സര്‍വകലാശാല പരീക്ഷാ വിഭാഗത്തിലെ അനാസ്ഥയുടെ ഒരു വാര്‍ത്ത കൂടി. മൂന്ന് മാസം മുമ്പ് മൂല്യനിര്‍ണയം കഴിഞ്ഞ കാലിക്കറ്റ് സര്‍വകലാശാലയിലെ ഡിഗ്രി രണ്ടാം സെമസ്റ്ററിന്റെ 3,500 ഉത്തരക്കടലാസുകള്‍ കാണാനില്ല. മൂല്യനിര്‍ണയം കഴിഞ്ഞ് മാര്‍ക്കുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ് ഇത്രയും ഉത്തരക്കടലാസുകള്‍ കാണാതായ വിവരം സര്‍വകലാശാല അധികൃതര്‍ അറിയുന്നത്. ഇത് കണ്ടെത്താന്‍ അനൗദ്യോഗികമായി നടത്തിയ എല്ലാ ശ്രമവും പരാജയപ്പെട്ടു. ഉത്തരക്കടലാസ് ഉണ്ടെങ്കില്‍ വേഗം എത്തിക്കണമെന്നാവശ്യപ്പെട്ട് പരീക്ഷാ കണ്‍ട്രോളര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. പരീക്ഷ എഴുതി ഒരു വര്‍ഷം കഴിഞ്ഞിട്ടും റിസല്‍ട്ട് ലഭിക്കാതെ വിദ്യാര്‍ഥികള്‍ പ്രയാസത്തിലാണ്. ഫലമനുസരിച്ചു വേണം വിദ്യാര്‍ഥികള്‍ക്ക് ഇംപ്രൂവ്മെന്റ് ഉള്‍പ്പെടെ ചെയ്യാന്‍. സപ്ലിമെന്ററി പരീക്ഷ എഴുതിയവര്‍ ഫലം വരാത്തതിനാല്‍ തുടര്‍ പഠനം അവതാളത്തിലായ അവസ്ഥയിലുമാണ്.
ഉത്തരക്കടലാസുകള്‍ കാണാതാകല്‍, മികച്ച നിലയില്‍ ഉത്തരമെഴുതിയ കുട്ടികളുടെ തോല്‍വി, അര്‍ഹതയില്ലാത്തവര്‍ വിജയിക്കല്‍, ഫലപ്രഖ്യാപനത്തില്‍ കാലതാമസം തുടങ്ങിയ ക്രമക്കേടുകള്‍ നമ്മുടെ സര്‍വകലാശാലകളില്‍ പതിവാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ എം ജി സര്‍വകലാശാലയിലെയും കാലടി സംസ്‌കൃത സര്‍വകലാശാലയിലെയും ഉത്തര പേപ്പറുകള്‍ കാണാതായിരുന്നു. എം ജിയില്‍ മൂല്യനിര്‍ണയത്തിനായി അധ്യാപകനെ ഏല്‍പ്പിച്ച തൊടുപുഴ ന്യൂമാന്‍ കോളജിലെ 20 ബികോം വിദ്യാര്‍ഥികളുടെ അഞ്ചാം സെമസ്റ്റര്‍ ഉത്തരക്കടലാസുകളാണ് കാണാതായത്. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് അപ്രത്യക്ഷമായത് പി ജി സംസ്‌കൃത സാഹിത്യം വിഭാഗത്തിലെ 276 ഉത്തരക്കടലാസുകളും. അരിച്ചു പെറുക്കി അന്വേഷണം നടത്തിയിട്ടും കണ്ടെത്താത്ത ഈ ഉത്തര പേപ്പറുകള്‍ പിന്നീട് പരീക്ഷാ വിഭാഗം ഓഫീസില്‍ നിന്ന് തന്നെ ലഭ്യമാകുകയും ചെയ്തു. അധ്യാപകര്‍ തമ്മിലുള്ള വ്യക്തിവിരോധമാണ് ഇവ കാണാതായതിനു പിന്നിലെന്നും അധ്യാപകരില്‍ ചിലരുടെ നിര്‍ദേശ പ്രകാരമാണ് പരീക്ഷാ വിഭാഗം ഓഫീസില്‍ നിന്ന് കടലാസുകള്‍ മാറ്റിയതെന്നും പറയപ്പെടുന്നു.
