യുക്രൈനില്‍ വിയര്‍ത്ത് റഷ്യ

റഷ്യ യുദ്ധം തുടങ്ങി മുപ്പത് ദിവസം പിന്നിട്ടു. പരമാവധി ഒരാഴ്ചക്കുള്ളില്‍ യുക്രൈനെ കീഴടക്കി റഷ്യന്‍ അനുകൂല സര്‍ക്കാറിനെ പ്രതിഷ്ഠിച്ച് മടങ്ങാമെന്ന കണക്കുകൂട്ടലിലാണ് ഫെബ്രുവരി 24ന് പുലര്‍ച്ചെ കീവിലും മരിയൂപൊളിലും ഒഡേസയിലും റഷ്യന്‍ സൈന്യം ആക്രമണം തുടങ്ങിയത്. എന്നാല്‍ സൈനിക ശക്തിയില്‍ റഷ്യയേക്കാള്‍ ഏറെ പിന്നിലായ യുക്രൈന്റെ ചെറുത്തുനില്‍പ്പിനു മുന്നില്‍ റഷ്യന്‍ സേന വിയര്‍ക്കുകയാണിപ്പോള്‍. വിമാനത്താവളങ്ങളടക്കം കുറേ കെട്ടിടങ്ങള്‍ നശിപ്പിക്കുകയും ലക്ഷക്കണക്കിനാളുകളെ അഭയാര്‍ഥികളാക്കുകയും ആയിരക്കണക്കിന് യുക്രൈന്‍ ഭടന്മാരെയും കൂട്ടത്തില്‍ നിരവധി സിവിലിയന്മാരെയും കൊല്ലുകയും ചെയ്തതല്ലാതെ, യുക്രൈനെ കീഴടക്കുകയെന്ന ലക്ഷ്യത്തില്‍ വലിയ പുരോഗതിയൊന്നും കൈവരിക്കാന്‍ റഷ്യന്‍ സേനക്കായില്ല ഇന്നോളം. കനത്ത ബോംബാക്രമണത്തില്‍ പാര്‍പ്പിടങ്ങള്‍ ബഹുഭൂരിഭാഗവും നശിപ്പിച്ച മരിയൂപൊള്‍ പോലും കീഴടക്കാന്‍ സാധിച്ചിട്ടില്ല.

യുക്രൈന്റെ ഭരണ സിരാകേന്ദ്രവും തലസ്ഥാനവുമായ കീവ് പിടിച്ചടക്കാനുള്ള ശ്രമം പരാജയപ്പെട്ട മട്ടാണ്. കഴിഞ്ഞ ദിവസം കീവ് പ്രാന്തത്തിലെ മകാറീവ് പട്ടണത്തില്‍ നിന്ന് യുക്രൈന്‍ സേന റഷ്യന്‍ സൈനികരെ തുരത്തി യുക്രൈന്‍ പതാക ഉയര്‍ത്തുകയുണ്ടായി. കീവിലെ പ്രധാനപ്പെട്ട സൈനിക കേന്ദ്രങ്ങളെല്ലാം തകര്‍ക്കപ്പെട്ടു കഴിഞ്ഞതായും ആയുധ സംഭരണ ശാലകളും പ്രതിരോധ കേന്ദ്രങ്ങളും എയര്‍ബേസുകളും തകര്‍ത്തതായും റഷ്യ അവകാശപ്പെടുന്നുണ്ട്. എന്നിട്ടും കനത്ത ചെറുത്തുനില്‍പ്പാണ് റഷ്യന്‍ സേനക്ക് അവിടെ നേരിടേണ്ടി വരുന്നത്. തദ്ദേശീയരായ ജനങ്ങള്‍ക്ക് യന്ത്രത്തോക്കുകളടക്കം നല്‍കിയാണ് യുക്രൈന്റെ പ്രത്യാക്രമണം. സേനയോടൊപ്പം ജനങ്ങളുടെ ഭാഗത്ത് നിന്ന് ശക്തമായ ചെറുത്തു നില്‍പ്പ് അഭിമുഖീകരിക്കുകയാണ് റഷ്യ. യുക്രൈന്റെ ചെറുത്തു നില്‍പ്പിനു ശക്തിപകരാന്‍ നാറ്റോ രാജ്യങ്ങള്‍ കൂടുതല്‍ സഹായ വാഗ്ദാനങ്ങള്‍ നല്‍കിവരുന്നുണ്ട്. 6,000 മിസൈലുകളും 2.5 കോടി പൗണ്ട് (3.3 കോടി ഡോളര്‍) സാമ്പത്തിക സഹായവും നല്‍കുമെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. നാറ്റോ പ്രതിരോധ സേനയിലെ 40,000 സൈനികരെ മേഖലയില്‍ പുതുതായി വിന്യസിച്ചിട്ടുമുണ്ട്.

