യുദ്ധക്കെടുതികളെ തുടര്‍ന്ന് നാട്ടുകാരുടെ ഒഴിഞ്ഞുപോക്ക് തുടരുകയാണ് യുക്രൈനില്‍ നിന്ന്. പത്ത് ലക്ഷം പേരെങ്കിലും ഇതിനകം അയല്‍നാടുകളില്‍ അഭയം തേടിയിരിക്കുമെന്നാണ് യു എന്‍ കണക്ക്. പട്ടാള നിയമം പ്രഖ്യാപിക്കപ്പെട്ട യുക്രൈനില്‍ ഗതാഗതത്തിന് നിയന്ത്രണമുള്ളതിനാല്‍ കൈക്കുഞ്ഞുങ്ങളുമായി കിലോമീറ്ററുകളോളം നടന്നാണ് പലരും അതിര്‍ത്തി കടക്കാന്‍ എത്തുന്നത്. യുദ്ധം ആരംഭിച്ച ദിവസം മുതല്‍ അഭയാര്‍ഥി പ്രവാഹം തുടങ്ങിയിരുന്നു. മാനുഷിക പരിഗണന നല്‍കി ഇവര്‍ക്ക് അഭയം നല്‍കുമെന്ന് മിക്ക യൂറോപ്യന്‍ രാജ്യങ്ങളും അറിയിച്ചിട്ടുണ്ട്.
യുക്രൈനുമൊത്ത് 530 കിലോമീറ്റര്‍ കര അതിര്‍ത്തി പങ്കിടുന്ന പോളണ്ടിലേക്കാണ് അഭയാര്‍ഥി പ്രവാഹം കൂടുതലും. യുക്രൈനില്‍ നിന്ന് രക്ഷപ്പെട്ട് എത്തുന്നവരെ ഏറ്റെടുക്കുമെന്നും പോകാനിടമില്ലാത്തവര്‍ക്ക് താത്കാലിക അഭയസ്ഥാനമൊരുക്കുമെന്നും വ്യക്തമാക്കിയ പോളണ്ട് ഭരണകൂടം കാല്‍നടയായി എത്തുന്നവര്‍ക്ക് എല്ലാ അതിര്‍ത്തികള്‍ വഴിയും പ്രവേശം അനുവദിക്കുന്നുമുണ്ട്. ഏകദേശം പത്ത് ലക്ഷം കുടിയേറ്റക്കാര്‍ യുക്രൈനില്‍ നിന്ന് വരുമെന്നുള്ള കണക്കുകൂട്ടലിലാണ് പോളണ്ട് ഭരണകൂടം. അതേസമയം എണ്ണത്തില്‍ കവിഞ്ഞുള്ള അഭയാര്‍ഥികളെ സ്വീകരിക്കാനുള്ള ശേഷി തങ്ങള്‍ക്കില്ലെന്നും അഭയാര്‍ഥി പ്രവാഹം ഇങ്ങനെ തുടര്‍ന്നാല്‍ അതിര്‍ത്തി അടക്കേണ്ടി വരുമെന്നും പോളണ്ട് പ്രസിഡന്റ് പറയുകയുണ്ടായി. സ്ലൊവാക്യ, ഹംഗറി, റുമാനിയ, മോള്‍ഡോവ ഭരണകൂടങ്ങളും യുക്രൈനികളെ സ്വീകരിക്കാനും പാര്‍പ്പിടം, ഭക്ഷണം, നിയമസഹായം എന്നിവ നല്‍കാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഫലസ്തീന്‍, സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങളില്‍ നിന്ന് പുറത്ത് കടക്കാനായി പലായനം ചെയ്ത അഭയാര്‍ഥികള്‍ക്കായി അതിര്‍ത്തി തുറന്നു കൊടുക്കാന്‍ വിസമ്മതിച്ചവരാണ് യൂറോപ്യന്‍ രാജ്യങ്ങളെന്നത് പ്രസ്താവ്യമാണ്. യൂറോപ്പിലേക്കെത്തുന്ന എല്ലാ യുക്രൈനികള്‍ക്കും അടിയന്തര സഹായം നല്‍കുമെന്ന് അമേരിക്കയും പ്രഖ്യാപിച്ചിട്ടുണ്ട്. ഏകദേശം 44 മില്യനാണ് (440 ലക്ഷം) യുക്രൈനിലെ ജനസംഖ്യ. യുദ്ധക്കെടുതികള്‍ മൂലം 50 ലക്ഷത്തോളം പേര്‍ വരെ അഭയാര്‍ഥികളായി രാജ്യം വിടുമെന്നാണ് യു എന്നിന്റെ വിലയിരുത്തല്‍. പാര്‍പ്പിടം നഷ്ടപ്പെട്ട് സ്വന്തം രാജ്യത്ത് മാറിത്താമസിക്കേണ്ടി വരുന്നവരുടെ എണ്ണം ഇതിലേറെ വരുമെന്നും യു എന്‍ നിരീക്ഷിക്കുന്നു.
