‍ തോറും വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിച്ചു കൊണ്ടിരിക്കുകയുമാണ.് പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് മെച്ചപ്പെട്ട പാക്കേജും വാഗ്ദാനം ചെയ്യുന്നു. പുനരധിവാസത്തിന് 1,730 കോടി രൂപയും വീടുകളുടെ നഷ്ടപരിഹാരത്തിന് 4,460 കോടി രൂപയും നീക്കിവെക്കും. ഏറ്റെടുക്കുന്ന ഭൂമിക്ക് ഗ്രാമപ്രദേശങ്ങളില്‍ മാര്‍ക്കറ്റ് വിലയുടെ നാലിരട്ടിയും നഗരപ്രദേശങ്ങളില്‍ രണ്ടിരട്ടിയും വരെ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ വാശിയോടെ മുന്നോട്ടാണെങ്കില്‍ യുദ്ധസമാനമായി അതിനെ നേരിടുമെന്ന് യു ഡി എഫും. പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായി സമരം നടത്താനും കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ സ്ഥിരം സമരവേദി ഒരുക്കാനുമാണ് ബുധനാഴ്ച തിരുവനന്തപുരത്തു ചേര്‍ന്ന യു ഡി എഫ് ഉന്നതതല യോഗ തീരുമാനം. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സ്ഥാപിച്ച അതിരടയാളക്കല്ലുകള്‍ പിഴുതെറിയുമെന്നും യോഗം പ്രഖ്യാപിച്ചു. മാടായിപ്പാറ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഇതിനകം കല്ലുകള്‍ പിഴുതെറിയുകയും ചെയ്തു. പദ്ധതി ചര്‍ച്ച ചെയ്യാന്‍ അടിയന്തരമായി നിയമസഭ ചേരണമെന്നും യു ഡി എഫ് ആവശ്യപ്പെടുന്നു. ഇതൊരു കോര്‍പറേറ്റ് പദ്ധതിയാണെന്നും യു ഡി എഫ് ആരോപിക്കുന്നു.
11 ജില്ലകളിലൂടെ കടന്നു പോകുന്നതും നിലവില്‍ 11 മണിക്കൂര്‍ വരുന്ന തിരുവനന്തപുരം-കാസര്‍കോട് യാത്രാസമയം നാല് മണിക്കൂറാക്കി ചുരുക്കുന്നതുമായ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയാണ് സില്‍വര്‍ ലൈന്‍. സംസ്ഥാന സര്‍ക്കാറും റെയില്‍വേയും ചേര്‍ന്നുള്ള കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷനാണ് (കെ-റെയില്‍) നടത്തിപ്പുകാര്‍. 63,941 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. തുക അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് വായ്പയായി എടുക്കും. ഇപ്പോള്‍ നഗരങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ജീവിതത്തില്‍ വലിയൊരു സമയം യാത്രക്കാണു ചെലവാകുന്നത്. യാത്രാ സമയം ഗണ്യമായി കുറക്കാനായാല്‍ യാത്രയില്‍ പാഴാകുന്ന സമയം വീടുകളിലോ തൊഴിലിടങ്ങളിലോ അവര്‍ക്കത് പ്രയോജനപ്പെടുത്താനും ജീവനക്കാരുടെ ഉത്പാദന ക്ഷമത കൂട്ടാനും സഹായിക്കും. സഞ്ചാര വേഗം കുറയുന്നത് നാടിന്റെ വികസന പുരോഗതിക്ക് തടസ്സം സൃഷ്ടിക്കും. ജോലി ആവശ്യാര്‍ഥം നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്കും ദിനംപ്രതി വീടണയാനും അതുവഴി നഗരങ്ങളിലെ തിക്കും തിരക്കും മലിനീകരണവും വന്‍തോതില്‍ കുറക്കാനും പുതിയ പാതയുടെ വരവോടെ സാധിക്കും. നിര്‍മാണ ഘട്ടത്തില്‍ 50,000 പേര്‍ക്ക് തൊഴില്‍, പദ്ധതി തുടങ്ങിയാല്‍ 11,000 പേര്‍ക്ക് തൊഴില്‍ തുടങ്ങി നിരവധി നേട്ടങ്ങളാണ് ഇതുസംബന്ധിച്ച് അധികൃതര്‍ക്ക് നിരത്തിവെക്കാനുള്ളത്.
