ബെംഗളൂരു | ഹിജാബ് നിര്‍ബന്ധിത മതാചാരത്തില്‍ വരുന്നതല്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുവദിക്കരുതെന്നും ഹൈക്കോടതിയില്‍ വാദിച്ച് കര്‍ണാടക സര്‍ക്കാര്‍. കേസിലെ വാദംകേള്‍ക്കല്‍ ഇന്ന് ഉച്ചക്കു ശേഷം 2.30ന് പുനരാരംഭിക്കും. ഒരാചാരം നിര്‍ബന്ധിത മതാചാരത്തില്‍ പെട്ടതാണോ എന്നറിയാന്‍ മൂന്ന് കാര്യങ്ങള്‍ പരിശോധിച്ചാല്‍ മതിയെന്ന് ബസവരാജ് ബൊമ്മൈ സര്‍ക്കാറിനു വേണ്ടി അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിങ് നവാദ്ഗി വാദിച്ചു. ഇതൊരു ദൃഢമായ വിശ്വാസത്തിന്റെ ഭാഗമാണോ?, ആ മതത്തിന്റെ വിശ്വാസ പ്രകാരം ഈ ആചാരം മൗലികമായ ഒന്നാണോ?, ഹിജാബ് ധാരണം ഒഴിവാക്കിയാല്‍ പ്രസ്തുത മതം ഇല്ലാതായി പോകുമോ? എന്നിവയാണ് പരിശോധിക്കപ്പെടേണ്ടതെന്ന് അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു.
ഹിജാബ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുവദിക്കാമോ ഇല്ലയോ എന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് ചോദിച്ചപ്പോള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം സ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുത്തു കൊണ്ടുള്ളതാണ് സര്‍ക്കാര്‍ ഉത്തരവെന്നായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ മറുപടി. മതേതരാന്തരീക്ഷം വളര്‍ത്തുക എന്നതാണ് കര്‍ണാടക വിദ്യാഭ്യാസ ആക്ടിന്റെ ആമുഖത്തില്‍ തന്നെ പറയുന്നത് എന്നും അദ്ദേഹം വാദിച്ചു. മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യൂനിഫോമില്‍ പ്രദര്‍ശിപ്പിക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കി. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന കാറല്‍ മാര്‍ക്‌സിന്റെ നിലപാട് നമ്മുടെ ഭരണഘടനാ വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്നില്ലെന്നായിരുന്നു ഇതിന് മൂന്നംഗ ബഞ്ചിലെ ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് നല്‍കിയ മറുപടി.
source https://www.sirajlive.com/karnataka-govt-seeks-removal-of-hijab-in-educational-institutions.html
Post a Comment