2019 മാര്‍ച്ചില്‍ തിരുവനന്തപുരം യൂനിവേഴ്സിറ്റിക്കു കീഴിലുള്ള ചില കോളജുകളിലെ ഉത്തരക്കടലാസുകള്‍ കാണാതായിരുന്നു. ടാബുലേഷനിടെയാണ് ചില വിദ്യാര്‍ഥികളുടെ ചില ഉത്തരക്കടലാസുകള്‍ ഇല്ലെന്നറിയുന്നത്. സര്‍വകലാശാല ആസ്ഥാനത്ത് നമ്പറിട്ട് ഈ ഉത്തരക്കടലാസുകള്‍ സ്വീകരിച്ചതായി രേഖയുണ്ട്. പുനഃപരീക്ഷ നടത്തി കൂടുതല്‍ മാര്‍ക്ക് നല്‍കാന്‍ പേപ്പറുകള്‍ ബോധപൂര്‍വം പൂഴ്ത്തിയതാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. പുനഃപരീക്ഷ നടത്തുന്ന പേപ്പറുകള്‍ക്കെല്ലാം ഉയര്‍ന്ന മാര്‍ക്ക് കിട്ടുന്നുവെന്ന പരാതി ഇവിടെ മുമ്പേയുണ്ട്. ഏതാനും വര്‍ഷം മുമ്പ് അസിസ്റ്റന്റ് ഗ്രേഡ് പരീക്ഷയുടെ അര ലക്ഷത്തോളം ഉത്തരക്കടലാസുകള്‍ സര്‍വകലാശാലയില്‍ നിന്ന് കാണാതായത് വന്‍ വിവാദമായതാണ്.
എം ജി സര്‍വകലാശാലയില്‍ എം ബി എ പരീക്ഷ എഴുതി വിജയിച്ച വിദ്യാര്‍ഥിയെ തോറ്റെന്നു തെറ്റിദ്ധരിപ്പിച്ച്, വിജയിച്ചതായി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഒന്നേകാല്‍ ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് ഒരു ജീവനക്കാരി അറസ്റ്റിലായത് പത്ത് ദിവസം മുമ്പാണ്. വിദ്യാര്‍ഥിയില്‍ നിന്ന് കൈക്കൂലി സ്വീകരിക്കുന്നതിനിടെയാണ് വിജിലന്‍സ് അവരെ പൊക്കിയത്. കേരള സര്‍വകലാശാലയില്‍ നാല് മാസം മുമ്പാണ് ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥികളെ പണം വാങ്ങി വിജയിപ്പിച്ചതിന് സെക്്ഷന്‍ ഓഫീസര്‍ സൈബര്‍ പോലീസിന്റെ പിടിയിലായത്. ഇവയൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല, സര്‍വകലാശാല പരീക്ഷാ വിഭാഗത്തില്‍ നടക്കുന്ന ക്രമക്കേടുകളില്‍ ചിലത് മാത്രം.
