ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ എസ് ആര്‍ ഒ)യുടെ 2022ലെ ആദ്യ ദൗത്യം കൈവരിച്ച സമ്പൂര്‍ണ വിജയം രാജ്യത്തെ ശാസ്ത്ര സമൂഹത്തിന് മാത്രമല്ല ജനതക്കാകെ ആവേശം പകരുന്നതാണ്. കൊവിഡ് മഹാമാരി മറ്റു മേഖലകളെപ്പോലെ ബഹിരാകാശ ഗവേഷണ രംഗത്തെയും ഗുരുതരമായി ബാധിച്ചിരുന്നു. നിശ്ചയിക്കപ്പെട്ട പല ദൗത്യങ്ങളും നിര്‍ത്തിവെക്കേണ്ടി വന്നു. വിക്ഷേപണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ഉപേക്ഷിച്ചു. ഈ നിശ്ചലതയില്‍ നിന്ന് സജീവതയിലേക്കുള്ള പ്രയാണത്തിന്റെ നാന്ദി കൂടിയാണ് ദൗത്യ വിജയം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ് 04ഉം രണ്ട് ചെറു ഉപഗ്രഹങ്ങളുമാണ് വിജയകരമായി വിക്ഷേപിച്ചത്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ഇന്‍സ്പെയര്‍ സാറ്റ് ഒന്നും ഐ എസ് ആര്‍ ഒയുടെ ഐ എന്‍ എസ് 2 ടി ഡിയുമാണ് ഇ ഒ എസ് 04നോടൊപ്പം വിക്ഷേപിച്ച ചെറു ഉപഗ്രഹങ്ങള്‍. റഡാര്‍ ഇമേജിംഗ് ഉപഗ്രഹമായ ഇ ഒ എസ് 04 വഴി പ്രതികൂല കാലാവസ്ഥയിലും തെളിമയാര്‍ന്ന ചിത്രങ്ങളെടുക്കാന്‍ സാധിക്കും. കാര്‍ഷിക ഗവേഷണം, പ്രളയസാധ്യതാ പഠനം, ഭൂഗര്‍ഭ ഉപരിതല ജലപഠനം എന്നിവക്കുള്ള വിവരങ്ങള്‍ കൈമാറും. സിംഗപ്പൂര്‍, തായ്വാന്‍ രാജ്യങ്ങളുടെ പരീക്ഷണ ഉപകരണങ്ങള്‍ ഉള്‍പ്പെട്ടതാണ് ഇന്‍സ്പെയര്‍ സാറ്റ് 1. ഒരു വര്‍ഷമാണ് ഇന്‍സ്പെയര്‍ ഒന്നിന്റെ കാലാവധി. സൂര്യനെക്കുറിച്ചുള്ള പഠനമാണ് ലക്ഷ്യം. പേലോഡില്‍ ഘടിപ്പിച്ച തെര്‍മല്‍ ഇമേജിംഗ് ക്യാമറയാണ് ഐ എന്‍ എസ് 2 ടി ഡിയുടെ സവിശേഷത. ഭൂമി, വെള്ളം, ഉപരിതല ഊഷ്മാവ് എന്നിവയെക്കുറിച്ചുള്ള പഠനമാണ് ലക്ഷ്യം. സതീഷ്ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയര്‍ന്ന റോക്കറ്റ് പതിനേഴാം മിനുട്ടില്‍ ഉപഗ്രഹങ്ങളെ സൗരസ്ഥിര ഭ്രമണപഥത്തില്‍ ഇറക്കി. തുടര്‍ന്ന്, റോക്കറ്റ് ഭാഗത്തുണ്ടായിരുന്ന ഇന്ധനം പുറത്തുകളഞ്ഞു. റോക്കറ്റ് ഉപേക്ഷിക്കുന്നതിനു മുമ്പുള്ള ഇത്തരമൊരു പ്രക്രിയ പരീക്ഷിക്കുന്നതും ഇതാദ്യമാണ്. ഉപഗ്രഹങ്ങളുമായി കൂട്ടിയിടിച്ചുള്ള സ്ഫോടനം ഒഴിവാക്കുന്നതിനുള്ള സുരക്ഷാ സംവിധാനമാണിത്.
