റഷ്യ- യുക്രൈന്‍ യുദ്ധം നിരവധി ഇന്ത്യന്‍ കുടുംബങ്ങളെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. പഠനാവശ്യാര്‍ഥവും ജോലിയാവശ്യാര്‍ഥവും ഒട്ടേറെ ഇന്ത്യക്കാരാണ് യുക്രൈനില്‍ താമസിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ കണക്കനുസരിച്ച് അവിടുത്തെ ഇന്ത്യക്കാരുടെ എണ്ണം 20,000ത്തില്‍ പരമാണ്. അനൗദ്യോഗിക കണക്കനുസരിച്ച് 25,000 പേരുണ്ട്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെയും എന്‍ജിനീയറിംഗ് രംഗത്തെയും ഉദ്യോഗസ്ഥര്‍, ഐ ടി പ്രൊഫഷനലുകള്‍ എന്നിവരാണ് കൂടുതലും. ഇവരില്‍ നല്ലൊരു ഭാഗവും മലയാളികളാണ്. 2,320 മലയാളി വിദ്യാര്‍ഥികളുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. അതിര്‍ത്തിയില്‍ സംഘര്‍ഷം ഉരുണ്ടു കൂടിയ സാഹചര്യത്തില്‍, യുക്രൈന്‍ വിടാന്‍ വിദ്യാര്‍ഥികളോടും എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളോടും മറ്റു ഇന്ത്യക്കാരോടും ഇന്ത്യന്‍ എംബസി നേരത്തേ ആവശ്യപ്പെട്ടിരുന്നു. എംബസി നിര്‍ദേശമനുസരിച്ച് നാലായിരത്തോളം പേര്‍ ഇതിനകം നാട്ടിലെത്തിയിട്ടുണ്ട്. അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ രൂക്ഷമായിട്ട് മാസങ്ങളായെങ്കിലും യുദ്ധമുണ്ടാകില്ലെന്നും സമാധാനശ്രമങ്ങള്‍ ലക്ഷ്യം കാണുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു യുക്രൈനിലെ വിദ്യര്‍ഥികളില്‍ മിക്കവരും. ക്ലാസ്സുകള്‍ നഷ്ടപ്പെട്ടു പോകുമെന്ന ആശങ്കയും നേരത്തേ നാട്ടിലേക്കു തിരിക്കുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിച്ചു. വലിയ തുക മുടക്കിയാണ് മിക്കവരും ഇവിടെ പഠിക്കാനെത്തിയത്. നാട്ടിലേക്ക് പോയാല്‍ പിന്നെ തിരികെ വരാന്‍ പ്രയാസമാകും. യുദ്ധം ആരംഭിക്കുകയും എയര്‍ ഇന്ത്യയുള്‍പ്പെടെ യുക്രൈനില്‍ നിന്ന് പുറം രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കുകയും ചെയ്തതോടെ തിരികെ വരാന്‍ ഒരു വഴിയുമില്ലാതെ അവിടെ കുടുങ്ങിയിരിക്കുകയാണ് അവശേഷിച്ചവര്‍. എയര്‍ ഇന്ത്യയുടെ വിമാനം ഇറങ്ങേണ്ടിയിരുന്ന ബോറിസ്പില്‍ വിമാനത്താവളത്തില്‍ റഷ്യന്‍ ആക്രമണമുണ്ടായതോടെയാണ് എയര്‍ ഇന്ത്യ സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്.
യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ബങ്കറുകളിലേക്കു മാറണമെന്ന് എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയാളി വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ബോംബ് ഷെല്‍റ്ററുകളില്‍ അഭയം പ്രാപിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. വ്യാഴാഴ്ച യുദ്ധം ആരംഭിച്ചതിനു പിന്നാലെ യുക്രൈന്‍ തലസ്ഥാനമായ കീവിലെ ഇന്ത്യന്‍ എംബസിയില്‍ സഹായം അഭ്യര്‍ഥിച്ച് നിരവധി ഇന്ത്യക്കാര്‍ എത്തുകയുണ്ടായി. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി എംബസി വൃത്തങ്ങള്‍ അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങരുതെന്നും എപ്പോഴും യാത്രാരേഖകള്‍ ഉള്‍പ്പെടെയുള്ളവ കൈവശമുണ്ടാകണമെന്നും എംബസിയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് അടക്കമുള്ള എല്ലാ സാമൂഹിക മാധ്യമങ്ങളും തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും ഇന്ത്യക്കാര്‍ക്കുള്ള എംബസിയുടെ മുന്നറിയിപ്പില്‍ പറയുന്നു.
കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് വിദേശകാര്യ മന്ത്രാലയം. യുക്രൈനിലെ വിമാനത്താവളങ്ങള്‍ അടച്ചതിനാല്‍ പടിഞ്ഞാറന്‍ അതിര്‍ത്തി രാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ലൊവാക്യ, റുമാനിയ എന്നിവിടങ്ങളില്‍ റോഡ് മാര്‍ഗമെത്തിച്ച ശേഷം അവിടങ്ങളില്‍ നിന്ന് വിമാനമാര്‍ഗം ഇന്ത്യയിലേക്കു കൊണ്ടുവരാനാണ് പദ്ധതി. ഇതിനു സഹായകമായ സുരക്ഷിതമായ റൂട്ട് മാപ് തയ്യാറാക്കിയതായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു. വിദേശകാര്യ മന്ത്രി ജയ്ശങ്കര്‍ മേല്‍രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരെ ഫോണില്‍ വിളിച്ച് സഹകരണം തേടുകയും രക്ഷാദൗത്യത്തിനായി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരെ അയക്കുകയും ചെയ്തിട്ടുണ്ട്. ഹംഗേറിയന്‍ അതിര്‍ത്തിയായ ചോപ്പ്-സഹോനി, റുമാനിയന്‍ അതിര്‍ത്തിയായ പൊറുബെന്‍-സീറെറ്റ് എന്നീ ചെക്ക്പോയിന്റുകള്‍ വഴി ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനാണ് നീക്കം. ആദ്യ ഘട്ടത്തില്‍ അതിര്‍ത്തികള്‍ക്ക് സമീപമുള്ള വിദ്യാര്‍ഥികളെയാണ് ഒഴിപ്പിക്കുക. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി ഹംഗറിയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള പ്രത്യേക സംഘത്തെ അതിര്‍ത്തി പോസ്റ്റായ സഹോനിയിലേക്ക് അയച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ മൂന്ന് പ്രത്യേക വിമാനങ്ങളാണ് രക്ഷാദൗത്യത്തിനായി ഏര്‍പ്പെടുത്തിയത്. രണ്ട് വിമാനങ്ങള്‍ ഇന്ന് പുലര്‍ച്ചെ റുമാനിയന്‍ തലസ്ഥാനമായ ബുക്കാറസ്റ്റിലേക്ക് പറക്കും. സംഘര്‍ഷം മുന്നില്‍ക്കണ്ട് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ആവശ്യത്തിനു വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നതില്‍ എംബസി വീഴ്ച വരുത്തിയെന്നും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ നാട്ടിലെത്തിക്കുന്നതിനാണ് മുന്‍ഗണന നല്‍കിയതെന്നും ആക്ഷേപം ശക്തമായിരുന്നു. ഇതോടെയാണ് തിരിച്ചെത്തിക്കല്‍ നടപടി ഊര്‍ജിതമായത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റുമായി ടെലിഫോണില്‍ സംസാരിച്ച് ഇന്ത്യക്കാരുടെ സുരക്ഷയില്‍ ആശങ്ക അറിയിച്ചിരുന്നു.
രക്ഷാദൗത്യത്തിനായി വ്യോമസേനാ വിമാനങ്ങളെ നിയോഗിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. യുക്രൈനിലെ വ്യോമപാത തുറന്നാലുടന്‍ സേനാ വിമാനങ്ങളെ അയക്കാനാണ് തീരുമാനം. അതേസമയം യുക്രൈനില്‍ പൊതുഗതാഗത സര്‍വീസുകള്‍ പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. അതിര്‍ത്തിയിലേക്ക് യാത്ര ചെയ്യാന്‍ ആവശ്യത്തിനു വാഹനങ്ങള്‍ ലഭ്യമല്ല. ടാക്‌സികളോ മറ്റു വാഹനങ്ങളോ ബുക്ക് ചെയ്യാന്‍ വലിയ തുക നല്‍കണം. ബേങ്കുകളും എ ടി എമ്മുകളും അടച്ചതിനാല്‍ അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് പണം എടുക്കാനും കൈമാറാനും ഒരു വഴിയുമില്ല. എംബസി ഏതെങ്കിലും തരത്തില്‍ വാഹനങ്ങള്‍ സംഘടിപ്പിച്ച് പടിഞ്ഞാറന്‍ യുക്രൈനിലേക്ക് എത്തിക്കാന്‍ സഹായിക്കണമെന്നാണ് ഇന്ത്യക്കാര്‍ ആവശ്യപ്പെടുന്നത്. വിമാന യാത്രാ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
source https://www.sirajlive.com/rescue-mission-in-ukraine-should-be-intensified.html
إرسال تعليق