സംസ്ഥാനത്തെ സാങ്കേതിക സര്‍വകലാശാല പരീക്ഷാ നടത്തിപ്പും കുത്തഴിഞ്ഞ നിലയിലാണ.് ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയ ശേഷം അധ്യാപകര്‍ തന്നെയാണ് ബാര്‍കോഡ് സ്‌കാന്‍ ചെയ്ത് മാര്‍ക്ക് അപ് ലോഡ് ചെയ്യുന്നത്. എന്നാല്‍ ഉത്തരക്കടലാസില്‍ ഇടുന്ന മാര്‍ക്കല്ല പലപ്പോഴും അപ് ലോഡ് ചെയ്യുന്നത്. ഉത്തരം വായിച്ചു നോക്കാതെ വെറുതെ മാര്‍ക്കിടുന്നതായും പരാതിയുണ്ട്. ഇതിനിടെ അലക്ഷ്യമായി മൂല്യനിര്‍ണയം നടത്തി മാര്‍ക്കിട്ടതിന് തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജിലെ അഞ്ച് അധ്യാപകര്‍ക്ക് 5,000 രൂപ വീതം പിഴ ചുമത്തിയിരുന്നു. വിദ്യാര്‍ഥികളില്‍ ചിലര്‍ ഉത്തരക്കടലാസുകളുടെ പകര്‍പ്പ് എടുത്തതോടെയാണ് ഇവിടെ മൂല്യനിര്‍ണയം കുത്തഴിഞ്ഞ നിലയിലാണെന്ന വിവരം പുറത്തായത്. തൃശൂരില്‍ ഗവ.കോളജിലെ ഒരു അധ്യാപകന്‍ മൂല്യനിര്‍ണയം നടത്താനുള്ള ഉത്തരക്കടലാസുകള്‍ വീട്ടില്‍ കൊണ്ടുപോയി കെട്ടിവെച്ചു. ഒടുവില്‍ സര്‍വകലാശാല ജീവനക്കാര്‍ അധ്യാപകന്റെ വീട്ടിലെത്തി ഉത്തരക്കടലാസെടുത്ത് മറ്റൊരധ്യാപകനു നല്‍കി മൂല്യനിര്‍ണയം നടത്തുകയായിരുന്നു.
കുത്തഴിഞ്ഞ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനായി 2014ല്‍ അന്നത്തെ സംസ്ഥാന ഗവര്‍ണര്‍ പി സദാശിവം, ചാന്‍സലേഴ്‌സ് കൗണ്‍സില്‍ രൂപവത്കരിച്ചിരുന്നു. ഗവര്‍ണറുടെ സെക്രട്ടറി, വിദ്യാഭ്യാസ മന്ത്രി, കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവരടങ്ങിയ ചാന്‍സലേഴ്‌സ് കൗണ്‍സില്‍ മൂന്ന് മാസത്തിലൊരിക്കല്‍ യോഗം കൂടി സര്‍വകലാശാല നടപടികള്‍ വിലയിരുത്തണമെന്നായിരുന്നു തീരുമാനം. മോദി സര്‍ക്കാറിന്റെ ഫാസിസ്റ്റ് അജന്‍ഡ നടപ്പാക്കാനായി അക്കാദമിക് ഹൈജാക്കിംഗ് നടത്തുകയാണ് ഗവര്‍ണറെന്ന ആരോപണം ഉയര്‍ന്നതോടെ ഈ നീക്കം പരാജയപ്പെടുകയായിരുന്നു. ലക്ഷക്കണക്കിനു വിദ്യാര്‍ഥികളാണ് സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകള്‍ക്കു കീഴില്‍ പഠനം നടത്തിവരുന്നത്. സ്ഥാപനങ്ങളുടെ കുത്തഴിഞ്ഞ സ്വഭാവവും ഉത്തര പേപ്പര്‍ കാണാതാകുന്നതുള്‍പ്പെടെ പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളും ഈ വിദ്യാര്‍ഥികളുടെ ഭാവിയെ സാരമായി ബാധിക്കുന്നുണ്ട്. സര്‍വകലാശാലകളുടെ പ്രവര്‍ത്തനവും പരീക്ഷാ നടത്തിപ്പും മൂല്യനിര്‍ണയവുമെല്ലാം കാര്യക്ഷമമാക്കാന്‍ ശക്തമായ നടപടികളും ഇടപെടലുകളും ആവശ്യമാണ്.
source https://www.sirajlive.com/irregularities-in-universities.html
إرسال تعليق