പേഴ്‌സനല്‍ സ്റ്റാഫ് പെന്‍ഷന്‍: വീണ്ടുവിചാരം വേണം

സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫ് പെന്‍ഷന്‍ ചര്‍ച്ചാ വിഷയമാകുകയുണ്ടായി. രാഷ്ട്രീയമായി നിയമിക്കുന്ന മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് നീതീകരിക്കത്തക്കതല്ലെന്നും ഈ തീരുമാനം പിന്‍വലിക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെടുകയുണ്ടായി. പെന്‍ഷന്‍ ഉറപ്പാക്കാനായി സ്റ്റാഫ് അംഗങ്ങള്‍ രണ്ട് വര്‍ഷം കഴിഞ്ഞ് രാജിവെക്കുകയും പുതിയവരെ നിയമിക്കുകയും ചെയ്യുന്നത് നല്ല രീതിയല്ല. സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി കേഡര്‍മാരെ വളര്‍ത്തുന്നതിനോട് യോജിക്കാനാകില്ലെന്നും ഇത് നാണംകെട്ട ഏര്‍പ്പാടാണെന്നും ഗവര്‍ണര്‍ പറയുന്നു.

സാമൂഹികതലത്തില്‍ നേരത്തേ തന്നെ കടുത്ത എതിര്‍പ്പിനും വിമര്‍ശത്തിനും വിധേയമായ കാര്യമാണ് മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫിനു പെന്‍ഷന്‍ ഏര്‍പ്പെടുത്തിയ നടപടിയും രീതിയും. 1994 സെപ്തംബര്‍ 23നാണ് പേഴ്‌സനല്‍ സ്റ്റാഫിന് പെന്‍ഷന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ വ്യവസ്ഥകളേക്കാള്‍ മികച്ചതും ഉദാരവുമാണ് മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫ് ജീവനക്കാരുടെ പെന്‍ഷന്‍ വ്യവസ്ഥകള്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുറഞ്ഞ പെന്‍ഷന്‍ കിട്ടാന്‍ ചുരുങ്ങിയത് പത്ത് വര്‍ഷത്തെ സര്‍വീസ് വേണം. പേഴ്‌സനല്‍ സ്റ്റാഫിന് രണ്ട് വര്‍ഷവും ഒരു ദിവസവും സര്‍വീസുണ്ടെങ്കില്‍ പെന്‍ഷന്‍ ലഭിക്കും. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി തങ്ങളുടെ പാര്‍ട്ടിക്കാരായ കൂടുതല്‍ പേര്‍ക്ക് പെന്‍ഷന്‍ വാങ്ങിക്കൊടുക്കുന്നതിന് മന്ത്രിമാര്‍ പെന്‍ഷന്‍ കാലാവധി എത്തിയ സ്റ്റാഫിനെ മാറ്റി പുതിയ ആളെ നിയമിക്കാറുണ്ട്. ഒരു ഭരണകാലത്ത് പെന്‍ഷന് അര്‍ഹമായ കാലാവധി ജോലി കിട്ടിയില്ലെങ്കില്‍ മറ്റൊരു ഭരണകാലത്ത് ശേഷിച്ച കാലം ജോലി ചെയ്താലും പെന്‍ഷന്‍ ലഭ്യമാകും. സര്‍ക്കാര്‍ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കുകയും പകരം പങ്കാളിത്ത പെന്‍ഷന്‍ സംവിധാനം കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. അതേസമയം പേഴ്സനല്‍ സ്റ്റാഫുകള്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ തന്നെയാണ് നല്‍കി വരുന്നത്.

സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കാന്‍ നിശ്ചിത യോഗ്യതകള്‍ വേണം. പേഴ്‌സനല്‍ സ്റ്റാഫുകള്‍ക്ക് അത്തരം യോഗ്യതകളൊന്നും ആവശ്യമില്ല. രാഷ്ട്രീയ മാനദണ്ഡം വെച്ചാണ് നിയമനം. പേഴ്‌സനല്‍ സ്റ്റാഫില്‍ അംഗമാകുന്നവരില്‍ മിക്കവരും യുവാവായിരിക്കുമ്പോള്‍ തന്നെ പെന്‍ഷന്‍ വാങ്ങാന്‍ യോഗ്യരാകുന്നു. ശരാശരി വയസ്സ് 70 എന്ന് കണക്കാക്കിയാല്‍ ഏതാണ്ട് 40 വര്‍ഷത്തോളം ഇവര്‍ക്ക് പൊതു ഖജനാവില്‍ നിന്ന് പെന്‍ഷന്‍ നല്‍കേണ്ടി വരും. വേറെ സര്‍ക്കാര്‍ ജോലി സ്വീകരിച്ചാല്‍ മാത്രമേ ഈ പെന്‍ഷന്‍ നിര്‍ത്തലാക്കുകയുള്ളൂ. മന്ത്രിമാര്‍ക്കുപുറമെ പ്രതിപക്ഷ നേതാവിന്റെയും സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും നിയമസഭയിലെ ധനകാര്യസമിതി അധ്യക്ഷന്‍മാരുടെയും സ്റ്റാഫിനും ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. പോളിറ്റിക്കല്‍ സെക്രട്ടറി, പ്രസ്സ് സെക്രട്ടറി, പ്രസ്സ് അഡ്വൈസര്‍ തുടങ്ങിയ പദവികള്‍ താത്കാലികമോ ഡെപ്യൂട്ടേഷന്‍ നിയമനങ്ങളോ ആയിരുന്നു മുന്‍ സര്‍ക്കാറുകളുടെ കാലത്ത്. അന്നവര്‍ക്ക് പെന്‍ഷന് അര്‍ഹതയില്ലായിരുന്നു. പിണറായി സര്‍ക്കാറാണ് പേഴ്‌സനല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തി അവരെക്കൂടി പെന്‍ഷന് അര്‍ഹരാക്കിയത്. പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുടെ പെന്‍ഷന്‍ അര്‍ഹതക്കുള്ള കാലാവധി രണ്ട് വര്‍ഷവും ഒരു ദിവസവുമാക്കിയത് ചട്ടങ്ങളുടെ ദുരുപയോഗമാണെന്നും മിനിമം പെന്‍ഷന് ചുരുങ്ങിയ സര്‍വീസ് അഞ്ച് വര്‍ഷമാക്കണമെന്നും ശമ്പള കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ ഇത് തള്ളിക്കളയുകയായിരുന്നു.
ഭരണച്ചെലവ് നിയന്ത്രിക്കാനായി പേഴ്‌സനല്‍ സ്റ്റാഫിന്റെ എണ്ണം കുറക്കുമെന്നും ഒരു മന്ത്രിയുടെ സ്റ്റാഫിന്റെ എണ്ണം 25ല്‍ കൂടരുതെന്നും തീരുമാനമെടുത്തിരുന്നു തുടക്കത്തില്‍ പിണറായി സര്‍ക്കാര്‍. എന്നാല്‍ 36 പേര്‍ വരെയുണ്ട് നിലവില്‍ ചിലരുടെ പേഴ്‌സനല്‍ സ്റ്റാഫില്‍. ചീഫ് വിപ്പ് എന്നൊരു പദവിയുണ്ട് സര്‍ക്കാറില്‍. നിയമസഭ സമ്മേളിക്കുന്ന സമയത്ത് നിര്‍ണായക വോട്ടെടുപ്പുകള്‍ വരുമ്പോള്‍ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുക എന്ന ചുമതല മാത്രമാണ് ചീഫ് വിപ്പിനുള്ളത്. മറ്റൊരു ദൈനംദിന ചുമതലകളുമില്ല. 99 അംഗങ്ങളോടെ ഇടതുപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമുള്ള സഭയില്‍ വോട്ടെടുപ്പ് സമയത്ത് നിലവില്‍ വിപ്പിന്റെ ആവശ്യവുമില്ല. എന്നിട്ടും ചീഫ് വിപ്പിനെ നിയമിച്ചുവെന്ന് മാത്രമല്ല, 25 പേഴ്‌സനല്‍ സ്റ്റാഫിനെ അനുവദിക്കുകയും ചെയ്തു. പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്ത ചീഫ് വിപ്പിന് എന്തിനാണ് ഇത്രയധികം സ്റ്റാഫ് എന്ന ചോദ്യം വേണ്ട, ഇത് രാഷ്ട്രീയമാണ്.

