ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ ഓടിക്കുന്നത് കര്‍ശനമായി നിരോധിക്കപ്പെട്ടതാണ്. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച ശേഷം വണ്ടി ഓടിച്ചാല്‍ നല്ലൊരു തുക പിഴ ഈടാക്കുന്നതിനു പുറമെ അത്തരക്കാരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യണമെന്നാണ് ചട്ടം. അപകടം സൃഷ്ടിച്ചാല്‍ ശിക്ഷകള്‍ വേറെയും അനുഭവിക്കണം. ചട്ടമിതാണെങ്കിലും മദ്യപിച്ചോ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചോ ആണ് ഡ്രൈവര്‍മാരില്‍ ചിലരെങ്കിലും ബസോടിക്കുന്നത്. രണ്ട് ദിവസം മുമ്പ് മോട്ടോര്‍ വാഹന വകുപ്പ് പാലക്കാടിനും ആലത്തൂരിനുമിടയില്‍ പന്ത്രണ്ട് കെ എസ് ആര്‍ ടി സി ബസുകളില്‍ നടത്തിയ പരിശോധനയില്‍ ഒമ്പത് ബസുകളിലെ ഡ്രൈവര്‍മാരില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കുകയുണ്ടായി. അടിവസ്ത്രത്തിലും ബാഗിലും ബസിന്റെ വിവിധ ഇടങ്ങളിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍. കുഴല്‍മന്ദം വെള്ളപ്പാറയില്‍ ഫെബ്രുവരി ഏഴിന് കെ എസ് ആര്‍ ടി സി ബസിടിച്ച് രണ്ട് യുവാക്കള്‍ മരണപ്പെട്ട പശ്ചാത്തലത്തില്‍ കൂടിയായിരുന്നു പരിശോധന.
മദ്യപിച്ചു ലക്കുകെട്ട് ബസോടിച്ച ഡ്രൈവര്‍മാരെ ബസിലെ യാത്രക്കാര്‍ കൈകാര്യം ചെയ്യുകയും ട്രാഫിക് പോലീസിനു കൈമാറുകയും ചെയ്ത സംഭവങ്ങള്‍ സംസ്ഥാനത്ത് പലപ്പോഴായി റിപോര്‍ട്ട് ചെയ്യാറുണ്ട്. സാധാരണ മദ്യപാനികളില്‍ മിക്കവരും വൈകുന്നേരങ്ങളിലാണ് മദ്യപിക്കാറുള്ളത്. എന്നാല്‍ ബസ് ഡ്രൈവര്‍മാരില്‍ പലരും അതിരാവിലെ തന്നെ മദ്യം അകത്താക്കിയ ശേഷമാണ് ജോലിക്കിറങ്ങുന്നത്. തൃശൂര്‍ നഗരത്തില്‍ ഇതിനിടെ ട്രാഫിക് പോലീസ് രാവിലെ നടത്തിയ പരിശോധനയില്‍ മദ്യപിച്ച് ബസോടിച്ച ആറ് ഡ്രൈവര്‍മാരെയും രണ്ട് കണ്ടക്ടര്‍മാരെയും പിടികൂടിയിരുന്നു. അതിരാവിലെ തന്നെ മദ്യം കഴിക്കാന്‍ ഇവര്‍ തലേദിവസം തന്നെ വാങ്ങി സ്റ്റോക്ക് ചെയ്യുകയാണത്രെ പതിവ്. ജോലി തുടങ്ങും മുമ്പ് മദ്യപിച്ചില്ലെങ്കില്‍ ധൈര്യം കിട്ടില്ലെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ബസുകള്‍ അമിതവേഗത്തില്‍ ഓടിക്കുന്നതും മറ്റു ബസുകളെ മറികടക്കുന്നതും ഡ്രൈവര്‍മാരിലെ ലഹരിയുടെ ബലത്തിലാണെന്ന് അവരുടെ മൊഴികളില്‍ നിന്ന് വ്യക്തമായതായി പോലീസ് വെളിപ്പെടുത്തുകയുണ്ടായി. രാത്രികളില്‍ ഉറക്കം വരാതിരിക്കാന്‍ ലഹരി ഉപയോഗം സഹായകമാണെന്നും ഡ്രൈവര്‍മാര്‍ അവകാശപ്പെടാറുണ്ട്. എന്നാല്‍ ലഹരി ഉപയോഗിച്ചാല്‍ ഉറക്കത്തിന് സാധ്യത കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ പക്ഷം.
കേരളത്തില്‍ ഓരോ വര്‍ഷവും വാഹനാപകടം വര്‍ധിക്കുകയാണ്. ഗതാഗത വകുപ്പ് പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 2016 മെയ് മുതല്‍ 2021 ഏപ്രില്‍ വരെയുള്ള അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 2,05,512 അപകടങ്ങളും ഇതേത്തുടര്‍ന്നുള്ള 22,076 മരണവും നടന്നു. 2,29,229 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഡ്രൈവര്‍മാരുടെ മദ്യപാനം മൂലമാണ് വാഹനാപകടങ്ങളില്‍ നല്ലൊരു പങ്കും സംഭവിക്കുന്നത്. അപകടമുണ്ടായാല്‍ സാധാരണഗതിയില്‍ ഡ്രൈവര്‍മാര്‍ ഓടിരക്ഷപ്പെടുകയാണ് പതിവെന്നതിനാല്‍ ഇവരെ പരിശോധിക്കാനോ ലഹരി ഉപയോഗിച്ചാണ് ബസോടിച്ചതെന്ന് തെളിയിക്കാനോ കഴിയാറില്ലെന്നു മാത്രം. ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ പഠനത്തില്‍ കണ്ടെത്തിയത്, കേരളത്തിലെ റോഡപകടങ്ങളില്‍ 40 ശതമാനവും മദ്യപാനവുമായി ബന്ധപ്പെട്ടതാണെന്നാണ്. ആശുപത്രികളിലെ അടിയന്തര വിഭാഗങ്ങളില്‍ പ്രവേശിപ്പിക്കപ്പെടുന്ന അഞ്ച് മുതല്‍ 50 വരെ ശതമാനം പേരും മദ്യപാനം മൂലമുള്ള അപകടങ്ങളില്‍ പെടുന്നവരാണ്. മസ്തിഷ്‌കത്തിന് ഗുരുതരമായ പരുക്കേല്‍ക്കുന്നവരില്‍ 24 ശതമാനവും സ്ഥിര മദ്യപാനികളാണെന്നും സര്‍ക്കാര്‍ ആശുപത്രിയിലെ 40 ശതമാനം കിടക്കകളും മദ്യപാനികളാണ് കൈയടക്കുന്നതെന്നും റിപോര്‍ട്ട് പറയുന്നു. മദ്യപിച്ച് ആറ് മണിക്കൂറിനുള്ളിലാണ് അപകടങ്ങളേറെയും നടക്കുന്നത്.
