കുടിച്ചു നശിക്കുന്ന മലയാളി

പുതുവത്സരാഘോഷത്തിനു മലയാളി കുടിച്ചു തീര്‍ത്ത മദ്യത്തിന്റെ കണക്ക് പുറത്തു വന്നു. 82.26 കോടി രൂപയുടെ മദ്യമാണ് ഡിസംബര്‍ 31 വെള്ളിയാഴ്ച സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്്ലെറ്റുകള്‍ വഴി വിറ്റുപോയത.് ഇതൊരു സര്‍വകാല റെക്കോര്‍ഡാണ്. മുന്‍ വര്‍ഷം അഥവാ 2020 ഡിസംബര്‍ 31ലെ വില്‍പ്പന 70.55 കോടിയുടേതായിരുന്നു. ക്രിസ്മസിന്റെ തലേന്നാളും നടന്നു റെക്കോര്‍ഡ് മദ്യവില്‍പ്പന. 65.88 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോര്‍പറേഷൻ അന്നു വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തെ വില്‍പ്പന 55 കോടിയുടേതാണ്. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്്ലെറ്റുകള്‍ വഴി വിറ്റ മദ്യത്തിന്റെ കണക്ക് കൂടി ചേര്‍ത്താല്‍ ഈ വര്‍ഷത്തെ ക്രിസ്മസ് തലേന്നാളത്തെ മദ്യവില്‍പ്പന 73 കോടിയിലെത്തും.

കഴിഞ്ഞ അഞ്ച് വര്‍ഷം (2016 ഏപ്രില്‍- 2021 മാര്‍ച്ച് 31) നികുതിയായി മദ്യകച്ചവടം വഴി സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത് 46,546.13 കോടി രൂപയാണെന്ന് വിവരാവകാശ രേഖകള്‍ പറയുന്നു. ഇതനുസരിച്ചു 766 കോടി രൂപയാണ് പ്രതിമാസം മദ്യപാനികള്‍ സര്‍ക്കാറിന് നല്‍കുന്നത്. ഒരു ദിവസം ഏകദേശം 25.53 കോടി രൂപ. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2011- 12 മുതല്‍ 2015-16 വരെയുള്ള കാലത്ത് മദ്യനികുതിയായി ലഭിച്ചത് 30,770.58 കോടിയായിരുന്നു. മദ്യ വില്‍പ്പനയിലൂടെ ബെവ്കോ ഉണ്ടാക്കുന്ന ലാഭം ഈ കണക്കില്‍ പെടുന്നില്ലെന്നും ടാക്‌സ് കമ്മീഷണറേറ്റ് വ്യക്തമാക്കി. ഇതനുസരിച്ചു 50 ശതമാനത്തിലേറെയാണ് അഞ്ച് വര്‍ഷത്തിനിടെ മലയാളികളുടെ മദ്യപാനത്തിലുണ്ടായ വര്‍ധന.

മദ്യപാനത്തില്‍ ഇതര സംസ്ഥാനങ്ങളേക്കാള്‍ കേരളം ഏറെ മുന്നിലാണ്. ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം 15 വയസ്സിന് മുകളിലെ പുരുഷന്‍മാരില്‍ മദ്യപാനത്തിന്റെ ദേശീയ ശരാശരി 18.8 ശതമാനമാണെങ്കില്‍ കേരളത്തില്‍ ഇത് 19.9 ശതമാനം വരും. സംസ്ഥാനത്ത് നഗരങ്ങളില്‍ 18.7 ശതമാനവും ഗ്രാമങ്ങളില്‍ 21 ശതമാനവുമാണ് മദ്യപിക്കുന്ന പുരുഷന്‍മാര്‍. മറ്റൊരു കണക്കുപ്രകാരം രാജ്യത്തെ സ്വദേശി നിര്‍മിത വിദേശ മദ്യത്തിന്റെ പതിനാല് ശതമാനം കുടിച്ചു തീര്‍ക്കുന്നത് മലയാളികളാണ്. ഓരോ വര്‍ഷവും കേരളം കുടിക്കുന്ന മദ്യത്തിന്റെ അളവ് പതിനഞ്ച് ശതമാനത്തോളം വര്‍ധിക്കുകയും ചെയ്യുന്നു.