യുദ്ധത്തില്‍ റഷ്യന്‍ സേനക്ക് കനത്ത നഷ്ടങ്ങളും സംഭവിച്ചു കൊണ്ടിരിക്കുന്നു. തങ്ങളുടെ ഭാഗത്ത് നിന്ന് അഞ്ഞൂറോളം പേര്‍ മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളൂവെന്നാണ് റഷ്യയുടെ വാദമെങ്കിലും ആയിരക്കണക്കിനു റഷ്യന്‍ സൈനികര്‍ മരിച്ചിട്ടുണ്ടെന്നാണ് ബ്രിട്ടീഷ് സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ട്. ഏഴായിരം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് യു എസിന്റെ അനുമാനം. പതിനായിരം സൈനികര്‍ കൊല്ലപ്പെട്ടതായി മോസ്‌കോയിലെ ഒരു റഷ്യന്‍ അനുകൂല പത്രത്തിന്റെ വെബ്‌സൈറ്റ് വെളിപ്പെടുത്തിയിരുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ച് മിനുട്ടുകള്‍ക്കകം വെബ്‌സൈറ്റ് ഇത് പിന്‍വലിച്ചെങ്കിലും അതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. 6,000 റഷ്യന്‍ ഭടന്മാര്‍ കൊല്ലപ്പെട്ടുവെന്നണ് “ദ കീവ് ഇന്‍ഡിപെന്‍ഡന്റ്’ റിപോര്‍ട്ട്. യുദ്ധക്കപ്പലുകളടക്കം റഷ്യയുടെ നിരവധി ആയുധങ്ങളും യുക്രൈന്‍ സേന നശിപ്പിച്ചിട്ടുണ്ട്. മരിയൂപൊളിനു സമീപം റഷ്യന്‍ നിയന്ത്രണത്തിലുള്ള ബെര്‍ദ്യാന്‍സ്‌ക് തുറമുഖത്ത് റഷ്യന്‍ കപ്പലുകള്‍ തകര്‍ത്തതിന്റെ ഫോട്ടോ യുക്രൈന്‍ സേന സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. റഷ്യന്‍ യുദ്ധക്കപ്പലായ ഓര്‍സ്‌ക് കത്തിയമരുന്നതും സമീപമുള്ള രണ്ട് കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതും വീഡിയോയില്‍ ദൃശ്യമാണ്. സൈന്യത്തിനാവശ്യമായ സാമഗ്രികള്‍ എത്തിക്കാന്‍ റഷ്യ ഉപയോഗിച്ചിരുന്ന തുറമുഖമാണ് ബെര്‍ദ്യാന്‍സ്‌ക്. ഓര്‍സ്‌ക് കപ്പല്‍ ഈ തുറമുഖത്തെത്തി നങ്കൂരമിടുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞയാഴ്ച റഷ്യന്‍ ടി വി ചാനലുകള്‍ വലിയ നേട്ടമായി അവതരിപ്പിച്ചിരുന്നു.

