ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു ദേശീയ ടെലി മാനസികാരോഗ്യ പദ്ധതി. വാര്‍ത്താ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ഈ പ്രഖ്യാപനം ആഘോഷമാക്കി. സാങ്കേതിക വിദ്യയിലൂന്നിയ വികസനം എന്ന പുതിയ വികസന നയത്തിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു ടെലി ഹെല്‍പ് ലൈന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 23 കേന്ദ്രങ്ങളില്‍ ഐ ഐ ഐ ടി ബെംഗളൂരുവിന്റെ സാങ്കേതിക സഹായത്തോടെ നിംഹാന്‍സ് ആയിരിക്കും പദ്ധതിക്ക് നേതൃത്വം നല്‍കുക. ഗുണമേന്മയുള്ള മാനസികാരോഗ്യ സേവനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമായി കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നത്. എന്നാല്‍, മാനസികാരോഗ്യ മേഖല പൂര്‍ണമായി കേവലം ടെലി ഹെല്‍പ് ലൈന്‍ പദ്ധതിയിലേക്ക് ഒതുക്കുന്നതാണ് ഈ പദ്ധതിയെ ആശങ്കയോടെ നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. പ്രഖ്യാപനങ്ങള്‍ക്കപ്പുറമുള്ള യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഈ പദ്ധതിയെ നാം വിശകലനം ചെയ്യേണ്ടതെന്ന് തോന്നുന്നു.
മാനസികാരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സര്‍ക്കാര്‍ നയത്തിലെ മാറ്റം ബജറ്റിലെ ഈ പ്രഖ്യാപനത്തില്‍ വളരെ വ്യക്തമാണ്. രാജ്യത്തെ വിവിധ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തെക്കുറിച്ചോ വികാസത്തെക്കുറിച്ചോ യാതൊരു പരാമര്‍ശം പോലുമില്ലാതെ മനസികാരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും ഒരു ടെലി ഹെല്‍പ് ലൈനിലൂടെ പരിഹാരം കാണാം എന്ന നയത്തിലേക്കാണോ സര്‍ക്കാര്‍ പോകുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൊവിഡ് വ്യാപനം മനുഷ്യ മനസ്സുകളിലുണ്ടാക്കിയ പ്രതിസന്ധികളെ മറികടക്കുന്നതിന് ലോകമാകെ മാനസികാരോഗ്യ പ്രശ്‌നങ്ങളെ കൃത്യതയോടെ കൈകാര്യം ചെയ്യുന്ന സന്ദര്‍ഭത്തില്‍ ഇന്ത്യയെ പോലെ ഒരു രാജ്യം അതിന്റെ ബജറ്റില്‍ ദേശീയ മാനസികാരോഗ്യ മേഖലക്ക് വളരെ ചെറിയ തുകയാണ് വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12.15 ശതമാനത്തിന്റെ വര്‍ധനവ് മാത്രമാണ് ഈ വര്‍ഷം മാനസികാരോഗ്യ മേഖലക്കുള്ള ബജറ്റ് വിഹിതത്തില്‍ ഉണ്ടായിട്ടുള്ളത്. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് അനുവദിച്ചതിന്റെ വെറും 0.81 ശതമാനം മാത്രമാണ് ഇത്. ഇതില്‍ തന്നെ 94 ശതമാനം ഫണ്ടും ലഭിക്കുന്നത് രാജ്യത്തെ രണ്ട് മാനസികാരോഗ്യ കേന്ദ്രങ്ങള്‍ക്കു മാത്രമാണ്. ശേഷിക്കുന്ന ആറ് ശതമാനം മാത്രമാണ് കേന്ദ്രം ദേശീയ മാനസികാരോഗ്യ പദ്ധതിക്കു വേണ്ടി നീക്കിവെച്ചിട്ടുള്ളത്. മാനസികാരോഗ്യ മേഖലക്ക് വേണ്ടി ബജറ്റ് വര്‍ധിപ്പിക്കുന്നതു പോലെത്തന്നെ പ്രാധാന്യമുള്ളതാണ് അവയുടെ വികേന്ദ്രീകൃതമായ വിതരണവും. ചുരുക്കം ചില സ്ഥാപനങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാനസികാരോഗ്യ മേഖലയെ പിറകോട്ട് നയിക്കും. സര്‍ക്കാര്‍ മാനസികാരോഗ്യ മേഖലയില്‍ നിന്ന് പിറകോട്ട് പോകുന്നതിലൂടെ സ്വകാര്യ മേഖല അത് കൈയടക്കുകയും സാധാരണ ജനങ്ങള്‍ക്ക് മാനസികാരോഗ്യ സേവനങ്ങള്‍ അപ്രാപ്യമാകുകയും ചെയ്യും. അതുപോലെ, ദേശീയ ടെലി മാനസികാരോഗ്യ പദ്ധതിക്കു വേണ്ടി കൃത്യമായി ബജറ്റ് വിഹിതം നീക്കിവെക്കാത്തത് പദ്ധതിയെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.
