വ്യാപനത്തിന്റെ വേഗത്തിന്റെ കാര്യത്തില്‍ രാജ്യത്തെ കൊവിഡ് മൂന്നാം തരംഗം മുമ്പുണ്ടായ എല്ലാ വകഭേദങ്ങളെയും പിന്നിലാക്കി കുതിക്കുകയാണ്. മൂന്നാം തരംഗത്തിന് കാരണക്കാരാണെന്ന് കരുതപ്പെടുന്ന ഒമിക്രോണ്‍ വകഭേദം മൂലമുണ്ടാകുന്ന കൊവിഡ് കേസുകള്‍ ദിവസേന കൂടിക്കൊണ്ടിരിക്കുന്നു. വളരെ ശ്രദ്ധയോടെ പ്രതിരോധം ശക്തമാക്കിയിരുന്ന മുമ്പുള്ള അവസ്ഥയില്‍ പൊതുവെ അത്ര വ്യാപന ശേഷിയില്ലെന്ന് (ഒമിക്രോണ്‍ വകഭേദത്തെ അപേക്ഷിച്ച്) കരുതിയിരുന്നവയെ വലിയ പരുക്കില്ലാതെ നാം അതിജീവിച്ചു. ആ കാലം നല്‍കിയ കഷ്ടനഷ്ടങ്ങളില്‍ നിന്ന് ഏതുവിധേനയും കരകയറുന്ന നിര്‍ണായകമായ ഘട്ടത്തിലാണ് അതിതീവ്ര വ്യാപന ശേഷിയുള്ള ഒമിക്രോണ്‍ വകഭേദത്തിന്റെ വരവ് എന്നത് ഏറെ ആശങ്കാജനകമാണ്.
വലിയ ശ്രദ്ധ വേണ്ട സന്ദര്‍ഭം
കൊവിഡിന്റെ ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ ആശുപത്രിയില്‍ പോയി ടെസ്റ്റ് ചെയ്ത്, പോസിറ്റീവ് ആണെന്ന് കണ്ടാല്‍ രണ്ടാഴ്ച വീടുകളില്‍ കഴിയുകയും, ലക്ഷണങ്ങള്‍ കഠിനമെങ്കില്‍ ആശുപത്രികളില്‍ ചികിത്സ നേടുകയും ചെയ്യുന്ന പൊതുരീതികളില്‍ സര്‍ക്കാര്‍ തന്നെ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കൊവിഡ് രോഗങ്ങള്‍ പിടിപെടുന്ന സാഹചര്യത്തില്‍ ഗൃഹപരിചരണത്തിനാണ് ഇപ്പോള്‍ ഏറെ ഊന്നല്‍ നല്‍കുന്നത്. ഗൗരവമായ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം ആശുപത്രികളെ സമീപിക്കാനാണ് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ഇത്തരത്തില്‍ വീടുകളില്‍ പരിചരണം നേടുമ്പോഴും പുറത്തുനിന്നുള്ളവരുടെ സാന്നിധ്യം പൂര്‍ണമായും ഒഴിവാക്കേണ്ടതുമുണ്ട്.
ഒമിക്രോണിന്റെ സ്വഭാവം അതിന്റെ അതിവേഗത്തിലുള്ള വ്യാപനമാണല്ലോ. പുതിയ ഒരു ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറയുന്നത് അടുത്തടുത്ത മുറികള്‍ തമ്മില്‍ വായുസഞ്ചാരത്തിനുള്ള സാധ്യതയുണ്ടെങ്കില്‍ അവിടെ ഇരിക്കുന്നവര്‍ക്ക് പരസ്പരം ഒമിക്രോണ്‍ പകരാം എന്നതാണ്. അതായത്, നമ്മുടെ സാനിറ്റൈസറും സാമൂഹിക അകലവുമൊക്കെ പ്രതിരോധിക്കാന്‍ പോലും ഒരുവേള ഒമിക്രോണിന് കഴിഞ്ഞേക്കാം എന്നര്‍ഥം. ഇതിലൂടെ നാം മനസ്സിലാക്കേണ്ടത് ഇനി മുന്‍കരുതലുകളൊന്നും വേണ്ട എന്നല്ല. പകരം അവയൊക്കെ കൂടുതല്‍ ശക്തമായി പാലിച്ചേ മതിയാകൂ എന്നതുതന്നെയാണ്.