ഈ വിക്ഷേപണ വിജയത്തില്‍ കേരളത്തിന് ഇരട്ടി മധുരമുണ്ടെന്ന് എടുത്തു പറയേണ്ടതാണ്. മലയാളിയായ ഡോ. എസ് സോമനാഥ് ഇസ്രോ ചെയര്‍മാനായതിനു ശേഷമുള്ള ആദ്യ ദൗത്യമായിരുന്നുവെന്നതാണ് ഒന്നാം മധുരം. തന്റെ സംഘത്തെ ഏറ്റവും കാര്യക്ഷമമായി നയിക്കാനും കൂടുതല്‍ ഉയരങ്ങളിലേക്ക് ഐ എസ് ആര്‍ ഒയെ എത്തിക്കാനും അദ്ദേഹത്തിന് സുസാധ്യമാണെന്ന് ഈ വിജയം സാക്ഷ്യപ്പെടുത്തുന്നു. മൂന്ന് ഉപഗ്രഹങ്ങള്‍ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചപ്പോള്‍ അതിലൊന്നില്‍ മലയാളി ശാസ്ത്ര പ്രതിഭകളുടെ കൈയൊപ്പ് പതിഞ്ഞിരുന്നുവെന്നതാണ് രണ്ടാമത്തെ മധുരം. ഇന്‍സ്പെയര്‍ സാറ്റ് വികസിപ്പിച്ചത് തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് വിദ്യാര്‍ഥികള്‍ കൂടിയടങ്ങിയ സംഘമാണ്.
ഇന്റര്‍നാഷനല്‍ സാറ്റലൈറ്റ് പ്രോഗ്രാം ഇന്‍ റിസര്‍ച്ച് ആന്‍ഡ് എജ്യുക്കേഷന്‍ എന്നതിന്റെ ചുരുക്കെഴുത്താണ് ഇന്‍സ്പെയര്‍. കൊളറാഡോ സര്‍വകലാശാലയിലെ ലബോറട്ടറി ഫോര്‍ അറ്റ്മോസ്ഫറിക് ആന്‍ഡ് സ്പേസ് ഫിസിക്സ്, സിംഗപ്പൂരിലെ നന്‍യാന്‍ഗ് ടെക്നിക്കല്‍ യൂനിവേഴ്സിറ്റി സാറ്റലൈറ്റ് റിസര്‍ച്ച് സെന്റര്‍, തായ്വാന്‍ നാഷനല്‍ സെന്‍ട്രല്‍ യൂനിവേഴ്സിറ്റി, ദ ലബോറട്ടറി ഓഫ് ലീന്‍ സാറ്റലൈറ്റ് എന്റര്‍പ്രൈസസ് ആന്‍ഡ് ഓര്‍ബിറ്റ് എക്സ്പരിമെന്റ്സ്, ഫ്രാന്‍സിലെ ലാറ്റ്മോസ്, അല്‍ബര്‍ട്ട സര്‍വകലാശാല, ടെല്‍ അവീവ് സര്‍വകലാശാല, ജൂലിച്ച് റിസര്‍ച്ച് സെന്റര്‍ എന്നീ സ്ഥാപനങ്ങള്‍ക്കൊപ്പം ഐ എസ് ആര്‍ ഒയും തിരുവനന്തപുരത്തെ ഐ ഐ എസ് എസ് ടിയും കൈകോര്‍ക്കുന്നതാണ് ഇന്‍സ്പെയര്‍ പദ്ധതി.
2015ലാണ് ഇന്‍സ്പെയര്‍ പദ്ധതി തുടങ്ങിയത്. അന്താരാഷ്ട്ര തലത്തില്‍ വിദ്യാര്‍ഥി-അധ്യാപക സഹകരണത്തിലൂടെ പുതുതലമുറ സ്പേസ് എന്‍ജിനീയര്‍മാരെയും ശാസ്ത്രജ്ഞരെയും വാര്‍ത്തെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അന്തരീക്ഷ പഠനത്തിന് ഉതകുന്ന ചെറു ഉപഗ്രഹങ്ങളാണ് പ്രധാനമായും പദ്ധതിയിലൂടെ വികസിപ്പിക്കുന്നത്. അഞ്ച് ഇന്‍സ്പെയര്‍ സാറ്റലൈറ്റുകളുടെ നിര്‍മാണത്തിനാണ് ഇതുവരെ അനുമതിയായിട്ടുള്ളത്. ഇതില്‍ ഐ എസ് ആര്‍ ഒയുടെ സഹകരണത്തോടെ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹമാണ് ഇന്‍സ്പെയര്‍ സാറ്റ് 1.