ദേശീയ മാനസികാരോഗ്യ പദ്ധതി
ദേശീയ മാനസികാരോഗ്യ പദ്ധതിക്കുള്ള ബജറ്റ് വിഹിതം മാറ്റമില്ലാതെ തുടരുന്നതും ആശങ്കാജനകമാണ്. ഇന്ത്യയിലെ മാനസികാരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി രൂപവത്കരിച്ച സമഗ്രമായ പദ്ധതിയാണ് ദേശീയ മാനസികാരോഗ്യ പദ്ധതി. രാജ്യത്തെ അധഃസ്ഥിതര്‍ക്കടക്കം എല്ലാവര്‍ക്കും മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി രൂപം കൊണ്ടത്. അതിനു കീഴില്‍ 1996ല്‍ ആരംഭിച്ച ജില്ലാ മാനസികാരോഗ്യ കേന്ദ്രങ്ങള്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷവും കാര്യമായ സാമ്പത്തിക സഹായമില്ലാതെ നീങ്ങുകയാണ്. കൊവിഡ് മഹാമാരിക്കിടയില്‍ പോലും ഇത് വര്‍ധിപ്പിക്കാനോ പദ്ധതി വികസിപ്പിക്കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ദേശീയ മാനസികാരോഗ്യ പദ്ധതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സര്‍ക്കാര്‍ കാര്യമായ നടപടികള്‍ കൈക്കൊള്ളുന്നില്ല. നിലവില്‍ അനുവദിക്കുന്ന ബജറ്റ് വിഹിതം പോലും കൃത്യമായി ഉപയോഗിക്കാന്‍ നിലവിലെ സംവിധാനത്തിന് കഴിയുന്നില്ല. കഴിഞ്ഞ ആറ് വര്‍ഷത്തോളമായി 50 ശതമാനത്തോളം ഫണ്ടും ഉപയോഗിക്കാതെ കിടക്കുകയാണ്. അതിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ല.
