ബി ജെ പിക്ക് തന്നെ വോട്ട് ചെയ്തില്ലെങ്കില്‍ ഉത്തര്‍ പ്രദേശ് കേരളമോ ബംഗാളോ കശ്മീരോ ആയി മാറുമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവന ബി ജെ പിക്ക് വലിയ തിരിച്ചടിയായിക്കഴിഞ്ഞിരിക്കുകയാണ്. മനുഷ്യ വികസന സൂചികകളുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതും വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതുമായ അവസ്ഥയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത് എന്ന യാഥാര്‍ഥ്യം ഒരിക്കല്‍ കൂടി ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ദേശീയ മാധ്യമങ്ങള്‍ യു പിയുടെയും കേരളത്തിന്റെയും സാമൂഹിക, സാമ്പത്തിക സൂചകങ്ങളെ താരതമ്യ വിശകലനത്തിന് വിധേയമാക്കുകയും ചെയ്തു.
യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന അങ്ങേയറ്റം അധിക്ഷേപകരവും വിവാദപരവുമാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിദ്വേഷവും ക്ഷുദ്രതയുമാണ് ആ പ്രസ്താവനയിലൂടെ പുറത്തുവന്നത്. ബി ജെ പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ യു പി കേരളമോ ബംഗാളോ കശ്മീരോ ആയിത്തീരുമെന്നാണല്ലോ ഒന്നാം ഘട്ട പോളിംഗ് ദിനത്തില്‍ യോഗി നടത്തിയ പ്രസ്താവന. ആ പ്രസ്താവനയുടെ രാഷ്ട്രീയ അന്തര്‍ഗതം കടുത്ത മുസ്‌ലിം വിരോധവും സാമൂഹിക നീതിയിലധിഷ്ഠിതമായ വികസന നടപടികളോടുള്ള കടുത്ത വിരോധവുമാണെന്ന് വ്യക്തമാണ്. ഇന്ത്യയില്‍ മുസ്‌ലിം ഭൂരിപക്ഷമുള്ള സംസ്ഥാനമായിരുന്നല്ലോ കശ്മീര്‍. കേരളവും ബംഗാളും മുസ്‌ലിം ജനസംഖ്യ താരതമ്യേന കൂടിയ സംസ്ഥാനങ്ങളും. കേരളമാണെങ്കില്‍ ഇന്ത്യക്കാകെ മാതൃകയാവുന്ന സമുദായ മൈത്രിയും മതനിരപേക്ഷതയും നിലനില്‍ക്കുന്ന സമൂഹവും. മാത്രമല്ല സംഘ്പരിവാറിനെ സംബന്ധിച്ചിടത്തോളം ബാലികേറാമലയായി നിലനില്‍ക്കുന്ന സംസ്ഥാനമാണല്ലോ ഇന്നും കേരളം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ ഉള്ള അക്കൗണ്ടും പൂട്ടിപ്പോകുകയും 2014ന് ശേഷം നേടിയ വോട്ടു വിഹിതം ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഗണ്യമായി കുറയുകയും ചെയ്തിരിക്കുന്നു. 1942ലാണല്ലോ കേരളത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തനമാരംഭിച്ചത്. വര്‍ഗീയ കലാപങ്ങളിലൂടെ സമുദായ ധ്രുവീകരണമുണ്ടാക്കി വളരുക എന്ന അവരുടെ തന്ത്രങ്ങളെ ശക്തമായി പ്രതിരോധിച്ചു നിന്ന അഭിമാനകരമായ മതനിരപേക്ഷ ചരിത്രമാണ് കേരളത്തിനുള്ളത്.