കഴിഞ്ഞ മാസം നടന്ന ഇന്‍സാറ്റ് നാല് ബിയുടെ ഡീ കമ്മീഷനിംഗിലും ഐ എസ് ആര്‍ ഒ അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. സാറ്റലൈറ്റ് വിക്ഷേപണം പോലെ തന്നെ പ്രാധാന്യമുള്ളതും അവധാനത ആവശ്യമുള്ളതുമാണ് അവയുടെ ഉപേക്ഷിക്കലും. ബഹിരാകാശത്ത് ഒടുങ്ങാത്ത മാലിന്യമായി ഓരോ രാജ്യവും അയക്കുന്ന ഉപഗ്രഹങ്ങളും അനുബന്ധ ഉപകരണങ്ങളും കറങ്ങി നടക്കുന്നത് പ്രപഞ്ചത്തിനാകെ ഭീഷണിയാണ്. ഈ ദുരന്തത്തിന് തടയിടാനാണ് ഇന്റര്‍ ഏജന്‍സി സ്പേസ് ഡെബ്രിസ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയും യു എന്നും കൃത്യമായ മാനദണ്ഡങ്ങള്‍ മുന്നോട്ട് വെച്ചിട്ടുള്ളത്. ഈ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കുന്നുവെന്നതാണ് ഇന്‍സാറ്റ് നാല് ബി ഡീകമ്മീഷനിംഗിന്റെ സവിശേഷത. പ്രവര്‍ത്തനരഹിതമായ ഉപഗ്രഹങ്ങളെ ബഹിരാകാശ അവശിഷ്ടമാക്കി മാറ്റാതെ ഭ്രമണപഥത്തില്‍ നിന്ന് നീക്കം ചെയ്യുന്ന പ്രക്രിയ നേരത്തേ നിശ്ചയിച്ച പ്രകാരം തന്നെ നടന്നു. ബഹിരാകാശ ഉദ്യമങ്ങള്‍ക്ക് സുസ്ഥിരത ഉറപ്പുവരുത്താന്‍ വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ബഹിരാകാശ അവശിഷ്ടങ്ങള്‍ ലഘൂകരിക്കാനുള്ള ഐ എ ഡി സിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച്, ബഹിരാകാശ വസ്തുക്കളുടെ കാലാവധി കഴിയുമ്പോള്‍ അവയെ നൂറ് വര്‍ഷത്തിനുള്ളില്‍ തിരികെയെത്താത്ത വിധത്തില്‍ ജിയോ ബെല്‍റ്റിന് മുകളിലെ ഭ്രമണപഥത്തിലേക്ക് ഉയര്‍ത്തണം. അതിന് കുറഞ്ഞത് 273 കിലോമീറ്റര്‍ ദൂരത്തേക്ക് കൃത്രിമോപഗ്രഹം ഉയര്‍ത്തേണ്ടിയിരിക്കുന്നു. 2022 ജനുവരി 17 മുതല്‍ 23 വരെ 11 തവണയായി നടത്തിയ ഭ്രമണ പഥ ക്രമീകരണങ്ങളിലൂടെയാണ് ഇന്‍സാറ്റ് നാല് ബി 273 കി. മീ ദൂരത്തേക്ക് ഉയര്‍ത്തിയത്.
ഈ വിജയങ്ങളെല്ലാം മഹാമാരിയുണ്ടാക്കിയ നിശ്ചലാവസ്ഥ മറികടന്ന് മുന്നേറാനുള്ള ഉണര്‍വ് ഐ എസ് ആര്‍ ഒക്ക് സമ്മാനിക്കുന്നു. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ദൗത്യങ്ങളടക്കം വലിയ ലക്ഷ്യങ്ങള്‍ ഇസ്റോക്ക് മുമ്പിലുണ്ട്. മൂന്നാം ചാന്ദ്ര ദൗത്യമായ ചാന്ദ്രയാന്‍ മൂന്ന് ആഗസ്റ്റില്‍ വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഗഗന്‍യാന്‍ പദ്ധതിയുടെ ആദ്യ പരീക്ഷണപ്പറക്കല്‍ ഈ വര്‍ഷം അവസാനം നടക്കും. സൂര്യനെ പഠിക്കാനുള്ള ആദിത്യ, മംഗള്‍യാന്‍ 2, ബുധനിലേക്കും മറ്റുമുള്ള ദൗത്യങ്ങള്‍… താണ്ടാന്‍ ഏറെയുണ്ട്. ഒരേ സമയം മനുഷ്യജീവിതം ആയാസരഹിതമാക്കുകയും പ്രകൃതിക്ക് ഏറ്റവും കുറഞ്ഞ ആഘാതമുണ്ടാക്കുകയും ചെയ്യുന്ന ഗവേഷണ, വിക്ഷേപണ ദൗത്യങ്ങളിലേക്ക് കുതിക്കാന്‍ ഇസ്റോയിലെ മിടുക്കന്‍മാര്‍ക്ക് സാധിക്കട്ടെ.
source https://www.sirajlive.com/let-39-s-applaud-the-celestial-victories.html
Post a Comment