മൂന്നാം തരംഗത്തെ ചെറുതായി കാണരുത്

രോഗവ്യാപനം കുറയുന്നതായി അധികൃതര്‍ അവകാശപ്പെടുമ്പോഴും മരണ നിരക്ക് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ് കൊവിഡ് മൂന്നാം തരംഗത്തില്‍ രാജ്യത്ത്. വെള്ളിയാഴ്ച മാത്രം 871 കൊവിഡ് മരണങ്ങളാണ് പുതിയതായി സ്ഥിരീകരിച്ചത്. ഒരു തവണ മാത്രമാണ് ഇതിന് മുമ്പ് മരണനിരക്ക് ഇത്രയും ഉയര്‍ന്നത്. വെള്ളിയാഴ്ച 2,35,532 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത ശമിച്ചതായും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.39 ശതമാനമായി കുറഞ്ഞുവെന്നുമാണ് കേന്ദ്ര ആരോഗ്യവകുപ്പിന്റെ അവകാശവാദം.

മൂന്നാം തരംഗം പ്രതീക്ഷിക്കപ്പെട്ടതാണ്. വായുവില്‍ കൂടി പടരുന്ന വൈറസ് മൂലമുള്ള മഹാമാരികള്‍ക്കെല്ലാം മൂന്ന് തരംഗങ്ങളുള്ളതായി പിന്നോട്ടു തിരിഞ്ഞു നോക്കുമ്പോള്‍ കാണാവുന്നതാണ്. ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനകാലത്ത് ലോകത്തെ പിടിച്ചുലച്ച സ്പാനിഷ് ഫ്‌ളൂ മുതല്‍ പടര്‍ന്ന സാംക്രമിക രോഗങ്ങളെല്ലാം രണ്ടും മൂന്നും തരംഗങ്ങളിലേക്ക് കടന്നിട്ടുണ്ട്. ജനിതകവ്യതിയാനം വന്ന വൈറസുകളാണ് പുതിയ തരംഗങ്ങള്‍ സൃഷ്ടിക്കുന്നത്. എന്നാല്‍ രാജ്യത്ത് വാക്‌സീന്‍ വിതരണം വേഗത്തില്‍ മുന്നേറുന്നതിനാല്‍ മൂന്നാം തരംഗം വലിയ പ്രതിസന്ധിയോ ഭീതിയോ സൃഷ്ടിക്കാനിടയില്ലെന്നും രണ്ടാം തരംഗത്തേക്കാള്‍ മികച്ച രീതിയില്‍ ഇതിനെ നേരിടാന്‍ കഴിയുമെന്നുമായിരുന്നു വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നത്. കൂടുതല്‍ പേര്‍ക്ക് വാക്‌സീന്‍ ലഭിക്കുന്നതോടെ രോഗബാധിതരുടെ എണ്ണം കുറയുകയും രോഗ പ്രതിരോധ ശേഷി വര്‍ധിക്കുകയും ചെയ്യുമെന്നായിരുന്നു ഡല്‍ഹി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയുടെ വിലയിരുത്തല്‍. രണ്ടാം തരംഗത്തിന്റെയത്ര തീവ്രത അടുത്ത ഘട്ടത്തിനുണ്ടാകില്ലെന്നു വൈറോളജി വിദഗ്ധന്‍ ഡോ. ഗഗന്‍ദീപ് കാംഗയും അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തെ വാക്‌സീനേഷന്‍ ഡോസുകളുടെ എണ്ണം 150 കോടി പിന്നിട്ടുവെന്നാണ് മൂന്നാഴ്ച മുമ്പ് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മണ്ഡാവിയ പറഞ്ഞത്. ഇപ്പോള്‍ 160 കോടിയെങ്കിലും എത്തിയിരിക്കണം. അതനുസരിച്ചു 18 വയസ്സിനു മുകളിലുള്ളവരില്‍ മിക്കവാറും പേര്‍ വാക്‌സീന്‍ സ്വീകരിച്ചു കഴിഞ്ഞു. എന്നിട്ടും എന്തുകൊണ്ടാണ് മൂന്നാം തരംഗം വന്‍തോതില്‍ വ്യാപിക്കുന്നതും മരണ നിരക്ക് വര്‍ധിക്കുന്നതും?