ലോകം നേരിടുന്ന ഏറ്റവും വലുതും അതിസങ്കീര്‍ണവുമായ വിഷയമാണ് അഭയാര്‍ഥി പ്രവാഹം. യുദ്ധം, ആഭ്യന്തര സംഘര്‍ഷങ്ങള്‍, മത-രാഷ്ട്രീയ പീഡനങ്ങള്‍, ക്ഷാമം, തൊഴിലില്ലായ്മ എന്നിവ മൂലം ഓരോ മൂന്ന് സെക്കന്‍ഡിലും ഒരു അഭയാര്‍ഥിവീതം ഉണ്ടായിത്തീരുന്നുവെന്നാണ് കണക്ക്. സ്വന്തം രാജ്യത്തെ ക്യാമ്പുകളില്‍ കഴിയുന്ന ആഭ്യന്തര അഭയാര്‍ഥികള്‍ ഇതിനു പുറമെയാണ്. ഫലസ്തീന്‍, മ്യാന്മര്‍, ബംഗ്ലാദേശ്, തുര്‍ക്കി, അഫ്ഗാനിസ്ഥാന്‍, സിറിയ, ലിബിയ, യമന്‍, എറിത്രിയ, ചാഢ്, ഈജിപ്ത്, സുഡാന്‍, ഇറാഖ് തുടങ്ങി കലാപ ബാധിതവും രാഷ്ട്രീയ കലുഷിതവുമായ രാജ്യങ്ങളില്‍ നിന്ന് ലക്ഷക്കണക്കിനു പേരാണ് രക്ഷപ്പെട്ടോടി അയല്‍ രാജ്യങ്ങളില്‍ അഭയം പ്രാപിച്ചത്. യുനൈറ്റഡ് നാഷന്‍സ് ഹൈക്കമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസിന്റെ (ഡചഒഇഞ) കണക്കനുസരിച്ച് 68 ലക്ഷം അഭയാര്‍ഥികളെയാണ് സിറിയന്‍ യുദ്ധം സൃഷ്ടിച്ചത്. 2020ലെ കണക്കനുസരിച്ച് വിവിധ രാജ്യങ്ങളില്‍ കഴിയുന്ന അഫ്ഗാന്‍ അഭയാര്‍ഥികളുടെ എണ്ണം 28 ലക്ഷം വരും. 57 ലക്ഷമാണ് ഇസ്റാഈലിന്റെ ക്രൂരത മൂലം ഫലസ്തീനില്‍ നിന്ന് പലായനം ചെയ്ത ഫലസ്തീനികളുടെ എണ്ണം. ഫലസ്തീനികളുടേതാണ് ലോകത്ത് ഏറ്റവും ദൈര്‍ഘ്യമേറിയ പരിഹരിക്കപ്പെടാത്ത അഭയാര്‍ഥി പ്രശ്നം. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും മോശമായ അഭയാര്‍ഥി പ്രതിസന്ധിയാണ് സമീപ കാലത്ത് അനുഭവപ്പെടുന്നതെന്നും ഇനി ലോകം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി അഭയാര്‍ഥികളാകുമെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ വിലയിരുത്തല്‍.
