ഒളിച്ചോടുന്ന പെണ്‍കുട്ടികള്‍: പ്രതിക്കൂട്ടിലാരാണ്?

കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ ഒളിച്ചോടുകയും അപ്രത്യക്ഷമാകുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്. 18 വയസ്സിനു താഴെയുള്ളവരാണ് ഇവരിലേറെയും. വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ബുധനാഴ്ച ആറ് പെണ്‍കുട്ടികളാണ് ഒളിച്ചോടി ബെംഗളൂരുവിലെത്തിയത്. രണ്ട് മാസം മുമ്പാണ് കോട്ടയത്ത് നിന്ന് പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ഥിനികള്‍ കൗമാരക്കാരനായ ബസ് കണ്ടക്ടര്‍ക്കൊപ്പം ഒളിച്ചോടിയത്. ബെംഗളൂരുവിലേക്ക് പോകാനായി തിരുവനന്തപുരത്തെത്തിയ ഇവരെ തമ്പാനൂരിലെ ഒരു ലോഡ്ജില്‍ നിന്നാണ് പോലീസ് പിടികൂടിയത്. സെപ്തംബര്‍ തുടക്കത്തിലാണ് ഇടുക്കി മുരിക്കാശ്ശേരിയിലെ യുവതി വിവാഹ ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം കടന്നു കളഞ്ഞത്. വിവാഹത്തിനുള്ള വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് ചര്‍ച്ചിലെ പ്രാര്‍ഥനയില്‍ പങ്കെടുത്ത ശേഷമായിരുന്നു കുടുംബത്തെ കബളിപ്പിച്ച് ആ യുവതി മുങ്ങിയത്. തൃശൂര്‍ പഴുവില്‍ സ്വദേശിയായ ഒരു യുവതി വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് ആഭരണങ്ങളുമായി മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയത്. നവംബര്‍ ഒന്നിനായിരുന്നു സംഭവം. ഇങ്ങനെയെത്രയെത്ര ഒളിച്ചോട്ടങ്ങള്‍.
എന്തുകൊണ്ടാണ് നൊന്തുപെറ്റ മാതാവിനെയും ചോരനീരാക്കി വളര്‍ത്തിയ പിതാവിനെയും സ്നേഹവും അന്നവും അഭയവും നല്‍കി സംരക്ഷിച്ച പ്രിയപ്പെട്ടവരെയും ഉപേക്ഷിച്ച് പെണ്‍കുട്ടികള്‍ ഒളിച്ചോടുന്നത്? ഇവര്‍ എവിടെ പോകുന്നു? സംസ്ഥാനത്ത് പ്രതിവര്‍ഷം ശരാശരി 180നു മുകളില്‍ പെണ്‍കുട്ടികളെ കാണാതാകുന്നുണ്ടെന്നാണ് സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ആറ് വര്‍ഷം മുമ്പത്തെ കണക്ക്.

2008ല്‍ 166, 2009ല്‍ 173, 2010ല്‍ 184, 2011ല്‍ 221, 2012ല്‍ 214, 2013ല്‍ 185, 2014ല്‍ 145 എന്നിങ്ങനെയാണ് കാണാതായതോ ഒളിച്ചോടിയതോ ആയ പെണ്‍കുട്ടികളുടെ പോലീസ് റെക്കോര്‍ഡിലുള്ള എണ്ണം. 2016 മെയ് മുതല്‍ 2019 വരെ 578 കുട്ടികളെ കാണാതായതായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ ഗണ്യഭാഗവും കൗമാരക്കാരായ പെണ്‍കുട്ടികളാണ്. മാതാപിതാക്കളില്‍ നിന്ന് വേണ്ടത്ര സ്‌നേഹം ലഭിക്കായ്ക, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ സൗഹൃദക്കുരുക്ക്, ചില്‍ഡ്രന്‍സ് ഹോമുകളിലെ പീഡനം തുടങ്ങിയവയാണ് ഒളിച്ചോട്ടത്തിന് മനഃശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍.

കുട്ടികളെ സ്‌നേഹിക്കേണ്ടതെങ്ങനെ എന്നറിയില്ല പല രക്ഷിതാക്കള്‍ക്കും. മക്കള്‍ പറയുന്നതൊക്കെ വാങ്ങിക്കൊടുത്താല്‍ സ്‌നേഹമായി എന്നു കരുതുന്നവരാണ് രക്ഷിതാക്കളില്‍ ഗണ്യവിഭാഗവും. ഇത് സ്‌നേഹപ്രകടനത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ ആകുന്നുള്ളൂ. വളര്‍ച്ചയുടെയും മാറ്റത്തിന്റെയും ഘട്ടമാണ് കൗമാരം. ബാല്യത്തിനും യൗവനത്തിനുമിടയിലെ ഈ ഘട്ടത്തിലാണ് വ്യക്തികളില്‍ മാനസികവും ശാരീരികവും ലൈംഗികവുമായ വികാസം സംഭവിക്കുന്നത്. കുട്ടികള്‍ സ്വന്തമായ വ്യക്തിത്വം രൂപവത്കരിക്കേണ്ട ഈ പ്രായത്തില്‍ വഴിതെറ്റാനുള്ള സാധ്യത ഏറെയാണ്. വഴിപിഴപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയവരും ഓണ്‍ലൈന്‍ കഴുകന്മാരും ധാരാളമുള്ള ഇന്നത്തെ കാലത്ത് വിശേഷിച്ചും. മാതാപിതാക്കളുടെ പ്രത്യേക ശ്രദ്ധ കൂടുതല്‍ ആവശ്യവുമാണ് ഈ സമയത്ത്. കുട്ടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവര്‍ക്കൊപ്പം മാതാപിതാക്കളും ഉണ്ടാകണം. കുട്ടികളുടെ ആഗ്രഹങ്ങള്‍, സുഹൃത്തുക്കള്‍, ഒഴിവു നേരങ്ങള്‍ എങ്ങനെ എവിടെ ചെലവഴിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം. കുട്ടികളുമായി സംസാരിക്കാനും ആശയവിനിമയം നടത്താനും അല്‍പ്പ സമയമെങ്കിലും കണ്ടെത്തണം.