മറ്റൊരു വശത്ത് മദ്യപാനം വരുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു കൊണ്ടിരിക്കുന്നു. കുടുംബ ശൈഥില്യം, ഗാര്‍ഹിക പീഡനങ്ങള്‍, ഗുരുതര രോഗങ്ങള്‍, സാമൂഹിക അക്ഷമ, നശീകരണ പ്രവണത, വാഹനാപകടങ്ങള്‍, അക്രമങ്ങള്‍, ഗുണ്ടായിസം തുടങ്ങി മദ്യം സമൂഹത്തില്‍ സൃഷ്ടിക്കുന്ന വിപത്തുകള്‍ വളരെ വലുതാണ്. സമൂഹത്തിലെ നല്ലൊരു പങ്കും എല്ലുമുറിയെ പണിയെടുത്തു ലഭിക്കുന്ന പണവും വീട്ടിലെ സ്ത്രീകള്‍ അധ്വാനിച്ചുണ്ടാക്കിയ പണവും കുടുംബത്തിനു ഉപകാരപ്പെടുന്നില്ല. സന്ധ്യക്കു ഈ പണം മടിക്കുത്തില്‍ തിരുകി ഔട്ട്്ലെറ്റുകള്‍ക്കു മുന്നിലെ ക്യൂവില്‍ സ്ഥാനം പിടിച്ചു മദ്യംവാങ്ങി മോന്തിക്കുടിക്കുകയാണ് കുടുംബനാഥന്മാര്‍. മദ്യലഹരിയില്‍ വീട്ടില്‍ മടങ്ങിയെത്തുന്ന ഇവര്‍ ഭാര്യയെയും മക്കളെയും ഉപദ്രവിക്കുകയും കൂടുംബാന്തരീക്ഷം കലുഷിതമാക്കുകയും ചെയ്യുന്നു. കേരളത്തിലെ 61 ശതമാനം കുടുംബങ്ങളിലും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നതായാണ് കണക്ക്. 80 ശതമാനം വിവാഹമോചനങ്ങളും മദ്യവുമായി ബന്ധപ്പെട്ടാണ് സംഭവിക്കുന്നത്. കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് മദ്യ ലഹരിയിലാണെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൊലപാതകങ്ങളില്‍ 84ഉം കൈയേറ്റങ്ങളിലും ഭവനഭേദനങ്ങളിലും 70ഉം ബലാത്സംഗങ്ങളില്‍ 65ഉം ശതമാനം മദ്യപാനവുമായി ബന്ധപ്പെട്ടു കിടക്കുന്നു. വര്‍ഷം തോറും ഇവയുടെ തോത് രണ്ട് ശതമാനം വര്‍ധിക്കുകയുമാണ്.
ഓണം, ക്രിസ്മസ്, പുതുവത്സരം തുടങ്ങി ആഘോഷവേളകളിലെ മദ്യക്കച്ചവട വരുമാനത്തിന്റെ കണക്കുകള്‍ പ്രസിദ്ധപ്പെടുത്തുന്നവര്‍ പക്ഷേ, മദ്യപാനം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും രോഗങ്ങള്‍ ബാധിക്കുന്നവരുടെയും മദ്യപാനത്തെ തുടര്‍ന്നുണ്ടാകുന്ന മരണങ്ങളുടെയും കണക്കുകള്‍ പുറത്തു വിടാറില്ല. മദ്യപാനികളുടെ എണ്ണത്തില്‍ കുറവ് വരുത്തിയെങ്കിലോയെന്ന ആശങ്കയായിരിക്കാം കാരണം. മദ്യം വ്യക്തികളുടെ ആരോഗ്യത്തിലും കുടുംബത്തിലും സമൂഹത്തിലും സൃഷ്ടിക്കുന്ന വിപിത്തുകളെക്കുറിച്ചു നന്നായിയറിയുന്ന സര്‍ക്കാര്‍ അതിനെ നിരുത്സാഹപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിനു പകരം പരമാവധി പ്രോത്സാഹിപ്പിക്കുകയാണ്. കൂടുതല്‍ മദ്യഷാപ്പുകള്‍ തുറന്നും പരമാവധി കുടിപ്പിച്ചും ആരോഗ്യപരമായും സാംസ്‌കാരികമായും കേരളീയ സമൂഹത്തെ നശിപ്പിക്കുകയും ചെയ്യുന്നു.

പുതുവത്സരത്തലേന്ന് മദ്യക്കുപ്പിയുമായി കോവളത്ത് കാണപ്പെട്ട സ്വീഡിഷ് പൗരന്‍ സ്വീഡന്‍ സ്റ്റീഫന്‍ ആസ്ബെര്‍ഗിനോട് മദ്യത്തിന്റെ രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടതിനു നിയമ നടപടിക്കു വിധേയമാകേണ്ടി വന്നു കോവളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐക്ക്. വിദേശിയെ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തി അവഹേളിച്ചെന്നും ഇത് കേരളത്തിന്റെ ടൂറിസം വളര്‍ച്ചക്കു ദോഷകരമാകുമെന്ന വിശദീകരണത്തിലാണ് ഗ്രേഡ് എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തത്. പോലീസിനെതിരെ സംസ്ഥാനത്ത് ദിനംപ്രതിയെന്നോണം നിരവധി പരാതികള്‍ ഉയരാറുണ്ട്. നിയമനടപടികള്‍ സ്വീകരിച്ചാല്‍ പോലീസിന്റെ ആത്മവീര്യത്തെ ബാധിക്കുമെന്ന ന്യായത്തില്‍ അത്തരം പരാതികള്‍ക്കു നേരെ മുഖം തിരിക്കുകയാണ് ആഭ്യന്തര വകുപ്പിന്റെ പതിവു രീതി. എന്നാല്‍ മദ്യക്കച്ചവടത്തിനു ദോഷകരമാകുമെന്നു അധികൃതര്‍ ആശങ്കപ്പെടുന്ന ഒരു നടപടി പോലീസുകാരില്‍ നിന്നുണ്ടായപ്പോള്‍, എത്ര വേഗത്തിലാണ് അധികൃതര്‍ നിയമ നടപടികള്‍ക്കു തുനിഞ്ഞത്. ഇതാണ് മദ്യത്തിന്റെ കാര്യത്തില്‍ സര്‍ക്കാറിന്റെ നയം. സമൂഹം നശിച്ചാലും തങ്ങള്‍ക്ക് പണം കിട്ടണമെന്ന ഒരൊറ്റ ചിന്തയേയുള്ളൂ അധികാരത്തില്‍ വാഴുന്നവര്‍ക്ക്.



source https://www.sirajlive.com/a-malayalee-who-gets-drunk-and-dies.html

Post a Comment

Previous Post Next Post