കോഴിക്കോട് | വയനാട് തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക .് (ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി ടണല്‍ റോഡ്) പദ്ധതിക്കായി 2134.50 കോടി രൂപയുടെ കിഫ്ബി ധനാനുമതി ലഭിച്ചു. പദ്ധതിക്കായി തുക അനുവദിച്ച വിവരം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിലൂടെയാണ് അറിയിച്ചിരിക്കുന്നത്.
കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് തുരങ്കപാത. താമരശേരി ചുരം കയറാതെ എട്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലൂടെ വയനാട്ടിലെത്താം. ഇത് യാഥാര്‍ഥ്യമാകുന്നതോടെ മലബാറിലെ പ്രധാന ഗതാഗത പ്രശ്നത്തിന് പരിഹാരമാകും. പദ്ധതി നടപ്പായാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാതയായി കള്ളാടി-ആനക്കാംപൊയില്‍ പാത മാറും.
കൊങ്കണ്‍ റെയില്‍വേ പ്രാഥമിക പരിശോധന നടത്തി തയാറാക്കിയ വയനാട് മേപ്പാടി കള്ളാടി ഭാഗത്ത് അവസാനിക്കുന്ന അലൈന്‍മെന്റാണ് പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചത്. തിരഞ്ഞെടുത്ത അലൈന്‍മെന്റ് പ്രകാരം മറിപ്പുഴ ഭാഗത്ത് 70 മീറ്റര്‍ നീളത്തില്‍ പാലവും അനുബന്ധ റോഡും നിര്‍മിക്കും.
സ്വര്‍ഗംകുന്ന് മുതല്‍ വയനാട്ടിലെ കള്ളാടി വരെ 6.8 കിലോമീറ്റര്‍ ദൂരത്തില്‍ തുരങ്കവും പിന്നീട് കള്ളാടി ഭാഗത്തേക്ക് അനുബന്ധ റോഡും രണ്ടുവരി പാതയായി നിര്‍മിക്കും.
തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ കർണാടകയിൽ നിന്ന് മലബാർ മേഖലയിലേക്കുള്ള ചരക്കുനീക്കം സുഗമമാവും. മലബാറിന്റെയാകെ വികസനകുതിപ്പിന് ഇത് ആക്കം കൂട്ടും. താമരശേരി ചുരത്തിലെ വാഹന ബാഹുല്യം കുറയ്ക്കാനാവുമെന്ന പ്രത്യേകതയുമുണ്ട്. ചുരത്തിന്റെ തനിമ നിലനിർത്താനും സംരക്ഷണം ഉറപ്പുവരുത്താനും സാധിക്കും.
source https://www.sirajlive.com/wayanad-tunnel-to-become-a-reality-kifbi-sanctioned-2134-50-crore.html
Post a Comment