1943ല്‍ ഗോള്‍വാള്‍ക്കര്‍ നേരിട്ട് കോഴിക്കോട്ടെത്തി ആസൂത്രണം ചെയ്ത വര്‍ഗീയ കലാപ പരിപാടികളെ മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ ജാഗ്രത്തായ ഇടപെടല്‍ മൂലം അവര്‍ ഉദ്ദേശിച്ച ലക്ഷ്യങ്ങളിലെത്തിക്കാന്‍ കഴിഞ്ഞില്ല. കോഴിക്കോട് ഹല്‍വാ ബസാര്‍ പള്ളിക്ക് മുമ്പിലും ബേപ്പൂരിലും പയ്യോളിയിലുമെല്ലാം 1940കളുടെ അവസാനവും 50കളിലും അവര്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുണ്ടാക്കിയ കലാപങ്ങളെ കമ്മ്യൂണിസ്റ്റുകാരും ജനാധിപത്യ പ്രസ്ഥാനങ്ങളും ജനങ്ങളുടെ സഹായത്തോടെ പ്രതിരോധിച്ചു. 1970ലെ തലശ്ശേരി കലാപത്തെയും അതുവഴി ഹിന്ദു-മുസ്‌ലിം വിഭജനമുണ്ടാക്കാനുള്ള നീക്കങ്ങളെയും കേരളം തടഞ്ഞു നിര്‍ത്തി. 1980കളിലെ ബാബരി മസ്ജിദ് പ്രശ്‌നത്തെ മുന്‍നിര്‍ത്തി നടന്ന ക്യാമ്പയിനും കൊടും വര്‍ഗീയ പ്രചാരണങ്ങളും ഇന്ത്യയിലാകെ ബി ജെ പിക്ക് സ്വാധീനമുണ്ടാക്കിയപ്പോഴും കേരളമതിനെ പ്രതിരോധിച്ചു നിന്നു. ഇതെല്ലാം സംഘ്പരിവാറിനെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്തെ ടാര്‍ഗറ്റഡ് ഏരിയയാക്കി മാറ്റി. കേരളം ജിഹാദി കമ്മ്യൂണിസ്റ്റ് താവളമാണെന്നും ഇവിടെ രാജ്യവിരുദ്ധ ശക്തികള്‍ വളരുകയാണെന്നുമുള്ള പ്രചരണങ്ങള്‍ ദേശീയതലത്തില്‍ തന്നെ അവര്‍ അഴിച്ചുവിടുകയും ചെയ്തു. മാത്രമല്ല ഭാഷാ സംസ്ഥാന രൂപവത്കരണത്തിനെതിരെ പരസ്യമായി നിലപാടെടുത്ത് ഐക്യ കേരളത്തിനെതിരെ തിരുവിതാംകൂര്‍ തിരുകൊച്ചി രാജാക്കന്മാരോടൊപ്പം നിന്ന് അമേരിക്കന്‍ മോഡലിന് വേണ്ടി വാദിച്ചവരാണ് മോദിയുടെയും യോഗിയുടെയും മുന്‍മുറക്കാരായ സംഘ്പരിവാറുകാരെന്ന കാര്യവും നാം മറന്നു പോകരുത്.
യോഗി ആദിത്യനാഥ് ഇങ്ങനെയൊരു പ്രസ്താവനയിലൂടെ ഇന്ത്യയുടെ ഫെഡറലിസത്തിലധിഷ്ഠിതമായ സംസ്ഥാനങ്ങള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും വിഭജനവും വിദ്വേഷ ചിന്തയും പടര്‍ത്തുകയാണ് ചെയ്തത്. യോഗി താനിരിക്കുന്ന പദവിയുടെ ഉത്തരവാദിത്വവും മാഹാത്മ്യവും മറന്ന് എല്ലാ കേരളീയരെയും അപമാനിക്കുകയാണ് ചെയ്തത്. ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മുഖ്യമന്ത്രിയാണ് താനെന്നും ആ ഭരണഘടന വ്യത്യസ്ത സംസ്ഥാനങ്ങള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും വിഭജന ബോധവും ഭേദചിന്തയും വളര്‍ത്താനനുവദിക്കുന്നില്ലെന്നും ഓര്‍ക്കാന്‍ കഴിയാതെ പോയത് യോഗിയെ ഗ്രസിച്ചിരിക്കുന്ന വര്‍ഗീയത കൊണ്ടാവാം. പക്ഷേ, ഭരണഘടനാപരമായ ആ ഉത്തരവാദിത്വം കാണിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണല്ലോ.
