തിരുവനന്തപുരം | 53 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിച്ച് രണ്ടാം പിണറായി സർക്കാറിൻ്റെ ഒന്നാം വാർഷികാഘോഷത്തിൻ്റെ ഭാഗമായുള്ള 100 ദിന പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. 100 ദിന പരിപാടികളുടെ ഭാഗമായി പൂര്‍ത്തീകരണവും ഉദ്ഘാടനവും ഉള്‍പ്പെടെ 1,557 പദ്ധതികളാണ് നാടിനു സമര്‍പ്പിക്കുന്നത്. 17,183.89 കോടി രൂപയാണ് ഇവയ്ക്കായി വകയിരുത്തിയിരിക്കുന്നത്. സാമൂഹ്യക്ഷേമവും അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക വ്യവസ്ഥയും കൂടുതല്‍ ശാക്തീകരിക്കാന്‍ ഉതകുന്ന പദ്ധതികളാണിവ.
നമ്മുടെ വിദ്യാലയങ്ങളിലെത്തുന്ന കുട്ടികള്‍ക്ക് ഏറ്റവും മികച്ച പഠന സൗകര്യം ഒരുക്കുക എന്നത് ഇടതുപക്ഷ സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഏറ്റവും മികച്ച രീതിയില്‍ ഈ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനായി പ്രവര്‍ത്തിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളില്‍ ഇതിന്റെ ഭാഗമായി ഒരുങ്ങി. പഠന നിലവാരവും അതിനനുസൃതമായി കൂടുതല്‍ മികവിലേയ്ക്കുയര്‍ന്നു. അതിന്റെ ഫലമായി 2017- 18 അക്കാദമിക വര്‍ഷം മുതല്‍ 2021-22 അക്കാദമിക വര്‍ഷം വരെ നമ്മുടെ വിദ്യാലയങ്ങളില്‍ അധികമായെത്തിയത് 9.34 ലക്ഷം കുട്ടികളാണ്.
ഇത്തരത്തില്‍ പൊതുവിദ്യാലയങ്ങളിലും പൊതുവിദ്യാഭ്യാസത്തിലും നമ്മുടെ നാടിനു നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാറിനു സാധിച്ചു എന്നത് അഭിമാനകരമാണ്. കൂടുതല്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകാന്‍ ഈ നേട്ടം ആത്മവിശ്വാസം പകരുന്നു. കൊവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധികള്‍ മറികടന്ന് പൊതുവിദ്യാഭ്യാസം ഉണര്‍വ് വീണ്ടെടുക്കുന്ന ഘട്ടമാണിത്. വിദ്യാലയങ്ങള്‍ ദീര്‍ഘകാലം അടച്ചിട്ടതിനെ തുടര്‍ന്ന് നമ്മുടെ കുട്ടികള്‍ നിരവധി പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു. എങ്കിലും യൂണിസെഫ് ഉള്‍പ്പെടെ നിരവധി ഏജന്‍സികള്‍ നടത്തിയ പഠനങ്ങളില്‍ അംഗീകരിക്കപ്പെടും വിധം മികച്ച നിലവാരത്തില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം നടപ്പാക്കാന്‍ കേരളത്തിനു സാധിച്ചു എന്നത് അഭിമാനകരമാണ്. ഈ നേട്ടങ്ങളില്‍ നിന്നെല്ലാം പ്രചോദനം ഉള്‍ക്കൊണ്ട് വിദ്യാഭ്യാസത്തെ പുതിയ ഉയരങ്ങളിലേയ്ക്ക് നയിക്കാന്‍ നമുക്ക് സാധിക്കണം. കൂടുതല്‍ ഐക്യത്തോടെ നാടിന്റെ നന്മയ്ക്കായി നമുക്ക് മുന്നോട്ടു പോകാമെന്നും അദ്ദേഹം പറഞ്ഞു.
source https://www.sirajlive.com/53-new-school-buildings-dedicated-to-nadu.html
إرسال تعليق