അണ്ടര്‍- 19 ലോകകപ്പ് കിരീടം ഇന്ത്യക്ക്

നോര്‍ത്ത് സൗണ്ട് | ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ച് അണ്ടര്‍- 19 ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. ടൂർണമെന്റിന്റെ ചരിത്രത്തിൽ എട്ടാം ഫൈനലിന് ഇറങ്ങിയ ഇന്ത്യ അഞ്ചാം കിരീടമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 189 റണ്‍സെടുത്തപ്പോള്‍ 47.7 ഓവറില്‍ ആറ് വിക്കറ്റിന് ഇന്ത്യ 195 റണ്‍സ് നേടി. അഞ്ച് വിക്കറ്റും 35 റണ്‍സുമെടുത്ത രാജ് ബാവയുടെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത്. ഷെയ്ക്ക റശീദും നിശാന്ത് സിന്ധുവും അര്‍ധ സെഞ്ചുറികള്‍ നേടി.

ആദ്യ ഓവറില്‍ തന്നെ ഓപണര്‍ ആംഗ്ക്രിഷ് രഘുവന്‍ശിയെ നഷ്ടമായെങ്കിലും ഷെയ്ക് റശീദും ഹര്‍നൂര്‍ സിംഗും രണ്ടാം വിക്കറ്റില്‍ സ്‌കോര്‍ ചലിപ്പിക്കുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയയുടനെ റശീദും തൊട്ടടുത്ത പന്തുകളില്‍ ക്യാപ്റ്റന്‍ യാശ് ധുള്ളും (17) പുറത്തായെങ്കിലും രാജ് ബാവ- നിശാന്ത് സിന്ധു അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയുടെ വിജയത്തിന് കനത്ത സംഭാവന നല്‍കി. രാജ് ബാവ 35 റണ്‍സെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി ജോഷ്വ ബോയ്ഡന്‍, ജെയിംസ് സേല്‍സ് തോമസ് ആസ്പിന്‍വാള്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 44.5 ഓവറില്‍ 189 റണ്‍സിന് ആള്‍ ഔട്ടായി. ഇംഗ്ലീഷ് ബാറ്റിംഗ് നിരയില്‍ ജെയിംസ് റ്യൂ 95 റണ്‍സ് നേടി തിളങ്ങി. പുറത്താകാതെ 34 റണ്‍സ് നേടിയ ജെയിംസ് സേല്‍സ് മികച്ച ബാറ്റിംഗ് പുറത്തെടുത്തു. രാജ് ബാവ അഞ്ചും രവി കുമാര്‍ നാലും വിക്കറ്റ് നേടി.

2000, 2008, 2012, 2018 വർഷങ്ങളിലാണ് ഇന്ത്യ ഇതിന് മുമ്പ് ജേതാക്കളായത്. കരുത്തരായ ആസ്‌ത്രേലിയയെ സെമിയിൽ 96 റൺസിന് തുരത്തിയാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്.



source https://www.sirajlive.com/under-19-world-cup-india-won.html

Post a Comment

Previous Post Next Post