യുദ്ധം ഈ നിലയില്‍ നീണ്ടുപോയാല്‍ അറ്റകൈക്ക് റഷ്യ അണുവായുധം പ്രയോഗിക്കുമോ എന്ന ഭീതിയിലാണ് ലോകം. അങ്ങനെയെങ്കില്‍ അതൊരു മൂന്നാം ലോക യുദ്ധമായി പരിണമിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. യുക്രൈന്‍ അധിനിവേശ പ്രഖ്യാപനത്തിനിടെ പുടിന്‍ ആണവ പ്രയോഗം നടത്തുന്നതിനെക്കുറിച്ച് സൂചന നല്‍കിയിരുന്നു. യുക്രൈനില്‍ റഷ്യയുടെ വഴിയില്‍ ആരെങ്കിലും വരാന്‍ ശ്രമിച്ചാല്‍ നിങ്ങളുടെ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത അനന്തര ഫലങ്ങള്‍ കാണുമെന്നായിരുന്നു പാശ്ചാത്യന്‍ രാജ്യങ്ങളെ ലക്ഷ്യമാക്കി അദ്ദേഹം പറഞ്ഞത്. പാശ്ചാത്യര്‍ റഷ്യക്കെതിരെ യുക്രൈനെ സഹായിച്ചാല്‍ അണുവായുധം പ്രയോഗിക്കുമെന്നാണ് ഇതുകൊണ്ട് പുടിന്‍ ഉദ്ദേശിച്ചതെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം അണുവായുധ സേനയോട് സജ്ജരായിരിക്കാന്‍ കഴിഞ്ഞ ദിവസം പുടിന്‍ നിര്‍ദേശം നല്‍കിയതായും റപോര്‍ട്ട് വരികയുണ്ടായി. നാറ്റോ രാജ്യങ്ങള്‍ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരെ രംഗത്തുവന്ന സാഹചര്യത്തിലായിരുന്നു പുടിന്റെ ഈ നിര്‍ദേശം.

നാറ്റോ പ്രകോപിപ്പിച്ചാല്‍ ആണവായുധം ഉപയോഗിക്കാന്‍ മടിക്കില്ലെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ റഷ്യന്‍ ഡെപ്യൂട്ടി അംബാസഡര്‍ ദിമിത്രി പോളന്‍സ്‌കിയും ഭീഷണി മുഴക്കിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ അണുവായുധ ശേഖരമുള്ള രാജ്യങ്ങളിലൊന്നാണ് റഷ്യ.

യുദ്ധം നീണ്ടുപോകുന്ന സാഹചര്യത്തില്‍ റഷ്യ ആണവായുധങ്ങള്‍ പ്രയോഗിച്ചേക്കുമെന്ന് നാറ്റോ അംഗരാജ്യങ്ങളും ആശങ്കിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അംഗരാജ്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രതിരോധം ഒരുക്കിയതായി വ്യാഴാഴ്ച നടന്ന നാറ്റോ അംഗരാജ്യങ്ങളുടെ ഉച്ചകോടിക്കു ശേഷം നാറ്റോ സെക്രട്ടറി അറിയിക്കുകയുണ്ടായി. ജൈവ, രാസായുധങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ യുക്രൈന് സുരക്ഷാ കിറ്റുകളും കൂടാതെ ടാങ്ക്്വേധ, വ്യോമ പ്രതിരോധ സംവിധാനങ്ങളും ഡ്രോണുകളും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആണവായുധ പ്രയോഗമുണ്ടായാല്‍ തിരിച്ചടിക്കാന്‍ അടിയന്തര പദ്ധതികളുമായി യു എസ് തയ്യാറെടുക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസും റിപോര്‍ട്ട് ചെയ്യുന്നു.



source https://www.sirajlive.com/sweaty-russia-in-ukraine.html

Post a Comment

Previous Post Next Post