വ്യാപന ശേഷി എന്നതിനപ്പുറം ഒമിക്രോണ്‍ വളരെ വിരളമായി മാത്രമേ മരണവും കൂടുതല്‍ രോഗലക്ഷണങ്ങളും ഉണ്ടാക്കുന്നുള്ളൂ. മുമ്പുണ്ടായിരുന്ന വകഭേദങ്ങള്‍ പോലെ രുചിവ്യത്യാസമോ ഗന്ധമില്ലായ്മയോ ഒക്കെ ഓമിക്രോണിന്റെ കാര്യത്തില്‍ വളരെ കുറവായാണ് കാണപ്പെടുന്നത്. വെറുമൊരു പനി പോലെ മാത്രം ഇവ അനുഭവപ്പെടുമ്പോള്‍ ഇനിയും എന്തിനു വീട്ടില്‍ ചടഞ്ഞുകൂടിയിരിക്കണം എന്ന തെറ്റായ ചിന്ത ആളുകളില്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍, ഇവ പടര്‍ന്നു പിടിക്കുകവഴി നമ്മുടെ കുറെയേറെ നല്ല ദിനങ്ങളാണ് നഷ്ടപ്പെടുന്നത്. ആരിലാണ് ഇവ മാരകമാകുന്നതെന്ന് മുന്‍കൂട്ടി നിശ്ചയിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമാകുന്നുമുണ്ട്. അതുകൊണ്ട് നമ്മള്‍ ഈയൊരു തവണകൂടി ജീവന്റെ വിലയുള്ള ജാഗ്രത കാത്തുസൂക്ഷിച്ചേ മതിയാകൂ.
പൊതുജനത്തിന്റെ ആശയക്കുഴപ്പം
പൊതുവെ ജനങ്ങള്‍ ഒരുതരം ആശയക്കുഴപ്പത്തിലാണ്. ശക്തമായ മൂന്നാം തരംഗത്തില്‍ പ്രതിരോധം ശക്തമാക്കണോ അതോ കൈവിട്ട ജീവിതം തിരികെ പിടിക്കണോ എന്ന നിര്‍ണായക വേളയിലാണ് ജനങ്ങള്‍ ഇന്ന് നില്‍ക്കുന്നത്. അടച്ചിടലിനും വാരാന്ത ലോക്ക്ഡൗണിനുമൊക്കെ ശേഷം കച്ചവടവും മറ്റു തൊഴില്‍ മേഖലകളും ഉണര്‍ന്നുവരുന്നതേയുള്ളൂ. തൊഴിലില്ലായ്മയും രോഗാതുരതയും മൂലം എത്രയോ കുടുംബങ്ങള്‍ ആത്മഹത്യ ചെയ്തു. ഇപ്പോഴും എത്രയോ പേര്‍ ആത്മഹത്യയുടെ വക്കിലുമാണ്. കഴിഞ്ഞുപോയ ദുരന്ത കാലത്തിനെ ഒരു ദുസ്സ്വപ്നമായി കണക്കാക്കി മെല്ലെ മെല്ലെ തൊഴില്‍ മേഖല ഉണര്‍ന്നപ്പോഴാണ് വെള്ളിടി പോലെ മൂന്നാം തരംഗം വന്നുവീഴുന്നത്. ആദ്യ കാലങ്ങളില്‍ കൊവിഡ് വാര്‍ത്തകളെ ഒന്നാം പേജില്‍ പ്രാധാന്യത്തോടെ ചിത്രീകരിച്ചിരുന്ന മാധ്യമങ്ങള്‍ പോലും മൂന്നാം തരംഗത്തെ ലഘുവായി കൈകാര്യം ചെയ്യുന്നത്, അവ ഇനിയും സമൂഹത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന ഭീതിജനകമായ സാമ്പത്തിക-സാമൂഹിക തകര്‍ച്ചകൂടി മുന്നില്‍ കണ്ടിട്ടാവണം.
സ്‌കൂളുകള്‍ പൂട്ടണമോ?
ഒമിക്രോണ്‍ ഭീഷണിയെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി പ്രതിരോധിക്കുന്നതിനെ ലോകബേങ്കിന്റെ ആഗോള വിദ്യാഭ്യാസ ഡയറക്ടറായ ജെയ്മി സാവേദ്ര ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഇന്ത്യയില്‍ പഠന ദാരിദ്ര്യം അതീവ രൂക്ഷമാണെന്നും ഈയവസരത്തില്‍ കൊവിഡ് വ്യാപനത്തിന്റെ പേരില്‍ സ്‌കൂളുകള്‍ അടച്ചിടുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ ടീമും സ്‌കൂളുകളും കൊവിഡ് വ്യാപനവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പഠിച്ചതിന്റെ വെളിച്ചത്തിലാണ് അഭിപ്രായപ്രകടനം നടത്തിയത്. കുട്ടികളില്‍ കൊവിഡ് വ്യാപനം താരതമ്യേന കുറവാണ് എന്നതും അദ്ദേഹത്തിന്റെ വാദങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.
