രാജ്യത്ത് അടിയന്തര ആവശ്യങ്ങള്‍ക്കായി ഒരു വാക്‌സിന് കൂടി അനുമതി

ന്യൂഡല്‍ഹി | രാജ്യത്ത് അടിയന്തര ആവശ്യങ്ങള്‍ക്കായി ഒരു വാക്‌സിന് കൂടി അനുമതി നല്‍കി കേന്ദ്രം. സ്പുട്‌നിക് ലൈറ്റ് സിംഗിള്‍ ഡോസ് വാക്‌സിനാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്തെ ഒമ്പതാം കൊവിഡ് വാക്‌സിനാണ് ഇത്. റഷ്യന്‍ നിര്‍മിത വാക്സിനാണ് സ്പുട്നിക് ലൈറ്റ്. ഇതിന്റെ മൂന്ന് ഘട്ട പരീക്ഷണവും ഇന്ത്യയില്‍ പൂര്‍ത്തിയാക്കിയിരുന്നു. ഹ്യൂമന്‍ അഡെനോവൈറസ് സെറോടൈപ്പ് 26 അടിസ്ഥാനമാക്കിയുള്ള സിംഗിള്‍ ഡോസ് വാക്സിനാണ് സ്പുട്നിക് ലൈറ്റ്. കൊവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനെതിരെ മികച്ച പ്രതിരോധം നല്‍കാന്‍ ഇതിനാവും എന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടുതല്‍ ആളുകള്‍ക്ക് വളരെ എളുപ്പത്തില്‍ നല്‍കാനാകുമെന്നതാണ് ഈ വാക്‌സിന്റെ മറ്റൊരു ഗുണകരമായ വശം.

സ്പുട്നിക്കിന്റെ ഇന്ത്യയിലെ നിര്‍മാണ-വിതരണാവകാശം നേടിയിട്ടുള്ള ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് വേണ്ടി കര്‍ണാടകയിലെ ശില്‍പ ബയോളജിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (എസ് ബി പി എല്‍) എന്ന സ്ഥാപനം വാക്സിന്‍ നിര്‍മിക്കുന്നുണ്ട്. വര്‍ഷത്തിനുള്ളില്‍ അഞ്ചു കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്.

സ്പുട്‌നിക് ലൈറ്റിന് അനുമതി നല്‍കിയത് കൊവിഡിനെതിരായ രാജ്യത്തിന്റെ കൂട്ടായ പോരാട്ടത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

 



source https://www.sirajlive.com/permission-for-one-more-vaccine-for-urgent-needs-in-the-country.html

Post a Comment

Previous Post Next Post