ദേശീയ മാധ്യമങ്ങള്‍ യു പിയെയും കേരളത്തെയും താരതമ്യം ചെയ്തു കൊണ്ട് യോഗി ഭരിക്കുന്ന സംസ്ഥാനത്തിന്റെ പരിതാപകരമായ സാമൂഹിക, സാമ്പത്തികാവസ്ഥയെ തുറന്നുകാട്ടിക്കൊണ്ടിരിക്കുകയാണ്. മികവിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കേരളവും ഏറ്റവും താഴെ നില്‍ക്കുന്ന ഉത്തര്‍ പ്രദേശും തമ്മില്‍ ഒരു താരതമ്യവും ഇല്ല എന്ന വസ്തുത പോകട്ടെ, കേരളം ഏറ്റവും മോശപ്പെട്ട സംസ്ഥാനമാണെങ്കില്‍ തന്നെ ഒരു മുഖ്യമന്ത്രി ഇങ്ങനെ വേറെ ഒരു സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കാന്‍ പാടില്ലെന്ന കാര്യം പ്രധാനപ്പെട്ട ഒരു ഭരണഘടനാ പ്രശ്‌നമായും വിവേകരഹിതമായ രാഷ്ട്രീയ സമീപനത്തിന്റെ പ്രശ്‌നമായും പലരും ഉന്നയിച്ചു കഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുമ്പ് ഒരു ആഫ്രിക്കന്‍ രാജ്യവുമായി ചേര്‍ത്തു പറഞ്ഞ് കേരളത്തെ അപമാനിക്കാന്‍ ശ്രമിച്ചത് നാം മറന്നിട്ടില്ല.
കേരളം ചരിത്രപരമായ കാരണങ്ങളാല്‍ തന്നെ ഇന്ത്യയില്‍ എല്ലാ കാര്യങ്ങളിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ്. നവോത്ഥാന പ്രസ്ഥാനങ്ങളും ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനവും പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും വഴി മറ്റൊരു ഇന്ത്യന്‍ സംസ്ഥാനത്തിനും എത്തിച്ചേരാന്‍ കഴിയാത്ത സാമൂഹിക പുരോഗതി കൈവരിച്ച നാടാണ് കേരളം. കേരളത്തെ ഹിന്ദു രാഷ്ട്രവാദികളായ യോഗി ആദിത്യനാഥും അമിത് ഷായും മോദിയുമൊക്കെ ആക്ഷേപിക്കുന്നതും തുടര്‍ച്ചയായി അപമാനിക്കുന്നതും ഈ സംസ്ഥാനത്ത് നിലനില്‍ക്കുന്ന മതമൈത്രിയുടെയും മതനിരപേക്ഷതയുടെയും പേരിലാണെന്ന കാര്യം സാമാന്യ ബോധമുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ആര്‍ എസ് എസിന്റെ വര്‍ഗീയ അജന്‍ഡയെ തുടര്‍ച്ചയായി പ്രതിരോധിച്ചു നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. മുസ്‌ലിംകളും ക്രിസ്ത്യാനികളുമടങ്ങുന്ന 48 ശതമാനത്തോളം വരുന്ന ന്യൂനപക്ഷ വിഭാഗങ്ങളും വ്യത്യസ്ത ജാതി സമൂഹങ്ങളില്‍പ്പെട്ട 52 ശതമാനത്തോളം വരുന്ന ഹൈന്ദവരും സംഘ്പരിവാറിന്റെയും മറ്റു വര്‍ഗീയ വാദികളുടെയും എല്ലാ വിധ കുത്തി ത്തിരിപ്പുകളെയും അതിജീവിച്ച് അതീവ സൗഹാര്‍ദത്തോടെ കഴിയുന്ന നാടാണിത്. ഇന്ത്യക്കാകെ മാതൃകയാവുന്ന സാമൂഹിക, സാമ്പത്തിക പുരോഗതിയും കേരളത്തിന് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. യോഗിയുടെ പ്രസ്താവന ഏറ്റെടുത്ത് കേരളം മോശമാണെന്നും ഗുണ്ടാരാജാണെന്നുമൊക്കെ വിളിച്ചു പറയുന്ന കേരളത്തിലെ തന്നെ ബി ജെ പി നേതാക്കള്‍ സ്വയം അപഹാസ്യരായി മാറുകയാണ്.