നമ്മുടെ സര്‍ക്കാറിനെ സംബന്ധിച്ച് ആളുകള്‍ കൂടുന്ന സന്ദര്‍ഭങ്ങള്‍ എല്ലാം ഒഴിവാക്കുക എന്നതല്ലാതെ മറ്റൊരു വഴിയും മുന്നിലില്ല എന്നതാണ് സത്യം. അത്തരത്തില്‍ പരിശോധിക്കുമ്പോള്‍ സ്‌കൂളുകള്‍ തന്നെയാണ് ഏറ്റവുമധികം ആളുകള്‍ കൂടുന്ന പ്രദേശങ്ങളും. എന്നാല്‍ ഇനിയും സ്‌കൂളുകള്‍ അടച്ചുപൂട്ടി മേല്‍ സൂചിപ്പിച്ച പഠനദാരിദ്ര്യത്തിന്റെ തോത് വല്ലാതെ കൂടിക്കൊണ്ടിരുന്നാല്‍ നമ്മുടെ കുട്ടികളുടെ ഭാവി എന്തായിത്തീരും എന്നതിനെക്കുറിച്ചുകൂടി നാം ആലോചിക്കേണ്ടിയിരിക്കുന്നു. മുഴുവനായി ഒരു അടച്ചിടല്‍ കേരളത്തെ സംബന്ധിച്ച് ഇനി സാധ്യമല്ല. കാരണം അങ്ങനെയൊരു നിശ്ചലാവസ്ഥ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്നുവരാം. പക്ഷേ, കൃത്യമായ മുന്‍കരുതലുകളോടുകൂടി മാത്രമേ സ്‌കൂളുകളിലായാലും അധ്യയനം നടത്താന്‍ പാടുള്ളൂ. കുട്ടികള്‍ക്ക് ഷിഫ്റ്റ് സമ്പ്രദായം നല്‍കിയും പഠന സിലബസുകള്‍ ക്രമീകരിച്ചും സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അധ്യാപകര്‍ മുന്‍കൈ എടുക്കണം. ഓണ്‍ലൈന്‍ പഠനം കൂട്ടികള്‍ ഏതാണ്ട് പൂര്‍ണമായും മടുത്ത മട്ടുതന്നെയാണ്. അതില്‍ നിന്ന് ഒരു വിടുതല്‍ ലഭിച്ചതിനു ശേഷം വീണ്ടും അതിലേക്കുള്ള ഒരു മടക്കം കുട്ടികളെ സംബന്ധിച്ച് വലിയ ആഘാതമാകും സമ്മാനിക്കുക.
കൂടാതെ ഇതുമൂലം ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ രക്ഷാകര്‍ത്താക്കളിലൂടെ വിദ്യാര്‍ഥികള്‍ കൂടി അഭിമുഖീകരിക്കേണ്ടിവരുന്നു. അവര്‍ സ്‌കൂളുകളില്‍ പോകുമ്പോള്‍ അത്തരത്തിലുള്ള സമ്മര്‍ദങ്ങള്‍ ഒരുപരിധിവരെ കൂട്ടുകാരുടെ സാമീപ്യത്തില്‍ കുറക്കാനാകും. എന്നാല്‍ വീണ്ടും വീടുകളില്‍ തളച്ചിടപ്പെടുമ്പോള്‍ അവര്‍ അഭിമുഖീകരിക്കാന്‍ പോകുന്ന സാമ്പത്തിക വ്യഥകളുടെ അനുഭവങ്ങള്‍ കൂടി അവരെ വലിയ മാനസിക പ്രശ്നങ്ങളിലേക്ക് തള്ളിവിടും എന്നകാര്യത്തില്‍ സംശയം വേണ്ട. അതിനാല്‍ വളരെ പ്രാധാന്യമുള്ള കുട്ടികളുടെ ഈ വിഷയത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. സ്‌കൂളുകള്‍ പൂട്ടുന്ന വിഷയത്തില്‍ ഗഹനമായ ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം മാത്രം ഒരു തീരുമാനം കൈക്കൊള്ളുന്നതാകും ഉചിതം.