അതേസമയം സില്‍വര്‍ ലൈന്‍ സാമ്പത്തികമായും സാമൂഹികമായും പാരിസ്ഥിതികമായും കേരളത്തിനു ദോഷം ചെയ്യുമെന്നാണ് പ്രതിപക്ഷം പറയുന്നത്. 530 കി.മീറ്റര്‍ വരുന്ന സില്‍വര്‍ ലൈനില്‍ ലഭ്യമായ രേഖകള്‍ പ്രകാരം 88 കിലോമീറ്റര്‍ പാടത്തിലൂടെയുള്ള ആകാശപാതയാണ്. മറ്റിടങ്ങളിലെല്ലാം പാതയുടെ ഇരുവശങ്ങളിലും 4-6 മീറ്റര്‍ ഉയരത്തില്‍ സുരക്ഷാഭിത്തി നിര്‍മിക്കും. ഇത് സംസ്ഥാനത്തെ രണ്ടായി വിഭജിക്കാന്‍ ഇടയാക്കും. ആയിരക്കണക്കിന് വീടുകളും പൊതുകെട്ടിടങ്ങളും ഇല്ലാതാകും. പാത കടന്നുപോകുന്ന ഭൂമിയില്‍ നല്ലൊരു ഭാഗം പരിസ്ഥിതിലോല പ്രദേശങ്ങളില്‍ വരുന്നതാണ്. ഇങ്ങനെ പരിസ്ഥിതിക്കും ജനങ്ങള്‍ക്കും കടുത്ത ആഘാതമാകും പദ്ധതിയെന്നാണ് അവരുടെ പക്ഷം. ചെലവ് കുറച്ചുകാട്ടിയും യാത്രക്കാരുടെ എണ്ണം പെരുപ്പിച്ചും വസ്തുതകള്‍ മറച്ചുവെച്ചുമാണ് സര്‍ക്കാര്‍ പദ്ധതി ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നതെന്നും യു ഡി എഫ് കുറ്റപ്പെടുത്തുന്നു. പ്രതിപക്ഷത്തിന്റെ ഈ എതിര്‍പ്പിനെ പ്രതിരോധിക്കാന്‍ 2011ലെ യു ഡി എഫ് പ്രകടന പത്രിക പൊക്കിക്കൊണ്ടു വന്നിരിക്കുകയാണ് എല്‍ ഡി എഫ് വൃത്തങ്ങള്‍. തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍വേയാണ്, വികസനവും കരുതലും എന്ന പേരില്‍ കൊച്ചിയില്‍ ഉമ്മന്‍ ചാണ്ടി പുറത്തിറക്കിയ അന്നത്തെ യു ഡി എഫ് വാഗ്ദാനങ്ങളിലെ ഒരു പ്രധാന ഇനം. കേരളത്തെ നെടുകെ പിളര്‍ക്കുമെന്നാരോപിക്കപ്പെട്ട ‘തെക്ക് വടക്ക് ഹൈസ്പീഡ് ട്രാന്‍സ്‌പോര്‍ട്ട് കോറിഡോര്‍’ ആയിരുന്നു മറ്റൊരു വാഗ്ദാനം.
എന്നാല്‍ യു ഡി എഫ് മാത്രമല്ല, ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പെടെ ബഹുജന സന്നദ്ധ സംഘടനകളും രംഗത്തു വന്നിട്ടുണ്ട് സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ. പദ്ധതിയുടെ ഡി പി ആര്‍ (വിശദപദ്ധതി രേഖ) പുറത്തുവിടാത്തതിലും സമഗ്ര പാരിസ്ഥിതിക പഠനം നടത്താതെ നടപ്പാക്കാനുള്ള നീക്കത്തിലും പൊതു സമൂഹത്തിനുമുണ്ട് ആശങ്ക. പദ്ധതി തുടങ്ങും വരെ ഡി പി ആര്‍ പുറത്തുവിടാനാകില്ലെന്ന കെ റെയിലിന്റെ നിലപാട് ദുരൂഹമാണ്. ഈ സാഹചര്യത്തില്‍ പൊതുസമൂഹത്തെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും വിളിച്ചുകൂട്ടി സില്‍വര്‍ ലൈന്‍ സംബന്ധിച്ച അവരുടെ സംശയങ്ങളും സന്ദേഹങ്ങളും ദൂരീകരിച്ച ശേഷമായിരിക്കണം പദ്ധതി നടത്തിപ്പിനും ഭൂമി ഏറ്റെടുക്കല്‍ പോലുള്ള പ്രക്രിയകള്‍ക്കും സര്‍ക്കാര്‍ മുന്നിട്ടിറങ്ങേണ്ടത്.
മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതുപോലെ തിരക്കേറിയ ഇന്നത്തെ ജനജീവിതത്തില്‍ അതിവേഗ യാത്രാ സംവിധാനങ്ങള്‍ ആവശ്യമാണെന്നതില്‍ സന്ദേഹമില്ല. എങ്കിലും അതിന്റെ വിശദാംശങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ ഒരു ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. പദ്ധതിയുടെ അതിരടയാളക്കല്ലുകള്‍ പിഴുതെറിയുന്നതു പോലുള്ള അക്രമാസക്തമായ പ്രതിഷേധ നടപടികളില്‍ നിന്ന് പ്രതിപക്ഷം പിന്തിരിയുകയും വേണം. പദ്ധതി സംസ്ഥാനത്തിനും ജനങ്ങള്‍ക്കും ഗുണത്തേക്കാളേറെ ദോഷകരമാണെന്ന് യു ഡി എഫിന് അഭിപ്രായമുണ്ടെങ്കില്‍ നിയമം കൈയിലെടുത്തല്ല, ബോധവത്കരണത്തിലൂടെ ജനങ്ങളെ തങ്ങളുടെ പക്ഷത്ത് അണിനിരത്തിയാണ് അതിനെ പ്രതിരോധിക്കേണ്ടത്.
source https://www.sirajlive.com/silver-line-no-worries.html
Post a Comment