യു പിയും കേരളവും തമ്മില്‍ ഒരു കാര്യത്തിലും ഒരു തരത്തിലുള്ള താരതമ്യവും സാധ്യമല്ല. സാമൂഹിക, സാമ്പത്തിക പുരോഗതിയുടെ കാര്യത്തില്‍ ഈ രണ്ട് സംസ്ഥാനങ്ങളും തമ്മില്‍ അജഗജാന്തരമുണ്ടെന്ന കാര്യം വര്‍ഗീയ ഭ്രാന്ത് പിടിപെട്ടവര്‍ക്കൊഴികെ എല്ലാവര്‍ക്കുമറിയാം. നിതി ആയോഗിന്റെ റിപോര്‍ട്ടുകളനുസരിച്ച് ഏറ്റവും ഉയര്‍ന്ന ജീവിത ഗുണനിലവാരമുള്ള സംസ്ഥാനമാണ് കേരളം. യോഗി ഭരിക്കുന്ന യു പി ഏറ്റവും മോശം സൂചികയുള്ള സംസ്ഥാനവുമാണെന്നതാണല്ലോ യാഥാര്‍ഥ്യം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭവനരഹിതരുള്ള സംസ്ഥാനമാണ് യു പി. കേരളത്തില്‍ 98 ശതമാനം വീടുകളിലും ശുചിത്വ സൗകര്യമുണ്ടെങ്കില്‍ യു പിയിലത് 35 ശതമാനം മാത്രമാണെന്നാണ് നിതി ആയോഗിന്റെ റിപോര്‍ട്ട് പറയുന്നത്. സ്ത്രീ സാക്ഷരതയില്‍ കേരളം 97.8 ശതമാനം ആണെങ്കില്‍ യു പിയിലെ സ്ത്രീ സാക്ഷരതാ നിരക്ക് വെറും ആറ് ശതമാനം മാത്രമാണ്. പത്താം ക്ലാസ്സോ അതിന് മുകളിലോ വിദ്യാഭ്യാസം ലഭിച്ച സ്ത്രീകള്‍ യു പിയില്‍ 32 ശതമാനം മാത്രമാണ്. ആരോഗ്യസൂചികയില്‍ കേരളം 82.2 ആണെങ്കില്‍ യു പിയുടേത് 30.57 ആണ്. കേരളത്തിലെ ശിശുമരണ നിരക്ക് ആറ് ശതമാനമാണെങ്കില്‍ യു പിയിലേത് 64 ശതമാനമാണ്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ദാരിദ്ര്യ നിരക്ക് കേരളത്തിലാണ്. നമ്മുടെ ദാരിദ്ര്യ സൂചിക 0.71 ശതമാനം മാത്രമാണ്. എന്നാല്‍ യോഗിയുടെ യു പിയുടേത് 37.79 ശതമാനമാണ്. സുസ്ഥിര വികസന സൂചികയില്‍ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളം. 75 പോയിന്റ് കേരളത്തിന് ലഭിക്കുമ്പോള്‍ യു പി ഏറ്റവും മോശപ്പെട്ട അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിലാണ്. 2021ലെ പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം ഏറ്റവും മികച്ച ഭരണനിര്‍വഹണം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. യോഗി ഭരണത്തില്‍ യു പി 2016 നേക്കാള്‍ ഭരണനിര്‍വഹണത്തിന്റെ കാര്യത്തില്‍ വളരെ പിറകോട്ട് പോയി എന്നാണ് പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സ് തന്നെ കാണിക്കുന്നത്. മുസ്‌ലിംകളും ക്രിസ്ത്യാനികളും സ്ത്രീകളും