വീണ്ടുമൊരു ഓണ്‍ലൈന്‍ കാലം
ഓമിക്രോണിന്റെ വരവ് മറ്റൊരു ഓണ്‍ലൈന്‍ കാലത്തിലേക്കാണ് നമ്മളെ കൊണ്ടുപോകുന്നതെന്ന് സ്പഷ്ടം. വിദ്യാഭ്യാസ മേഖലയില്‍ മാത്രമല്ല, തൊഴില്‍ മേഖലയിലും മുമ്പ് കടന്നുപോയ ഓണ്‍ലൈന്‍ ജീവിതത്തിലൂടെ കുറച്ചുനാളെങ്കിലും കൂടി നാം കടന്നുപോകേണ്ടി വരുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്. അപ്പോഴൊക്കെയും ഓണ്‍ലൈന്‍ കാലത്ത് നേരത്തേയുണ്ടായ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരും. ഒന്നാമതായി ഇന്റര്‍നെറ്റുവഴി ചെയ്യാന്‍ കഴിയുന്ന തൊഴിലുകള്‍ മാത്രമാണല്ലോ ഓണ്‍ലൈനിലൂടെ ചെയ്യാന്‍ കഴിയുന്നത്. അത് സമൂഹത്തില്‍ രണ്ട് തരം പൗരന്മാരെ സൃഷ്ടിച്ചിരുന്നു എന്നത് ഒരു സാമൂഹിക പ്രശ്നം തന്നെയായിരുന്നു. അധ്യാപകര്‍ക്ക് ക്ലാസ്സുകള്‍ ഓണ്‍ലൈനിലൂടെ കൈകാര്യം ചെയ്യാം. ഐ ടി പ്രൊഫഷനലുകള്‍ക്ക് മുമ്പ് ചെയ്തിരുന്നതു പോലെ തന്നെ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ലഭിക്കും. അവര്‍ക്ക് പൂര്‍ണമായും ഓണ്‍ലൈനില്‍ സമയം ചെലവഴിക്കേണ്ടി വരും. കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഇതുമൂലം ഉണ്ടാകുന്നുണ്ട്. പ്രധാനമായും കണ്ണിനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍, നിരന്തരമായി ഇരിക്കുന്നതുമൂലം ഉണ്ടാകുന്ന നട്ടെല്ല് സംബന്ധമായ പ്രശ്നങ്ങള്‍ മുതലായവ. ചുരുക്കത്തില്‍ ഇനിയുമൊരു ഓണ്‍ലൈന്‍ കാലത്തിലേക്ക് മടങ്ങാന്‍ ഒരാള്‍ക്കും താത്പര്യം ഉണ്ടായിരിക്കില്ല. എങ്കില്‍പ്പോലും ഇത്തരമൊരു വ്യാപനത്തിന്റെ അവസ്ഥയില്‍ നമ്മുടെ മുന്നില്‍ മറ്റൊരു പോംവഴി ഇല്ല എന്നതാണ് വാസ്തവം. ഇവക്കൊപ്പം തന്നെ കുട്ടികള്‍ക്ക് വാക്സീന്‍ നല്‍കുന്ന ശ്രമങ്ങള്‍ക്ക് മൂന്നാം വ്യാപനം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സ്‌കൂളുകളും കോളജുകളുമൊക്കെ പൂട്ടുന്ന ഈ അവസ്ഥയില്‍ ഇനി എങ്ങനെ അക്കാര്യത്തില്‍ മുന്നോട്ടു പോകും എന്നത് വലിയ ചോദ്യചിഹ്നമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഇനി തീര്‍ച്ചയായും ഒരു പിന്തിരിഞ്ഞു പോകലിന് സാധ്യത തീരെയില്ല. നമ്മള്‍ അതിജീവിക്കാന്‍ തയ്യാറെടുക്കേണ്ടതുണ്ട്. അടച്ചിടേണ്ടവ മാത്രം കൃത്യമായി അടച്ചിട്ടുകൊണ്ട്, പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മേഖലകളെ അത്യന്തം മുന്‍കരുതല്‍ സ്വീകരിച്ചുകൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. കൊവിഡ് നേരിട്ടല്ലാതെ പരോക്ഷമായി നഷ്ടങ്ങള്‍ വരുത്തിയ വിദ്യാഭ്യാസ രംഗത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണം. കൂടുതല്‍ പഠനം നടത്തി, ഇനിയൊരു മുരടിപ്പിന് വിട്ടുകൊടുക്കാതെ നമ്മുടെ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തിയേ മതിയാകൂ.
source https://www.sirajlive.com/third-expansion-and-learning-poverty.html
Post a Comment