ഗോവയിലെ അന്തിമ വിധി ആര്‍ക്കൊപ്പം?

ഈ മാസം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗോവ. ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കൂറുമാറ്റവും കുതിരക്കച്ചവടവും കൊണ്ട് ദേശീയ രാഷ്ട്രീയത്തില്‍ വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ച സംസ്ഥാനം ഇപ്പോള്‍ തിരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 40 അംഗ സഭയില്‍ 17 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ്സായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. പക്ഷേ അധികാരത്തില്‍ വന്നതാകട്ടെ 13 സീറ്റ് മാത്രമുണ്ടായിരുന്ന ബി ജെ പിയും. ഒടുവില്‍ സഭയുടെ കാലാവധി തീരുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ അംഗസംഖ്യ രണ്ടായി ചുരുങ്ങി. ഇതാണ് ഗോവന്‍ രാഷ്ട്രീയത്തില്‍ ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംഭവിച്ച നാടകീയ സംഭവങ്ങളുടെ രത്നച്ചുരുക്കം.

ഏറെക്കാലം കോണ്‍ഗ്രസ്സിന് വലിയ ആധിപത്യമുണ്ടായിരുന്ന ഗോവയില്‍ ഒരു ദശാബ്ദക്കാലമായി ഭരണത്തിലിരിക്കുന്നത് ബി ജെ പിയാണ്. അതുകൊണ്ട് തന്നെ ഈ വരുന്ന അസംബ്ലി തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഗോവയില്‍ അധികാരം തിരിച്ചു പിടിക്കുക എന്നത് കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ ലക്ഷ്യം മാത്രമാകില്ല. അധികാരം ലഭിച്ചില്ലെങ്കില്‍ അത് രാഹുല്‍ എന്ന നേതാവിന്റെ സംഘടനാ ശേഷിയും കരിഷ്മയും ചോദ്യം ചെയ്യപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറാനിടയുണ്ട്. കാരണം കോണ്‍ഗ്രസ്സിന്റെ സംഘടനാപരമായ വീഴ്ചയായിരുന്നു കഴിഞ്ഞ തവണ അധികാരം നഷ്ടപ്പെടുത്തിയത്. ജനാധിപത്യം വില്‍പ്പനക്ക് വെച്ച് നേടിയതാണ് ബി ജെ പിയുടെ അധികാരക്കസേരയെന്ന് പറയാമെങ്കിലും, അതിന് പാകമായ ഒരു രാഷ്ട്രീയ നിലമൊരുക്കിയത് കോണ്‍ഗ്രസ്സിന്റെ ദുര്‍ബലതകളായിരുന്നു. ഇത്തവണ ഇത് പരിഹരിക്കാന്‍ വേണ്ടിയുള്ള ശ്രമമായിട്ടാണ് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കൂറുമാറാതിരിക്കാന്‍ സ്ഥാനാര്‍ഥികളെ ക്ഷേത്രങ്ങളിലും ദര്‍ഗകളിലും കൊണ്ടുപോയി സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചത്. ഉയര്‍ന്ന സാക്ഷരതയുള്ള സംസ്ഥാനത്ത് ഈ നാണംകെട്ട സംഭവം ജനങ്ങള്‍ക്ക് പാര്‍ട്ടിയിലുള്ള വിശ്വാസം തകരാന്‍ കാരണമായേക്കാവുന്ന ഒന്നായി മാറി എന്നതാണ് വസ്തുത.
കൂറുമാറ്റം കൊണ്ട് ഇതുവരെ നഷ്ടങ്ങളുണ്ടായത് കോണ്‍ഗ്രസ്സിന് മാത്രമായിരുന്നെങ്കില്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബി ജെ പിയും വലിയ വെല്ലുവിളികള്‍ നേരിടുകയാണ്. മുന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍, അന്തരിച്ച മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കര്‍ അടക്കമുള്ള പ്രമുഖര്‍ ഇത്തവണ പാര്‍ട്ടിക്ക് റിബലാണ്. പിതാവിന്റെ പനാജി സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഉത്പല്‍ പരീക്കര്‍ പനാജിയില്‍ തന്നെ ബി ജെ പിക്ക് റിബലായി മത്സരിക്കുന്നത്. ശിവസേന ഉത്പലിന് പിന്തുണ വാഗ്ദാനം ചെയ്ത് സ്വന്തം സ്ഥാനാര്‍ഥിയെ വരെ പിന്‍വലിച്ചിരിക്കുകയാണ്. എന്‍ ഡി എ, യു പി എ സഖ്യങ്ങളെ കൂടാതെ മത്സര രംഗത്തുള്ളത് സംസ്ഥാനത്ത് അരങ്ങേറ്റം കുറിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സും കഴിഞ്ഞ തവണ മുതല്‍ സംസ്ഥാനത്ത് വേരുറപ്പിച്ച ആം ആദ്മി പാര്‍ട്ടിയുമാണ്. മഹാരാഷ്ട്രയില്‍ ഒരുമിച്ച ശിവസേനയും എന്‍ സി പിയും ഗോവയിലും സഖ്യമായാണ് മത്സരിക്കുന്നത്. ഇക്കൂട്ടത്തില്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന തൃണമൂലിന്റെ സാന്നിധ്യം പല മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിന് കളമൊരുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പോര്‍ച്ചുഗീസ് അധിനിവേശത്തിന് ശേഷം ഗോവയില്‍ അധികാരത്തില്‍ വരികയും ഏറെക്കാലം ഗോവ ഭരിക്കുകയും ചെയ്ത മഹാരാഷ്ട്രവാദി ഗോമാന്തക് പാര്‍ട്ടിയുമായി (എം ജി പി) സഖ്യത്തിലായാണ് തൃണമൂല്‍ മത്സരിക്കുന്നത്. ബി ജെ പിയുടെ വരവോട് കൂടി ക്ഷയിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ് എം ജി പി എങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിലും അവര്‍ക്ക് 11.3 ശതമാനം വോട്ടുണ്ടായിരുന്നു എന്നതാണ് മമതയുടെ സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രധാന ഘടകം.

