ഗാനരചയിതാവ് എസ് വി ഉസ്മാന്‍ അന്തരിച്ചു

പയ്യോളി | കവിയും ഗാനരചയിതാവുമായ എസ് വി ഉസ്മാന്‍ (76) അന്തരിച്ചു. ശ്വാസതടസ്സം കാരണം ഒരാഴ്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി എട്ടോടെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് രാവിലെ 9.30ന് കോട്ടക്കല്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

എരഞ്ഞോളി മൂസ, പീര്‍ മുഹമ്മദ് എന്നിവര്‍ ആലപിച്ച ഹിറ്റ് ഗാനങ്ങളില്‍ പലതും എസ് വിയുടെ രചനയായിരുന്നു. ‘മധുവര്‍ണ പൂവല്ലേ’, ‘അലിഫ് കൊണ്ട് നാവില്‍ മധുപുരട്ടിയോനെ’, ‘ഇന്നലെ രാവിലെന്‍ മാറത്തുറങ്ങിയ’ തുടങ്ങിയ നിരവധി ഗാനങ്ങള്‍ ശ്രദ്ധേയമായി. ബലിമൃഗങ്ങളുടെ രാത്രി, അധിനിവേശ കാലത്തെ പ്രണയം എന്നീ കവിതാ സമാഹാരങ്ങളും പുറത്തിറക്കിയിരുന്നു. മൂന്നാമത്തെ കവിതാ സമാഹാരമായ ‘വിത’യുടെ പണിപ്പുരയിലായിരിക്കെയാണ് വേര്‍പാട്. നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കവിതകള്‍ എഴുതിയിരുന്നു. നിരവധി പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായിരുന്നു.

ഭാര്യ: ചെറിയ പുതിയോട്ടില്‍ സുഹറ. മക്കള്‍: മെഹറലി (കോഴിക്കോട് യൂനിവേഴ്സിറ്റി), തസ്‌ലീമ, ഗാലിബ (സഊദി), ഹുസ്ന. മരുമക്കള്‍: ജമീല (അധ്യാപിക, കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ ഹൈസ്‌കൂള്‍), ഷാനവാസ് (കുവൈത്ത്), റശീദ് (സഊദി), ബെന്‍സീര്‍. സഹോദരങ്ങള്‍: എസ് വി റഹ്‌മത്തുല്ല (റിട്ട. ഡെപ്യൂട്ടി കലക്ടര്‍), പരേതരായ എസ് വി അബ്ദുര്‍റഹ്‌മാന്‍, എസ് വി മുഹമ്മദ്.

 



source https://www.sirajlive.com/lyricist-sv-usman-passes-away.html

Post a Comment

Previous Post Next Post