‘ശാസ്ത്രം ഒരുപാട് വളര്‍ന്നു. വാക്‌സീനുകളും ലഭ്യമാണ്. പക്ഷേ, നമുക്ക് പ്രവചിക്കാന്‍ കഴിയാത്തത് മനുഷ്യ സ്വഭാവമാണ്. ഈ മഹാമാരിക്കാലത്ത് മനുഷ്യരുടെ പെരുമാറ്റം നല്ല രീതിയിലല്ല പ്രകടമാകുന്നത്.’ എന്ന ഡോ. റോഷേല്‍ പി വാലന്‍സ്‌കിയുടെ (അമേരിക്കന്‍ രോഗ നിയന്ത്രണ പ്രതിരോധ കേന്ദ്രങ്ങളുടെ മേധാവി) വാക്കുകളില്‍ ഈ ചോദ്യത്തിനു ഉത്തരമുണ്ട്. മൂന്നാം തരംഗത്തിന്റെ വരവും വ്യാപനവും ആളുകളുടെ പെരുമാറ്റത്തെയും ജാഗ്രതയെയും ആശ്രയിച്ചിരിക്കുന്നുവെന്നാണ് ഡോ. റോഷേല്‍ പറഞ്ഞതിന്റെ പൊരുള്‍. രോഗികളുമായുള്ള സമ്പര്‍ക്കവും അടുത്ത ഇടപഴകലുമാണ് രോഗം പകര്‍ത്തുന്നത്. സാമൂഹിക അകലം പാലിക്കുന്നതിലും മാസ്‌ക് ധരിക്കുന്നതിലും മറ്റു പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ആളുകള്‍ ശ്രദ്ധപുലര്‍ത്തിയതു കൊണ്ടാണ് രണ്ടാം ഘട്ടം നിയന്ത്രിക്കാനായത്. അന്നത്തെ ശ്രദ്ധ മൂന്നാം ഘട്ടത്തില്‍ മിക്കപേരും കാണിക്കുന്നില്ല. ഉത്തരവാദപ്പെട്ടവര്‍ തന്നെ മാസ്‌ക് ധരിക്കാതെയും അകലം പാലിക്കാതെയും പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുകയും ആള്‍ക്കൂട്ടങ്ങള്‍ക്ക് ഇടയാക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. രണ്ടാം തരംഗം പിന്നിട്ടതോടെ ജനങ്ങളില്‍ രോഗത്തെക്കുറിച്ചുള്ള ഭീതി തീരെ ഇല്ലാതായിട്ടുണ്ട്. കാര്യങ്ങള്‍ ഈ നിലയില്‍ മുന്നോട്ട് പോയാല്‍ രോഗവ്യാപന തോത് ഇനിയും ഉയരുമോ എന്നു ആശങ്കിക്കേണ്ടതുണ്ട്. ഫെബ്രുവരിയോടെ ഒരാളില്‍ നിന്ന് ആറ് പേരിലേക്ക് എന്ന കണക്കിലേക്ക് ഉയരാനുള്ള സാധ്യതയുണ്ടെന്നും രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഇനിയും കുതിച്ചുയര്‍ന്നേക്കാമെന്നുമാണ് മദ്രാസ് ഐ ഐ ടിയില്‍ നടത്തിയ പരിശോധനയിലെ നിഗമനം.

പല സംസ്ഥാനങ്ങളിലും വിശിഷ്യാ ഉത്തരേന്ത്യയില്‍ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും രോഗവ്യാപന തീവ്രതക്കിടയാക്കി. രണ്ടാം തരംഗം നേരിടുന്നതിനായി 2021 ജൂലൈ എട്ടിന് 25,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു കേന്ദ്ര സര്‍ക്കാര്‍. ആശുപത്രികളില്‍ കിടക്കകളുടെ എണ്ണം കൂട്ടല്‍, ഓക്്‌സിജന്റെ ലഭ്യതയും വിതരണവും മെച്ചപ്പെടുത്തല്‍, അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ അവശ്യമരുന്നുകളുടെ ശേഖരണം, ഐ സി യുവില്‍ ഉള്‍പ്പെടെ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങല്‍ തുടങ്ങിയവയാണ് പാക്കേജിലൂടെ ലക്ഷ്യമിട്ടത.് അത് ഫലപ്രദമായി നടപ്പാക്കുന്നതിനു പല സംസ്ഥാനങ്ങള്‍ക്കും സാധിച്ചിട്ടില്ല. പല ആശുപത്രികളിലും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആവശ്യമായ ജീവനക്കാരില്ലാത്തതും പ്രശ്‌നമാണ്. രാജ്യത്തെ ആരോഗ്യ മേഖല നേരിടുന്ന മുഖ്യപ്രശ്‌നമാണ് ഡോക്ടര്‍മാരുടെ കുറവ്.
കേരളമുള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ മൂന്നാം തരംഗത്തിന്റെ സാമൂഹിക വ്യാപനം ഉണ്ടായതായി സന്ദേഹിക്കുന്നുണ്ട് ആരോഗ്യ വിദഗ്ധര്‍. രോഗലക്ഷണങ്ങളില്ലാത്ത പോസിറ്റീവ് കേസുകള്‍ നിരവധി റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വെള്ളിയാഴ്ച 54,537 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഈ മാസം 25 മുതല്‍ 28 വരെയുള്ള നാല് ദിവസത്തിനകം 2,11,522 പേരാണ് സംസ്ഥാനത്ത് രോഗ ബാധിതരായത്.

വിവിധ ജില്ലകളിലായി അഞ്ച് ലക്ഷത്തോളം പേര്‍ നിരീക്ഷണത്തിലുമാണ്. മൊത്തം മരണം 52,786 ആയി ഉയര്‍ന്നു. എറണാകുളം, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് രോഗികളില്‍ ഏറെയും. രോഗം സ്ഥിരീകരിച്ചവരില്‍ 3.6 ശതമാനം മാത്രമാണ് ആശുപത്രികളിലുള്ളതെന്നതാണ് ആശ്വാസകരം. ഫെബ്രുവരി പകുതിയോടെ സംസ്ഥാനത്ത് രോഗവ്യാപനം കുറയുമെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ അവകാശവാദം. രണ്ടാം തരംഗം നേരിടാന്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്തുമ്പോള്‍, സംസ്ഥാനത്ത് ലോക്ക്്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

പൂര്‍ണമായ അടച്ചിടല്‍ ജനജീവിതത്തെയും സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെയും ബാധിക്കുമെന്നതു കൊണ്ടാണ് അത് വേണ്ടെന്നു വെച്ചതും സമ്പൂര്‍ണ അടച്ചിടല്‍ ഞായറാഴ്ചകളില്‍ മാത്രമായി പരിമിതപ്പെടുത്തിയതും. ജനങ്ങള്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ സാമൂഹിക വ്യാപനവും രോഗബാധയും അനിയന്ത്രിതമായേക്കും.



source https://www.sirajlive.com/do-not-underestimate-the-third-wave.html

Post a Comment

Previous Post Next Post