ഗോവയില്‍ തൃണമൂലിനായി തന്ത്രങ്ങള്‍ മെനയുന്നത് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ ഐപാകാണ്. സംഘടനാ ചുമതല വഹിക്കുന്നത് ടി എം സിയുടെ ഏറ്റവും മികച്ച യൂത്ത് ഐക്കണും എം പിയുമായ മെഹുവ മൊയ്ത്രയുമാണ്. പഴയ കോണ്‍ഗ്രസ്സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ലൂസിഞ്ഞോ ഫെലേറോയെ കഴിഞ്ഞ സെപ്തംബറില്‍ പാര്‍ട്ടിയിലെത്തിച്ച മൊയ്ത്രക്ക് എന്‍ സി പിയുടെ ഏക എം എല്‍ എയും മുന്‍ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയുമായിരുന്ന ചര്‍ച്ചില്‍ അലെമാവോയെയും സ്വന്തം പാളയത്തിലെത്തിക്കാന്‍ കഴിഞ്ഞു. ചര്‍ച്ചില്‍ പാര്‍ട്ടി മാറുന്നതില്‍ പ്രശസ്തനാണെങ്കിലും അദ്ദേഹം ഗോവയില്‍ സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ്. സംസ്ഥാനത്തെ മറ്റൊരു പ്രാദേശിക പാര്‍ട്ടിയായ വിജയ് സര്‍ദേശായിയുടെ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു വന്ന നേതാക്കളായ കിരണ്‍ കണ്ടോല്‍ക്കറിനും ജഗദീഷ് ഭോബെയ്ക്കും ടി എം സി ഇത്തവണ ടിക്കറ്റ് നല്‍കിയിട്ടുണ്ട്. മറ്റുള്ള പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ അടര്‍ത്തിയെടുത്താണ് തൃണമൂല്‍ ഗോവയില്‍ അടിത്തറയൊരുക്കുന്നത്. ഇക്കൂട്ടത്തില്‍ അവസാനത്തെ പേര് പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റും എം എല്‍ എയുമായ അലക്‌സോ റെജിനാല്‍ഡോയുടേതായിരുന്നു. എന്നാല്‍ റെജിനാല്‍ഡോ ഒരു മാസം തികയുന്നതിന് മുന്നേ തന്നെ ടി എം സിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തു. ഇത് പ്രശാന്ത് കിഷോറിന് ഗോവയില്‍ അടിതെറ്റുമെന്നതിന്റെ സൂചനയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. തിരഞ്ഞെടുപ്പ് രംഗത്ത് ഏറ്റവും ദൃശ്യപരതയുള്ള പാര്‍ട്ടിയും ടി എം സിയാണ്. മിക്കയിടത്തും മമതയുടെ ചിത്രങ്ങളും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളുമുണ്ട്. വീട്ടമ്മമാര്‍ക്ക് പ്രതിമാസം 5,000 രൂപ വീതം നല്‍കുന്ന ഗൃഹലക്ഷ്മി കാര്‍ഡ്, യുവാക്കള്‍ക്ക് നാല് ശതമാനം പലിശ നിരക്കില്‍ 20 ലക്ഷം വരെ ലോണ്‍ തുടങ്ങിയ വലിയ വാഗ്ദാനങ്ങളാണ് ടി എം സിയുടെ പ്രകടന പത്രികയുടെ പ്രധാന ഉള്ളടക്കം. പക്ഷേ, ടി എം സിക്ക് സംഘടനാപരമായ അടിത്തറയില്ല എന്നതിനാല്‍ ഇതൊരു ഭാഗ്യപരീക്ഷണമാണ് എന്ന് പറയാം. അതേസമയം സംസ്ഥാനത്ത് വളര്‍ന്നു കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ് ആം ആദ്മി. കഴിഞ്ഞ തവണ അരങ്ങേറ്റ മത്സരത്തില്‍ തന്നെ 6.3 ശതമാനം വോട്ടുകള്‍ അവര്‍ക്ക് നേടാനായിരുന്നു. ഇന്ന് സംസ്ഥാനത്ത് അവര്‍ക്ക് തരക്കേടില്ലാത്ത സംഘടനാ സംവിധാനവുമുണ്ട്. പക്ഷേ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തി കാണിക്കാന്‍ പാകത്തിലുള്ള ഒരു നേതാവില്ല എന്നത് ആപ്പിനും ഒരു പ്രതിസന്ധിയാണ്. ഇത് മറികടക്കാനാണ് ഗോവയിലെ ഏറ്റവും വലിയ ജാതി വിഭാഗമായ ഭണ്ഡാരി സമുദായത്തില്‍പ്പെട്ട അമിത് പലേക്കറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവര്‍ ഉയര്‍ത്തി കാണിക്കുന്നത്. കാലങ്ങളായി ബി ജെ പിക്കാണ് ഈ സമുദായത്തിന്റെ വോട്ട് ഗണ്യമായ അളവില്‍ കിട്ടിയിരുന്നത്. എ എ പി എന്തായാലും മികച്ച റിസല്‍ട്ട് ഉണ്ടാക്കും എന്ന് തന്നെയാണ് കരുതപ്പെടുന്നത്. എ എ പിയും ടി എം സിയും വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ നിരവധി സൗജന്യങ്ങളും പ്രതിമാസ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പില്‍ പ്രധാനമായും ആയുധമാക്കുന്നത് ഭരണവിരുദ്ധ വികാരവും സ്ത്രീസുരക്ഷയും തൊഴിലില്ലായ്മ പോലുള്ള സാമൂഹിക പ്രശ്നങ്ങളുമാണ്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് 30 ശതമാനം സംവരണം നല്‍കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ പ്രയങ്കാ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.