ദളിതുകളും നിരന്തരം ആക്രമിക്കപ്പെടുകയാണ് യു പിയില്‍. വര്‍ഗീയ കലാപങ്ങള്‍ തുടര്‍ക്കഥയാവുന്ന സംസ്ഥാനമാണ് യോഗിയുടെ യു പി. എന്നാല്‍ 2016ന് ശേഷം ഒരൊറ്റ വര്‍ഗീയ കലാപം പോലും നടക്കാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. കൊവിഡ് പ്രതിരോധമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേരളത്തിന്റെ ആസൂത്രണ വൈഭവവും അതുമൂലം മരണ നിരക്ക് കുറക്കാന്‍ കഴിഞ്ഞതും സാര്‍വദേശീയതലത്തില്‍ തന്നെ ശ്ലാഘിക്കപ്പെട്ടിട്ടുള്ളതാണ്. കേരളത്തില്‍ മരണനിരക്ക് 0.72 ശതമാനമാണ്. എന്നാല്‍ ദേശീയ തലത്തില്‍ മരണനിരക്ക് 1.33 ശതമാനമാണ്. യോഗി ആദിത്യനാഥ് ഭരിക്കുന്ന യു പിയില്‍ മരണക്കണക്ക് പോലും പൂഴ്ത്തിവെക്കുകയാണ് ചെയ്തത്. ഇപ്പോള്‍ ദി വയര്‍ പുറത്തുവിട്ട റിപോര്‍ട്ടനുസരിച്ച് 14 ലക്ഷം പേരാണ് മഹാമാരി മൂലം യു പിയില്‍ മരണമടഞ്ഞത്. ഔദ്യോഗിക കണക്കനുസരിച്ച് 23,000 പേര്‍ മാത്രമാണത്രെ യു പിയില്‍ മരണമടഞ്ഞത്! ഞെട്ടിപ്പിക്കുന്ന വ്യത്യാസമാണ് സര്‍ക്കാര്‍ കണക്കും യഥാര്‍ഥത്തില്‍ മരണപ്പെട്ടവരുടെ എണ്ണവും തമ്മിലുള്ളത്.
എല്ലാവര്‍ക്കും കുടിവെള്ളവും ഭക്ഷണവും വീടും വൈദ്യുതിയും വിദ്യാഭ്യാസവും ആരോഗ്യ ചികിത്സയും ഉറപ്പ് വരുത്തുന്ന സമൂഹമാണ് കേരളം. ന്യൂനപക്ഷ പരിരക്ഷയും പട്ടികജാതി, വര്‍ഗ പിന്നാക്ക വിഭാഗങ്ങളുടെ സംരക്ഷണവും ഉറപ്പ് വരുത്തുന്ന സമൂഹമാണ് കേരളം. ഇത് തന്നെയാണ് സംഘ്പരിവാറിനെയും സര്‍വ വര്‍ഗീയവാദികളെയും അസ്വസ്ഥപ്പെടുത്തുന്നതും. ഇന്ത്യക്കാകെ മാതൃകയാവുന്ന വികസനവും സമാധാനവും മതനിരപേക്ഷ സംസ്‌കാരവുമാണ് കേരളം മുന്നോട്ട് വെക്കുന്നത്. നവലിബറല്‍ നയങ്ങള്‍ക്കും വര്‍ഗീയതക്കുമെതിരായ കേരളത്തിന്റെ ബദല്‍ ഉയര്‍ത്തിപ്പിടിച്ച് എല്ലാവിധ വര്‍ഗീയ പിന്തിരിപ്പന്‍ പ്രചാരണങ്ങളെയും അതിജീവിച്ച് നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പ്രണയത്തിന്റെയും പേരില്‍ വര്‍ഗീയതയും വിഭജനവും വിദ്വേഷവും പടര്‍ത്തുന്ന യോഗിയുടെ യു പിയല്ല, മതനിരപേക്ഷവും വികസനോന്മുഖവുമായ ജനാധിപത്യ ഇന്ത്യക്ക് മാതൃക കേരളമാണ്.
source https://www.sirajlive.com/kerala-is-the-model-not-upa.html
إرسال تعليق