ഉക്രൈന്‍ അതിര്‍ത്തിയിലെ റഷ്യന്‍ പടയൊരുക്കം

റഷ്യ-ഉക്രൈന്‍ പ്രശ്‌നം രൂക്ഷമാകുകയാണ്. 2014ലേതിനു സമാനമായ ഒരു സൈനിക നടപടിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. റഷ്യയുടെ ടാങ്കുകളും പീരങ്കികളും മിസൈലുകളും 1,00,000 സൈനികരും ഉക്രൈനിന്റെ കിഴക്കന്‍ അതിര്‍ത്തികളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. മിസൈല്‍, വിമാനവേധ സംവിധാനങ്ങളും ടാങ്കുകളും അടക്കമുള്ള ആയുധങ്ങള്‍ സഹിതമാണ് റഷ്യന്‍ സൈനിക വിന്യാസം. ഇതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ മേഖലകളില്‍ ത്വരിതഗതിയില്‍ സൈനിക പരിശീലനം നടക്കുന്നതായും റിപോര്‍ട്ടുണ്ട്. ഉക്രൈനിലേക്ക് ഒരു കടന്നു കയറ്റത്തിന് തങ്ങള്‍ക്ക് പദ്ധതിയില്ലെന്നാണ് റഷ്യന്‍ നേതൃത്വം പറയുന്നതെങ്കിലും താമസിയാതെ തന്നെ റഷ്യന്‍ പട്ടാളം ഉക്രൈനിലേക്ക് അതിക്രമിച്ചു കയറുമെന്നാണ് യു എസ് ഇന്റലിജന്‍സ് വൃത്തങ്ങളുടെ നിരീക്ഷണം.

2014ല്‍ റഷ്യ ഉക്രൈനിനെ അക്രമിച്ച് തന്ത്രപ്രധാനമായ ക്രിമിയ പിടിച്ചെടുത്തിരുന്നു. ഉക്രൈനിന്റെ അന്നത്തെ റഷ്യന്‍ അനുകൂല പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ച് ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് രാജി വെച്ചപ്പോഴായിരുന്നു റഷ്യന്‍ അധിനിവേശം. യൂറോപ്യന്‍ യൂനിയനില്‍ ചേരാനുള്ള ഉക്രൈന്‍ ജനതയുടെ അഭിലാഷം മാനിക്കാതെ വിക്ടര്‍ യാനുകോവിച്ച്, രാജ്യത്തെ റഷ്യ നയിക്കുന്ന യൂറേഷ്യന്‍ ഇക്കണോമിക് യൂനിയനില്‍ ചേര്‍ക്കാന്‍ തീരുമാനമെടുത്തപ്പോഴാണ് ജനകീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. അന്ന് ഉക്രൈനിന്റെ ഭാഗമായ ക്രിമിയയിലേക്കു കടന്നുകയറിയ റഷ്യന്‍ സേന പ്രദേശം റഷ്യയിലേക്കു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അവിടെയാണ് റഷ്യ ഇപ്പോള്‍ സൈന്യത്തെ വിന്യസിച്ചത്. എന്നാല്‍ 2014നെ പോലെയല്ല ഇപ്പോഴത്തെ ആഗോള രാഷ്ട്രീയ അന്തരീക്ഷം. റഷ്യ ഉക്രൈനിനെ ആക്രമിച്ചാല്‍ തിരിച്ചടിക്കാനുള്ള തയ്യാറെടുപ്പിലാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും. റഷ്യ അവിവേകം കാണിച്ചാല്‍ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ അധിനിവേശമായിരിക്കും അതെന്നും ലോകക്രമത്തെ തന്നെ അത് മാറ്റിമറിക്കുമെന്നുമാണ് യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭീഷണി. കിഴക്കന്‍ യൂറോപ്പിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാന്‍ അമേരിക്ക തീരുമാനിച്ചതായും സൈന്യം ഉടന്‍ തന്നെ പോളണ്ട്, റൊമാനിയ, ജര്‍മനി എന്നിവിടങ്ങളിലേക്ക് തിരിക്കുമെന്നും പെന്റഗണ്‍ പ്രസ്സ് സെക്രട്ടറി ജോണ്‍ കിര്‍ബി അറിയിക്കുകയും ചെയ്തു. ഉക്രൈനിനെ ആക്രമിച്ചാല്‍ റഷ്യ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ജി-7 രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാറ്റോ അംഗരാജ്യങ്ങളായ ഡെന്‍മാര്‍ക്ക്, സ്പെയിന്‍, ബള്‍ഗേറിയ, നെതര്‍ലന്‍ഡ്‌സ് എന്നിവരും കിഴക്കന്‍ യൂറോപ്പിലേക്ക് കൂടുതല്‍ യുദ്ധവിമാനങ്ങളും പടക്കപ്പലുകളും അയക്കുന്നുണ്ട്. ഒരു യുദ്ധം മുന്നില്‍ കണ്ട് ഉക്രൈന്‍ നയതന്ത്രകാര്യാലയത്തില്‍ നിന്ന് തങ്ങളുടെ ജീവനക്കാരെ പിന്‍വലിച്ചു തുടങ്ങിയിട്ടുമുണ്ട് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും. നീണ്ട ഇടവേളക്കു ശേഷം റഷ്യയും അമേരിക്കയും തമ്മിലുള്ള ബലാബലത്തിന് ഇടയാക്കുകയാണ് ഉക്രൈന്‍ സംഭവ വികാസങ്ങള്‍. അടുത്ത നാള്‍ വരെ അമേരിക്ക-ചൈന പ്രശ്‌നങ്ങളായിരുന്നു ആഗോള മാധ്യമങ്ങളുടെ മുഖ്യചര്‍ച്ചാ വിഷയമെങ്കില്‍ ഇപ്പോള്‍ ഉക്രൈനിനെ ചൊല്ലിയുള്ള അമേരിക്ക-റഷ്യ വാഗ്വാദങ്ങളും പടയൊരുക്കങ്ങളുമാണ് ചര്‍ച്ച.