സംഘടനാപരമായി കോണ്‍ഗ്രസ്സ് സംസ്ഥാനത്ത് ദുര്‍ബലമാണെങ്കിലും പാര്‍ട്ടിക്ക് പരമ്പരാഗത വോട്ടുകളുണ്ട്. മാത്രവുമല്ല കഴിഞ്ഞ അസംബ്ലിയില്‍ മൂന്ന് സീറ്റുണ്ടായിരുന്ന വിജയ് സര്‍ദേശായിയുടെ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും (ജി എഫ് പി) യു പി എ സഖ്യത്തിലുണ്ട്. 66 ശതമാനത്തിലധികം ഹിന്ദു വോട്ടര്‍മാരുള്ള സംസ്ഥാനമാണെങ്കിലും അഴിമതിയും ഭരണവിരുദ്ധ വികാരവും ബി ജെ പിയുടെ വോട്ടില്‍ വലിയ ചോര്‍ച്ചയുണ്ടാക്കാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് 27 ശതമാനം ഒ ബി സി വോട്ടുണ്ട്. മൊത്തം ജനസംഖ്യയുടെ 25 ശതമാനത്തിലധികം വരുന്ന ക്രിസ്ത്യന്‍ സമുദായവും എട്ട് ശതമാനം വരുന്ന മുസ്ലിംകളുമാണ് കോണ്‍ഗ്രസ്സിന്റെ പരമ്പരാഗത വോട്ട് ബേങ്കിലേക്ക് കാലങ്ങളായി നിര്‍ണായക സംഭാവന നല്‍കിവരുന്നത്. 14 ശതമാനം വരുന്ന പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തിന്റെ വോട്ടും കോണ്‍ഗ്രസ്സിന് വലിയ അളവില്‍ അനുകൂലമായി വരും. ഹിന്ദു ഭൂരിപക്ഷ പ്രദേശമാണെങ്കിലും സംസ്ഥാനത്തിന്റെ പൊതുചിത്രം പരിശോധിച്ചാല്‍ ഏറെക്കുറെ മതേതരമായി ചിന്തിക്കുന്നവരാണ് എന്ന് പറയാം. മാത്രമല്ല കോണ്‍ഗ്രസ്സ് പട്ടികയില്‍ ഏറെയും പുതുമുഖങ്ങളാണ് എന്നതും അവരുടെ സാധ്യതകള്‍ക്ക് കരുത്തു പകരും. ഈ വസ്തുതകള്‍ സംഘടനാ പ്രശ്നങ്ങള്‍ക്കപ്പുറം കോണ്‍ഗ്രസ്സിനെ തുണച്ചാല്‍ ദിഗംബര്‍ കാമത്ത് വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കാം.

തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്സിന് കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ ആപ്പുമായി സഖ്യമുണ്ടാക്കി അധികാരത്തിലെത്താനും സാധ്യതകളുണ്ട്. പക്ഷേ കൂറുമാറ്റ വെല്ലുവിളി നേരിടുന്ന കോണ്‍ഗ്രസ്സിന് സഖ്യകക്ഷികളില്‍ നിന്നുള്ള പ്രശ്നങ്ങളേക്കാള്‍ സ്വന്തം എം എല്‍ എമാരുടെ കാര്യത്തില്‍ ഗ്യാരണ്ടിയില്ലാത്ത അവസ്ഥ കാലാവധി പൂര്‍ത്തിയാക്കുന്നതില്‍ കോണ്‍ഗ്രസ്സിന് വെല്ലുവിളിയാകും. 2024ല്‍ പ്രതിപക്ഷത്തെ നയിക്കുന്നതില്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനത്തെ തന്നെ ഇത് ചോദ്യം ചെയ്യും.

ബി ജെ പി നേരിടുന്ന വലിയ വെല്ലുവിളി റിബല്‍ സ്ഥാനാര്‍ഥികളുടേതാണ്. അതോടൊപ്പം തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും പാര്‍ട്ടിയുടെ ട്രബിള്‍ഷൂട്ടറുമായ മനോഹര്‍ പരീക്കറിന്റെ അഭാവവും ഒരു പ്രതിസന്ധിയാണ്. അഭിപ്രായ സര്‍വേകള്‍ പ്രകാരം മുഖ്യമന്ത്രി സ്ഥാനാര്‍ഥികളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ബി ജെ പിയുടെ പ്രമോദ് സാവന്താണ്. മിക്ക അഭിപ്രായ സര്‍വേകളും ബി ജെ പിക്ക് നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും ഒപ്പത്തിനൊപ്പം തന്നെയാണ് അവസാന ട്രെന്‍ഡുകള്‍ നല്‍കുന്ന സൂചന. വോട്ടിംഗ് ശതമാനത്തില്‍ ചെറിയ വ്യത്യാസം മാത്രമേ വരാനിടയുള്ളൂ. സീറ്റിലും നാലോ അഞ്ചോ എണ്ണത്തിന്റെ മാറ്റം വന്നേക്കാം. പക്ഷേ, തൃണമൂല്‍ കോണ്‍ഗ്രസ്സും ആംആദ്മി പാര്‍ട്ടിയും ആരുടെ വോട്ട് ബേങ്കിലാണ് ചോര്‍ച്ചയുണ്ടാക്കുക എന്നതിനെ ആശ്രയിച്ചാകും ഗോവയിലെ അന്തിമ വിധി.

ഗോവയിലെ അസംബ്ലി തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ അത്രവലിയ ചലനമുണ്ടാക്കാന്‍ സാധ്യതയുള്ള ഒന്നല്ലെങ്കിലും 2024ലേക്ക് കണ്ണ് വെക്കുന്ന നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും അവരുടെ സാമ്രാജ്യവും സംഘടനാ ശേഷിയും വികസിപ്പിക്കാനുള്ള പരീക്ഷണ ശാലയായി ഗോവ ഇപ്പോള്‍ മാറിയിട്ടുണ്ട്. മമതയുടെയും കെജ്രിവാളിന്റെയും ദക്ഷിണേന്ത്യന്‍ പ്ലാനില്‍ ഗോവ ഒരു ഹോട്ട്സ്പോട്ടാണ്. അതുകൊണ്ട് തന്നെ ദേശീയ മാധ്യമങ്ങള്‍ ഏറെ ആകാംക്ഷയോടെ തന്നെയാണ് ഗോവന്‍ രാഷ്ട്രീയത്തെയും നോക്കിക്കാണുന്നത്.

 

 

 



source https://www.sirajlive.com/with-whom-is-the-final-verdict-in-goa.html

Post a Comment

أحدث أقدم