നിരവധി വര്‍ഷങ്ങളിലെ അധ്വാനം കൊണ്ട് കെട്ടിപ്പൊക്കിയ വീട്, കുടുംബങ്ങള്‍, സ്വത്തുക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങി സ്വന്തമെന്നു വിശ്വസിച്ചതെല്ലാം ഉപേക്ഷിച്ചാണ് അഭയാര്‍ഥികള്‍ ജീവനും കൊണ്ട് ഓടിപ്പോകുന്നത്. ജനീവ കണ്‍വന്‍ഷന്റെ പ്രഖ്യാപനമനുസരിച്ച് അഭയാര്‍ഥികളോട് മനുഷ്യത്വപരമായി വര്‍ത്തിക്കാന്‍ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥമാണ്. എന്നാല്‍ അഭയാര്‍ഥികളോട് അനുകമ്പയോ ദയാവായ്‌പോ കാണിക്കുന്നില്ല അധിക രാജ്യങ്ങളും. ജയില്‍പുള്ളികളെ പോലെ രാജ്യത്തിന്റെ ഏതെങ്കിലും ഒഴിഞ്ഞ മൂലയില്‍ വലിയ കൂടാരങ്ങള്‍ ഒരുക്കി വേറിട്ടു പാര്‍പ്പിക്കുകയാണ് ചെയ്യുന്നത്. മതം നോക്കി അഭയാര്‍ഥികളെ സ്വീകരിക്കുകയും തിരസ്‌കരിക്കുകയും ചെയ്യുന്നവരുമുണ്ട്. ‘മുസ്ലിംകളെ ഞങ്ങള്‍ക്ക് വേണ്ട, ക്രിസ്ത്യാനികളെ മാത്രമേ ഇവിടേക്ക് അയക്കേണ്ടതുള്ളൂ’ എന്നായിരുന്നു സ്ലോവാക്യന്‍ ഭരണകൂടം യൂറോപ്യന്‍ യൂനിയനോട് ആവശ്യപ്പെട്ടത്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര അഭയാര്‍ഥികള്‍ക്ക് മാത്രമായി പൗരത്വം നല്‍കാനുള്ള മോദി സര്‍ക്കാറിന്റെ നിയമ ഭേദഗതിയും സമാനമായ തീരുമാനമാണ.്
യുദ്ധത്തില്‍ നിന്നോ കലാപത്തില്‍ നിന്നോ രക്ഷപ്പെട്ട് സുരക്ഷിതമായ ജീവിതവും മക്കള്‍ക്ക് നല്ല ഭാവിയും പ്രതീക്ഷിച്ച് ഇറങ്ങിപ്പുറപ്പെട്ട പലരുടെയും ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകുകയാണ് അഭയാര്‍ഥി ക്യാമ്പുകളില്‍. അഭയാര്‍ഥികളായ സ്ത്രീകള്‍ അഭയം നല്‍കിയ നാട്ടുകാരുടെ ലൈംഗിക ചൂഷണത്തിനു വിധേയമാകുന്ന സംഭവങ്ങളും കുറവല്ല. അഭയാര്‍ഥികളാകുന്നവരില്‍ വലിയൊരളവോളം കുട്ടികളാണെന്നതാണ് ഭീതിദമായ മറ്റൊരു കാര്യം. സുരക്ഷിത താവളം തേടിയുള്ള പലായനത്തിനിടയില്‍ അപകടത്തില്‍ പെട്ടോ യാത്രാദുരിതം മൂലമോ മരണപ്പെട്ടവരുടെ എണ്ണവും നിരവധി. 2016ല്‍ സിറിയയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ 5,000ത്തോളം അഭയാര്‍ഥികളാണ് യാത്രക്കിടെ മുങ്ങിയോ കൊടും തണുപ്പ് മൂലമോ മരിച്ചത്. പട്ടിണിയും ആഭ്യന്തര സംഘര്‍ഷങ്ങളും കാരണം ആഫ്രിക്കയില്‍ നിന്ന് യൂറോപ്പിലേക്കുളള കുടിയേറ്റത്തിനിടെ ബോട്ട് മുങ്ങി മരിച്ചവരും ധാരാളം. ആരും ഇഷ്ടപ്പെട്ടു സ്വീകരിക്കുന്നതല്ല അഭയാര്‍ഥിത്വം. ഇവര്‍ക്കു മാനുഷികമായ പരിഗണന നല്‍കാന്‍ ലോകരാജ്യങ്ങള്‍ ബാധ്യസ്ഥരാണ്.
source https://www.sirajlive.com/the-ukrainians-also-fled-in-droves.html
Post a Comment