കീവ് പൂര്‍ണമായും വളഞ്ഞ് റഷ്യ; അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം

കീവ് |  യുക്രെയിന്റെ നിയന്ത്രണം പരമാവധി വേഗത്തില്‍ കൈപ്പിടിയിലൊതുക്കുക എന്ന ലക്ഷ്യവുമായി വ്യാപക വ്യാമോക്രണത്തിന് ഒരുങ്ങി റഷ്യ. യുക്രൈന്‍ തലസ്ഥാനമായ കീവ് പൂര്‍ണമായും റഷ്യ വളഞ്ഞിരിക്കുകയാണ്. വ്യാമാക്രമണത്തിന് മുന്നോടിയായുള്ള സൈറണുകള്‍ മുഴങ്ങി. സാപ്രോഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്‌ഫോടനമുണ്ടായി. തെക്കന്‍ തുറമുഖങ്ങള്‍ റഷ്യ പിടിച്ചു. ബെലാറിസില്‍ ചര്‍ച്ച നടക്കുകയും കീവില്‍ റഷ്യ വലിയ ആക്രമണത്തിന് പദ്ധതിയിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് റിപ്പോര്‍ട്ട്്.

കീവിനെ റഷ്യ പൂര്‍ണമായും വളഞ്ഞതിനാല്‍ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത് എളുപ്പമല്ലെന്ന് കീവ് മേയര്‍ അറിയിച്ചു. ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും കീവിലേക്ക് എത്തിക്കാനാകുന്നില്ല. കൊടും തണുപ്പില്‍ വൈദ്യുതി കൂടി നിലച്ചാല്‍ വലിയ മാനുഷിക ദുരന്തമുണ്ടാകുമെന്നും മേയര്‍ പറയുന്നു.

ദക്ഷിണ യുക്രെയ്‌നിലെ ബെര്‍ഡ്യാന്‍സ്‌ക് മേഖല റഷ്യ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ യുക്രെയ്‌ന് യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ യുദ്ധ സന്നാഹങ്ങള്‍ അയച്ചു. ആയുധങ്ങളും യുദ്ധ വിമാനങ്ങളും ഉടന്‍ എത്തുമെന്ന് ഇ യു വ്യക്തമാക്കി.

കിഴക്കന്‍ മേഖലയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര പൊതുയോഗം ഇന്ന് ചേരുന്നുണ്ട്. ബെലാറൂസ് അതിര്‍ത്തിയില്‍ ഇന്ന് രാത്രിയോടയൊകും ചര്‍ച്ച നടക്കുക. റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം ചര്‍ച്ചയാകും.

അതിനിടെ അഞ്ചാം ദിവസത്തിലേക്ക് കടന്ന യുദ്ധത്തില്‍ ഇതുവരെ തങ്ങളുടെ 352 പേര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ 14 കുട്ടികളും ഉള്‍പ്പെടുന്നു. 116 കുട്ടികള്‍ ഉള്‍പ്പെടെ 1,684 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ യുക്രൈനിലെ സായുധ സേനക്കിടയിലെ ആളപായത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം ഒരു വിവരവും നല്‍കിയിട്ടില്ല. എന്നാല്‍ തങ്ങളുടെ സൈന്യം യുക്രേനിയന്‍ സൈനിക കേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് അവകാശപ്പെട്ട റഷ്യ, യുക്രൈനിലെ സാധാരണക്കാര്‍ സുരക്ഷിതരാണെന്നും വ്യക്തമാക്കി.

 



source https://www.sirajlive.com/kiev-completely-besieged-russia-the-next-24-hours-are-crucial.html

Post a Comment

أحدث أقدم