മദ്യപാനത്തിന് വാഹനാപകടത്തിലുള്ള പങ്കിനെ വിദഗ്ധര്‍ ശാസ്ത്രീയമായി വിശകലനം ചെയ്തിട്ടുണ്ട്. നിശ്ചിത വേഗത്തില്‍ ഓടുന്ന ഒരു വാഹനം പൂര്‍ണമായി നില്‍ക്കാന്‍ എടുക്കുന്ന സമയം നാല് പ്രധാന ഘടകങ്ങളെ ആശ്രയിച്ചാണ് കണക്കാക്കുന്നത്. മസ്തിഷ്‌കം അപായ സാധ്യത തിരിച്ചറിയാന്‍ എടുക്കുന്ന സമയം, കാല് ആക്‌സിലേറ്ററില്‍ നിന്ന് മാറ്റി ബ്രേക്ക് ചവിട്ടാന്‍ എടുക്കുന്ന പ്രതികരണത്തിനുള്ള സമയം, ബ്രേക്ക് പെഡലില്‍ കാലമര്‍ത്തിയാല്‍ അതിനോട് പ്രതികരിക്കാന്‍ വാഹനം എടുക്കുന്ന സമയം, ബ്രേക്കിംഗ് ശേഷി എന്നിവയാണ് നാല് ഘടകങ്ങള്‍. ഇതില്‍ ആദ്യത്തെ രണ്ടെണ്ണത്തിനും ഡ്രൈവര്‍മാരുടെ ശരിയായ ബോധത്തില്‍ അര മുതല്‍ മുക്കാല്‍ നിമിഷം വരെ മാത്രമേ എടുക്കൂ. എന്നാല്‍ മദ്യം, ലഹരിമരുന്നുകള്‍, ക്ഷീണം, ശ്രദ്ധയില്ലായ്മ എന്നിവയെല്ലാം ഈ സമയം വര്‍ധിപ്പിക്കും. നൂറ് കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന വണ്ടിയില്‍ ഇപ്രകാരം ഈ സമയം നാല് നിമിഷമായി നീണ്ടാല്‍ ബ്രേക്കില്‍ പാദം അമരും മുമ്പ് തന്നെ വണ്ടി ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ നീളം താണ്ടിക്കഴിയും. ഇത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു.
ഗതാഗത ലംഘനത്തിന് ഓരോ വര്‍ഷവും ധാരാളം ഡ്രൈവര്‍മാര്‍ ശിക്ഷാ നടപടിക്കു വിധേയമാകുന്നുണ്ട്. മദ്യപാനം, അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ്, അമിതവേഗം തുടങ്ങിയ കുറ്റങ്ങള്‍ക്കായി ഗതാഗത വകുപ്പ് 2016-2021 കാലഘട്ടത്തില്‍ 51,198 ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. ഇവരില്‍ 259 പേര്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാരാണ്. മദ്യത്തിന്റെ യഥേഷ്ട ലഭ്യതയാണ് ഡ്രൈവര്‍മാരില്‍ മദ്യപാനം വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സംസ്ഥാനത്തിന്റെ ഏത് മുക്കിലും മൂലയിലും മദ്യം സുലഭമാണിന്ന്. മദ്യലഭ്യത കുറഞ്ഞാല്‍ മദ്യപിക്കുന്ന ഡ്രൈവര്‍മാരുടെ എണ്ണം കുറയും. ഡ്രൈവര്‍മാര്‍ക്കിടയില്‍ ശക്തമായ ബോധവത്കരണവും ആവശ്യമാണ്. സ്വന്തം ജീവന്‍ മാത്രമല്ല, കൂടെയുളള യാത്രക്കാരുടെ ജീവന്‍ കൂടി സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടയാളാണ് ഡ്രൈവര്‍. ഈ ബോധത്തില്‍ മദ്യപാനം, ലഹരി ഉപയോഗം പോലുള്ള അപകടത്തിനു കാരണമാകുന്ന ഒരു പ്രവര്‍ത്തനവും തന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് ദൃഢപ്രതിജ്ഞയെടുക്കാനും അതനുസരിച്ചു പ്രവര്‍ത്തിക്കാനും ഡ്രൈവര്‍മാര്‍ സന്നദ്ധമാകേണ്ടതാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ ബോധവത്കരണ ക്ലാസ്സുകള്‍ നടക്കുന്നുണ്ടെങ്കിലും അത് കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്.
source https://www.sirajlive.com/when-holding-the-ring-in-alcohol.html
Post a Comment