ഇന്ത്യൻ പാർലിമെന്റ് അംഗങ്ങളെക്കുറിച്ച് സിംഗപ്പൂർ പ്രധാനമന്ത്രി ലീ സെൻ ലൂംഗിന്റെ പ്രസ്താവന അനുചിതമായിപ്പോയി. “ലോക്സഭയിലെ പകുതിയോളം എം പിമാർക്കെതിരെ ബലാത്സംഗം, കൊലപാതകം ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റങ്ങൾ നിലനിൽക്കുന്നതായി മാധ്യമ റിപോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു. നെഹ്റുവിന്റെ ഇന്ത്യക്ക് സംഭവിച്ച അധഃപതനത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെ’ന്നാണ് അദ്ദേഹം പറഞ്ഞത്. സിംഗപ്പൂർ പാർലിമെന്റിലെ ഒരു മുൻ അംഗത്തിനെതിരായ ആരോപണത്തെക്കുറിച്ച് സംസാരിക്കവേയായിരുന്നു ഈ പരാമർശം. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഈ പ്രസ്താവനയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും സിംഗപ്പൂർ ഹൈക്കമ്മീഷണർ സിമൊൻ വോംഗിനെ വിളിച്ചുവരുത്തി അതൃപ്തി അറിയിക്കുകയും ചെയ്തിരിക്കയാണ്. ഇന്ത്യൻ പാർലിമെന്റ് അംഗങ്ങളിൽ ക്രിമിനൽ കേസ് പ്രതികളുണ്ടായിരിക്കാം. നെഹ്‌റുവിന്റെ കാലത്തെ അപേക്ഷിച്ച് ജനപ്രതിനിധികളിൽ ധാർമികമായ അധഃപതനവും സംഭവിച്ചിരിക്കാം. എന്നാൽ, മറ്റൊരു രാജ്യം ഇക്കാര്യം അവരുടെ പാർലിമെന്റിൽ എടുത്തു പറയുന്നത് ശരിയായ കീഴ്‌വഴക്കമല്ല. അന്താരാഷ്ട്ര മര്യാദക്ക് നിരക്കുന്നതല്ല അത്തരം ഇടപെടലുകൾ. മറ്റുള്ളവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത് ഒരു രാജ്യവും.
അതേസമയം, ഇന്ത്യൻ ഭരണകൂടത്തിനും രാഷ്ട്രീയ നേതൃത്വങ്ങൾക്കും ആത്മവിചിന്തനത്തിന് വഴിയൊരുക്കേണ്ടതുണ്ട് സിംഗപ്പൂർ പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇന്ത്യയിലെ ജനപ്രതിനിധികളെ സംബന്ധിച്ച വിദേശ രാഷ്ട്ര ഭരണകൂടങ്ങളുടെയും ആഗോള സമൂഹത്തിന്റെയും കാഴ്ചപ്പാടെന്തെന്ന് ഇത് വ്യക്തമായ സൂചന നൽകുന്നുണ്ട്. ജനാധിപത്യത്തിന്റെ അപചയത്തെയും ജനപ്രതിനിധികളുടെ ധാർമികാധഃപതനത്തെയും ഉദാഹരിക്കാൻ അവർ വിരൽ ചൂണ്ടുന്നത് ഇന്ത്യയിലേക്കാണെന്നത് നമുക്ക് നാണക്കേടുണ്ടാക്കുന്നതാണ്. ആധികാരിക പഠനങ്ങളെയും മാധ്യമ റിപോർട്ടുകളെയും ആധാരമാക്കിയാണ് അവരുടെ വിലയിരുത്തൽ. ഇന്ത്യൻ രാഷ്ട്രീയത്തിലെയും അധികാര കേന്ദ്രങ്ങളിലെയും ക്രിമിനലുകളുടെ വർധിതമായ തോതിലുള്ള കടന്നുവരവിനെക്കുറിച്ച് ദേശീയ, അന്തർദേശീയ മാധ്യമങ്ങൾ ധാരാളമായി റിപോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹി ആസ്ഥാനമായ അസ്സോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ പഠനം കാണിക്കുന്നത് ലോക്‌സഭാ അംഗങ്ങളിൽ 43 ശതമാനവും (233 പേർ) മോദി മന്ത്രിസഭയിലെ 42 ശതമാനവും ക്രിമിനൽ കേസ് പ്രതികളാണെന്നാണ്.
നിസ്സാരകുറ്റങ്ങളല്ല, ബലാത്സംഗം, കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തുടങ്ങിയ ഗുരുതരമായ കേസുകളാണ് ഇവർക്കെതിരെ ചുമത്തപ്പെട്ടത്. അതേസമയം, 2014ൽ 185 പേരും (34 ശതമാനം) 2009ൽ 162 പേരുമായിരുന്നു എം പിമാരിലെ ക്രിമിനലുകൾ. ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും ഇത്തരക്കാരുടെ എണ്ണം വർധിച്ചുവരികയാണ്. 2009ൽ നിന്ന് 2019ലേക്ക് എത്തുമ്പോൾ ഗുരുതരമായ കുറ്റകൃത്യങ്ങളിലേർപ്പെട്ട എം പിമാരുടെ കണക്കിൽ 44 ശതമാനത്തിന്റെ വർധനവുണ്ടായി. നാമനിർദേശ പത്രികക്കൊപ്പം സ്ഥാനാർഥികൾ നൽകിയ സത്യവാങ്മൂലത്തിലെ വസ്തുതകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് ഡെമോക്രാറ്റിക് റിഫോംസ് ഈ കണക്കുകൾ. ഗുരുതരമായ കുറ്റകൃത്യങ്ങളിലേർപ്പെട്ട എം പിമാരുടെ കണക്കിൽ പത്ത് വർഷത്തിനിടെ 44 ശതമാനത്തിന്റെ വർധനവുണ്ടായതായി കണക്കുകൾ കാണിക്കുന്നു.
