ഈ കടയിൽ ആളില്ലെങ്കിലും കച്ചവടം നടക്കും

മലപ്പുറം | മഞ്ചേരി റോഡിൽ കാട്ടുങ്ങലിൽ ഒരു കടയുണ്ട്, പക്ഷേ കടക്കാരനില്ല. ചെറിയ കൗതുകം തോന്നുന്നുണ്ടല്ലേ. കടക്കാരനില്ലാതെ കട നടത്താൻ സാധിക്കുമോ? സാധിക്കുമെന്നാണ് ടൗണിലെ ഈ കൊച്ചുകട തെളിയിക്കുന്നത്. ‘ആളില്ലാക്കട’ റോഡിലൂടെ യാത്ര ചെയ്യുന്നവരിലും കൗതുകം സൃഷ്ടിക്കുന്നുണ്ട്.

വിൽപ്പനക്കാരന്റെ സാന്നിധ്യമില്ല എന്നതാണ് ഈ കടയുടെ പ്രത്യേകത.
വീട് അലങ്കരിക്കുന്നതിനുള്ള സാധനങ്ങളും കൗതുകവസ്തുക്കളും പുരാവസ്തുക്കളുമാണ് ആളില്ലാക്കടയിൽ വിൽപ്പനക്ക് വെച്ചിരിക്കുന്നത്. റോഡരികിലെ വീടിന്റെ പുറംചുമരിലെ ചില്ല് അലമാരകളിൽ പ്രദർശിപ്പിച്ച വസ്തുക്കളിൽ സാധനങ്ങളുടെ വിലയും എഴുതി വെച്ചിട്ടുണ്ട്. നിരത്തിവെച്ച സാധനങ്ങളില്‍ ഏതെങ്കിലും വാങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ കടയിൽ എഴുതിവെച്ച മൊബൈൽ നമ്പറിൽ (7034 987533) ഒന്ന് വിളിക്കുകയേ വേണ്ടു. ഉടൻ തന്നെ കടയുടമ ഉസ്മാൻ ഇരുമ്പുഴിയോ ഭാര്യ സാബിറയോ സ്ഥലത്തെത്തി അലമാര തുറന്ന് സാധനം എടുത്ത് തരുന്നതാണ്. ഓൺലൈൻ-ഓഫ്‌ലൈൻ വിൽപ്പനകളുടെ സമ്മിശ്ര രൂപം.

വിൽപ്പനക്കാരനെന്ന നിലയിൽ സദാസമയവും കടയിൽ ഇരിക്കേണ്ടതില്ല എന്നതാണ് ഈ കച്ചവടത്തിന്റെ പ്രത്യേകതയെന്ന് കടയുടമ ഉസ്മാൻ ഇരുമ്പുഴി പറയുന്നു. ജനങ്ങളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആറ് മാസമായി കട പ്രവർത്തിക്കാൻ തുടങ്ങിയിട്ട്. മക്കളായ യാസീനും അമീറയും പൂർണ പിന്തുണയും നൽകുന്നുണ്ട്.

പൊതുജനങ്ങൾക്കിടയിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി “വായന മരം’ എന്ന ശിൽപ്പവും കടയോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുണ്ട്. കാർട്ടൂണിസ്റ്റും ചിത്രകാരനുമായ ഉസ്മാൻ ഇരുമ്പുഴി എട്ട് പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്.



source https://www.sirajlive.com/this-shop-is-unoccupied-but-traded.html

Post a Comment

Previous Post Next Post