മാനസികാരോഗ്യം സങ്കീര്‍ണമാണ്
ഒരു ടെലിഹെല്‍പ് ലൈനിലൂടെ മാത്രം പരിഹാരം കാണാന്‍ പറ്റുന്നതല്ല മാനസികാരോഗ്യ പ്രശ്‌നങ്ങള്‍. ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ ആ വ്യക്തിയുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാ കാര്യങ്ങളും സ്വാധീനിക്കും. ഒരു വ്യക്തിയുടെ കുടുംബം, സമൂഹം, വിശ്വാസങ്ങള്‍, ശാരീരികാരോഗ്യം, സാമ്പത്തികാവസ്ഥ എന്നിവയെല്ലാം മാനസികാരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ, മാനസികാരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം സമഗ്രമായിരിക്കണം. ടെലി ഹെല്‍പ് ലൈന്‍ പോലുള്ള വ്യക്തി കേന്ദ്രീകൃതമായ പദ്ധതികളും ഇടപെടലുകളും പ്രശ്‌നത്തിന്റെ ഉറവിടത്തിനല്ല പരിഹാരം കാണുന്നത്. മാനസികാരോഗ്യത്തെ സര്‍ക്കാര്‍ ഒരു വ്യക്തി കേന്ദ്രീകൃത പ്രശ്‌നമായി കാണുന്നു എന്നതാണ് ടെലി ഹെല്‍പ് ലൈന്‍ നല്‍കുന്ന സന്ദേശം. അത് അപകടകരമാണ്. മാനസികാരോഗ്യം വ്യക്തി കേന്ദ്രീകൃതമാകുന്നതിലൂടെ അവയുടെ യഥാര്‍ഥ കാരണങ്ങള്‍ പരിഹരിക്കപ്പെടാതെ പോകുന്നു. കൊവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ കാരണമായുണ്ടായ കുടിയേറ്റ തൊഴിലാളികളുടെ പലായനത്തിന്റെ സമയത്തും സര്‍ക്കാറിന്റെ ഈ സമീപനം നാം കണ്ടതാണ്. കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും വാഹന സൗകര്യവും ഒരുക്കുന്നതിന് പകരം അവരുടെ മാനസിക സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് ഹെല്‍പ് ലൈനുകള്‍ തുടങ്ങുകയാണ് സര്‍ക്കാര്‍ ചെയ്തത്. മാനസികാരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാറിന് കൃത്യതയില്ലെന്ന് മനസ്സിലാകുന്നതും ഇതുകൊണ്ടാണ്.
മാനസികാരോഗ്യ സേവനം താഴേത്തട്ടില്‍ നിന്ന്
ഓരോ പ്രദേശത്തെയും സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടാണ് അവിടെ ആവശ്യമായ മാനസികാരോഗ്യ സേവനങ്ങള്‍ രൂപപ്പെടുത്തേണ്ടത്. അതുകൊണ്ട്, ഓരോ പ്രദേശത്തെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് തന്നെ മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കേണ്ടിയിരിക്കുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും മാനസികാരോഗ്യ വിദഗ്ധന്റെ സേവനം ലഭ്യമാകണം. മാനസിക ബുദ്ധിമുട്ടിലൂടെ കടന്നു പോകുന്ന ഒരു വ്യക്തിക്ക് സാമൂഹിക സുരക്ഷാ വലയങ്ങള്‍ ഒരുക്കാനും സര്‍ക്കാറിന് സാധ്യമാകണം. ടെലി ഹെല്‍പ് ലൈന്‍ അടക്കമുള്ള ഓണ്‍ലൈന്‍ മാനസികാരോഗ്യ സേവനങ്ങള്‍ നല്‍കാന്‍ നിലവില്‍ നമ്മുടെ നാട്ടിലെ സര്‍ക്കാറിതര സംഘടനകള്‍ പ്രാപ്തരാണ്. iCALL അടക്കമുള്ള വ്യത്യസ്ത മാനസികാരോഗ്യ ഹെല്‍പ് ലൈനുകള്‍ ഇതിനുദാഹരണമാണ്. പക്ഷേ, താഴേക്കിടയില്‍ നിന്നുള്ള വികസനം നിലവില്‍ സര്‍ക്കാറിനു മാത്രം സാധ്യമാകുന്ന കാര്യമാണ്. അതുകൊണ്ടുതന്നെയാണ് ടെലി ഹെല്‍പ് ലൈനില്‍ മാത്രം ഊന്നിയ, അടിസ്ഥാനപരമായ മറ്റു വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്താത്ത ഈ പദ്ധതി വിമര്‍ശിക്കപ്പെടുന്നത്. ടെലി ഹെല്‍പ് ലൈന്‍ മികച്ച പദ്ധതി തന്നെയാണ്. പക്ഷേ, സര്‍ക്കാര്‍ ഊന്നല്‍ നല്‍കേണ്ടത് താഴേത്തട്ടില്‍ നിന്ന് തന്നെ മാനസികാരോഗ്യ സേവനങ്ങള്‍ വികസിപ്പിക്കുന്നതിലാകണം.
source https://www.sirajlive.com/disadvantages-of-mental-health-policy.html
إرسال تعليق