കുട്ടികളുടെ നല്ല സുഹൃത്തായി മാതാപിതാക്കള്‍ മാറണം. മാതാപിതാക്കളും കുട്ടികളും തമ്മില്‍ ആശയ വിനിമയത്തിലുണ്ടാകുന്ന കുറവാണ് ഒളിച്ചോട്ടത്തിനു പ്രധാന കാരണമെന്ന് ഇത്തരത്തിലുള്ള നിരവധി കുട്ടികളുമായി സംസാരിക്കാന്‍ അവസരം ലഭിച്ച മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ കെ സി റോസക്കുട്ടി ചൂണ്ടിക്കാട്ടുന്നു.
മിക്കപ്പോഴും ജീവനക്കാരുടെ മോശം പെരുമാറ്റവും പീഡനവുമാണ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ ഒളിച്ചോട്ടത്തിന് ഇടയാക്കുന്നത്. ഇതിനിടെ എറണാകുളം സര്‍ക്കാര്‍ ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമിലെ 20 അന്തേവാസിനികള്‍ കെട്ടിടത്തിന് മുകളില്‍ കയറി കൂട്ട ആത്മഹത്യാ ഭീഷണി മുഴക്കിയത് വാര്‍ത്താ പ്രാധാന്യം നേടിയതാണ്. ജീവനക്കാരില്‍ നിന്നുള്ള മാനസിക പീഡനവും പെരുമാറ്റ ദൂഷ്യവും അവസാനിപ്പിക്കുക, മെച്ചപ്പെട്ട ആഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അവര്‍ സമരം ചെയ്തത്. സംസ്ഥാനത്തെ ഒട്ടേറെ ചില്‍ഡ്രന്‍സ് ഹോമുകളില്‍ അന്തേവാസികള്‍ ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനങ്ങള്‍ നേരിടുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. വെള്ളിമാടുകുന്നിലെ ഒളിച്ചോട്ടത്തിനു പിന്നില്‍ ഇത്തരം ദുരനുഭവങ്ങളാണോ എന്ന അന്വേഷണത്തിലാണ് പോലീസ്.

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ സൗഹൃദ കുരുക്കില്‍പ്പെട്ട് വീടുവിട്ട് ഇറങ്ങിപ്പോകുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ സമീപകാലത്ത് വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. മാതാപിതാക്കള്‍ തന്നെയാണ് ഇതിനു പ്രധാന ഉത്തരവാദികള്‍. തിരക്കുകള്‍ മൂലം കുട്ടികളുമായി ശരിയായ രീതിയില്‍ ആശയവിനിമയം നടത്താന്‍ സാധിക്കാത്ത മാതാപിതാക്കള്‍ കുട്ടികളുടെ സന്തോഷത്തിനായി മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുമടക്കം അവര്‍ ആവശ്യപ്പെടുന്നതൊക്കെയും വാങ്ങിക്കൊടുക്കുന്നു. ഇതുവഴി സമൂഹ മാധ്യമങ്ങളുമായി കൂടുതല്‍ അടുക്കുന്ന കുട്ടികളാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ ചതിയില്‍പ്പെട്ട് തനിയെ ഇറങ്ങിപ്പോകുന്നത്.

ഒളിച്ചോടുന്നവരില്‍ പലരെയും അന്വേഷണ ഏജന്‍സികളുടെയും മറ്റും സഹായത്തോടെ കണ്ടെത്തി തിരികെ കൊണ്ടുവരാനാകുന്നുണ്ടെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷവും ഒരു വിവരവുമില്ലാത്തവരുമുണ്ട് ധാരാളം. ഇവര്‍ എവിടെയായിരിക്കുമെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരമില്ല. വേശ്യാലയങ്ങളിലായിരിക്കാം. ദൂര ദേശങ്ങളിലെ ഏതെങ്കിലും വീടുകളിലോ സ്ഥാപനങ്ങളിലോ വേലക്ക് നിയോഗിക്കപ്പെട്ടിരിക്കാം. പീഡിപ്പിച്ചു കൊന്നുകളഞ്ഞിരിക്കാം. കുട്ടികളെ കാണാതായെന്ന ഓരോ വാര്‍ത്തയും ഓരോ ഇടിത്തീയാണ്. വിശേഷിച്ചും കുടുംബത്തിന്. സൈബര്‍ മേഖലയില്‍ നിതാന്ത ജാഗ്രതയും കുട്ടികളെ വളര്‍ത്തുന്നതില്‍ പ്രത്യേക ശ്രദ്ധയും ശാസ്ത്രീയമായ സമീപനവുമാണ് ഇതിന് ഒരളവോളമെങ്കിലും പരിഹാരം.



source https://www.sirajlive.com/fugitive-girls-who-are-the-defendants.html

Post a Comment

Previous Post Next Post