ഇക്കാര്യങ്ങൾ മറ്റാരെങ്കിലും ചൂണ്ടിക്കാട്ടുമ്പോൾ, തങ്ങളുടെ ആഭ്യന്തരകാര്യത്തിൽ നിങ്ങളെന്തിന് തലയിടുന്നു എന്ന് ചോദിച്ചു രക്ഷപ്പെടാം. എന്നാൽ, ജനപ്രതിനിധികളിൽ സംഭവിച്ച ഈ ധാർമികച്യുതി ആഗോള തലത്തിൽ നമ്മുടെ രാജ്യത്തിന് വരുത്തിവെക്കുന്ന നാണക്കേട് മാറ്റാൻ ഇതുകൊണ്ടാകുമോ? രാജ്യത്ത് ക്രമസമാധാനവും നീതിയും ഉറപ്പ് വരുത്തേണ്ടവരാണ് പാർലിമെന്റ,് നിയമസഭാ സമാജികർ. സ്വന്തം ജീവിതത്തിൽ നിയമവും ധർമവും പാലിച്ച് മാതൃകാപരമായ ജീവിതം നയിക്കുന്നവർക്കേ ഈ വിഷയത്തിൽ പ്രായോഗികമായ തീരുമാനം കൈക്കൊള്ളാനാകൂ.
ജീവിത വിശുദ്ധിയില്ലാത്തവർ നിയമ നിർമാണങ്ങളിൽ പങ്കാളിയാകുന്നത് നാടിനും ജനാധിപത്യത്തിനും കളങ്കമാണ്. നമ്മുടെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പൊളിച്ചെഴുതുക മാത്രമാണിതിന് പരിഹാരം. ക്രിമിനൽ കേസ് പ്രതികൾ നിയമനിർമാണ സഭകളിൽ എത്താനിടവരുന്നതിന് തടയിടുകയും രാഷ്ട്രീയം ശുദ്ധീകരിക്കുകയും ചെയ്യണമെന്ന് കോടതിയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരും പലപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിമിനൽ കേസുകളുള്ള രാഷ്ട്രീയ പ്രവർത്തകർക്ക് സ്ഥാനാർഥിത്വം തടയണമെന്നാവശ്യപ്പെട്ട് പലരും കോടതികളെ സമീപിക്കുകയുമുണ്ടായി. ഈ ആവശ്യത്തോട് യോജിപ്പ് പ്രകടിപ്പിച്ച കോടതി, പക്ഷേ ഇക്കാര്യത്തിൽ നിയമനിർമാണം നടത്തേണ്ടത് പാർലിമെന്റാണെന്ന് ചൂണ്ടിക്കാട്ടി തീരുമാനം കേന്ദ്രത്തിന് വിടുകയായിരുന്നു.
നാല് വർഷം മുമ്പ് സുപ്രീം കോടതി ഈ ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ രാജ്യത്തെ 1,765 എം പിമാർ/എം എൽ എമാർ ക്രിമിനൽ കേസ് പ്രതികളാണ്. അതുകൊണ്ട് തന്നെ അത്തരമൊരു നിയമനിർമാണത്തിന് സർക്കാർ മുന്നോട്ട് വന്നില്ല. നിലവിൽ കുറ്റാരോപിതർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോ പാർലിമെന്റിലും നിയമസഭകളലും അംഗങ്ങളായി തുടരുന്നതിനോ നിയമപരമായി വിലക്കില്ല. ഏതെങ്കിലും ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടാൽ മാത്രമേ ആയോഗ്യരാകുകയുള്ളൂ.
രാജ്യത്തെ നിയമ വ്യവസ്ഥ ബാധകമല്ലാത്ത മട്ടിലാണ് രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനം. നിയമം ശിക്ഷിച്ചവരെ നേതൃത്വത്തിൽ നിലനിർത്തും. കുറ്റകൃത്യങ്ങൾ അകത്തെ ചർച്ചകളിൽ ഒതുക്കിയമർത്തും. കൊലക്കേസ് പ്രതികൾ ജാമ്യത്തിലിറങ്ങുമ്പോൾ മാലയിട്ടു സ്വീകരിക്കും. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ നഗ്‌നമായി ലംഘിക്കും. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സമാന്തര റിപബ്ലിക്കുകളാകുന്ന ആപത്പ്രവണതയാണിവിടെ കണ്ടുവരുന്നത്. നമ്മുടെ രാജ്യം ഇനിയും അന്താരാഷ്ട്ര സമൂഹത്തിൽ അപമാനിതമാകാതിരിക്കണമെങ്കിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെ രാഷ്ട്രീയ രംഗത്തു നിന്ന് മാറ്റിനിർത്തുന്നത് സംബന്ധിച്ച് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കൂട്ടായ തീരുമാനമെടുക്കേണ്ടതുണ്ട്.
source https://www.sirajlive.com/mention-of-the-prime-minister-of-singapore.html
إرسال تعليق