രണ്ടാം പിണറായി സര്‍ക്കാറില്‍ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാര്‍ക്കും ഒരു ചീഫ് വിപ്പിനും കൂടി നിയമിതരായ പേഴ്‌സനല്‍ സ്റ്റാഫിന്റെ എണ്ണം 362 വരും. കഴിഞ്ഞ ഡിസംബര്‍ വരെ മന്ത്രിമാരും ചീഫ് വിപ്പും നേരിട്ട് നിയമിച്ചവരുടെ കണക്കാണിത്. ഡെപ്യൂട്ടേഷനില്‍ വന്നവരുമുണ്ട് ചില മന്ത്രിമാര്‍ക്കുള്ള അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിമാരില്‍. നേരിട്ട് നിയമനം നടത്തിയവരുടെ കുറഞ്ഞ ശമ്പളം 23,000-50,200 രൂപ എന്ന ഘടനയിലും കൂടിയ ശമ്പളം 1,07,800-1,60,000 എന്ന രൂപത്തിലുമാണ്. 362 പേര്‍ക്ക് അടിസ്ഥാന ശമ്പളം നല്‍കാന്‍ മാത്രം പ്രതിമാസം 1.42 കോടി രൂപയാണ് ചെലവ്. ഏഴ് ശതമാനം ഡി എ, 10 ശതമാനം എച്ച് ആര്‍ എ എന്നിവയുമുണ്ടാകും. മെഡിക്കല്‍ റീഇമ്പേഴ്‌സ്‌മെന്റ് ആനുകൂല്യവുമുണ്ട്. 70,000 രൂപ വരെ ശമ്പളമുള്ളവര്‍ക്ക് ഗ്രേഡ് അടിസ്ഥാനത്തില്‍ ഫസ്റ്റ് ക്ലാസ്സ് എ സി, സെക്കന്‍ഡ് ക്ലാസ്സ് എ സി ട്രെയിന്‍ ടിക്കറ്റ് നിരക്കും 77,000 രൂപക്ക് മുകളില്‍ ശമ്പളമുള്ളവര്‍ക്ക് വിമാന യാത്രാ നിരക്കും ലഭിക്കുന്നു. ഇതിനെല്ലാം പുറമെയാണ് രണ്ട് വര്‍ഷം സേവനമുള്ളവര്‍ക്ക് പെന്‍ഷന്‍. കൊച്ചിയിലെ പ്രോപ്പര്‍ ചാനല്‍ സംഘടനാ പ്രസിഡന്റ് എം കെ ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം.
സര്‍ക്കാര്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങവേ, പാര്‍ട്ടിക്കാര്‍ക്ക് ജോലിയും പെന്‍ഷനും ലഭ്യമാക്കാനായി ആവശ്യത്തിലധികം പേഴ്‌സനല്‍ സ്റ്റാഫിനെ നിയമിച്ച് പൊതു ഖജനാവിലെ പണമെടുത്ത് ചെലവിടുന്നത് എത്രമാത്രം ധാര്‍മികമാണെന്ന് പാര്‍ട്ടി നേതൃത്വങ്ങള്‍ ഗൗരവപൂര്‍വം ചിന്തിക്കേണ്ടതുണ്ട്. എല്ലാ ചട്ടങ്ങളെയും കാറ്റില്‍ പറത്തിയുള്ള പെന്‍ഷന്‍ കാര്യത്തിലെങ്കിലും വീണ്ടുവിചാരം ആവശ്യമാണ്.



source https://www.sirajlive.com/personal-staff-pension-need-to-reconsider.html

Post a Comment

Previous Post Next Post