നേരത്തേ സോവിയറ്റ് യൂനിയന്റെ ഭാഗവും സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് മൂന്ന് പതിറ്റാണ്ടു മുമ്പ് സ്വതന്ത്ര രാജ്യമായി വേര്‍തിരിഞ്ഞതുമായ ഉക്രൈനിന്റെ, യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള അടുപ്പവും പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയില്‍ ചേരാനുള്ള നീക്കവുമാണ് റഷ്യയെ ചൊടിപ്പിച്ചത്. 30 അംഗങ്ങളുള്ള നാറ്റോയിലെ ഒരംഗം ആക്രമിക്കപ്പെട്ടാല്‍ അതിന്റെ സഹായത്തിനെത്താന്‍ മറ്റംഗങ്ങള്‍ക്കു ബാധ്യതയുണ്ടെന്നിരിക്കെ, റഷ്യയുടെ ഭീഷണി നേരിടാനും തങ്ങളുടെ സുരക്ഷിതത്വത്തിനും നാറ്റോ അംഗത്വം സഹായകമാകുമെന്നാണ് ഉക്രൈന്റെ കണക്കുകൂട്ടല്‍. വിസ്തൃതിയില്‍ യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായ ഉക്രൈന്‍, നാറ്റോ സഖ്യത്തില്‍ ചേരുന്നത് തങ്ങളുടെ താത്പര്യങ്ങള്‍ക്ക് ഹാനികരമാകുമെന്ന് റഷ്യ ഭയക്കുന്നു. ഉക്രൈനെ നാറ്റോയില്‍ ചേരാന്‍ അനുവദിക്കരുതെന്ന് പാശ്ചാത്യ രാജ്യങ്ങളോട് റഷ്യ ആവശ്യപ്പെടുകയും ചെയ്തു. യു എസും പാശ്ചാത്യ രാജ്യങ്ങളും അത് നിരസിക്കുകയാണുണ്ടായത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഫ്രാന്‍സ്, ജര്‍മനി, യു എസ്, റഷ്യ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് റഷ്യ ഒരാക്രമണത്തിനു കോപ്പുകൂട്ടുന്നത്. നാറ്റോയും ഉക്രൈനും ചേര്‍ന്ന് ഇതിനിടെ നടത്തിയ സംയുക്ത സൈനികാഭ്യാസങ്ങളും റഷ്യയെ പ്രകോപിപ്പിച്ചിട്ടുണ്ട്. റഷ്യന്‍ അതിര്‍ത്തിയില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെ നടന്ന സൈനികാഭ്യാസത്തില്‍ ആണവ ബോംബുകള്‍ വഹിക്കാന്‍ കഴിയുന്ന അത്യാധുനിക യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു.
അതേസമയം ബ്രിട്ടനും അമേരിക്കയും ആശങ്കപ്പെടുന്നതു പോലെയുള്ള അടിയന്തര സാഹചര്യമൊന്നും ഉക്രൈനില്‍ ഉണ്ടായിട്ടില്ലെന്നാണ് ബ്രിട്ടീഷ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ബി ബി സിയുടെ നിരീക്ഷണം. ഉക്രൈനെ നാറ്റോയില്‍ ചേര്‍ക്കുന്നത് തടയാനുള്ള റഷ്യയുടെ ഒരു സമ്മര്‍ദ തന്ത്രം മാത്രമാണ് സൈനിക വിന്യാസമെന്നാണ് അവരുടെ വിലയിരുത്തല്‍. റഷ്യന്‍ നീക്കത്തെ പ്രതിരോധിക്കാന്‍ അമേരിക്കയും നാറ്റോ സേനയും രംഗത്തുവന്ന സാഹചര്യത്തില്‍ സൈനിക നടപടിയിലേക്ക് റഷ്യ പോകില്ലെന്ന് മേഖലയിലെ വിദഗ്ധരും അഭിപ്രായപ്പെടുന്നു. അതിനിടെ സംഘര്‍ഷത്തിന് അയവു വരുത്താന്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നേതൃത്വത്തില്‍ തിരക്കിട്ട അനുരഞ്ജന ശ്രമവും നടക്കുന്നുണ്ട്. ഉക്രൈനുമായും റഷ്യയുമായും നല്ല ബന്ധമുള്ള ഉര്‍ദുഗാന്റെ നീക്കങ്ങള്‍ ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ലോകം.



source https://www.sirajlive.com/russian-military-presence-on-the-ukrainian-border.html

Post a Comment

Previous Post Next Post